ആഗോള അയ്യപ്പസംഗമത്തിന്‍റെ കണക്കില്‍ പിഴവ് സമ്മതിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഓഡിറ്റ് റിപ്പോര്‍ട്ട് അന്തിമമെന്ന് കരുതുന്നില്ലെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍. സത്യവാങ്മൂലം ഹൈക്കോടതിയില്‍ നല്‍കിയില്ലെന്നും ഓഡിറ്റ് റിപ്പോര്‍ട്ടിലെ ഭാഗങ്ങള്‍ മാറ്റം വരുത്തുമെന്നും ജയകുമാര്‍ പറഞ്ഞു. ദേവസ്വത്തിന്‍റെ ഭാഗത്തെ വസ്തുതപരമായ പിശകുകള്‍ പരിഹരിക്കും. 10 ദിവസത്തിനകം റിപ്പോര്‍ട്ടില്‍ കൃത്യത വരുത്തും. 26 ന് പുതുക്കിയ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. ഇതിനായി ടാസ്ക് ഫോഴ്സ് രൂപീകരിച്ചെന്നും ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.
ആഗോള അയ്യപ്പസംഗമത്തിന്‍റെ കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ടേഴ്സ് സൊസൈറ്റി നൽകിയ കണക്കുകൾ ഊതിപ്പെരുപ്പിച്ചതെന്ന് ദേവസ്വം ബോര്‍ഡ് സംശയിക്കുന്നെന്ന മനോരമ ന്യൂസ് വാര്‍ത്ത ദേവസ്വം പ്രസിഡന്‍റ് ശരിവച്ചു. 4.99 കോടി മാത്രമേ നല്‍കൂവെന്ന് കരാറുകാരെ അറിയിച്ചെന്നും ജയകുമാര്‍ പറഞ്ഞു. 7.11 കോടിയാണ് ഊരാളുങ്കല്‍ ആവശ്യപ്പെട്ടത്. കണക്കിലെ പൊരുത്തക്കേടുകൾ ഇന്ന് ചേര്‍ന്ന ബോർഡ് യോഗം ചർച്ച ചെയ്തു.
മീഡിയാ പബ്ലിസിറ്റിക്ക് മൂന്നുകോടിയിലേറെ രൂപ ചെലവിട്ടെന്നാണ് ഊരാളുങ്കല്‍ അവകാശപ്പെട്ടത്. ഇതായിരുന്നു ദേവസ്വം ബോര്‍ഡിന്‍റെ സംശയത്തിന് പ്രധാന കാരണം. തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മിഷണർ, സ്പെഷൽ കമ്മിഷണർ വഴി കഴിഞ്ഞ നവംബറിൽ ഹൈക്കോടതിയിൽ സമർപ്പിച്ച വരവ് ചെലവ് കണക്ക് പ്രകാരം ആഗോള അയ്യപ്പസംഗമത്തിന് ചെലവായത് നാലരക്കോടി രൂപ മാത്രമായിരുന്നു. ഇതിൽ മൂന്നുകോടി രൂപ കൈമാറിക്കഴിഞ്ഞു. കണക്കുകൾ ഓഡിറ്റ് ചെയ്ത ഏജൻസി ബില്ലുകളുടെ പൊരുത്തക്കേടിൽ വ്യക്തത വരുത്താൻ പലതവണ ആവശ്യപ്പെട്ടെങ്കിലും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായി.പൊരുത്തക്കേടുകൾ സംബന്ധിച്ച് ഊരാളുങ്കലിന്‍റെ ഭാഗവും ബോര്‍ഡ് കേള്‍ക്കുന്നുണ്ട്.
അതേസമയം വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. ദേവസ്വം ബോർഡിന്റേയോ സർക്കാരിന്റേയോ പണം അയ്യപ്പ സംഗമത്തിന് ഉപയോഗിക്കില്ല എന്നായിരുന്നു ഹൈക്കോടതിക്ക് നല്‍കിയ ഉറപ്പ്.