സംസ്ഥാന സര്‍ക്കാര്‍ അയ്യപ്പസംഗമം നടത്തുന്നു. സി.പി.എം സര്‍ക്കാരിന് അയ്യപ്പസംഗമം നടത്താന്‍ എന്താണവകാശമെന്ന് ബി.ജെ.പി. സംഘപരിവാര്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും ഭൂരിപക്ഷവര്‍ഗീയത വളര്‍ത്താനുമുള്ള CPM കുതന്ത്രമാണ് സംഗമമെന്ന് കോണ്‍ഗ്രസ്. പിണറായി സംഗമത്തിനു പോകുന്നതിനുമുന്‍പ് അയ്യപ്പഭക്തരോടു മാപ്പു പറയണമെന്ന് സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍. സര്‍ക്കാര്‍ രാഷ്ട്രീയലക്ഷ്യം വച്ചാണോ അയ്യപ്പസംഗമം സംഘടിപ്പിക്കുന്നത് എന്നതാണ് രാഷ്ട്രീയ ചോദ്യം. പക്ഷേ സി.പി.എം വീണ്ടും തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണോ എന്നത് കേരളത്തെ ആശങ്കപ്പെടുത്തുന്ന ചോദ്യമാണ്.
സര്‍ക്കാര്‍ എന്തിന് അയ്യപ്പസംഗമം നടത്തണം എന്നതാണ് ബി.ജെ.പിയുടെ പ്രശ്നം. സര്‍ക്കാര്‍ സംഘടിപ്പിച്ചാലും അയ്യപ്പസംഗമത്തിനെതിരെ പ്രതിഷേധിക്കാന്‍ ബി.ജെ.പിക്കെന്തു കാര്യം? അയ്യപ്പവിശ്വാസികളുടെ രക്ഷാകര്‍തൃത്വം ബി.ജെ.പിക്കാരെ ആരേല്‍പിച്ചു? ഹൈന്ദവവിശ്വാസത്തിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ബി.ജെ.പിക്ക് എന്താണവകാശം? ഒരാള്‍ വിശ്വാസിയാണോ അല്ലയോ എന്നു തീരുമാനിക്കേണ്ടത് ബി.ജെ.പിയാണോ? ഭരണഘടനാപ്രകാരം അധികാരമേറ്റ സര്‍ക്കാരിന് ഹൈന്ദവവിശ്വാസവുമായി ബന്ധപ്പെട്ട ഒരു പരിപാടി സംഘടിപ്പിക്കാന്‍ ബി.ജെ.പിയുടെ അനുമതി വേണോ? പിണറായി വിജയന്‍ പങ്കെടുക്കണോ എം.കെ.സ്റ്റാലിന്‍ പങ്കെടുക്കണോ എന്നൊക്കെ ബി.ജെ.പിയാണോ തീരുമാനിക്കുന്നത്? ബി.ജെ.പി. ഒരു രാഷ്ട്രീയപാര്‍ട്ടിയാണ്. വിശ്വാസത്തിന്റെ സംരക്ഷണവും അട്ടിപ്പേറവകാശവുമൊന്നും ആരും ബി.ജെ.പിയെ ഏല്‍പിച്ചിട്ടില്ല. അതുകൊണ്ട് ബി.ജെ.പിയുടെ ഭീഷണിയൊന്നും കേരളം വകവയ്ക്കാന്‍ പോകുന്നില്ല. പക്ഷേ ബി.ജെ.പിക്ക് ഇങ്ങനെയൊക്കെ സംസാരിക്കാനുള്ള അവസരം സൂക്ഷ്മമായി സൃഷ്ടിച്ചു കൊടുക്കുകയാണോ എന്ന ചോദ്യം കാണാതെ പോകാനുമാകില്ല. രാഷ്ട്രീയമാണ് ലക്ഷ്യമെങ്കില്‍ അത് ബി.ജെ.പിക്കു മാത്രമല്ലെന്നത് വ്യക്തമാണ്.
ചുരുക്കിപ്പറഞ്ഞാല്‍ അയ്യപ്പസംഗമത്തെ എതിര്‍ക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങളാണ്. പുറത്തു പറയുന്നതൊന്നുമല്ല യഥാര്‍ഥ കാരണമെന്നും അയ്യപ്പനെ സി.പി.എം കൊണ്ടുപോകുമോ എന്നതാണ് അടിസ്ഥാനആശങ്കയെന്നും കേള്‍ക്കുന്നവര്‍ക്കറിയാം. പക്ഷേ നേരിട്ടങ്ങനെ പറയാന്‍ പറ്റാത്തതുകൊണ്ട് വളച്ചു കെട്ടി വലിയ ആശങ്കകളാക്കി പറയുന്നു. ഇനി ഇതിനൊക്കെ സര്‍ക്കാരും പാര്‍ട്ടിയും നല്‍കുന്ന മറുപടിയോ? അതും മറവി ഒരു അനുഗ്രഹമായിട്ടില്ലാത്തവര്‍ക്ക് നല്ല തമാശയാണ്.
വാസ്തവത്തില്‍ മുഖ്യമന്ത്രി അന്ന് സുപ്രീംകോടതി വിധിക്കനുകൂലമായി സ്വീകരിച്ച നിലപാട് പുരോഗമനപരമായിരുന്നു. ഭരണഘടനാപരമായിരുന്നു. പക്ഷേ രാഷ്ട്രീയനേട്ടം തിരഞ്ഞതോടെ നിലപാടിന്റെ പ്രസക്തി ഇല്ലാതായി. ആചാരസംരക്ഷണത്തിന്റെ പേരില്‍ തെരുവിലിറങ്ങാന്‍ സംഘപരിവാര്‍ സംഘടനകള്‍ക്ക് സംസ്ഥാനവ്യാപകമായി അവസരമുണ്ടാക്കിക്കൊടുത്തു. തിരഞ്ഞെടുപ്പില്‍ കൈപൊള്ളിയ ശേഷം ആചാരലംഘകരല്ലെന്നു വീടു കയറി വിശദീകരിച്ചതല്ലാതെ സി.പി.എം പിന്നെ ശബരിമല കയറാന്‍ പോയിട്ടില്ല. ഇപ്പോള്‍ ഭരണത്തിന്റെ അവസാനമാസങ്ങളില്‍ പെട്ടെന്നു ശബരിമലയുടെ വികസനത്തിലുണ്ടായ വേവലാതി വെള്ളം തൊടാതെ വിഴുങ്ങാന്‍ മാത്രം രാഷ്ട്രീയബോധം നഷ്ടപ്പെട്ടിട്ടില്ല ഇവിടത്തെ മനുഷ്യര്‍ക്ക്.
ചുരുക്കിപ്പറഞ്ഞാല്‍ ആഗോള അയ്യപ്പസംഗമം നടത്താന്‍ സംസ്ഥാനസര്‍ക്കാരിന് അവകാശമുണ്ട്. അതിലെ രാഷ്ട്രീയതാല്‍പര്യം ചൂണ്ടിക്കാട്ടാന്‍ പ്രതിപക്ഷത്തിനും അവകാശമുണ്ട്. അയ്യപ്പസംഗമത്തില്‍ കേരളത്തിന് സര്‍ക്കാരിനോടു ചോദ്യങ്ങളുണ്ട്. പക്ഷേ അത് ബി.ജെ.പിയുടെ ചോദ്യങ്ങളല്ല. സര്‍ക്കാര്‍ മുന്നോട്ടു വച്ച നവോത്ഥാനത്തിലും പുരോഗമനത്തിലുമൊക്കെ ആത്മാര്‍ഥമായി വിശ്വസിച്ചു പോയവരുടെ ചോദ്യങ്ങളാണ്. ശബരിമലയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപരിപാടി എന്നാണല്ലോ അവകാശവാദം. പമ്പയില്‍ വച്ചു നടക്കുന്ന ആ സംഗമത്തില്‍ യുവതികളെ പങ്കെടുപ്പിക്കുമോ? നവോത്ഥാനം ചര്‍ച്ച ചെയ്യുമോ? എല്ലാ മതവിഭാഗക്കാര്‍ക്കും പ്രവേശനമുള്ള ശബരിമലയുടെ വികസനം ചര്‍ച്ച ചെയ്യുന്ന പരിപാടിയില്‍ എല്ലാ മതവിഭാഗക്കാരെയും ക്ഷണിക്കുമോ? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം സര്‍ക്കാരിന്റെ യഥാര്‍ഥ താല്‍പര്യമെന്തെന്നതിനും ഉത്തരമാകും
ഈ നിലപാട് എന്ന വാക്കിനൊരു പ്രശ്നമുണ്ട്. നിലപാട് നിലപാടാകണമെങ്കില്‍ നിലപാട് തന്നെ വേണം. നവോത്ഥാനത്തിനും വനിതാമതിലിനും മുന്‍കൈയെടുത്ത സര്‍ക്കാര്‍ അതില്‍ വ്രണിതരായ വിശ്വാസകരെ വിളിച്ചൂട്ടി പ്രായശ്ചിത്തം ചെയ്യാനാണെങ്കില്‍ അതിനു മലക്കം മറിച്ചില്‍ എന്നാണ് വിശേഷണം. നിലപാട് എന്നല്ല. ചരിത്രപരമായ തുടര്‍ഭരണത്തിനു ശേഷം വീണ്ടും അധികാരക്കസേരയില്‍ ഇടം പിടിക്കാന്‍ വിശ്വാസസംരക്ഷണം വേണമെന്നാണെങ്കില്‍ അതങ്ങു തുറന്നു പറയുന്നതില്‍ ഒരു മര്യാദയുണ്ട്. മര്യാദ മുഖ്യമന്ത്രിയും പാര്‍ട്ടിയും കാണിച്ചില്ലെങ്കില്‍ നാടിന് അതു മനസിലാക്കാനുള്ള ശേഷിയുണ്ട് എന്നു മറക്കാതിരിക്കുക.