തിരഞ്ഞെടുപ്പാണ് ജനാധിപത്യത്തിന്റെ ജീവശ്വാസം എന്നു വെറുതെ പറയുന്നതല്ല. തിരഞ്ഞെടുപ്പടുത്തതോടെ കേരളത്തിലും ജനാധിപത്യം ശക്തി പ്രകടിപ്പിച്ചു തുടങ്ങി. ജനങ്ങളുമായി സമ്പര്‍ക്കം വേണമെന്ന് സി.പി.എമ്മിന് മനസിലായി. ഗൃഹസമ്പര്‍ക്കത്തിനു പോകുമ്പോള്‍ ജനങ്ങളുമായി തര്‍ക്കിക്കരുതെന്ന് പെരുമാറ്റച്ചട്ടം കെട്ടിവിടണമെന്നു മനസിലായി. മുന്നണിമാറ്റചര്‍ച്ചകള്‍ നേട്ടമാക്കാമെന്ന് കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനു മനസിലായി. കൂടുതല്‍ സീറ്റുകളും സ്മാരകത്തിനു ഭൂമിയും ഒക്കെ കേരളാകോണ്‍ഗ്രസും അര്‍ഹിക്കുന്നുവെന്ന ജനാധിപത്യബോധം സി.പി.എമ്മിനുണ്ടായി. കേരളാകോണ്‍ഗ്രസ് മാണി ഗ്രൂപ്പ് കൂടെയില്ലെങ്കിലും ശക്തിക്കു കുറവൊന്നുമില്ലെന്ന് കോണ്‍ഗ്രസിനും യു.ഡി.എഫിനും മനസിലായി. അവള്‍ക്കൊപ്പമെന്നു കോടതിയില്‍ തെളിയിക്കാനായില്ലെങ്കിലും ചായ കുടിക്കുന്ന കപ്പില്‍ എഴുതിക്കാണിച്ചാല്‍ മതിയെന്നു മുഖ്യമന്ത്രിക്കു മനസിലായി. കേരളം ഇന്നെത്തിനില്‍ക്കുന്ന അവസ്ഥയുടെ കാരണഭൂതന്‍ മുഖ്യമന്ത്രിയാണെന്നു പാര്‍ട്ടിയിലെ സ്തുതിപാഠകര്‍ക്കു മാത്രമല്ല, സര്‍വ വിജ്ഞാനം തേടുന്ന വിദ്യാര്‍ഥികള്‍ക്കും ക്വിസില്‍ പങ്കെടുത്തപ്പോള്‍ മനസിലായി. അങ്ങനെ ആകെ മൊത്തം ജനാധിപത്യം പൂത്തുലയുന്ന മൂന്നു നാലു മാസങ്ങളാണ് കേരളത്തെ കാത്തിരിക്കുന്നത്.
വീടു കയറാന്‍ തീരുമാനിച്ച ശേഷമാണ് വെറുതേ കയറിയാല്‍ പോരെന്ന് പാര്‍ട്ടി തിരിച്ചറിഞ്ഞത്. അതുകൊണ്ട് വീടുകയറുന്ന സഖാക്കള്‍ക്ക് ഒരു പെരുമാറ്റച്ചട്ടം തന്നെ അച്ചടിച്ച് വിതരണം ചെയ്തിട്ടുണ്ട്. ജനങ്ങളുമായി തര്‍ക്കിക്കരുത്, സംസാരിക്കുമ്പോള്‍ ഇടയ്ക്കു കയറി പറയരുത്. ക്ഷമാപൂര്‍വം മറുപടി പറയണം. ആഹാ.. ഈ പെരുമാറ്റമൊക്കെ തിരഞ്ഞെടുപ്പു കാലത്തെങ്കിലും നമ്മള്‍ അര്‍ഹിക്കുന്നുണ്ടെന്ന് ഭരണകൂടരാഷ്ട്രീയത്തിനു തോന്നുന്നുണ്ടല്ലോ. ജനാധിപത്യം ജയിക്കട്ടെ. സര്‍ക്കുലറിലെ പ്രധാന കൗതുകം ഇതൊന്നുമല്ല, ജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റാനാണ് ഈ പരിപാടിയെല്ലാം എന്നാണ് ഊന്നിപ്പറയുന്നത്. യു.ഡി.എഫും ബി.െജ.പിയും കള്ളക്കഥകള്‍ പ്രചരിപ്പിച്ചതുകൊണ്ടാണ് തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം നേടാനാകാതെ പോയതെന്നും അത്തരം സാഹചര്യത്തില്‍ ജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റണമെന്നുമാണ് ആഹ്വാനം. ജനങ്ങളിലുള്ള തെറ്റായ ധാരണ തിരുത്തുന്നതിനോടൊപ്പം തന്നെ ജനങ്ങള്‍ക്ക് നമ്മളെക്കുറിച്ചുള്ള ധാരണകള്‍ മനസിലാക്കാനും കഴിയണമെന്നും പറയുന്നുണ്ട്. ശരിക്കും ആര് ആരെയാണ് തെറ്റിദ്ധരിച്ചിരിക്കുന്നത്? ആര് ആരെക്കുറിച്ചുള്ള ധാരണയാണ് മാറ്റേണ്ടത്?
ഇതല്ല ആ വിസ്മയം എന്ന് കോണ്‍ഗ്രസ് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും യു.ഡി.എഫ് പ്രതീക്ഷിച്ച ഒരു വിസ്മയം വിടരും മുന്‍പേ കൊഴിഞ്ഞതും തിരഞ്ഞെടുപ്പ് പാക്കേജിന്റെ ഭാഗമായി കേരളം കണ്ടു. കേരളാ കോണ്‍ഗ്രസ് എം. ഇടതുമുന്നണി വിടുന്നില്ലെന്ന് പ്രഖ്യാപിച്ചു. മുന്നണി ശക്തിപ്പെടുത്താനും ചെലവ് ജനാധിപത്യത്തിന്റെ അക്കൗണ്ടില്‍ നിന്നാണ്. പാര്‍ട്ടിക്ക് കൂടുതല്‍ സീറ്റ് കൊടുക്കണം. കെ.എം.മാണിക്ക് സ്മാരകം നിര്‍മിക്കാന്‍ 25 സെന്റ് ഭൂമി സര്‍ക്കാര്‍ അനുവദിച്ചു. തദ്ദേശതിരഞ്ഞെടുപ്പിനു പിന്നാലെ കളം പിടിച്ച മുന്നണി മാറ്റചര്‍ച്ചകള്‍ കേരളാകോണ്‍ഗ്രസ് എം സമ്മര്‍ദതന്ത്രമാക്കി. സര്‍ക്കാര്‍ തടസവാദങ്ങളുന്നയിച്ചു പോന്നിരുന്ന പല ജനകീയ പ്രശ്നങ്ങളും മാണി ഗ്രൂപ്പിനു വേണ്ടി ഒറ്റയടിക്ക് പരിഹരിക്കാന്‍ തീരുമാനമായതും മലയോരമേഖലയിലെ കര്‍ഷകര്‍ക്കും ക്രൈസ്തവന്യൂനപക്ഷത്തിനുമൊക്കെ തിരഞ്ഞെടുപ്പു പാക്കേജില്‍ ഉപകാരമായി ഭവിക്കും.
തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേ ആര്‍ക്കാണ് ആത്മവിശ്വാസം കൂടുതല്‍ എന്നു കൂടിയാണ് ഓരോ പ്രഖ്യാപനത്തിലും തീരുമാനങ്ങളിലും ജനം മനസിലാക്കുന്നത്. അതിനിടയിലൂടെ മുഖ്യമന്ത്രിയെ ശരിക്കും കാരണഭൂതനാക്കാന്‍ സര്‍ക്കാര്‍ തന്നെ രംഗത്തിറങ്ങുന്ന കാഴ്ചയും കേരളം കണ്ടു. ഇനി നവകേരളം സൃഷ്ടിച്ചതാരാണ് എന്നൊരു ചോദ്യം കൂടിയേ ബാക്കിയൂള്ളൂ. ചോദിച്ചില്ലെങ്കിലും അതിന്റെ ഉത്തരം പിണറായി വിജയനെന്ന് എഴുതിച്ചേര്‍ക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാടു പെടുന്ന കാഴ്ച അരോചകമാണ്. അവള്‍ക്കൊപ്പം എന്നത് കേരളം മനസു തൊട്ടു പ്രഖ്യാപിച്ച ഒരു പിന്തുണയാണ്. അത് അടിസ്ഥാനനീതി ഉറപ്പാക്കേണ്ട ഭരണാധികാരിയുടെ പി.ആര്‍.അഭ്യാസമാകരുത്. അവള്‍ക്കൊപ്പം എന്നാല്‍ കാല്‍പനികവാചകങ്ങള്‍ എഴുതിച്ചേര്‍ത്ത കാപ്പിക്കപ്പല്ല എന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയെ ഓര്‍മിപ്പിക്കേണ്ടി വരരുത്. രാഷ്ട്രീയതാല്‍പര്യം മാത്രം നോക്കിയല്ല അതിജീവിതമാര്‍ക്ക് നീതിയെത്തേണ്ടത്. പ്രദര്‍ശനവാചകങ്ങള്‍ക്കപ്പുറം നീതിയെവിടെ എന്നു പരാതിക്കാര്‍ ചോദിച്ചാല്‍ ഇപ്പോഴും കേരളത്തിലെ ഭരണസംവിധാനത്തിന് മറുപടിയില്ലെന്നത് മറക്കരുത്.
വരുന്ന മൂന്നുനാലു മാസങ്ങള്‍ കേരളത്തിനും ഒരു കരുതലുണ്ടാകും. എന്തൊക്കെ കാണാന്‍ പോകുന്നുവെന്നും കേള്‍ക്കാന്‍ പോകുന്നുവെന്നും ജനത്തിനും ഒരു കണക്കുകൂട്ടലുണ്ടാകും. പ്രതിഛായാനിര്‍മിതികള്‍ തിരിച്ചറിയാനും കാപട്യങ്ങള്‍ മനസിലാക്കാനും ശേഷിയുള്ള ജനതയെന്ന ബഹുമാനം കേരളം അര്‍ഹിക്കുന്നുണ്ട്. ഭരണപക്ഷമായാലും പ്രതിപക്ഷമായാലും അത് മറക്കാതിരിക്കുന്നതാണ് നല്ലത്. തിരഞ്ഞെടുപ്പാണ് ജനാധിപത്യത്തിന്റെ ജീവശ്വാസം എന്നു വെറുതെ പറയുന്നതല്ല. തിരഞ്ഞെടുപ്പടുത്തതോടെ കേരളത്തിലും ജനാധിപത്യം ശക്തി പ്രകടിപ്പിച്ചു തുടങ്ങി. ജനങ്ങളുമായി സമ്പര്‍ക്കം വേണമെന്ന് സി.പി.എമ്മിന് മനസിലായി. ഗൃഹസമ്പര്‍ക്കത്തിനു പോകുമ്പോള്‍ ജനങ്ങളുമായി തര്‍ക്കിക്കരുതെന്ന് പെരുമാറ്റച്ചട്ടം കെട്ടിവിടണമെന്നു മനസിലായി. മുന്നണിമാറ്റചര്‍ച്ചകള്‍ നേട്ടമാക്കാമെന്ന് കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനു മനസിലായി. കൂടുതല്‍ സീറ്റുകളും സ്മാരകത്തിനു ഭൂമിയും ഒക്കെ കേരളാകോണ്‍ഗ്രസും അര്‍ഹിക്കുന്നുവെന്ന ജനാധിപത്യബോധം സി.പി.എമ്മിനുണ്ടായി. കേരളാകോണ്‍ഗ്രസ് മാണി ഗ്രൂപ്പ് കൂടെയില്ലെങ്കിലും ശക്തിക്കു കുറവൊന്നുമില്ലെന്ന് കോണ്‍ഗ്രസിനും യു.ഡി.എഫിനും മനസിലായി. അവള്‍ക്കൊപ്പമെന്നു കോടതിയില്‍ തെളിയിക്കാനായില്ലെങ്കിലും ചായ കുടിക്കുന്ന കപ്പില്‍ എഴുതിക്കാണിച്ചാല്‍ മതിയെന്നു മുഖ്യമന്ത്രിക്കു മനസിലായി. കേരളം ഇന്നെത്തിനില്‍ക്കുന്ന അവസ്ഥയുടെ കാരണഭൂതന്‍ മുഖ്യമന്ത്രിയാണെന്നു പാര്‍ട്ടിയിലെ സ്തുതിപാഠകര്‍ക്കു മാത്രമല്ല, സര്‍വ വിജ്ഞാനം തേടുന്ന വിദ്യാര്‍ഥികള്‍ക്കും ക്വിസില്‍ പങ്കെടുത്തപ്പോള്‍ മനസിലായി. അങ്ങനെ ആകെ മൊത്തം ജനാധിപത്യം പൂത്തുലയുന്ന മൂന്നു നാലു മാസങ്ങളാണ് കേരളത്തെ കാത്തിരിക്കുന്നത്.
നിയമസഭാതിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം കേരളത്തില്‍ പ്രകടമാകുന്ന ചില പ്രതിഭാസങ്ങളുണ്ട്. പൊടുന്നനെ ജനങ്ങളോടുണ്ടാകുന്ന വിനയമാണ് അതില്‍ ഏറ്റവും പ്രധാനം. ശരിയെന്നു തോന്നുന്നതെല്ലാം ചെയ്താല്‍ പോര അത് ശരിയെന്നു ജനങ്ങള്‍ക്കു കൂടി തോന്നണമെന്ന വിനയമുണ്ടാകുന്നത് തിരഞ്ഞെടുപ്പ് സീസണിലാണ്. തിരഞ്ഞെടുപ്പ് വെറുതേ വന്നാലും പോര, ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പുഫലം പോലെ രാഷ്ട്രീയാന്തരീക്ഷത്തിന്റെ വ്യക്തമായ സൂചനകളുമായി വരണം. അങ്ങനെ തിരഞ്ഞെടുപ്പിനു തൊട്ടു മുന്‍പ് ജനങ്ങളെ കാണണം, അവര്‍ക്കു പറയാനുള്ളത് കേള്‍ക്കണം, ഇനിയെങ്ങനെ ഭരിക്കണമെന്ന് ജനങ്ങളുടെ നിര്‍ദേശങ്ങള്‍ അറിയണമെന്ന് സി.പി.എമ്മിനു തോന്നുകയാണ്. ഇതാദ്യമായല്ല, പിണറായി സര്‍ക്കാര്‍ വന്ന അധികാരത്തില്‍ വന്ന ശേഷം തിരഞ്ഞെടുപ്പു പേടികള്‍ ഉണ്ടായപ്പോഴെല്ലാം സി.പി.എമ്മിന് ജനങ്ങള്‍ക്കു പറയാനുള്ളത് കേള്‍ക്കണമെന്ന് തോന്നിയിട്ടുണ്ട്. ഇപ്പോഴത്തെ വീടു കയറലിനു പ്രചോദനം തദ്ദേശ തിരിച്ചടിയാണെന്നു പാര്‍ട്ടി ഒളിച്ചു വയ്ക്കുന്നുമില്ല. വീടു കയറാന്‍ തീരുമാനിച്ച ശേഷമാണ് വെറുതേ കയറിയാല്‍ പോരെന്ന് പാര്‍ട്ടി തിരിച്ചറിഞ്ഞത്. അതുകൊണ്ട് വീടുകയറുന്ന സഖാക്കള്‍ക്ക് ഒരു പെരുമാറ്റച്ചട്ടം തന്നെ അച്ചടിച്ച് വിതരണം ചെയ്തിട്ടുണ്ട്. ജനങ്ങളുമായി തര്‍ക്കിക്കരുത്, സംസാരിക്കുമ്പോള്‍ ഇടയ്ക്കു കയറി പറയരുത്. ക്ഷമാപൂര്‍വം മറുപടി പറയണം. ആഹാ.. ഈ പെരുമാറ്റമൊക്കെ തിരഞ്ഞെടുപ്പു കാലത്തെങ്കിലും നമ്മള്‍ അര്‍ഹിക്കുന്നുണ്ടെന്ന് ഭരണകൂടരാഷ്ട്രീയത്തിനു തോന്നുന്നുണ്ടല്ലോ. ജനാധിപത്യം ജയിക്കട്ടെ.
പ്രവര്‍ത്തകരും നേതാക്കളുമെല്ലാം വീടുകയറുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണമെന്നാണ് സര്‍ക്കുലര്‍. ക്ഷമാപൂര്‍വം കേള്‍ക്കുക. അങ്ങോട്ടു പറയുകയല്ല, ഇങ്ങോട്ടു പറയാനുള്ളതു കേള്‍ക്കുക. വിയോജിപ്പുകള്‍ ക്ഷമയോടെ കേള്‍ക്കുക. ക്ഷമാപൂര്‍വം മറുപടി പറയുക. പൊതുമര്യാദകള്‍ പാലിക്കണം.എന്നുവച്ചാല്‍ സാധാരണ മനുഷ്യര്‍ മറ്റുള്ളവരോടു പെരുമാറുന്നതു പോലെ പെരുമാറണം എന്നാണ് സര്‍ക്കുലറിന്റെ കാതല്‍. എന്നു വച്ചാല്‍ ഭരണത്തിന്റെ അഹങ്കാരം തല്‍ക്കാലം അടക്കിവയ്ക്കണം എന്നും വായിക്കാം. വീടിനകത്തു കയറിയിരുന്നു സംസാരിക്കാന്‍ ശ്രമിക്കണം. കുടുംബമേധാവികള്‍ക്ക് അര്‍ഹതപ്പെട്ട പരിഗണന നല്‍കിക്കൊണ്ട് എല്ലാ അംഗങ്ങളോടും സംസാരിക്കണം. കുടുംബത്തിന്റെ പൊതുപശ്ചാത്തലം മനസിലാക്കി വേണം സംസാരിക്കാന്‍. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിന്ന് ചര്‍ച്ച ആരംഭിക്കണമെന്നാണ് നിര്‍ദേശം. എന്നു വച്ചാല്‍ പ്രാദേശിക സ്ഥിതിഗതികള്‍ അന്വേഷിച്ചു കൊണ്ട് ചര്‍ച്ചകളിലേക്ക് കടക്കണം, തിരിച്ചടിയുണ്ടായ സ്ഥലമാണെങ്കില്‍ എന്തുകൊണ്ട് അങ്ങനെ സംഭവിച്ചുവെന്നതില്‍ തുടരാം. പൊതുധാരണയുള്ളവരാണെങ്കില്‍ പൊതുതിരഞ്ഞെടുപ്പു സ്ഥിതിയിലും ചര്‍ച്ച തുടങ്ങാം. സി.പി.എം ജനറല്‍ സെക്രട്ടറി എം.എ.ബേബി അടക്കമുള്ള നേതാക്കളാണ് ഗൃഹസന്ദര്‍ശന പരിപാടിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
ഈ ചര്‍ച്ചയുടെ ലക്ഷ്യം നമ്മളെക്കുറിച്ച് അവര്‍ക്കു പറയാനുള്ളത് പറയിപ്പിക്കുകയാണെന്ന് വ്യക്തമായി സെക്രട്ടറി പാര്‍ട്ടിക്കാരെ ഓര്‍മിപ്പിക്കുന്നുണ്ട്. പലപ്പോഴും അവര്‍ തെറ്റായ കാര്യങ്ങളായിരിക്കും പറയുകയെന്നും പക്ഷേ ഇടപെട്ട് തടസപ്പെടുത്തരുതെന്നും മറക്കരുത്. വിമര്‍ശനങ്ങളെ പ്രോല്‍സാഹിപ്പിക്കണം. എങ്കിലേ അവരുടെ ഉള്ളിലുള്ള കാര്യങ്ങള്‍ മനസിലാക്കാനും നമുക്ക് ഇടപെട്ട് തിരുത്താനും കഴിയൂവെന്നും പ്രത്യേകം ഓര്‍മിപ്പിക്കുന്നു. എല്ലാം നമ്മള്‍ പറയുന്നത് ജനങ്ങള്‍ക്ക് ബോധ്യപ്പെടില്ലെന്നും അപ്പോള്‍ പതിയേ അടുത്ത വിഷയങ്ങളിലേക്കു കടക്കണമെന്നും നിര്‍ദേശമുണ്ട്. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറയണം. കോണ്‍ഗ്രസിനെ വിശ്വസിക്കാനാകില്ലെന്ന് ഉദാഹരണസഹിതം ബോധ്യപ്പെടുത്തണം. വര്‍ഗീയസംഘടനകളെ വിമര്‍ശിക്കുന്നത് വിശ്വാസത്തെ വിമര്‍ശിക്കലല്ലെന്ന് പറയണം.
ആര്‍.എസ്.എസിനെ വിമര്‍ശിക്കുന്നത് ഹിന്ദു വിശ്വാസത്തെ വിമര്‍ശിക്കലല്ലെന്നും ജമാഅത്തെ ഇസ്ലാമിയെയും ലീഗിനെയും വിമര്‍ശിക്കുന്നത് ഇസ്ലാം വിരോധമല്ലെന്നും വ്യക്തമാക്കണം. സി.പി.എമ്മിന് മുസ്‍ലിം വിരോധ സമീപനമുണ്ടോ എന്നു ചോദ്യം വന്നാല്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ എപ്പോഴെങ്കിലും സര്‍ക്കാര്‍ മുസ്ലിം ന്യൂനപക്ഷവിരുദ്ധ നടപടി സ്വീകരിച്ചോ എന്ന മറുചോദ്യം ചോദിക്കാമെന്നാണ് സര്‍ക്കുലറിലെ നിര്‍ദേശം. വെള്ളാപ്പള്ളി നടേശന്റെ ഭാഗത്തു നിന്നും ചില തെറ്റായ പ്രസ്താവനകളുണ്ടായപ്പോള്‍ ഉത്തരവാദിത്തപ്പെട്ടവര്‍ അങ്ങനെ പറയരുതെന്ന് സി.പി.എം പറഞ്ഞിട്ടുണ്ടെന്ന് വിശദീകരിക്കാനും ആവശ്യപ്പെടുന്നുണ്ട്. അന്ന് ആരെയും പേരെടുത്തു പറഞ്ഞില്ലെങ്കിലും യു.ഡി.എഫ് എങ്ങനെ പോലും പറഞ്ഞിട്ടില്ലെന്നും ഓര്‍മപ്പെടുത്തണം. ഇന്ത്യന്‍ സാഹചര്യത്തില്‍ ബി.െജ.പിയുടെ വര്‍ഗീയതയാണ് ഏറ്റവും ആപല്‍ക്കരമെന്നു പരാമര്‍ശമുണ്ട്. പക്ഷേ സര്‍ക്കുലറിന്റെ ഭൂരിഭാഗവും കോണ്‍ഗ്രസിനെ വര്‍ഗീയതയെ പിന്തുണയ്ക്കുന്ന പാര്‍ട്ടിയായി അടയാളപ്പെടുത്തേണ്ടതെങ്ങനെ എന്ന ഉപദേശങ്ങളാണ്. ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതിരോധത്തിലാക്കാവുന്ന ചോദ്യങ്ങള്‍ക്ക് പറയേണ്ട മറുപടി വിശദീകരിക്കുന്നുണ്ട്. ഒപ്പം പത്മകുമാറിനെതിരെ നടപടിയെടുക്കാത്തതെന്താണെന്നു ചോദ്യം വന്നാല്‍ കുറ്റകൃത്യത്തിലെ പങ്ക് വ്യക്തമാകുമ്പോള്‍ നടപടിയെടുക്കുമെന്നു വിശദീകരിക്കാനും നിര്‍ദേശമുണ്ട്.
സര്‍ക്കുലറിലെ പ്രധാന കൗതുകം ഇതൊന്നുമല്ല, ജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റാനാണ് ഈ പരിപാടിയെല്ലാം എന്നാണ് ഊന്നിപ്പറയുന്നത്. യു.ഡി.എഫും ബി.െജ.പിയും കള്ളക്കഥകള്‍ പ്രചരിപ്പിച്ചതുകൊണ്ടാണ് തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം നേടാനാകാതെ പോയതെന്നും അത്തരം സാഹചര്യത്തില്‍ ജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റണമെന്നുമാണ് ആഹ്വാനം. ജനങ്ങളിലുള്ള തെറ്റായ ധാരണ തിരുത്തുന്നതിനോടൊപ്പം തന്നെ ജനങ്ങള്‍ക്ക് നമ്മളെക്കുറിച്ചുള്ള ധാരണകള്‍ മനസിലാക്കാനും കഴിയണമെന്നും പറയുന്നുണ്ട്. ശരിക്കും ആര് ആരെയാണ് തെറ്റിദ്ധരിച്ചിരിക്കുന്നത്? ആര് ആരെക്കുറിച്ചുള്ള ധാരണയാണ് മാറ്റേണ്ടത്?
പത്തുവര്‍ഷം അധികാരത്തിലിരുന്ന പാര്‍ട്ടി ഭരണകാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഭരിക്കേണ്ടതെങ്ങനെ എന്ന് ജനങ്ങളുടെ മനസറിയാന്‍ ശ്രമിക്കുന്നത് തമാശയാണ്. പക്ഷേ തിരഞ്ഞെടുപ്പ് പ്രചാരണം ഏതു രീതിയില്‍ നടത്താനും സി.പി.എമ്മിന് അവകാശമുണ്ട്. പക്ഷേ സര്‍ക്കാര്‍ ചെലവില്‍ സി.പി.എമ്മിന്റെ തിരഞ്ഞെടുപ്പു പ്രചാരണം നടത്താമോയെന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം. പാര്‍ട്ടിയുടെ ഗൃഹസന്ദര്‍ശനം പോലെയല്ല സര്‍ക്കാരിന്റെ നവകേരളസര്‍വേ. വികസനകാര്യങ്ങളില്‍ ജനാഭിപ്രായം തേടാനെന്ന വ്യാജേന സര്‍ക്കാര്‍ ഖജനാവിലെ പണം ഉപയോഗിച്ച് ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണമാണ് നടത്തുന്നതെന്ന് പ്രതിപക്ഷനേതാവ് പറയുന്നു. സ്വന്തം പാര്‍ട്ടിക്കാരെ വൊളന്റിയര്‍മാരാക്കി സര്‍ക്കാര്‍ വേതനത്തില്‍ പ്രചാരണത്തിനിറക്കുന്ന നീക്കത്തിനെതിരെ നിയമപോരാട്ടം നടത്തുമെന്നും പ്രതിപക്ഷം പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തു കൊല്ലം ഭരിച്ച ശേഷം ഇനിയാണോ ജനങ്ങളോട് വികസനകാര്യത്തില്‍ അഭിപ്രായം ചോദിക്കാന്‍ പോകുന്നതെന്ന പ്രതിപക്ഷത്തിന്റെ ചോദ്യം യുക്തിസഹമാണ്. തിരഞ്ഞെടുപ്പു പ്രചാരണമാകാം, പക്ഷേ അത് നികുതിപ്പണം ഉപയോഗിച്ചു വേണ്ട എന്നു പ്രതിപക്ഷം ആവര്‍ത്തിക്കുമ്പോഴും സര്‍ക്കാരും പാര്‍ട്ടിയും പിന്നോട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നേ തന്നെ സര്‍വേയും നടത്തി. എന്തായാലും ജനങ്ങളുടെ പണം ഉപയോഗിച്ചല്ലെങ്കിലും കോണ്‍ഗ്രസും സര്‍വേ മോഡിലാണ്. സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ മൂന്നു ഘട്ടമായാണ് സര്‍വേ. ആര്‍ക്കാണ് വിജയസാധ്യതയെന്ന് കണ്ടെത്താന്‍ പല തലത്തിലായി സര്‍വേ നടത്തുന്നതൊക്കെ കോണ്‍ഗ്രസിലും പുതിയ ശൈലിയാണ്. നേതാക്കള്‍ വട്ടം കൂടിയിരുന്ന് ഗ്രൂപ്പിന്റെ തൂക്കമൊപ്പിച്ച് ആശ്രിതവല്‍സലര്‍ക്ക് സീറ്റ് വാങ്ങിക്കൊടുത്ത കാലമല്ല ഇതെന്നു കോണ്‍ഗ്രസിന് മനസിലാക്കിക്കൊടുക്കുന്നതും ജനാധിപത്യത്തിന്റെ ശക്തിയും മാറ്റവുമാണ്.
ഇതല്ല ആ വിസ്മയം എന്ന് കോണ്‍ഗ്രസ് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും യു.ഡി.എഫ് പ്രതീക്ഷിച്ച ഒരു വിസ്മയം വിടരും മുന്‍പേ കൊഴിഞ്ഞതും തിരഞ്ഞെടുപ്പ് പാക്കേജിന്റെ ഭാഗമായി കേരളം കണ്ടു. കേരളാ കോണ്‍ഗ്രസ് എം. ഇടതുമുന്നണി വിടുന്നില്ലെന്ന് പ്രഖ്യാപിച്ചു. മുന്നണി ശക്തിപ്പെടുത്താനും ചെലവ് ജനാധിപത്യത്തിന്റെ അക്കൗണ്ടില്‍ നിന്നാണ്. പാര്‍ട്ടിക്ക് കൂടുതല്‍ സീറ്റ് കൊടുക്കണം. കെ.എം.മാണിക്ക് സ്മാരകം നിര്‍മിക്കാന്‍ 25 സെന്റ് ഭൂമി സര്‍ക്കാര്‍ അനുവദിച്ചു. തദ്ദേശതിരഞ്ഞെടുപ്പിനു പിന്നാലെ കളം പിടിച്ച മുന്നണി മാറ്റചര്‍ച്ചകള്‍ കേരളാകോണ്‍ഗ്രസ് എം സമ്മര്‍ദതന്ത്രമാക്കി. സര്‍ക്കാര്‍ തടസവാദങ്ങളുന്നയിച്ചു പോന്നിരുന്ന പല ജനകീയ പ്രശ്നങ്ങളും മാണി ഗ്രൂപ്പിനു വേണ്ടി ഒറ്റയടിക്ക് പരിഹരിക്കാന്‍ തീരുമാനമായതും മലയോരമേഖലയിലെ കര്‍ഷകര്‍ക്കും ക്രൈസ്തവന്യൂനപക്ഷത്തിനുമൊക്കെ തിരഞ്ഞെടുപ്പു പാക്കേജില്‍ ഉപകാരമായി ഭവിക്കും.
കേരളാകോണ്‍ഗ്രസ് എമ്മിന് പതിമൂന്നു സീറ്റെങ്കിലും ഇത്തവണ മല്‍സരിക്കാന്‍ കിട്ടും. കെ.എം.മാണിക്ക് സ്മാരകം നിര്‍മിക്കാന്‍ മുപ്പതുകൊല്ലത്തെ പാട്ടവ്യവസ്ഥയില്‍ 25സെന്റ് ഭൂമിയും അനുവദിക്കപ്പെട്ടു. കാനം രാജേന്ദ്രനടക്കമുള്ള സി.പി.ഐ സമുന്നതനേതാക്കളുടെ സ്മാരകഅപേക്ഷകളില്‍ തീരുമാനമായില്ലെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഏതാണ് മുന്‍ഗണനയെന്ന് സി.പി.ഐയ്ക്കും പരാതിയുണ്ടാകില്ല. ഒപ്പം ഭിന്നശേഷി നിയമനതര്‍ക്കത്തിലും കുടിയേറ്റകര്‍ഷകഭൂമി പ്രശ്നങ്ങളിലും വന്യമൃഗസംഘര്‍ഷത്തിലും റബറിന്റെ താങ്ങുവിലയിലുമൊക്കെ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പായി സര്‍ക്കാരില്‍ നിന്ന് അനുകൂലനടപടിയും പ്രതീക്ഷിക്കുന്നു. സംസ്ഥാനബജറ്റിലും കേരളകോണ്‍ഗ്രസിന്റെ മണ്ഡലങ്ങളില്‍ വലിയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കുന്നു.
കേരളാകോണ്‍ഗ്രസ് എമ്മിനെ ഇടതുമുന്നണിയില്‍ നിലനിര്‍ത്താനായി പിളര്‍പ്പ് ഭീഷണി വരെ വേണ്ടി വന്നെങ്കിലും മുഖ്യമന്ത്രിയുടെ രക്ഷാപ്രവര്‍ത്തനം വിജയിച്ചു. ഇച്ഛാഭംഗമില്ലെന്ന് യു.ഡി.എഫ് പ്രഖ്യാപിക്കുന്നുണ്ടെങ്കിലും തീരെ ഇല്ലാതില്ലെന്ന് കേള്‍ക്കുന്നവര്‍ക്കറിയാം. തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേ ആര്‍ക്കാണ് ആത്മവിശ്വാസം കൂടുതല്‍ എന്നു കൂടിയാണ് ഓരോ പ്രഖ്യാപനത്തിലും തീരുമാനങ്ങളിലും ജനം മനസിലാക്കുന്നത്. അതിനിടയിലൂടെ മുഖ്യമന്ത്രിയെ ശരിക്കും കാരണഭൂതനാക്കാന്‍ സര്‍ക്കാര്‍ തന്നെ രംഗത്തിറങ്ങുന്ന കാഴ്ചയും കേരളം കണ്ടു. ഇനി നവകേരളം സൃഷ്ടിച്ചതാരാണ് എന്നൊരു ചോദ്യം കൂടിയേ ബാക്കിയൂള്ളൂ. ചോദിച്ചില്ലെങ്കിലും അതിന്റെ ഉത്തരം പിണറായി വിജയനെന്ന് എഴുതിച്ചേര്‍ക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാടു പെടുന്ന കാഴ്ച അരോചകമാണ്.
സ്കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ക്വിസ് മല്‍സരങ്ങള്‍ക്ക് ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് എന്നു പേരിട്ടതു തന്നെ അനുചിതമാണെന്നു വിമര്‍ശനമുയര്‍ന്നതാണ്. മുഖ്യമന്ത്രിയുടെ പേരില്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന മെഗാ ക്വിസ് വേദിയിലെത്തിയപ്പോഴാണ് പേരിലൊന്നുമല്ല കാര്യമെന്ന് കേരളമറിഞ്ഞത്. പത്തുവര്‍ഷത്തെ പിണറായി സര്‍ക്കാരിന്റെ പ്രഖ്യാപിത നേട്ടങ്ങളാണ് ക്വിസിലെ പ്രധാന പ്രതിപാദ്യമേഖല. ചോദ്യങ്ങളില്‍ പലതും മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്രീകരിച്ചാണ് താനും. ഒരു ചോദ്യം നോക്കുക. ഇന്ത്യയില്‍ ആദ്യമായി അതിദാരിദ്യ നിര്‍മാര്‍ജനം നടത്തിയ സംസ്ഥാനം കേരളമാണ്. 2005 നവംബര്‍ ഒന്നിന് ഈ പ്രഖ്യാപനം നടത്തിയതാര്? ഉത്തരം പിണറായി വിജയന്‍. അതിദാരിദ്ര്യ നിര്‍മാര്‌ജനത്തേക്കാള്‍ അത് പ്രഖ്യാപിച്ചയാളാണ് പ്രധാനം എന്ന് കുട്ടികള്‍ പഠിക്കണം. അടുത്തൊരു ചോദ്യം ഇങ്ങനെ, 2005 ഒക്ടോബറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ചേര്‍ന്ന മന്ത്രിസഭാ യോഗം സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വര്‍ധിപ്പിക്കുകയുണ്ടായി. നിലവില്‍ അര്‍ഹരായവര്‍ക്ക് എത്രതുകയാണ് ലഭിക്കുന്നത്? തീര്‍ന്നില്ല, ഇനിയുമുണ്ട്, പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത ഇന്ത്യയിലെ ആദ്യ ഭാഷാ–സാഹിത്യ–സാംസ്കാരിക മ്യൂസിയത്തിന്റെ പേരെന്താണ്? പറ്റുന്നിടത്തെല്ലാം പിണറായി വിജയന്റെ പേരു വരണം, അത്രയും നിഷ്കളങ്കമായ ലക്ഷ്യമേ മുഖ്യമന്ത്രിയുടെ പേരില്‍ വന്‍സമ്മാനത്തുകയുള്ള ക്വിസിനുമുള്ളൂ.
ഒന്നാം സ്ഥാനത്തിന് 5 ലക്ഷം രൂപ, രണ്ടാം സ്ഥാനത്തിന് 3, മൂന്നാം സ്ഥാനത്തിന് 2 ലക്ഷം വീതമാണ് സമ്മാന തുക. വിമര്‍ശനങ്ങള്‍ എത്ര കടുത്താലും പിണറായി വിജയന്റെ ഇച്ഛയെന്തെന്നറിയാവുന്ന സംഘാടകര്‍ സ്കൂള്‍തല മത്സരങ്ങള്‍ പൂര്‍ത്തിയാക്കി വിദ്യാഭ്യാസ ജില്ലകളില്‍ മത്സരം സംഘടിപ്പിക്കുന്ന തിരക്കിലാണ്. വിദ്യാര്‍ഥികളുടെ പൊതുവിജ്ഞാനവും ബുദ്ധിശക്തിയും അളക്കാനുള്ള മല്‍സരമാണ് പിണറായി വിജയന്റെ പ്രതിഛായാനിര്‍മിതിയായി മാറ്റിയിരിക്കുന്നത്. അതും ജനങ്ങളുടെ പണം ചെലവാക്കി ബിംബനിര്‍മിതി. വ്യക്തിപൂജയെയും നേതൃബിംബങ്ങളെയും നേരത്തെ എതിര്‍ത്തിരുന്ന പാര്‍ട്ടി ഈ കടുംകൈയെ ന്യായീകരിക്കുന്നതു കൂടി കേള്‍ക്കണം. മറ്റു മുഖ്യമന്ത്രിമാരെക്കുറിച്ചും ചോദ്യമുണ്ടല്ലോ. പൊതുവിജ്ഞാനത്തില്‍ നിന്നും ആവശ്യത്തിനു ചോദ്യമുണ്ടല്ലോ എന്നൊക്കെയുള്ള തമാശകളാണ് പാര്‍ട്ടി ന്യായം. നാല്, ഏഴ് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി കാലങ്ങളായി നടത്തി വരുന്ന LSS, USS സ്കോളര്‍ഷിപ്പ് പരീക്ഷകളുടെ പേര് ഈ വര്‍ഷം മുതല്‍ സി.എം. കിഡ്സ് എന്നാക്കിയിട്ടുണ്ട് പിണറായി സര്‍ക്കാര്‍. സ്കൂള്‍ കായികമേളയിലെ ചാമ്പ്യന്‍മാര്‍ക്ക് മുഖ്യമന്ത്രിയുടെ പേരില്‍ ട്രോഫി ഏര്‍പ്പെടുത്തിയതും ഈ അധ്യയനവര്‍ഷം മുതല്‍. ഉന്നതവിദ്യാഭ്യാസവകുപ്പില്‍ ചീഫ് മിനിസ്റ്റേഴ്സ് എന്ന പേരില്‍ പഠനഗവേഷണ സഹായപരിപാടികളും ഉള്‍പ്പെടുത്തി. മികച്ച പൊലീസ് സ്റ്റേഷനു നല്‍കുന്ന പുരസ്കാരവും മുഖ്യമന്ത്രിയുടെ പേരില്‍. പ്രധാനമന്ത്രിയുടെ പേരിലുള്ള പ്രതിഛായനിര്‍മിതികള്‍ക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തിയിട്ടുള്ള സി.പി.എമ്മില്‍ തന്നെയാണ് ഈ കലാപരിപാടികളൊക്കെ നടക്കുന്നത്. ചരിത്രപരമായ തുടര്‍ഭരണത്തിനൊടുവിലുള്ള തിരഞ്ഞെടുപ്പ് മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും പ്രവര്‍ത്തനറെക്കോര്‍ഡുകള്‍ അവതരിപ്പിക്കാനുള്ള അവസരമായിരിക്കും എന്നു കരുതുന്നവര്‍ക്കു മുന്നിലേക്ക് കിട്ടുന്ന ഏതവസരവും പി.ആര്‍.അഭ്യാസങ്ങള്‍ക്കുള്ള അരങ്ങായി മാറുന്നതാണ് നമ്മള്‍ കാണുന്നത്.
അവള്‍ക്കൊപ്പം എന്നത് കേരളം മനസു തൊട്ടു പ്രഖ്യാപിച്ച ഒരു പിന്തുണയാണ്. അത് അടിസ്ഥാനനീതി ഉറപ്പാക്കേണ്ട ഭരണാധികാരിയുടെ പി.ആര്‍.അഭ്യാസമാകരുത്. അവള്‍ക്കൊപ്പം എന്നാല്‍ കാല്‍പനികവാചകങ്ങള്‍ എഴുതിച്ചേര്‍ത്ത കാപ്പിക്കപ്പല്ല എന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയെ ഓര്‍മിപ്പിക്കേണ്ടി വരരുത്. രാഷ്ട്രീയതാല്‍പര്യം മാത്രം നോക്കിയല്ല അതിജീവിതമാര്‍ക്ക് നീതിയെത്തേണ്ടത്. പ്രദര്‍ശനവാചകങ്ങള്‍ക്കപ്പുറം നീതിയെവിടെ എന്നു പരാതിക്കാര്‍ ചോദിച്ചാല്‍ ഇപ്പോഴും കേരളത്തിലെ ഭരണസംവിധാനത്തിന് മറുപടിയില്ലെന്നത് മറക്കരുത്.
കഴിഞ്ഞ ദിവസം കേന്ദ്രവിരുദ്ധസമരത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയുടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ അണികള്‍ ആഘോഷിച്ചു. മുഖ്യമന്ത്രിയുടെ കൈയിലുണ്ടായിരുന്ന കാപ്പിക്കപ്പില്‍ ഒരു വാചകമുണ്ടായിരുന്നു. Love you to the moon and back. രാഹുല്‍ മാങ്കൂട്ടത്തില്‍ മൂന്നാമത്തെ ബലാല്‍സംഗക്കേസില്‍ അറസ്റ്റിലായപ്പോള്‍ ആദ്യകേസിലെ പരാതിക്കാരി സമൂഹമാധ്യമങ്ങളില്‍ കുറിച്ച വാചകമായിരുന്നു അത്. പല സന്ദര്‍ഭങ്ങളില്‍ ലോകം പരിചയിച്ച വാചകം അങ്ങേയറ്റം സങ്കടത്തോടെ പരാതിക്കാരി എഴുതിയതാണ്. ആ വാചകം അതിജീവിതമാര്‍ക്കുള്ള പിന്തുണയായി മുഖ്യമന്ത്രി കാപ്പിക്കപ്പില്‍ പതിപ്പിച്ചുവെന്നായിരുന്നു ആരാധകരുടെ ആഘോഷം. അവള്‍ക്കൊപ്പം എന്ന തലക്കെട്ടോടെ കൈയടിച്ചവരാരും യഥാര്‍ഥത്തില്‍ അതിജീവിതമാരുടെ പോരാട്ടം എവിടെയെത്തി നില്‍ക്കുന്നു എന്നന്വേഷിക്കാന്‍ തയാറല്ല. കാരണം പരാതിക്കാര്‍ക്കാര്‍ക്കും ഇപ്പോഴും നീതിയെത്തിയിട്ടില്ല. നടന്‍ ദിലീപിനെതിരായ കേസില്‍ പരാതിക്കാരിയുടെ സങ്കടം കേരളം കണ്ടു നില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീ മുഖം മറയ്ക്കാതെ സധൈര്യം കേരളത്തിനു മുന്നിലെത്തിയത് നീതി എവിടെയുമെത്തിയില്ല എന്നോര്‍മിപ്പിക്കാനാണ്.
ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസില്‍ കോടതി വിധി പ്രതിക്കെതിരായതോടെ അപ്പീലിനും തുടര്‍നടപടികള്‍ക്കുമായി സര്‍ക്കാരിന്റെ പിന്തുണ തേടി പരാതിക്കാര്‍ നടക്കേണ്ടി വന്നത് നാലു വര്‍ഷം. ആദ്യം കോട്ടയം എസ്.പിക്ക് അപേക്ഷ നല്‍കി. സ്പെഷല്‍ പ്രോസിക്യൂട്ടറെ വയ്ക്കാനുള്ള സാഹചര്യമില്ലെന്നായിരുന്നു ആഭ്യന്തരവകുപ്പിന്റെ നിലപാട്. മുഖ്യമന്ത്രിയടക്കം ഇതേ നിലപാടാണ് സ്വീകരിച്ചത്.
ജീവിതം ദുസഹമാണെന്നും സഭ അനധികൃത താമസക്കാരായാണ് കാണുന്നതെന്നും റേഷന്‍ കാര്‍ഡ് പോലുമില്ലെന്നും സിസ്റ്റര്‍ സമൂഹത്തോടു തുറന്നു പറഞ്ഞു. അപ്പോള്‍ മാത്രമാണ് അവള്‍ക്കൊപ്പം ആരുമില്ലായിരുന്നുവെന്നു സമൂഹവും കേള്‍ക്കുന്നത്. നാലു വര്‍ഷമായി സിസ്റ്ററും കൂടെ നിന്നവരും അനുഭവിച്ച ഒറ്റപ്പെടലുകള്‍ക്കും യാതനകള്‍ക്കും ശേഷം പരമാവധി ന്യായവാദങ്ങള്‍ ഉന്നയിച്ച ശേഷം ഒടുവില്‍ സര്‍ക്കാര്‍ ഇപ്പോള്‍ സ്പെഷല്‍ പ്രോസിക്യൂട്ടറെ അനുവദിച്ചു. സ്വാഭാവികമായി ലഭിക്കേണ്ട മിനിമം പിന്തുണയ്ക്കും സിസ്റ്റര്‍ സര്‍ക്കാരിന് നന്ദി പറയേണ്ട അവസ്ഥ വന്നു.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കേസില്‍ പരാതിക്കാര്‍ അര്‍ഹിക്കുന്ന വേഗത്തിലും ശക്തിയിലും നിയമനടപടികളുണ്ടാകുന്നുണ്ട്. പക്ഷേ അതേ ദിവസങ്ങളില്‍ തന്നെ സി.പി.എമ്മിന്റെ മുന്‍ എം.എല്‍.എ. പി.ടി.കുഞ്ഞുമുഹമ്മദിന്റെ കേസില്‍ ഇതേ മുഖ്യമന്ത്രി നിയന്ത്രിക്കുന്ന പൊലീസ് പെരുമാറിയതെങ്ങനെയെന്ന് കേരളം കണ്ടതാണ്. മുന്‍കൂര്‍ ജാമ്യം കിട്ടുന്നതുവരെ കാത്തിരുന്നു. ഒടുവില്‍ മുന്‍കൂര്‍ജാമ്യം കിട്ടിയ ശേഷം ആരുമറിയാതെ പരമാവധി പൊതിഞ്ഞു പിടിച്ച് അറസ്റ്റ് ചെയ്തു വിട്ടു. മുകേഷ് എം.എല്‍.എയ്ക്കെതിരായ കേസില്‍ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും ന്യായവാദങ്ങള്‍ നമ്മള്‍ കേട്ടു മടുത്തു. ഹേമകമ്മിറ്റി റിപ്പോര്‍്ടടിനെത്തുടര്‍ന്നുയര്‍ന്ന പരാതികളിലും സര്‍ക്കാര്‍ ആര്‍ക്കൊപ്പമായിരുന്നു എന്നു ചോദിച്ചാല്‍ കാപ്പിക്കപ്പില്‍ സ്ത്രീപക്ഷരാഷ്ട്രീയം കുറിക്കുന്ന മുഖ്യമന്ത്രിക്കും സര്‍ക്കാരിനും മറുപടിയുണ്ടാകുമോ? അവള്‍ക്കൊപ്പമെന്നു തെളിയിക്കാന്‍ സര്‍ക്കാരിന് പി.ആര്‍.അഭ്യാസമല്ലാതെ വേറെയും ഒരു പാട് ബാധ്യതകളുണ്ട്. നീതി തേടി വീണ്ടും വീണ്ടും സര്‍ക്കാരിനു മുന്നില്‍ അഭ്യര്‍ഥനയുമായി വരേണ്ടി വരാതെ തന്നെ അവര്‍ അര്‍ഹിക്കുന്ന നീതി ഉറപ്പാക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ട്. വരുന്ന മൂന്നുനാലു മാസങ്ങള്‍ കേരളത്തിനും ഒരു കരുതലുണ്ടാകും. എന്തൊക്കെ കാണാന്‍ പോകുന്നുവെന്നും കേള്‍ക്കാന്‍ പോകുന്നുവെന്നും ജനത്തിനും ഒരു കണക്കുകൂട്ടലുണ്ടാകും. പ്രതിഛായാനിര്‍മിതികള്‍ തിരിച്ചറിയാനും കാപട്യങ്ങള്‍ മനസിലാക്കാനും ശേഷിയുള്ള ജനതയെന്ന ബഹുമാനം കേരളം അര്‍ഹിക്കുന്നുണ്ട്. ഭരണപക്ഷമായാലും പ്രതിപക്ഷമായാലും അത് മറക്കാതിരിക്കുന്നതാണ് നല്ലത്.