ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ തൂത്തുവാരി നാലില്‍ മൂന്നിലേറെ ഭൂരിപക്ഷത്തോടെ എന്‍.ഡി.എ അധികാരം നിലനിര്‍ത്തി. വലിയ പ്രതീക്ഷകള്‍ പുലര്‍ത്തിയിരുന്ന മഹാസഖ്യം തകര്‍ന്നടിഞ്ഞു. ബിഹാറില്‍ മാത്രമൊതുങ്ങാത്ത തിരഞ്ഞെടുപ്പു പാഠങ്ങള്‍ രാജ്യം കാണുന്നു. കോണ്‍ഗ്രസിന്റെ നേതൃശേഷി വീണ്ടുമൊരിക്കല്‍ കൂടി ചോദ്യം ചെയ്യപ്പെടുമ്പോഴും പ്രതിപക്ഷം മാത്രം ഉള്‍ക്കൊള്ളേണ്ട പാഠങ്ങളാണോ ബിഹാറില്‍ കാണുന്നതെന്ന ചോദ്യം പ്രസക്തമാണ്. ബിഹാര്‍ ജനാധിപത്യത്തെ എന്തു പഠിപ്പിച്ചു?
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാതലായ ഒരു മാറ്റം കൂടി ബിഹാര്‍ ഫലത്തോടൊപ്പം ശ്രദ്ധയോടെ വിലയിരുത്തപ്പെടേണ്ടതാണ്. ഭരണാനുകൂലതരംഗം. കാലങ്ങളായി ഇന്ത്യന്‍ രാഷ്ട്രീയം ഭരണവിരുദ്ധതരംഗം മാത്രമാണ് അളന്നുകൊണ്ടിരുന്നതെങ്കില്‍ ഇനി ഭരണാനുകൂലതരംഗത്തിന്റെ വിലയിരുത്തല്‍ അനിവാര്യമാണെന്ന് ബിഹാര്‍ വിധി പ്രതിപക്ഷപാര്‍ട്ടികളെ ഓര്‍മിപ്പിക്കുന്നു. ഭരണവിരുദ്ധവികാരം വളരെ സ്വാഭാവികമായി ഉണ്ടാകുന്ന ഒന്നാണെങ്കില്‍ ഭരണാനുകൂല തരംഗം അങ്ങനെയല്ല, വളരെ ആസൂത്രിതമായി ദീര്‍ഘവീക്ഷണത്തോടെ, കൃത്യമായി കരുക്കള്‍ നീക്കി ആസൂത്രിതമായി സൃഷ്ടിച്ചെടുക്കുന്നതാണ്. അതിനെ നേരിടുന്നത് അത്ര എളുപ്പവുമല്ലെന്ന് ബിഹാറില്‍ മാത്രമല്ല മിക്കവാറും ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ പാഠങ്ങളുണ്ട്.
ഭരണവിരുദ്ധവികാരം മാത്രം വിലയിരുത്തി പരിചയിച്ച ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഭരണാനുകൂലതരംഗം ഗതി മാറ്റിയതെങ്ങനെയാണ്? വോട്ടര്‍മാരുടെ മാറുന്ന മനോഭാവം മുതല്‍ ഭരണാധികാരികളുടെ ശ്രദ്ധയും ബാഹ്യ ഏജന്‍സികളുടെ സഹായവുമെല്ലാം ഭരണാനുകൂലതരംഗമുണ്ടാക്കാന്‍ സഹായിക്കുന്നുവെന്ന് പല രാഷ്ട്രീയപഠനങ്ങളും വിലയിരുത്തുന്നു. ഇപ്പോഴും പൊതു ഇന്ത്യന്‍ സാഹചര്യങ്ങളേക്കാള്‍ മോശമായ അവസ്ഥയുള്ള ബിഹാറില്‍ 20 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച നിതീഷ് കുമാര്‍ തന്നെ ഇനിയും ഞങ്ങളെ നയിക്കട്ടെ എന്ന് ബിഹാര്‍ ജനത തീരുമാനിക്കുന്നതിനു പിന്നില്‍ ഒട്ടേറെ ഘടകങ്ങളുണ്ട്. അത് പ്രതിപക്ഷകക്ഷികള്‍ക്കു ശരിയായി മനസിലാകുന്നുമില്ല എന്നതാണ് പ്രധാനപ്പെട്ട കാര്യം.
എന്തായാലെന്താ വോട്ടര്‍മാര്‍ക്ക് ഗുണം കിട്ടുന്നുണ്ടല്ലോ എന്നു ചിന്തിക്കാന്‍ നമുക്കു തോന്നും. സത്യമാണ്. വോട്ടര്‍മാര്‍ക്ക് ഗുണം കിട്ടുന്നുണ്ട്. അതിപ്പോള്‍ കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്ത് കേരളത്തിലെ കിറ്റായാലും ബിഹാറിലെ സ്ത്രീകള്‍ക്കുള്ള പതിനായിരമായാലും ഇപ്പോള്‍ കേരളത്തിലെ ക്ഷേമപെന്‍ഷന്‍ വര്‍ധനയായാലും വോട്ടര്‍മാര്‍ക്ക് നേട്ടമുണ്ട്. പക്ഷേ അത് ക്ഷണികവും താല്‍ക്കാലികവുമാണെന്നും അവകാശങ്ങള്‍ ഔദാര്യങ്ങളായി കൈപ്പറ്റേണ്ടി വരുമ്പോള്‍ പതിയേ ജനാധിപത്യം ക്ഷീണിക്കുകയാണെന്നും നമ്മളറിയില്ല. ഇത്രയും ചെയ്യുന്ന സര്‍ക്കാരിന് തുടര്‍ഭരണത്തിന് അവകാശമുണ്ടല്ലോ എന്നു വോട്ടര്‍മാരെക്കൊണ്ടു തോന്നിക്കുന്നതു മുതല്‍ ജനാധിപത്യം സ്വാഭാവികമല്ലാതായി മാറുന്നു. ചോദ്യങ്ങള്‍ അവസാനിക്കുന്നു, വിയോജിപ്പുകള്‍ സാധ്യമല്ലാതാകുന്നു, തീരുമാനങ്ങള്‍ ചോദ്യം ചെയ്യപ്പെടാതെയാകുന്നു. തുടര്‍ഭരണം ജനാധിപത്യത്തെ ഗംഭീരമായി പ്രയോജനപ്പെടുത്തുന്ന ഏകാധിപത്യമാകുന്നത് അനുഭവിച്ചറിയാമെന്നതും ചരിത്രപാഠം.
കോടതികളും തിരഞ്ഞെടുപ്പു കമ്മിഷനും അടക്കമുള്ള ഭരണഘടനാസംവിധാനങ്ങള്‍ പെട്ടെന്നൊരു ദിവസം സര്‍ക്കാരുകള്‍ക്ക് അനുകൂലമായി മാത്രം തീരുമാനങ്ങളെടുക്കാന്‍ തുടങ്ങുന്നതല്ല. തുടര്‍ഭരണത്തിലെ മുന്നറിയിപ്പിന്റെ ഭീഷണികള്‍ മനസിലാക്കി പതിയേ പരിവര്‍ത്തനപ്പെടുന്നതാണ്. നീതി എന്ന വാക്കിന്റെ പ്രസക്തി ഒറ്റ ദിവസം കൊണ്ട് ഇല്ലാതാകുന്നതല്ല. ഭരണാധികാരം ആഗ്രഹിക്കുന്നതിനപ്പുറത്തേക്ക് ഒരു ചോദ്യവും പാടില്ലെന്നു സമൂഹമാകെ നിശബ്ദമായി അംഗീകരിച്ചു തുടങ്ങുമ്പോഴാണ് അതു സംഭവിക്കുന്നത്. മതവര്‍ഗീയധ്രുവീകരണത്തിന് ഭരണാധികാരികള്‍ തന്നെ നേതൃത്വം നല്‍കുമ്പോള്‍ വൈവിധ്യങ്ങളുള്ള ഒരു സമൂഹത്തിലുണ്ടാകുന്ന മുറിവുകളും അരക്ഷിതാവസ്ഥയും പരസ്പരസംശയവും ഇന്ത്യന്‍ ജനത അര്‍ഹിക്കുന്നതാണോ? പക്ഷേ തരാതരം ആവര്‍ത്തിക്കുന്നതല്ലാതെ എവിടെയാണത് ചോദ്യം ചെയ്യപ്പെടുന്നത്. ജനാധിപത്യത്തിലെ അടിസ്ഥാനഅവകാശങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നത് നോക്കി നില്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ട ജനതയായി മാറുന്നത് തടുക്കാനാകുന്നതല്ലേ? അവിടെയാണ് പ്രതിപക്ഷവും ചോദ്യം ചെയ്യപ്പെടുന്നത്. അവിടെയാണ് ഇന്ത്യയില്‍ കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തിന്റെ ഉത്തരവാദിത്തമില്ലായ്മയും അവസ്ഥയും ചോദ്യമാകുന്നത്.
പ്രതീതികളുടെ മല്‍സരമായി ജനാധിപത്യം മാറുമ്പോള്‍ ഏറ്റവും മികവു കാണിക്കുന്നവര്‍ക്കാണ് വിജയവും അധികാരവും. ജനാധിപത്യ അവകാശങ്ങളുടെ ശിഥിലീകരണം സ്വന്തം ജീവിതത്തെ ബാധിക്കുന്നതുവരെ മനുഷ്യരെ അലട്ടുകയേ ഇല്ല. ബിഹാറിലെ തിരിച്ചടിയില്‍ കോണ്‍ഗ്രസിനും പ്രതിപക്ഷ കക്ഷികള്‍ക്കും വേണ്ടത് ആശ്വാസവാക്കുകളല്ല. ക്രൂരമായ സത്യസന്ധതയോടെ യഥാര്‍ഥ അവസ്ഥ വിലയിരുത്താന്‍ കോണ്‍ഗ്രസും ഇന്ത്യാസഖ്യവും തയാറാകണം. എതിര്‍പക്ഷം അര്‍ഹിക്കുന്ന തന്ത്രങ്ങളും രാഷ്ട്രീയപരിപാടികളുമുണ്ടാകണം. അതിനു വിശ്വാസ്യതയും പരിപൂര്‍ണ സമര്‍പ്പണബോധവുമുള്ള നേതൃത്വവും വേണം. കൃത്യമായ കളിനിയമങ്ങള്‍ പാലിക്കുന്ന ഒരു സൗഹൃദമാച്ചല്ല ഇന്ന് ഇന്ത്യന്‍ ജനാധിപത്യത്തില്‍ നടക്കുന്നത്. തരാതരം നിയമങ്ങള്‍ മാറുന്ന, തന്ത്രങ്ങള്‍ പരീക്ഷിക്കപ്പെടുന്ന, നീതിപൂര്‍വല്ലാത്ത നീക്കങ്ങള്‍ മാത്രം പ്രതീക്ഷിക്കേണ്ട ഒരു വൈല്‍ഡ് ഗെയിമാണ്. അതിനെ നേരിടാന്‍ സ്വയം പരുവപ്പെടുക. അല്ലെങ്കില്‍ പരാജയപ്പെടുക. മറ്റൊരു സാധ്യതയില്ല. ഒരു തിരഞ്ഞെടുപ്പു വിജയവും ജനാധിപത്യത്തിന്റെ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരമാകുന്നില്ല. പക്ഷേ ജനവിധി ഒരുത്തരമാണ്. മനസിലാക്കാന്‍ മനസുള്ളവര്‍ക്ക് വേണ്ട എല്ലാ ഉത്തരങ്ങളും അതിലുണ്ട്.