• മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നുവെന്ന ഒരു വിഭാഗത്തിന്റെ ആക്ഷേപമാണ് പൊട്ടിത്തെറിയിൽ കലാശിച്ചത്. ഉപതിരഞ്ഞെടുപ്പിലെ മങ്ങിയ പ്രകടനവും അടിക്കടി ഉണ്ടാകുന്ന വിവാദങ്ങളും എതിർ സ്വരങ്ങളുടെ മൂർച്ച കൂടാനും കാരണമായി

മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം സജീവമാകുന്നു. യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഇന്നലെ മുഖ്യമന്ത്രിക്കെതിരെ തുറന്നടിച്ചത് സംസ്ഥാന, ദേശീയ നേതൃത്വങ്ങളിലെ ചിലരുടെ പിന്തുണയോടെ ആണെന്നാണ്  വിലയിരുത്തൽ. വരും ദിവസങ്ങളിൽ കൂടുതൽപേർ പരസ്യ അഭിപ്രായപ്രകടനത്തിന് മുതിർന്നേക്കും. 

മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നുവെന്ന ഒരു വിഭാഗത്തിന്റെ ആക്ഷേപമാണ് പൊട്ടിത്തെറിയിൽ കലാശിച്ചത്. ഉപതിരഞ്ഞെടുപ്പിലെ മങ്ങിയ പ്രകടനവും അടിക്കടി ഉണ്ടാകുന്ന വിവാദങ്ങളും എതിർ സ്വരങ്ങളുടെ മൂർച്ച കൂടാനും കാരണമായി. മുഖ്യമന്ത്രി കൂടിയാലോചന നടത്തുന്നില്ലെന്നും യുഡിഎഫിനോട് ആലോചിക്കാതെയാണ് തീരുമാനങ്ങൾ എന്നും അടൂർ പ്രകാശ് വിമർശിച്ചിരുന്നു. വിവാദങ്ങളോട് മുഖ്യമന്ത്രി എങ്ങനെ പ്രതികരിക്കുമെന്നതും ആകാംക്ഷയുണർത്തുന്നു.

യുഡിഎഫിലെ പലകാര്യങ്ങളും കണ്‍വീനറായ താന്‍ അറിയുന്നില്ലെന്നും ഇപ്പോഴത്തെ നിയമനങ്ങള്‍ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നുമായിരുന്നു അടൂര്‍ പ്രകാശ് തുറന്നടിച്ചത്. കാബിനറ്റ് പദവി ലഭിച്ച രണ്ടുപേരെയും തള്ളിപ്പറയുകയല്ലെന്നും ഇത്തരം കാര്യങ്ങള്‍ യുഡിഎഫ് അറിഞ്ഞിരിക്കണമെന്നും യുഡിഎഫ് യോഗം പോലും ചേരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഉപതിരഞ്ഞെടുപ്പില്‍ ഏകോപനം ഉണ്ടായില്ലെന്നും ചെയര്‍മാനായ മുഖ്യമന്ത്രിയാണ് യോഗത്തിന് മുന്‍കൈയെടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വലിയ പൊട്ടിത്തെറിക്കാണ് അടൂര്‍പ്രകാശ് തുടക്കമിട്ടിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. അടൂര്‍ പ്രകാശിന്റെ അഭിപ്രായങ്ങളെ കുറിച്ച് ചോദ്യമുയര്‍ന്നപ്പോള്‍ മുഖ്യമന്ത്രി പ്രതികരിക്കാന്‍ തയാറായില്ല. അക്കാര്യം മന്ത്രി റോജി എം.ജോണിനോട് ചൂണ്ടിക്കാട്ടിയപ്പോള്‍ കൂടിയാലോചിച്ചാണ് മുന്നണി മുന്നോട്ട് പോകുന്നതെന്നും പ്രതികരിക്കേണ്ട സമയത്ത് മുഖ്യമന്ത്രി പ്രതികരിക്കുമെന്നുമായിരുന്നു മറുപടി. 

അതിനിടെ, എറണാകുളം ആലുവയിൽ മുഖ്യമന്ത്രി വി.ഡി.സതീശനെ കരിങ്കൊടി കാണിച്ച് യുവമോർച്ച പ്രവർത്തകർ. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനം തടഞ്ഞായിരുന്നു കരിങ്കൊടി പ്രതിഷേധം. കരിങ്കൊടി കാണിച്ച യുവമോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

ENGLISH SUMMARY:

Internal dissent against Kerala Chief Minister V.D. Satheesan is intensifying, with more Congress leaders potentially preparing to publicly criticise his leadership. UDF convenor Adoor Prakash has openly accused the Chief Minister of making unilateral decisions without adequate consultation with the alliance or party leadership. Poor coordination during the recent by-election, controversial appointments and repeated political disputes have reportedly deepened dissatisfaction within the party. Meanwhile, BJP's Yuva Morcha workers staged a black-flag protest against Satheesan in Aluva, Ernakulam, and were arrested by the police