ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധി പുനപരിശോധിക്കാനുള്ള ഹര്‍ജിയില്‍ എന്തുനിലപാടെടുക്കണം എന്ന ആശയക്കുഴപ്പത്തിലാണ് സര്‍ക്കാര്‍. യുവതീപ്രവേശത്തെ എതിര്‍ത്ത് കേന്ദ്രസര്‍ക്കാര്‍ കക്ഷിചേര്‍ന്ന സാഹചര്യത്തില്‍ ഉടന്‍ നിലപാടെടുക്കാതെ വയ്യ. ആശയപരമായി യുവതീപ്രവേശത്തെ അനുകൂലിച്ചാണ് സര്‍ക്കാര്‍ ഇതുവരെ നിലകൊണ്ടത്. എന്നാല്‍ തിരഞ്ഞെടുപ്പ് തൊട്ടുമുന്നില്‍ നില്‍ക്കുന്ന ഘട്ടത്തില്‍ വിശ്വാസികളെ പിണക്കാനും വയ്യ. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എന്തുനിലപാടെടുക്കണമെന്ന് മനോരമന്യൂസ് വോട്ടര്‍മാരോട് ചോദിച്ചു. അവര്‍ നല്‍കിയ ഉത്തരം വ്യക്തമായിരുന്നു.

‘ശബരിമല യുവതി പ്രവേശനം അനുവദിക്കണമെന്ന് സർക്കാർ സത്യവാങ്മൂലം നൽകണോ?’ എന്നായിരുന്നു മനോരമന്യൂസ് – സി വോട്ടര്‍ സര്‍വേയിലെ ചോദ്യം. നല്‍കരുത് എന്നായിരുന്നു 57.7 ശതമാനം പേരുടെ നിലപാട്. യുവതി പ്രവേശനം അനുവദിക്കണമെന്ന് സർക്കാർ സത്യവാങ്മൂലം നൽകമെന്ന് സര്‍വേയില്‍ പങ്കെടുത്ത 24 ശതമാനം പേര്‍ ആവശ്യപ്പെട്ടു. 18.3 ശതമാനം പേര്‍ അഭിപ്രായമില്ല എന്നറിയിച്ചു. യുവതീപ്രവേശന വിഷയത്തിലെ സര്‍ക്കാര്‍ നിലപാട് തിരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്താനുള്ള സാധ്യതയാണ് സര്‍വേ ചൂണ്ടിക്കാട്ടുന്നത്.

അയ്യപ്പസംഗമത്തില്‍ തട്ടിപ്പ് നടന്നതായി വിശ്വസിക്കുന്നുണ്ടോ?’ എന്ന ചോദ്യവും സര്‍വേയില്‍ ഉന്നയിച്ചു. തട്ടിപ്പ് നടന്നതായി വിശ്വസിക്കുന്നു എന്നാണ് ബഹുഭൂരിപക്ഷം പേരും (67.7%) അഭിപ്രായപ്പെട്ടത്. തട്ടിപ്പുള്ളതായി കരുതുന്നില്ല എന്ന് 19.3 ശതമാനം പേരും നിലപാടെടുത്തു. 13 ശതമാനം പേര്‍ മാത്രമാണ് ഇക്കാര്യത്തില്‍ അഭിപ്രായം പറയാതെ മാറിനിന്നത്. അയ്യപ്പസംഗമത്തിലെ വരവ് ചെലവ് കണക്കുകള്‍ തമ്മിലുള്ള പൊരുത്തക്കേടാണ് വന്‍ വിവാദത്തിനും വിമര്‍ശനത്തിനും ഇടയാക്കിയത്. ഇക്കാര്യത്തില്‍ ദേവസ്വംബോര്‍ഡ് വീഴ്ച സമ്മതിക്കുകയും ചെയ്തിരുന്നു.

ഫെബ്രുവരി മൂന്നാംവാരം നടത്തിയ സ്നാപ് പോളിലാണ് ശബരിമലയുമായി ബന്ധപ്പെട്ട വോട്ടര്‍മാരുടെ നിര്‍ണായക നിലപാട് വ്യക്തമായത്. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നും 18 വയസിന് മുകളില്‍ പ്രായമുള്ള മലയാളി വോട്ടര്‍മാരുടെ പ്രതികരണമാണ് മനോരമന്യൂസ് – സി വോട്ടര്‍ സര്‍വേയില്‍ ശേഖരിച്ചത്. സ്നാപ് പോളില്‍ 1352 പേരും ട്രാക്കര്‍ സര്‍വേയില്‍ 3373 പേരും പങ്കെടുത്തു. കേരളത്തിന്‍റെ ജനസംഖ്യാഘടന അനുസരിച്ചുള്ള സാംപിള്‍ ശേഖരിച്ചായിരുന്നു സര്‍വേ.

ENGLISH SUMMARY:

A recent Manorama News-CVoter survey reveals that a significant majority of voters (57.7%) believe the Kerala government should not file an affidavit supporting the entry of women into the Sabarimala temple. While the government has ideologically supported gender equality in the past, the survey indicates that 67.7% of respondents also believe there were irregularities or "fraud" involved in the Sabarimala Ayyappa Sangamam event. Conducted across all districts, the snap poll highlights that the government's stance on this sensitive religious issue is likely to be a decisive factor in the upcoming elections. The findings place the state government in a difficult position as it balances ideological stances against the sentiments of a large section of the faithful.