ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ സോണിയഗാന്ധിക്ക് പങ്കുണ്ടോ? വെള്ളാപ്പള്ളി നടേശന്‍ വര്‍ഗീയവാദിയാണോ? രാഷ്ട്രീയകേരളത്തില്‍ ഈ ചോദ്യങ്ങള്‍ ഉയര്‍ന്നാല്‍ എന്താകും ഉത്തരം? കേരളത്തിലെ രാഷ്ട്രീയ–ഭരണനേതൃത്വം വിശ്വസിക്കുന്നത് അവര്‍ പറയുന്ന ഉത്തരങ്ങളാണ് സത്യം എന്ന് ജനം വിശ്വസിച്ചോളുമെന്നാണോ? ഇത്ര ലളിതമായ ചോദ്യങ്ങളില്‍ പോലും ജനതയെ തെറ്റിദ്ധരിപ്പിക്കാനും ചര്‍ച്ചകള്‍ വഴി തിരിച്ചുവിടാനും സാധിക്കുമെന്ന ആത്മവിശ്വാസം എവിടെ നിന്നാണുണ്ടാകുന്നത്? ഉത്തരവാദിത്തത്തില്‍ നിന്നൊഴിഞ്ഞു മാറാന്‍ ഒരു വഴിക്കും സ്വയം പറയാന്‍ മടിയുള്ള വര്‍ഗീയത പറയാന്‍ മറ്റൊരു വഴിക്കും കുല്‍സിതബുദ്ധി പ്രയോഗിക്കുന്ന രാഷ്ട്രീയം തിരിച്ചറിയാന്‍ കേരളത്തിന് ശേഷിയില്ല എന്ന് എങ്ങനെയാണ് ഈ നേതാക്കള്‍ തീരുമാനിച്ചത്?
ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് എന്താണ് പങ്ക്? എന്താണുത്തരവാദിത്തം? ആ ചോദ്യമാണ് സ്വര്‍ണക്കൊള്ളയില്‍ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം എന്ന് നിങ്ങള്‍ക്ക് അറിയാമോ? സ്വര്‍ണക്കൊള്ളയിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റി സോണിയാഗാന്ധിക്കൊപ്പം നില്‍ക്കുന്ന ചിത്രം പുറത്തുവന്നത് ഇപ്പോഴൊന്നുമല്ല, പോറ്റി സി.പി.എം നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം തന്നെ ഇതും പ്രചരിച്ചിരുന്നതാണ്. പക്ഷേ കോണ്‍ഗ്രസിന്റെ ദേശീയ നേതാവിന് സ്വര്‍ണക്കൊള്ളയിലെ പങ്ക് എന്താണ് എന്ന ചോദ്യം സി.പി.എമ്മിന് ഉയര്‍ത്തേണ്ടി വന്നത് ഒരു പ്രത്യേക സാഹചര്യത്തിലാണ്. സി.പി.എമ്മിന്റെ പ്രധാന നേതാക്കള്‍ സ്വര്‍ണക്കൊള്ളയില്‍ ജയിലിനുള്ളില്‍. എന്നിട്ടും മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും സോണിയാഗാന്ധിക്കൊപ്പമുള്ള ചിത്രം പ്രധാന ചോദ്യമായിരുന്നില്ല. പക്ഷേ പാര്‍ട്ടി സംസ്ഥാനകമ്മിറ്റി അംഗവും മുന്‍ ദേവസ്വം മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രനെ എസ്.ഐ.ടി.ക്ക് ചോദ്യം ചെയ്യേണ്ടി വന്നതോടെ കഥമാറി. പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ല എന്ന ലൈന്‍ ആവര്‍ത്തിക്കാന്‍ വസ്തുതാപരമായി പ്രതിസന്ധി നേരിടുമെന്നായപ്പോള്‍ ആ സുപ്രധാന ചോദ്യവുമായി മുഖ്യമന്ത്രി അവതരിച്ചു.
സ്വര്‍ണക്കൊള്ളയില്‍ അടപടലം പ്രതിരോധത്തിലായിരുന്ന പാര്‍ട്ടി നേതാക്കള്‍ക്കും അതോടെ കാര്യം പിടികിട്ടി. ഇതാണ് പ്രധാന ചോദ്യം. പത്തു വര്‍ഷമായി കേരളം ഭരിക്കുന്ന സര്‍ക്കാരും മുഖ്യമന്ത്രിയും പാര്‍ട്ടിയുമല്ല ശബരിമലയിലെ സ്വര്‍ണക്കൊള്ളയ്ക്ക് മറുപടി പറയേണ്ടത്. കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. ഉണ്ണിക്കൃഷ്ണന്‍ പോറ്റി സോണിയാഗാന്ധിയെ കണ്ടതിലും അടൂര്‍പ്രകാശുമായുള്ള ബന്ധത്തിലും ഇതുവരെ കോണ്‍ഗ്രസ് പാര്‍ട്ടി വ്യക്തത വരുത്തിയിട്ടില്ല എന്നത് യാഥാര്‍ഥ്യമാണ്. പക്ഷേ ആ ചോദ്യമെങ്ങനെ ശബരിമലയിലെ സ്വര്‍ണക്കൊള്ളയിലെ സുപ്രധാന ചോദ്യമാകും? രാഷ്ട്രീയപ്രതിരോധത്തിലാകുമ്പോള്‍ ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്ന തരം നമ്പറുകള്‍ ഇക്കാലത്തും ഫലിക്കുമെന്ന് സി.പി.എം വിശ്വസിക്കുന്നതെന്തുകൊണ്ടാണ്?
ഉണ്ണിക്കൃഷ്ണന്‍ പോറ്റി കോണ്‍ഗ്രസിന്റെ ഉന്നത നേതാവുമായി കൂടിക്കാഴ്ച നടത്തിയ സാഹചര്യമെന്താണ് എന്ന് ഇപ്പോഴത്തെ രാഷ്ട്രീയസ്ഥിതിയില്‍ വ്യക്തമാക്കാന്‍ കോണ്‍ഗ്രസിന് ബാധ്യതയുണ്ട്. ഏതു വഴിയുള്ള പരിചയമെന്നു ജനങ്ങളോടു പറയാന്‍ യു.ഡി.എഫ് കണ്‍വീനറായ അടൂര്‍ പ്രകാശിനു ബാധ്യതയുണ്ട്. സ്വര്‍ണക്കൊള്ളയില്‍ സ്വന്തം വകുപ്പിലെ അന്വേഷണസംഘം അറസ്റ്റ് ചെയ്ത പാര്‍ട്ടി നേതാക്കള്‍ക്കെതിരെ നടപടി എടുക്കാത്തതെന്ത് എന്ന ചോദ്യത്തിന് ഇങ്ങനെ ഉത്തരം പറയുന്ന മുഖ്യമന്ത്രി ആ ചോദ്യം ഉന്നയിക്കുന്നത് ബാലിശമാണ്.
അതായത് മുഖ്യമന്ത്രിയെന്ന സ്ഥാനത്തിരിക്കുമ്പോള്‍ പാര്‍ട്ടി നടപടിയെടുക്കാത്തതിനെക്കുറിച്ച് പറയുന്നത് ശരിയല്ല. പക്ഷേ എതിര്‍പാര്‍ട്ടിക്കെതിരെ ഒരു അടിസ്ഥാനവും ഉന്നയിക്കാന്‍ കഴിയുന്നില്ലെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് ആക്ഷേപങ്ങളുന്നയിക്കുന്നത് ശരിയുമാണെന്നാണ് നമ്മുടെ മുഖ്യമന്ത്രി പറയുന്നത്. ഏതു മുഖ്യമന്ത്രി, സംസ്ഥാനത്തിന്റെ മുഴുവന്‍ ഭരണസംവിധാനവും നിയന്ത്രണത്തിലുണ്ടായിട്ടും ശബരിമലയില്‍ നടന്നതെന്ത് എന്ന് അറിഞ്ഞിട്ടേയില്ലാത്ത മുഖ്യമന്ത്രി. മുഖ്യമന്ത്രി പങ്കെടുക്കുന്ന ഏതു പരിപാടിയിലും സന്നിഹിതരാവുന്ന അതിഥികളെക്കുറിച്ച് കൃത്യമായ അന്വേഷണവും സുതാര്യതയും ഉറപ്പുവരുത്തുന്ന കേരളത്തിന്റെ ഇന്‍റലിജന്‍സ് സംവിധാനത്തിന്റെ കടിഞ്ഞാണും മുഖ്യമന്ത്രിയുടെ കൈയിലാണ്. ഇതേ ഉണ്ണിക്കൃഷ്ണന്‍ പോറ്റി സെക്രട്ടേറ്റിയറ്റ് അങ്കണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസിനു തൊട്ടു താഴെ മുഖ്യമന്ത്രിക്കൊപ്പം പരിപാടിയില്‍ പങ്കെടുത്തതെങ്ങനെയാണ്? അതായത് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ ഹൈക്കോടതി സംശയിക്കും വരെ കേരളത്തിലെ ഇന്റലിജന്‍സിനോ പൊലീസിനോ ഒരു സംശയവുമില്ലായിരുന്നു എന്ന് വ്യക്തം. ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ കടത്തിയതിലടക്കം ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ അസാധാരണനീക്കങ്ങളിലും സാന്നിധ്യത്തിലും സംശയം പോലും തോന്നാതിരുന്ന ഇന്റലിജന്‍സിന്റെ മന്ത്രിയാണ് സോണിയാഗാന്ധിയും കോണ്‍ഗ്രസും മറുപടി പറയണമെന്നാവശ്യപ്പെടുന്നത്. സോണിയാഗാന്ധിയെ കാണാന്‍ അപ്പോയ്‍ന്‍റ്മെന്റ് കിട്ടിയതെങ്ങനെയാണെന്നും അടൂര്‍ പ്രകാശുമായുള്ള ബന്ധം എങ്ങനെയാണെന്നും കൃത്യമായി മറുപടി പറയാന്‍കഴിയുന്ന ഉണ്ണിക്കൃഷ്ണ്‍ പോറ്റി തന്നെ മുഖ്യമന്ത്രിയുടെ പൊലീസ് കസ്റ്റഡിയിലുണ്ട് ഇപ്പോഴും. പോറ്റി പറയാന്‍ തയാറായില്ലെങ്കില്‍ കണ്ടെത്താനുള്ള അധികാരവും സാധ്യതകളുമെല്ലാം പ്രത്യേകഅന്വേഷണസംഘത്തിനു മുന്നിലുണ്ടെങ്കിലും മുഖ്യമന്ത്രിക്ക് അങ്ങനെ അറിയുന്നതിലൊരു ത്രില്ലില്ല. കോണ്‍ഗ്രസ് തന്നെ പറഞ്ഞിട്ട് അറിഞ്ഞാല്‍ മതി.
ഉന്നതരിലേക്കെത്തിയപ്പോള്‍ സ്വര്‍ണക്കൊള്ള അന്വേഷണം തണുത്തുപോയതെങ്ങനെയെന്ന് ഹൈക്കോടതി തന്നെ എസ്.ഐ.ടിയോടു ചോദിച്ച ശേഷമാണ് കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം നിര്‍ബന്ധിതരായത്. ചോദ്യം ചെയ്തുവെന്നു വരുത്തിത്തീര്‍ത്തു എന്നതാണ് സത്യം. കോടതി സ്വരം കടുപ്പിച്ചപ്പോഴാണ് തിരഞ്ഞെടുപ്പ് കഴിഞ്ഞ് ശുഭമുഹൂര്‍ത്തം നോക്കി
മുന്‍മന്ത്രിയെ എസ്.ഐ.ടി. അതീവരഹസ്യമായി ചോദ്യം ചെയ്തത്. അന്വേഷണത്തില്‍ ഇടപെടുന്നേയില്ലെന്ന് ആവര്‍ത്തിച്ചു പറയുന്ന മുഖ്യമന്ത്രി കടകംപള്ളിയോടല്ല, സോണിയാഗാന്ധിക്കൊപ്പമുള്ള ചിത്രമാണ് പ്രധാന ചോദ്യം എന്ന് എസ്.ഐ.ടിയെ ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്. അന്വേഷണം കോടതി മേല്‍നോട്ടത്തിലാണെങ്കിലും ആഭ്യന്തരമന്ത്രി പിണറായി വിജയന്‍ തന്നെയാണെന്ന് അദ്ദേഹത്തിനോര്‍മയില്ലെങ്കിലും എസ്.ഐ.ടിക്കോര്‍മയുണ്ടാകുമല്ലോ. ഒരു നിര്‍ണായക കണ്ടെത്തലിലേക്കുമെത്താതെ എസ്.ഐ.ടി. ഇരുട്ടില്‍ തപ്പുമ്പോള്‍ മുഖ്യപ്രതി പോറ്റിയടക്കം ജാമ്യത്തിലിറങ്ങാനുള്ള സാഹചര്യത്തിലേക്കെത്തുമ്പോഴാണ് കൃത്യമായ അന്വേഷണമെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടുകൊണ്ടേയിരിക്കുന്നത്.
ശബരിമലയില്‍ സ്വര്‍ണക്കൊള്ള നടന്ന സമയത്ത് ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളിക്ക് മുഖ്യപ്രതി പോറ്റിയുമായുള്ള ബന്ധം വ്യക്തമാക്കുന്ന അനവധി തെളിവുകള്‍ പുറത്തു വന്നിട്ടും എസ്.ഐ.ടി ചോദ്യം ചെയ്തതേയില്ല. നടന്നതെല്ലാം ദേവസ്വം ബോര്‍ഡിന്റെ മാത്രം ഉത്തരവാദിത്തം എന്നു വരുത്തിത്തീര്‍ക്കാന്‍ ആ സമയം മുന്‍മന്ത്രിയും പ്രയോജനപ്പെടുത്തി. ഒടുവില്‍ മുന്‍മന്ത്രിയെയും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്തിനെയും ചോദ്യം ചെയ്യാതെ അന്വേഷണം അവസാനിപ്പിക്കാനാകില്ല എന്ന് അന്വേഷണസംഘത്തിന് ബോധ്യപ്പെട്ടത് കോടതി ചൂണ്ടുവിരല്‍ ഉയര്‍ത്തിയപ്പോഴാണ്. പക്ഷേ അന്വേഷണസംഘത്തെക്കുറിച്ച് സംശയങ്ങളുള്ളത് പ്രതിപക്ഷത്തിനു മാത്രമാണെന്നാണ് മുഖ്യമന്ത്രി വരുത്തിത്തീര്‍ക്കുന്നത്.
2018 മുതല്‍ 2025 വരെ ശബരിമലയിലെ സ്വര്‍ണനിര്‍മിതികളില്‍ നടന്ന എല്ലാ ഇടപാടുകളും ഹൈക്കോടതി സംശയിക്കുന്നു. പക്ഷേ സി.പി.എമ്മും സര്‍ക്കാരും ഇപ്പോഴും പോറ്റി നടത്തിയ കൊള്ള എന്നു പറഞ്ഞൊഴിയുകയാണ്. ഒക്ടോബര്‍ 10നാണ് ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് സ്വര്‍ണക്കൊള്ള കേസുകള്‍ റജിസ്റ്റര്‍ ചെയ്തത്. ഒക്ടോബര്‍ 17ന് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തു. തുടര്‍ന്ന് മുരാരി ബാബുവും അറസ്റ്റിലായി. ഇവരുടെ അറസ്്റ്റ് കഴിഞ്ഞ് 60 ദിവസം കഴിഞ്ഞെങ്കിലും പ്രാഥമിക കുറ്റപത്രം പോലും നല്‍കാന്‍ എസ്.ഐ.ടി.ക്ക് കഴിഞ്ഞിട്ടില്ല. പരമാവധി 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം ചുമത്തിയ കേസുകളിലെ പ്രതികള്‍ അറസ്റ്റിലായി 60 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കിയിട്ടില്ലെങ്കില്‍ അവര്‍ക്ക് സ്വാഭാവികജാമ്യത്തിന് അവസരമൊരുങ്ങും. പോറ്റി മാത്രമല്ല മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരായ എ.പത്മകുമാര്‍, എന്‍.വാസു എന്നിവരും റിമാന്‍ഡില്‍ 60 ദിവസം പിന്നിടാറായി. ഇവര്‍ക്കും ഉടനേ സ്വാഭാവികജാമ്യത്തിന് അവകാശം ഉന്നയിക്കാനാകും.
ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ ഫോണ്‍ രേഖകളുമായി ബന്ധപ്പെട്ട് അന്വേഷണം വ്യാപിപ്പിക്കാന്‍ എസ്.ഐ.ടി. ശ്രമിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍. കോള്‍ രേഖകള്‍ എടുത്തതല്ലാതെ കൃത്യമായ അന്വേഷണം ആ വഴിക്ക് നീങ്ങിയതായി ഇതുവരെ കോടതിയിലെത്തിയ അന്വേഷണറിപ്പോര്‍ട്ടുകളില്‍ വന്നിട്ടില്ല. അന്വേഷണത്തിലെ ഉരുണ്ടുകളിയെക്കുറിച്ച് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം വന്ന ശേഷവും എസ്.ഐ.ടി നീക്കം പഴയ വേഗത്തിലല്ല. പാര്‍ട്ടി നേതാക്കളിലേക്കെത്തിയ ശേഷമാണ് അന്വേഷണം നിലച്ചതെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോഴും നിയമം നിയമത്തിന്റെ വഴിക്കെന്ന നിസംഗതയില്‍ ഒഴിയുകയാണ് സി.പി.എം.
സി.പി.എമ്മിന്റെ പ്രധാന നേതാക്കള്‍ നേരിട്ട് സ്വര്‍ണം കൊള്ള ചെയ്തു എന്നൊന്നും എസ്.ഐ.ടി. ഇനിയും കണ്ടെത്തിയിട്ടില്ല. പക്ഷേ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് അനായാസം അയ്യപ്പന്റെ സ്വര്‍ണം എടുത്തുകൊണ്ടുപോകാനുള്ള അവസരമുണ്ടാക്കിയ രാഷ്ട്രീയ ഉത്തരവാദിത്തം പോലും ഏറ്റെടുക്കാന്‍ സി.പി.എം തയാറല്ല. സോണിയ ഗാന്ധിയുടെ കൂടെയുള്ള ഫോട്ടോയില്‍ വരെ വലിയ ദുരൂഹത കണ്ടെത്തുന്ന മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. തന്റെ തുടര്‍ഭരണകാലത്ത് ശബരിമലയില്‍ തുടര്‍കൊള്ള നടന്നുവെന്നതിന്റെ എന്തെങ്കിലും ഉത്തരവാദിത്തം മുഖ്യമന്ത്രി ഏറ്റെടുത്തോ? എവിടെയും ഭരണസ്വാധീനമില്ലാത്ത സോണിയ ഗാന്ധിക്ക് വരെ ഉത്തരവാദിത്തം ചാര്‍ത്തുന്ന മുഖ്യമന്ത്രി ശബരിമലയില്‍ നടന്ന കൊള്ളയില്‍ തരിമ്പെങ്കിലും ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയാറാണോ?
ചുരുക്കത്തില്‍ സി.പി.എമ്മിന്റെ ഭരണകാലത്തു നടന്ന ശബരിമല സ്വര്‍ണക്കൊള്ളയില്‍ മറുപടി പറയേണ്ടതാരാണ്? കോണ്‍ഗ്രസ് മറുപടി പറയണം. പിണറായി വിജയന്‍ ഭരിക്കുന്ന കേരളത്തിലെ സ്വര്‍ണക്കൊള്ളയില്‍ മറുപടി പറയേണ്ടതാരാണ്? അത് സോണിയാഗാന്ധി പറയണം. സോണിയാ ഗാന്ധിക്ക് പറ്റില്ലെങ്കില്‍ അടൂര്‍ പ്രകാശെങ്കിലും മറുപടി പറയണം. ഈ ബുദ്ധിയൊക്കെ കൊള്ളാം . പക്ഷേ കേരളത്തിലെ ജനങ്ങള്‍ തദ്ദേശതിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയോടും പാര്‍ട്ടിയോടും എന്തോ പറയാന്‍ ശ്രമിച്ചിട്ടുണ്ട്. അതൊന്നു ശ്രദ്ധിച്ചു കേള്‍ക്കാന്‍ ശ്രമിക്കുന്നത് നല്ലതാണ്. ഏതാണ് ചോദ്യം, ഏതല്ല ചോദ്യം എന്നൊക്കെ തിരിച്ചറിയാന്‍ തീരെ ശേഷിയില്ലാത്തവരാണ് കേരളത്തിലെ ജനങ്ങള്‍ എന്ന അമിതമായ ആത്മവിശ്വാസം അത്ര നല്ലതല്ല, അതിപ്പോള്‍ സ്വര്‍ണക്കൊള്ളയുടെ കാര്യത്തിലായാലും വെള്ളാപ്പള്ളിയുടെ കാര്യത്തിലായാലും .
വെള്ളാപ്പള്ളി നടേശന്‍ എസ്.എന്‍.ഡി.പി. യോഗത്തിന്റെ ജനറല്‍ സെക്രട്ടറിയാണ്. ആ ചുമതല അര്‍ഹിക്കുന്ന ബഹുമാനവും സ്ഥാനവുമൊക്കെ കേരളസമൂഹം നല്‍കുന്നുണ്ട്. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന് ലോകത്തെ പഠിപ്പിച്ച ശ്രീനാരായഗുരുവിനെ പിന്തുടരുന്ന പ്രസ്ഥാനത്തിന്റെ നേതാവ് എന്ന ബഹുമാനം മാത്രമാണ് അദ്ദേഹം അര്‍ഹിക്കുന്നത്. മതമേത് എന്ന് അന്വേഷിച്ച് മനുഷ്യനെ തരം തിരിക്കാനല്ല ഗുരു പഠിപ്പിച്ചതെന്ന് മനസിലാകാത്ത വര്‍ത്തമാനം പ്രസ്ഥാനത്തിന്റെ അമരക്കാരന്‍ തന്നെ പറഞ്ഞു നടന്നാല്‍ കേരളം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയും, വര്‍ഗീയവിദ്വേഷം പ്രചരിപ്പിച്ചാല്‍ തിരിഞ്ഞു നിന്ന് ചോദ്യം ചെയ്യും. തിരുത്താന്‍ ആവശ്യപ്പെടും. വെള്ളാപ്പള്ളി ഈ വര്‍ത്തമാനം തുടങ്ങിയത് കൃത്യമായ സമയവും കാലവും നോക്കിയാണെന്ന് സമയക്രമം നോക്കിയാലറിയാം.
ഏറ്റവുമൊടുവില്‍ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനെ പേരു നോക്കി പ്രദേശം നോക്കി തീവ്രവാദിയെന്ന് ആക്ഷേപിച്ചിങ്ങനെ നടക്കാനുള്ള സ്വാതന്ത്ര്യം വെള്ളാപ്പള്ളിക്കു മാത്രം കേരളത്തില്‍ കിട്ടുന്ന അവകാശമാണ്. ഒരു മനുഷ്യനെ ഒരു കാരണവുമില്ലാതെ ആക്ഷേപിക്കാന്‍ എന്തായിരുന്നു പ്രകോപനം. വിദ്വേഷം പറഞ്ഞതിനെ ന്യായീകരി്ച്ച് ന്യായീകരിച്ച് എത്തിച്ച പോയന്റില്‍ വസ്തുതാപരമായി ഒരു ചോദ്യം ഉത്തരം മുട്ടിച്ചു .
വെള്ളാപ്പള്ളി എന്ന വ്യക്തിയെ നിയമപരമായി നേരിടാവുന്നതേയുള്ളൂ. വിദ്വേഷപ്രസ്താവനയും വര്‍ഗീയഅധിക്ഷേപവുമൊക്കെ ഇപ്പോഴും നമ്മുടെ നിയമവ്യവസ്ഥയില്‍ കുറ്റകരമാണ്. വെള്ളാപ്പള്ളി വര്‍ഗീയവാദിയാണോ എന്നു ചോദിച്ചാല്‍, ആരാണ് വര്‍ഗീയവാദി എന്ന നിര്‍വചനം പ്രസക്തമാകും. വര്‍ഗീയതയുണ്ടാക്കുന്ന വാദങ്ങള്‍ ഉന്നയിക്കുന്ന ആളാണോ വര്‍ഗീയവാദി, അതോ വര്‍ഗീയമായി പ്രവര്‍ത്തിക്കുന്നയാളാണോ?
വെള്ളാപ്പള്ളി നടേശന് കേരളത്തിന്റെ പ്രശ്നമല്ല. ആകാന്‍ ഇതുവരെ കേരളം സമ്മതിച്ചിട്ടില്ല. അത് കേരളത്തിലെ മനുഷ്യരുടെ കരുതലാണ്. പക്ഷേ അതേ വെള്ളാപ്പള്ളി നടേശന് കേരളത്തിന്റെ മുഖ്യമന്ത്രി നല്‍കുന്ന ആദരവും സ്നേഹവും അംഗീകാരവും കേരളത്തിന്റെ പ്രശ്നമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ വെള്ളാപ്പള്ളിയെ കേരളത്തിന്റെ പ്രശ്നമാക്കാന്‍ ശ്രമിച്ചാല്‍ അത് പ്രശ്നമാണ്. വെള്ളാപ്പള്ളിയോടല്ല കേരളത്തിന്റെ ചോദ്യം. വിദ്വേഷവും വിഭാഗീയതയും പറഞ്ഞുകൊണ്ടേയിരിക്കുന്ന വെള്ളാപ്പള്ളിയെ തിരുത്താതെ തന്നെ കൂടെ ചേര്‍ത്തു നിര്‍ത്തുന്ന മുഖ്യമന്ത്രിയാണ് നമ്മുടെ പ്രശ്നം. വെള്ളാപ്പള്ളിയ്ക്ക് മറുപടി പറയേണ്ടത് മതേതര ഇന്ത്യയുടെ നിയമങ്ങളാണ്. ആ നിയമങ്ങള്‍ നടപ്പാക്കാന്‍ ബാധ്യതപ്പെട്ട മുഖ്യമന്ത്രി തന്നെ വെള്ളാപ്പള്ളിയെ എഴുന്നള്ളിച്ചാനയിക്കുന്നത് കേരളത്തിന്റെ പ്രശ്നമാണ്.
ഒരു സമുദായനേതാവിന് സ്വന്തം സമുദായത്തിനു വേണ്ടി വാദിച്ചുകൂടേ? സ്വന്തം സമുദായം അനീതി നേരിടുന്നുവെന്നു തോന്നലുണ്ടെങ്കില്‍ അതുന്നയിച്ചുകൂടേ? ഉറപ്പായും ഏതു സമുദായനേതാവിനും അതിന് അവകാശമുണ്ട്.സ്വന്തം സമുദായത്തിന്റെ ആവശ്യങ്ങള്‍ ഉന്നയിക്കുന്നത് വര്‍ഗീയതയാവില്ല. സ്വന്തം സമുദായത്തിന്റെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് വര്‍ഗീയതയല്ല. പക്ഷേ അതിന് മറ്റൊരു സമുദായത്തെ കുറ്റക്കാരാക്കുന്നത്, ആ സമുദായമാണ് കാരണക്കാര്‍ എന്നാക്ഷേപിക്കുന്നത്, ആ സമുദായത്തോടു വെറുപ്പും വിദ്വേഷവുമുണ്ടാക്കാന്‍ ശ്രമിക്കുന്നത് വര്‍ഗീയതയാണ്. വിമര്‍ശനം ശക്തമായപ്പോള്‍ പറഞ്ഞത് മലപ്പുറത്തെയല്ല ലീഗിനെയെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളിലാണ് ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനം.
മുസ്‍ലിംലീഗിന് കേരളത്തില്‍ ഭരണപങ്കാളിത്തമില്ലാതായിട്ട് പത്തു വര്‍ഷമാകുന്നുവെന്നോര്‍മിപ്പിച്ചാല്‍ പ്രശ്നം. പത്തുവര്‍ഷമായി സ്വന്തം പിണറായി സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ അനീതി പരിഹരിച്ചില്ലേ എന്നു ചോദിച്ചാല്‍ പ്രശ്നം എന്നാല്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും ഈ ചോദ്യത്തിനുത്തരം നല്‍കി അനീതി പരിഹരിക്കാമല്ലോ എന്നു ചിന്തിച്ചാല്‍ അവര്‍ക്ക് ഇത്രയും പ്രിയപ്പെട്ട വെള്ളാപ്പള്ളി നാളുകളായി പറഞ്ഞു നടക്കുന്ന വിഷയം പഠിക്കാന്‍ ഇതുവരെ സമയം കിട്ടിയിട്ടില്ല. കഷ്ടം.
അപ്പോള്‍ മലപ്പുറത്ത് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ കിട്ടാത്തതല്ല യഥാര്‍ഥ പ്രശ്നം. ഈ പത്തുവര്‍ഷവും പരിഹരിക്കാന‍് പോലും ശ്രമിക്കാത്ത അനീതിയെക്കുറിച്ച് ഇപ്പോള്‍ ആവര്‍ത്തിക്കുന്നതെന്തിനാണ്? അതിന്റെ ഉദ്ദേശം രാഷ്ട്രീയമാണ്, ഉദ്ദേശം രാഷ്ട്രീയമാകുമ്പോള്‍ ചോദ്യങ്ങളും വിമര്‍ശനങ്ങളുമൊക്കെ രാഷ്ട്രീയമാകും.
വെള്ളാപ്പള്ളി നടേശന്‍ ഇപ്പോള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് വര്‍ഗീയതയുടെ രാഷ്ട്രീയമാണ്. ആ രാഷ്ട്രീയം പറയുന്നതാര്‍ക്കു വേണ്ടി എന്ന ചോദ്യം വെള്ളാപ്പള്ളി ഇപ്പോള്‍ പിന്തുണയ്ക്കുന്നതാരെ എന്ന ചോദ്യത്തിനുത്തരത്തില്‍ തന്നെ ചെന്നു നില്‍ക്കും. വര്‍ഗീയതയുടെ രാഷ്ട്രീയം പറയുന്ന വെള്ളാപ്പള്ളിയെ ചേര്‍ത്തുനിര്‍ത്തുന്നതാര് എന്ന ചോദ്യത്തിനുത്തരം ഇപ്പോള്‍ കേരളത്തിനു മുന്നിലുള്ളത് പിണറായി വിജയനെന്നാണ്. സി.പി.എം എന്നു പോലുമല്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തിപരമായും ഔദ്യോഗികമായും വെള്ളാപ്പള്ളി നടേശനെ ചേര്‍ത്തുനിര്‍ത്തുന്നു. വര്‍ഗീയത പറയുന്ന വെള്ളാപ്പള്ളിയെ ചേര്‍ത്തുനിര്‍ത്തുന്നതെന്തിന് എന്നാണ് മുഖ്യമന്ത്രി താങ്കള്‍ നേരിടുന്ന ചോദ്യം. പിണറായി വിജയന്റെ സ്വന്തം കാറില്‍ ആരെ കയറ്റിയെന്നതല്ല , കേരളത്തിന്റെ മുഖ്യമന്ത്രിയുടെ കാറില്‍ വെള്ളാപ്പള്ളിയെയും കൂടെ കയറ്റിയതെന്തിന് എന്നാണ് ചോദ്യം. എന്നുവച്ചാല്‍ കേരളത്തിന്റെ ഹൃദയം തകര്‍ക്കാന്‍ ശ്രമിക്കുന്ന വിദ്വേഷം ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്ന ഒരാളെ കേരളത്തിന്റെ മുഖ്യമന്ത്രി ഇങ്ങനെ ചേര്‍ത്തു പിടിച്ചു പൊതിഞ്ഞു നടക്കുന്നതെന്തിനെന്നു തന്നെ. അതിനുത്തരം ആവശ്യപ്പെടുമ്പോള്‍ ബിനോയ് വിശ്വമല്ല പിണറായി വിജയന്‍ എന്നു പറഞ്ഞാല്‍ ഉത്തരമാകില്ല. ആരാണ് പിണറായി വിജയന്‍ എന്നു തന്നെ പറയേണ്ടി വരും.