ജനങ്ങള്‍ നല്‍കിയ ദുരിതാശ്വാസം തട്ടിപ്പിനായി എറിഞ്ഞ് കൊടുത്തവര്‍...!

സി.പി.എം ജനകീയപ്രതിരോധജാഥ പ്രതിരോധം വിട്ട് പ്രത്യാക്രമണത്തിലേക്കു കടക്കുമ്പോള്‍ പ്രതിപക്ഷം പ്രതിരോധത്തിലാകുന്നുണ്ടോ? ദുരിതാശ്വാസനിധി തട്ടിപ്പിലും  പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കാന്‍ സി.പി.എമ്മിന് കഴിഞ്ഞോ? ദുരിതാശ്വാസത്തിന് ശുപാര്‍ശ ചെയ്തവരാണ് തട്ടിപ്പിനു മറുപടി പറയേണ്ടത്  എന്ന സി.പി.എം നിലപാട് ആടിനെ വിറ്റും കുടുക്ക പൊട്ടിച്ചും ദുരിതാശ്വാസനിധിയിലേക്ക് പണമെത്തിച്ചവര്‍ക്ക് സ്വീകാര്യമാകുമോ?  ദുരിതാശ്വാസനിധിയിലെ തട്ടിപ്പിന് മറുപടി പറയേണ്ടതാരാണ്?

അത്രമേല്‍ വിശ്വാസത്തോടെ മുഖ്യമന്ത്രിയെ ഏല്‍പിച്ച ദുരിതാശ്വാസം അത്രമേല്‍ കരുതലോടെയല്ല കൈകാര്യം ചെയ്യപ്പെട്ടത് എന്ന് ഇന്ന് സര്‍ക്കാര്‍ തന്നെ കണ്ടെത്തിയിരിക്കുന്നു. സംശയം തോന്നിയതും അന്വേഷണത്തിനു  മുന്‍കൈയെടുത്തതും സര്‍ക്കാര്‍ സംവിധാനങ്ങള്‍ തന്നെയാണ് എന്നത് ഈ കുറ്റകരമായ അനാസ്ഥയ്ക്ക് ന്യായമല്ല. മുഖ്യമന്ത്രി തന്നെ അന്വേഷിക്കാന്‍ പറ‍ഞ്ഞുവെന്നതോ റവന്യൂമന്ത്രി  നിര്‍ദേശിച്ചുവെന്നതോ ഈ തട്ടിപ്പിന്റെ ആദ്യ ഉത്തരവാദിത്തത്തില്‍ നിന്നൊഴിഞ്ഞുമാറാന്‍ സര്‍ക്കാരിന് വഴിയൊരുക്കില്ല. ആദ്യം മറുപടി പറയേണ്ടത് മുഖ്യമന്ത്രിയും സര്‍ക്കാരും തന്നെയാണ്. അപ്പോഴും പ്രതിപക്ഷത്തെ ജനപ്രതിനിധികള്‍ പോലും തട്ടിപ്പിന് വഴിയൊരുക്കിയെന്ന ആരോപണം ഗുരുതരം തന്നെയാണ്. യാദൃശ്ചികമായി സംഭവിച്ച ക്രമക്കേടല്ലെന്ന് വിജിലന്‍സ് എ.ഡി.ജി.പി. വ്യക്തമായി പറഞ്ഞിട്ടുണ്ട്. ആസൂത്രിതമായ, സംഘടിതമായ തട്ടിപ്പാണ് നടന്നത്.  പണം തട്ടാന്‍ സമര്‍പ്പിച്ച അപേക്ഷകള്‍ ശുപാര്‍ശ ചെയ്ത പ്രതിപക്ഷ ജനപ്രതിനിധികള്‍ തട്ടിപ്പിനു കൂട്ടുനിന്നുവെന്ന് സി.പി.എം ആരോപിച്ചതോടെ പ്രശ്നം രാഷ്ട്രീയവിവാദമായി മാറിക്കഴിഞ്ഞു. പരിശോധിക്കേണ്ടത് സര്‍ക്കാരാണെന്ന് പറഞ്ഞൊഴിയാന്‍ പ്രതിപക്ഷനേതാക്കള്‍ക്കു കഴിയുമോ?

ശുപാര്‍ശ ചെയ്തവരാണോ പണം അനുവദിച്ചവരാണോ ഈ തട്ടിപ്പിന് മറുപടി പറയേണ്ടത്. പണം അനുവദിക്കുന്നതിനു മാനദണ്ഡങ്ങള്‍ പ്രകാരമുള്ള സൂക്ഷ്മപരിശോധനകള്‍ നടന്നിട്ടേയില്ലെന്ന് വ്യക്തമാണ്. പക്ഷേ ദുരിതാശ്വാസത്തിന് ശുപാര്‍ശ ചെയ്യുന്ന ജനപ്രതിനിധികളും സൂക്ഷ്മത പുലര്‍ത്തിയില്ല, അഥവാ പദവിയുടെ വിശ്വാസ്യത കാത്തുസൂക്ഷിച്ചില്ലെന്ന് ആദ്യഘട്ടത്തില്‍ പുറത്തു വരുന്ന വിവരങ്ങളില്‍ വ്യക്തമാണ്. ദുരിതാശ്വാസവിതരണം കൂടുതല്‍ സുതാര്യമാക്കാനാണ് ജനപ്രതിനിധികളുടെ ശുപാര്‍ശകള്‍ക്ക് മുന്‍ഗണന നല്‍കുന്നത്. ശുപാര്‍ശ ചെയ്യുന്നവരുടെ അര്‍ഹത ഉറപ്പാക്കാന്‍ ജനപ്രതിനിധികള്‍ക്കും ഉത്തരവാദിത്തമുണ്ട്. പക്ഷേ ശുപാര്‍ശ ചെയ്തവരാണ് തട്ടിപ്പിനു വഴിയൊരുക്കിയത് എന്നാരോപിക്കുന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തത്തില്‍ നിന്നൊഴിഞ്ഞുമാറാനുള്ള വൃഥാശ്രമമാണ്. ശുപാര്‍ശ ചെയ്തവര്‍ സൂക്ഷ്മത പുലര്‍ത്തിയില്ലെന്നു പറയാം. പക്ഷേ പണം അനുവദിച്ചവര്‍ എന്തു ചെയ്തു?  കൊച്ചുകുഞ്ഞുങ്ങള്‍ കുടുക്ക പൊട്ടിച്ചു വരെ കൈമാറിയ പണം എന്തു മൂല്യത്തോടെയാണ് സര്‍ക്കാര്‍ കൈകാര്യം ചെയ്തത്? മനുഷ്യരുടെ ജീവിതത്തോളം വില മതിപ്പുള്ള സംഭാവനകള്‍ എത്ര ഉദാസീനമായാണ് കൈകാര്യം ചെയ്യപ്പെട്ടത്? ഭരണത്തില്‍ ഏഴു വര്‍ഷം തികയ്ക്കാന്‍ പോകുന്ന മുഖ്യമന്ത്രി ഇപ്പോഴും ആരെയാണീ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നത്?  ആരെയാണ് ഇനിയും ഉത്തരവാദിത്തം ഓര്‍മിപ്പിക്കുന്നത്?

കേരളത്തില്‍ ഏറ്റവും വിശ്വാസത്തോടെ മനുഷ്യര്‍ സംഭാവന നല്‍കിയിരുന്ന, ജീവകാരുണ്യപ്രവര്‍ത്തനത്തില്‍ പങ്കാളികളായ ഒരു സംരംഭമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി. ആ വിശ്വാസ്യത നിലനിര്‍ത്താനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനു തന്നെയാണ്. ഈ തട്ടിപ്പിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ പുറത്തു കൊണ്ടുവരണം. രാഷ്ട്രീയതാല്‍പര്യങ്ങളില്ലാതെ നടപടിയുണ്ടാകണം. ദുരിതാശ്വാസനിധിയുടെ ആശ്വാസത്തിനായി കാത്തിരിക്കുന്ന അര്‍ഹരായവര്‍ക്ക് മുന്നില്‍ നൂലാമാലകള്‍ തീര്‍ക്കാതെ തന്നെ സഹായവിതരണത്തിന് സുതാര്യമായ മാനദണ്ഡങ്ങള്‍ ഉറപ്പാക്കണം. സര്‍ക്കാര്‍ മാറ്റിവയ്ക്കുന്നതും ജനങ്ങള്‍ സ്വരുക്കൂട്ടുന്നതുമായി ദുരിതാശ്വാസസഹായം കാര്യക്ഷമതയോടെ കൈകാര്യം ചെയ്തില്ല എന്ന വന്‍വീഴ്ച അംഗീകരിച്ചുകൊണ്ട് സര്‍ക്കാര്‍ തിരുത്തണം.