pva-rti

ഇന്ത്യയിലെ ഭരണകൂടസംവിധാനത്തില്‍  ജനതയ്ക്ക് വിപ്ലവകരമായ അവകാശങ്ങള്‍ നല്‍കിയ വിവരാവകാശനിയമം ഇനിയും ആവശ്യമുണ്ടോ? ജനതയ്ക്ക് അങ്ങനെയൊരു സംശയമുണ്ടാവില്ലെന്ന് നമുക്കറിയാം. പക്ഷേ മോദി സര്‍ക്കാരിന് ആ ചോദ്യമുണ്ട്. അതിന്റെ ഉത്തരമെന്തായിരിക്കുമെന്നും നമുക്ക് ഊഹിക്കാവുന്നതേയുള്ളു. എന്തിനാണിത്ര ഭരണസുതാര്യത, എന്തിനാണ് ജനങ്ങള്‍ എല്ലാം അറിയുന്നത് എന്നാണ് മോദി സര്‍ക്കാരിന്റെ സംശയം. ഇന്ത്യയിലെ ഭരണസംവിധാനത്തെ അടിമുടി മാറ്റിയ വിപ്ലവകരമായ നിയമം പുനഃപരിശോധിക്കണമെന്ന് സാമ്പത്തിക സര്‍വേയിലൂടെ കേന്ദ്രം ശുപാര്‍ശ ചെയ്തു കഴിഞ്ഞു. വിവരാവകാശ നിയമം ഇന്ത്യന്‍ ജനാധിപത്യത്തെ മാറ്റിയതെങ്ങനെയാണ്? എന്തുകൊണ്ടാണ് മോദി സര്‍ക്കാരിനെ ഈ നിയമം അസ്വസ്ഥപ്പെടുത്തുന്നത്? വിവരാവകാശനിയമം ഇല്ലാതായാല്‍ എന്താണ് നമ്മുടെ അവകാശങ്ങള്‍ക്കു സംഭവിക്കുക?

ഭരണം ഒരു രഹസ്യമായ ഇടപാടല്ലെന്നതാണ് വിവരാവകാശ നിയമത്തിന്‍റെ അടിസ്ഥാനസമീപനം. പൊതുപണവും ജനങ്ങള്‍ നല്‍കിയ അധികാരവും ഉപയോഗിച്ചുള്ള ഏതു തീരുമാനവും പ്രവൃത്തിയും പൊതുജനത്തിന് ചോദ്യം ചെയ്യാന്‍ അവകാശമുണ്ട് എന്ന കരുത്തുറ്റ ജനാധിപത്യവീക്ഷണമാണ് നിയമത്തിന്റെ അന്തഃസത്ത. അധികാരത്തിലേറിക്കഴിഞ്ഞാല്‍ ജനങ്ങളെ ഗൗനിക്കേണ്ടതില്ലെന്ന രാഷ്ട്രീയ അഹങ്കാരങ്ങളെ പിടിച്ചു കെട്ടാന്‍ ശേഷിയുള്ള നിയമം. അഴിമതിക്കെതിരെ ജനങ്ങളുടെ ഏറ്റവും കരുത്തുറ്റ ആയുധം. 

വിവരാവകാശനിയമം ഇന്ത്യന്‍ ജനാധിപത്യത്തില്‍ ജനതയുടെ ഏറ്റവും കരുത്തുറ്റ ആയുധമാണ്. അതിന്റെ മുനയൊടിക്കാനായി സര്‍ക്കാര്‍ ശ്രമിക്കുന്നത് ജനങ്ങളുടെ അവകാശത്തിലുള്ള കടന്നു കയറ്റമാണ്, ജനാധിപത്യവിരുദ്ധമാണ്. വിവരാവകാശനിയമത്തെ അട്ടിമറിക്കാനുള്ള ഏതു ശ്രമത്തെയും രാജ്യം ചെറുത്തുതോല്‍പിക്കണം. ഇന്ത്യന്‍ ജനാധിപത്യത്തില്‍ വോട്ടവകാശം പോലെ തന്നെ സുപ്രധാനമാണ് വിവരാവകാശം.