കൊച്ചി കാക്കനാട് യുവാക്കളെ അതിക്രൂരമായി മര്‍ദിച്ച മൂന്നുപേര്‍ പിടിയില്‍. പ്രതികള്‍ ഗുണ്ടാസംഘത്തില്‍പ്പെട്ടവരാണ്. കാറിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ചായിരുന്നു ബൈക്ക് യാത്രക്കാരായ യുവാക്കളെ മര്‍ദിച്ചത്. കോഴിക്കോടു നിന്ന് പിടികൂടിയ പ്രതികളെ തൃക്കാക്കര സ്റ്റേഷനിലെത്തിച്ചു.
കളമശ്ശേരി സ്വദേശി ഷെഫിന്‍, പൂക്കാട്ടുപടി സ്വദേശി ഫഹദ്, കോഴിക്കോട് സ്വദേശി ബെന്നി എന്നിവരാണ് പിടിയിലായത്. കുപ്രസിദ്ധ ഗുണ്ട പെരുമ്പാവൂര്‍ അനസിന്‍റെ സംഘത്തില്‍പ്പെട്ടവരാണ് മൂവരും. കാറിന് സൈഡ് നല്‍കിയില്ലെന്ന കാരണത്താല്‍ ബൈക്ക് യാത്രക്കാരായ യുവാക്കളെ ഇവര്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. എന്‍ജിഒ ക്വാര്‍ട്ടേഴ്സ് ജംഗ്‌ഷനില്‍ ഇന്നലെ പുലര്‍ച്ചെ രണ്ടിനാണ് സംഭവം. കാറിലുണ്ടായിരുന്ന മൂന്നംഗ സംഘം യുവാക്കളെ തടഞ്ഞുനിര്‍ത്തി കൊലവിളി നടത്തുകയായിരുന്നു.
ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ പടമുകള്‍ സ്വദേശി മുഹമ്മദ് ഷാഫി, വാഴക്കാല സ്വദേശികളായ പ്രവീണ്‍, നിസാം എന്നിവര്‍ ചികില്‍സയിലാണ്. അക്രമികളുടെ ഇടിവള പ്രയോഗത്തില്‍ മുഹമ്മദ് ഷാഫിയുടെ താടിയെല്ല് തകരുകയും മുന്‍വരിയിലെ നാല് പല്ലുകള്‍ ഇളകിപ്പോവുകയും ചെയ്തു. നെറ്റിയിലും ആഴത്തില്‍ മുറിവേറ്റു. പ്രവീണിന്‍റെ തലയോട്ടിക്ക് പൊട്ടലും തലച്ചോറില്‍ രക്തസ്രാവവുമുണ്ട്. നിസാമിന്‍റെ മൂക്കിനും ചുണ്ടിനുമാണ് പരുക്ക്. ആക്രമണത്തിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.