ട്രേഡിങ് ഷെയർ തട്ടിപ്പിലൂടെ കൊച്ചിയില്‍ 25 കോടി തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതി ഹൈദരാബാദില്‍ പിടിയില്‍. ഹൈദരാബാദുകാരന്‍ സത്യനാരായണമൂര്‍ത്തിയാണ് പിടിയിലായത്. ഇയാളുടെ സഹായി ടൈസണ്‍ രാജുവും പിടിയിലായി.
അഞ്ചുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. തട്ടിയെടുത്ത പണം നിക്ഷേപിച്ച അക്കൗണ്ടുകൾ കൈകാര്യം ചെയ്തിരുന്ന വൻ മാഫിയയിലെ കണ്ണികളാണ് ഇവര്‍. തട്ടിപ്പ് ഓൺലൈൻ ബാങ്ക് ഇടപാടുകൾക്കായി ഉപയോഗിച്ചിരുന്ന സിം ഇട്ടിരുന്ന ഫോണും പ്രതികളിൽ നിന്നു കഴിഞ്ഞ വര്‍ഷം കണ്ടെത്തി. മൂന്നര ലക്ഷത്തോളം രൂപയും പിടിച്ചെടുത്തു. തട്ടിയെടുത്ത പണത്തിൽ 40 ലക്ഷത്തോളം അക്കൗണ്ടിൽ നിന്നു പിൻവലിക്കും മുൻപു മരവിപ്പിക്കാനും പൊലീസിനു കഴിഞ്ഞു.
കടവന്ത്ര കുമാരനാശാൻ നഗർ സ്വദേശി ഇ.നിമേഷിൽ നിന്നാണു 24.76 കോടി രൂപ പ്രതികൾ തട്ടിയെടുത്തത്. രാജ്യത്തെ വലിയ സൈബർ തട്ടിപ്പു കേസുകളിലൊന്നാണ് ഇതെന്നു പൊലീസ് പറഞ്ഞു. www.capitalix.com എന്ന വെബ്സൈറ്റ് വഴി ട്രേഡിങ് നടത്തി ഉയർന്ന ലാഭം നൽകാമെന്നു വിശ്വസിപ്പിച്ചു 90 തവണകളായി 25 ബാങ്ക് അക്കൗണ്ടുകൾ മുഖേനയാണു പണം തട്ടിയെടുത്തത്. വിവിധ രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന വൻ മാഫിയ ഇതിനു പിന്നിലുണ്ടെന്നു പൊലീസ് പറഞ്ഞു.