പിണറായി ഇനി വേട്ടയാടപ്പെട്ട നേതാവല്ല; ആനുകൂല്യം കിട്ടിയ മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയനെ സ്വന്തം പാര്‍ട്ടിക്കാര്‍ വിശേഷിപ്പിക്കുന്നത് ഏറ്റവുമധികം വേട്ടയാടപ്പെട്ട രാഷ്ട്രീയനേതാവ് എന്നാണ്. അതിന്റെ വസ്തുതകള്‍ എന്തു തന്നെയായാലും ഇനി ആ വിശേഷണം അദ്ദേഹത്തിനു ചേരില്ലെന്ന് ചരിത്രം ഇവിടെ രേഖപ്പെടുത്തുന്നു. കേരളരാഷ്ട്രീയത്തില്‍ ഏറ്റവുമധികം ആനുകൂല്യം ലഭിച്ച മുഖ്യമന്ത്രിയാവുകയാണ് അദ്ദേഹം.  വിശ്വസ്തനായി കണ്ടെത്തി അമിതാധികാരം നല്‍കി അവരോധിച്ച പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്വര്‍ണക്കടത്തു കേസില്‍ കുരുങ്ങി പുറത്തായി. സ്വന്തം വകുപ്പില്‍ സ്വജനപക്ഷപാതവും അഴിമതിയും അരങ്ങേറിയെന്ന് ചീഫ് സെക്രട്ടറി കണ്ടെത്തി. സ്വര്‍ണക്കടത്തു പ്രതിയും ബന്ധമുള്ളയാളും സ്വന്തം വകുപ്പില്‍ ലക്ഷങ്ങള്‍ സര്‍ക്കാര്‍ പണം കൈപ്പറ്റി അനധികൃത നിയമനത്തിലൂടെ ജോലി ചെയ്തു. ഇതൊക്കെ സംഭവിച്ചിട്ടും, ധാര്‍മിക ഉത്തരവാദിത്തത്തിനു പോലും മറുപടി പറയേണ്ടി വന്നിട്ടില്ലാത്ത സുശക്തനായ ഭരണാധികാരിയായി ശ്രീ പിണറായി വിജയന്‍ ഇനി ചരിത്രത്തില്‍ അറിയപ്പെടും. 

കേരളത്തിന്റെ ഭരണരംഗം ഇതുവരെ നേരിടേണ്ടി വന്നിട്ടില്ലാത്ത ഒരു പ്രതിസന്ധിയാണ് മുന്നില്‍. 

എം.ശിവശങ്കര്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഐ.ടി.സെക്രട്ടറി എന്നീ നിര്‍ണായക ചുമതലകളില്‍ കേരളത്തിലെ ഭരണനിര്‍വഹണത്തിലെ പ്രധാന അധികാരകേന്ദ്രമായിരുന്നു. ആ വ്യക്തിയെയാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ രണ്ടംഗസമിതി കുറ്റക്കാരനെന്നു കണ്ടെത്തി സസ്പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ ചെയ്തത്. സസ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത് ഇങ്ങനെ. എം.ശിവശങ്കര്‍ യു.എ.ഇ. കോണ്‍സുലേറ്റിലെ ജീവനക്കാരിയെ സംസ്ഥാന സര്‍ക്കാരിന്റെ സ്പേസ് പാര്‍ക്ക് ഓപ്പറേഷന്‍സ് മാനേജരായി ശുപാര്‍ശ ചെയ്തു. സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്നസുരേഷിനെ സര്‍ക്കാരുമായി ബന്ധപ്പെട്ട നിര്‍ണായകചുമതയിലെത്തിച്ചത് ശിവശങ്കര്‍ തന്നെയാണെന്ന് സര്‍ക്കാരിന് ഔദ്യോഗികമായി ബോധ്യപ്പെട്ടുവെന്നു സാരം. സിവില്‍സര്‍വീസിലെ പെരുമാറ്റച്ചട്ടം ലംഘിച്ചതും വിദേശനയതന്ത്ര കാര്യാലയത്തിലെ ജീവനക്കാരിയുമായി നിരന്തരം ബന്ധം പുലര്‍ത്തിയതുമാണ് സസ്പെന്‍ഷനു കാരണമായി തെളിഞ്ഞിരിക്കുന്ന കുറ്റങ്ങള്‍. പക്ഷേ ഇതുവരെ പുറത്തു വന്നിരിക്കുന്ന വിവരങ്ങള്‍ പ്രകാരം രാജ്യവിരുദ്ധപ്രവര്‍ത്തനമായി UAPA ചുമത്തിയ കേസിലെ എല്ലാ പ്രധാന പ്രതികളുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു മുഖ്യമന്ത്രിയുടെ വിശ്വസ്തന്‍. പ്രതികളിലൊരാള്‍ക്ക് സര്‍ക്കാരിനു കീഴില്‍ വലിയ ശമ്പളമുള്ള ജോലി നല്‍കിയതു മാത്രമല്ല, ഈ സംഘത്തിന് താമസൗകര്യം ഒരുക്കി, നിരന്തരം ബന്ധം പുലര്‍ത്തി തുടങ്ങിയ ഗുരുതരമായ ആരോപണങ്ങള്‍ ഇപ്പോള്‍ തന്നെ തെളിവു സഹിതം പുറത്തു വന്നു കഴിഞ്ഞു. ഐ.ടി.വകുപ്പില്‍ തന്നിഷ്ടപ്രകാരം നടത്തിയ നിയമനങ്ങള്‍ ഒന്നാകെ അന്വേഷിക്കാനും വകുപ്പു തല നടപടി സ്വീകരിക്കാനും സര്‍ക്കാരിനു തീരുമാനിക്കേണ്ടി വന്നത് മാധ്യമങ്ങള്‍ സ്വന്തം നിലയില്‍ ഇത് ഓരോന്നായി പുറത്തു കൊണ്ടു വന്നപ്പോള്‍ മാത്രമാണ്. അതുവരെ ശിവശങ്കറിന്റെ വക്കാലത്തുമായാണ് നമ്മുടെ മുഖ്യമന്ത്രി കേരളത്തിനു മുന്നില്‍ അവതരിച്ചത്. 

സ്വപ്ന സുരേഷിന്റെ നിയമനത്തിൽ ഒരു അസ്വഭാവികതയുമില്ലെന്ന് മുഖ്യമന്ത്രിയാണ് സാക്ഷ്യപ്പെടുത്തിയത്. PWC വഴി വിഷൻ ടെക്കിൽ നിന്ന് കൊണ്ടുവന്ന് നിയമിച്ച് സർക്കാരിനൊരു ഉത്തരവാദിത്തവുമില്ലാത്ത നിയമനമെന്നു മുഖ്യമന്ത്രി ന്യായീകരിച്ചു. പാര്‍ട്ടി നേതാക്കളും അണികളും അത് ഏറ്റുപിടിച്ചു.  സ്വപ്നസുരേഷിന്റെ ബിരുദം പോലും വ്യാജമാണെന്ന് മാധ്യമങ്ങള്‍ തെളിവു കൊണ്ടുവന്നപ്പോഴാണ് പ്രശ്നത്തില്‍ ആദ്യസര്‍ക്കാര്‍ അന്വേഷണത്തിന് മുഖ്യമന്ത്രി തയാറായത്. പിന്നീട് നിയമനത്തിനു പിന്നിലെ ഇടപെടല്‍ അന്വേഷിക്കാന്‍ തീരുമാനിച്ചതും മാധ്യമവാര്‍ത്തകളുടെ സമ്മര്‍ദത്തിനൊടുവില്‍. ഫോണ്‍കോള്‍ ലിസ്റ്റില്‍ മറ്റു പ്രതികളുമായുള്ള നിരന്തര ആശയവിനിമയവും മാധ്യമങ്ങള്‍ പുറത്തു കൊണ്ടുവന്നപ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തിയത്. മുഖ്യമന്ത്രിയുെട മുന്‍ ഐ.ടി.ഫെലോയും സ്വര്‍ണക്കടത്തു സംഘവുമായുള്ള ബന്ധവും മാധ്യമങ്ങളിലൂടെയാണ് പുറത്തു വന്ന ശേഷമാണ് നിലവിലെ ഉപദേശകസമിതി അംഗം എന്ന പദവിയില്‍ നിന്നു നീക്കാന്‍ സര്‍ക്കാര്‍ തയാറായത്. 

പിടി മുറുകും വരെ ശിവശങ്കറിനെ പ്രതിരോധിച്ചു നിന്നത് മുഖ്യമന്ത്രിയും സി.പി.എം നേതാക്കളുമാണ് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. 

ന്യായീകരിക്കും മുന്‍പ് സ്വര്‍ണക്കടത്ത് പ്രതിക്ക് വഴിവിട്ട നിയമനം നല്‍കിയോ എന്നന്വേഷിക്കാന്‍ പോലും മുഖ്യമന്ത്രി തയാറായില്ല എന്നത് അവിശ്വസനീയമാണ്. ഗത്യന്തരമില്ലാതെ ഇപ്പോള്‍ സര്‍ക്കാര്‍ സമ്മതിക്കുന്നത് പ്രകാരം നടന്നത് അഴിമതിയാണ്. സ്വജനപക്ഷപാതമാണ്. പൊതുപണം കൊള്ളയടിക്കലാണ്. ജനങ്ങളെ വഞ്ചിക്കലാണ്. അതിനു വഴിയൊരുക്കിയവര്‍ക്കും ന്യായീകരിച്ചവര്‍ക്കും 

 ധാർമിക ബാധ്യത മാത്രമല്ല, നിയമപരമായും ഭരണഘടനാപരമായും ഉത്തരവാദിത്തമുണ്ട്. ഐ.ടി.വകുപ്പിലെ 

ഇത്തരം നിയമനങ്ങളെല്ലാം പുനഃപരിശോധിക്കണമെന്നാണ് ചീഫ്സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. സ്വന്തം പ്രിന്‍സിപ്പല്‍ സെക്രട്ടറി കള്ളക്കടത്തു ബന്ധത്തില്‍ കുരുങ്ങിയാലും സ്വന്തം വകുപ്പില്‍ ക്രമം വിട്ട നിയമനങ്ങള്‍ നടന്നാലും ഉത്തരവാദിത്തമില്ലാത്ത ഒരേയൊരു ഭരണാധികാരിയേ  രാഷ്ട്രീയചരിത്രത്തിലുണ്ടാകൂ. ഇത്ര  കടുത്ത രാഷ്ട്രീയപ്രതിസന്ധിയിലും നിരുപാധിക പിന്തുണയും  ആനുകൂല്യവും ലഭിച്ച ആദ്യനേതാവാകുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. 

 ഐ.ടി.വകുപ്പില്‍ മാത്രമല്ല പൊതുഭരണത്തിലും  മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍  സെക്രട്ടറി തോന്നും പടി കാര്യങ്ങള്‍ നടത്തുകയായിരുന്നുവെന്ന് നടത്തുകയായിരുന്നുവെന്ന് ഇപ്പോള്‍ സര്‍ക്കാരിനു തന്നെ സമ്മതിക്കേണ്ടിവരുന്നു. പക്ഷേ എന്തു ക്രമക്കേട് കണ്ടെത്തിയാലും മുഖ്യമന്ത്രിക്ക്  ഒരു  ഉത്തരവാദിത്തവുമില്ലെന്ന് പാര്‍ട്ടിയും അണികളും ഇപ്പോഴേ ഉത്തരവിറക്കിയിട്ടുണ്ട്. 

അങ്ങനെ ഏതെങ്കിലുമൊരു സെക്രട്ടറി ഒരു സ്വര്‍ണക്കടത്തുസംഘവുമായി ബന്ധപ്പെട്ടതാണെങ്കില്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും പറയുന്ന  ഈ  നടപടിക്രമങ്ങളിലൊക്കെ ന്യായീകരണമുണ്ട്. പക്ഷേ ഈ ഐ.ടി.സെക്രട്ടറി അങ്ങനെ ഒരു സാധാരണക്കാരനായിരുന്നില്ല.  ചോദ്യങ്ങള്‍ ചോദിച്ച് മനോവീര്യം കെടുത്താന്‍ പാടില്ലെന്ന് മുഖ്യമന്ത്രി തന്നെ കേരളത്തോടു സാക്ഷ്യപ്പെടുത്തിയ വിശ്വസ്തനാണ്. സ്പ്രിന്‍ക്ളര്‍ കാലത്ത്. 

പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ പ്രഗല്‍ഭനായ ഉദ്യോഗസ്ഥനായിരുന്നു എന്ന കാര്യം ഭരണപ്രതിപക്ഷഭേദമില്ലാതെ അംഗീകരിക്കപ്പെട്ടതാണ്. പക്ഷേ ഭരണത്തില്‍ അമിതാധികാരം പ്രയോഗിക്കാന്‍ അദ്ദേഹത്തിന് അവസരം കൊടുത്തതാരാണ് എന്നതാണ് പ്രശ്നം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്കു മുന്നില്‍ തന്നെ ഘ‌ടകകക്ഷികള്‍ പരാതിയും ഉയര്‍ത്തി. സ്പ്രിന്‍ക്ളര്‍ ഇടപാടിന്റെ പശ്ചാത്തലത്തില്‍ 

. സ്പ്രിന്‍ക്ളര്‍ ഇടപാടില്‍ ശിവശങ്കര്‍ തന്നെ തുറന്നു പറഞ്ഞത് അദ്ദേഹം സ്വന്തം നിലയില്‍ തീരുമാനമെടുത്തുവെന്നാണ്. അങ്ങനെ സ്വന്തമായി തീരുമാനമെടുക്കാന്‍ അധികാരമുണ്ടായിരുന്ന ഒരേയൊരു വകുപ്പു സെക്രട്ടറിയായിരുന്നു ശിവശങ്കര്‍. എന്നിട്ടും ഐ.ടി.സെക്രട്ടറിക്ക് പ്രതിരോധം തീര്‍ക്കാന്‍ സി.പി.എമ്മിന്റെ ഡേറ്റാപോളിസി പോലും തള്ളിപ്പറഞ്ഞ് പാര്‍ട്ടി നേതാക്കളെ രംഗത്തിറക്കുകയാണുണ്ടായത്. സ്പ്രിന്‍ക്ളര്‍ ഇടപാടില്‍ മാത്രമല്ല, ഒട്ടനവധി കണ്‍സള്‍ട്ടന്‍സി നിയമനങ്ങളില്‍ ശിവശങ്കറിനും ഐ.ടി.വകുപ്പിനും നേരെ ആരോപണങ്ങളുയര്‍ന്നു. 

റീബില്‍ഡ് കേരള ഇനിഷ്യേറ്റിവിന്റെ കണ്‍സള്‍ട്ടന്റായി KPMGയെ കൊണ്ടുവരാനുള്ള നീക്കം, ബെവ്ക്യൂ ആപ്പ് തിരഞ്ഞെടുപ്പ്, പ്രളയനഷ്ടപരിഹാരത്തിന് പ്രത്യേക ആപ്പ്, ഇ  മൊബിലിറ്റി, കെ ഫോണ്‍ തുടങ്ങിയ പദ്ധതികളിലെല്ലാം ഐ.ടി. സെക്രട്ടറിയുടെ താല്‍പര്യത്തിനു നേരെ ചൂണ്ടുവിരല്‍ ഉയര്‍ന്നിരുന്നു. പക്ഷേ മുഖ്യമന്ത്രി എല്ലാ ചോദ്യങ്ങളിലും ഐ.ടി.െസക്രട്ടറിക്കു പ്രതിരോധം തീര്‍ത്തു. സ്വര്‍ണക്കടത്ത് ബന്ധം മാധ്യമങ്ങള്‍ പുറത്തു കൊണ്ടുവന്നപ്പോഴും സംസ്ഥാനം എന്തു ചെയ്യാന്‍ എന്നാവര്‍ത്തിച്ചു കൈമലര്‍ത്തി മുഖ്യമന്ത്രി. ഗത്യന്തരമില്ലാതെയാണ് ചീഫ് സെക്രട്ടറി തലസമിതിയെ നിയോഗിക്കാന്‍ പോലും മുഖ്യമന്ത്രി തയാറായത്. 

മുഖ്യമന്ത്രിയുടെ ഓഫിസ് സ്വര്‍ണക്കടത്തു കേസില്‍ ഇടപെട്ടു എന്ന ആരോപണം ഉയര്‍ന്നപ്പോള്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച മുഖ്യമന്ത്രിയെ കേരളം കണ്ടതാണ്

ഇന്ന്  മുഖ്യമന്ത്രിയുടെ  ഓഫിസിലെ രണ്ടു പ്രധാനവ്യക്തികള്‍ സ്വര്‍ണക്കടത്തുകേസില്‍ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വസ്തുതകള്‍ സഹിതം തെളിയുമ്പോള്‍ മറുപടി അവ്യക്തവും അപൂര്‍ണവുമാണ്. 

നമ്മളെന്തിനാണ് ധൃതി വയ്ക്കുന്നത്?

മുഖ്യമന്ത്രി അറിഞ്ഞാണോ ഐ.ടി.ഫെലോയെ നിയമിച്ചത്?

ഒക്കെ വരട്ടെ. എന്തിനാണ് മടിക്കുന്നത്?)

മുന്‍ ഐ.ടി.ഫെലോ എന്നു സര്‍ക്കാര്‍ വിശദീകരിക്കുന്ന അരുണ്‍ ബാലചന്ദ്രന്‍ ഈ മാസം രണ്ടാം തീയതി പ്രിന്‍സിപ്പല്‍സെക്രട്ടറി ഇളങ്കോവന്‍ പുറത്തിറക്കിയ ഡ്രീംകേരള  ഉത്തരവിലും മുഖ്യമന്ത്രിയുടെ ഐ.ടി.ഫെലോ എ‌ന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ജൂലൈയില്‍  പുതിയ ചുമതലയിലേക്കു മാറിയ അരുണ്‍ ബാലചന്ദ്രന്റെ കാര്യത്തില്‍ വന്ന രേഖാപരമായ പിശകുമാത്രമാണിതെന്നാണ് വിശദീകരണം. പക്ഷേ 

മുഖ്യമന്ത്രിക്ക് ഇപ്പോള്‍ ഐ.ടി.ഫെലോ ഉണ്ടോ ഇല്ലയോ എന്നു പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അറിയില്ലെന്നു വ്യക്തം. സ്വപ്ന സുരേഷ് UAE കോണ്‍സുലേറ്റിലാണോ സര്‍ക്കാരിനു കീഴിലാണോ എന്നു മന്ത്രിമാര്‍ക്കും സ്പീക്കര്‍ക്കും അറിയില്ല. ഈ ദുരൂഹഇടപെടലുകളെക്കുറിച്ചുള്ള മുന്നറിയിപ്പുമായി ഒരു രഹസ്യാന്വേഷണറിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കിട്ടിയിരുന്നോ എന്ന ചോദ്യത്തിനു മുഖ്യമന്ത്രി നല്‍കിയ മറുപടി കൂടി കാണണം

ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെക്കുറിച്ചു പാര്‍ട്ടി സെക്രട്ടറിക്കും ഒരു ഉറപ്പു പോര

കോടിയേരി (ഇൻ്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നോ എന്നു പറയേണ്ടത് സർക്കാരാണ്. കിട്ടിയിട്ടില്ല. അങ്ങനെയൊരു റിപ്പോര്‍ട്ടില്ല )

സംസ്ഥാനഭരണത്തില്‍ ആര് എന്തറിയുന്നു എന്നതാണ് സ്വര്‍ണക്കടത്തു വിവാദം കേരളത്തിനു മുന്നിലെത്തിക്കുന്ന ചോദ്യം. 

ഒന്നുകില്‍  മുഖ്യമന്ത്രി ഒന്നുമറിയുന്നില്ല എന്നു സമ്മതിക്കേണ്ടി വരും. അല്ലെങ്കില്‍ സെക്രട്ടറിയാണ് വകുപ്പ് ഭരിച്ചുകൊണ്ടിരുന്നത് എന്നു സമ്മതിക്കേണ്ടി വരും. രണ്ടിലേതായാലും മുഖ്യമന്ത്രിക്ക് ഒരു ഉത്തരവാദിത്തവുമില്ല എന്ന കാര്യത്തില്‍ ആരും സംശയിക്കരുത്.  ശിവശങ്കറിന്റെ സസ്പെന്‍ഷനില്‍ തീരുന്ന ചോദ്യങ്ങളല്ല സര്‍ക്കാരിന് നേരെ ഉയര്‍ന്നിരിക്കുന്നത്. ഭരണസിരാകേന്ദ്രം തട്ടിപ്പുകാര്‍ നിയന്ത്രിച്ചുവെന്ന ഗുരുതരമായ സാഹചര്യത്തിന് സര്‍ക്കാര്‍ മറുപടി പറയേണ്ടതുണ്ട്. ഒരര്‍ഥത്തില്‍ കേരളം കസ്റ്റംസിനോടു കടപ്പെട്ടിരിക്കുന്നു. ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണക്കടത്ത് കസ്റ്റംസ് കണ്ടെത്തിയില്ലായിരുന്നുവെങ്കില്‍ എം.ശിവശങ്കര്‍ ഇപ്പോഴും മുഖ്യമന്ത്രിയുടെ ഓഫിസിലിരുന്ന് കേരള ഭരണം നിയന്ത്രിച്ചേനെ. സ്വപ്ന സുരേഷ് സ്പേസ് പാര്‍ക്കിന്റെ സംഘാടകയായി വിദേശരാജ്യങ്ങള്‍ക്കു മുന്നില്‍ കേരളത്തെ പ്രതിനിധീകരിച്ചേനെ. അരുണ്‍ ബാലചന്ദ്രന്‍ കേരളത്തിന്റെ ഐ.ടി.വികസനം മാര്‍ക്കറ്റ് ചെയ്തേനെ. കേരളസര്‍ക്കാരോ സര്‍ക്കാര്‍ ഏജന്‍സികളോ ഇതൊന്നും സംശയിച്ചിട്ടു പോലുമില്ലെന്ന് മുഖ്യമന്ത്രി തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് തല്‍ക്കാലം കസ്റ്റംസിനു സ്തുതി . 

ശിവശങ്കറിന്റെ വിശ്വാസവഞ്ചന തിരിച്ചറിയാന്‍ വൈകിയെന്നാണ് ഇപ്പോള്‍ മുഖ്യമന്ത്രിയും സി.പി.എമ്മും പരിതപിക്കുന്നത്. ഇത്ര കുത്തഴിഞ്ഞ ഭരണസംവിധാനം ഒരു വകുപ്പിലുണ്ടായതെങ്ങനെ എന്ന ചോദ്യത്തിനു മറുപടിയില്ല. ശിവശങ്കറിനെതിരെ സ്വീകരിച്ച നടപടിയില്‍ പോലും  അന്തിമമായി രക്ഷപ്പെടാന്‍ പഴുതുകളുണ്ട്. മാത്രമല്ല അദ്ദേഹം ഇടപെട്ടു കൊണ്ടുവന്ന കണ്‍സള്‍ട്ടന്‍സികളുടെ നിയമനവും താല്‍പര്യവും സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്. സര്‍ക്കാരിന്റെ പല പദ്ധതികളിലും പങ്കാളികളായ PWC നിയമനത്തട്ടിപ്പിനു കൂട്ടുനിന്നുവെന്ന് ഒറ്റനോട്ടത്തിലേ തെളിഞ്ഞു കഴിഞ്ഞു. PWC യ്ക്ക് പങ്കാളിത്തമുള്ള എല്ലാ സര്‍ക്കാര്‍ കരാറുകളും സംശയത്തിന്റെ നിഴലിലാകുന്നു. സുശക്തനായ ഭരണാധികാരിക്കു കീഴില്‍ ഉദ്യോഗസ്ഥവാഴ്ചയാണ് നടന്നതെന്ന് വ്യക്തമാകുന്നു. 

ഈ പാഠം ഉള്‍ക്കൊള്ളാന്‍ ഇത്ര വലിയ  വീഴ്ച വന്നുവെന്നത് എന്നേക്കുമുള്ള പാഠമായി സി.പി.എംതിരിച്ചറിഞ്ഞേ പറ്റൂ. തിരുവായ്ക്കെതിര്‍വായില്ലാത്ത മേധാവിത്തം ഒരു രാഷ്ട്രീയപാര്‍ട്ടിയിലും ഗുണകരമല്ലെന്നും തിരിച്ചറിയാന്‍ ഈ അവസരം ഉപകരിക്കട്ടെ. പ്രതിപക്ഷസമരത്തിന് കോടതി താഴിട്ടതു കൊണ്ട് ഈ മാസം പ്രശ്നമില്ല. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നത് കള്ളക്കടത്തുകേസിലെ തീവ്രവാദബന്ധമടക്കമുള്ള കാര്യങ്ങളാണ്. യു.എ.ഇ. അറ്റാഷെ രാജ്യം വിട്ടത് ഗുരുതരവീഴ്ചയാണെന്ന് സി.പി.എം  ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും അത്  മുഖ്യമന്ത്രി തന്നെ നിരാകരിച്ചു. 

പക്ഷേ കോണ്‍സുലേറ്റിന്റെയും നയതന്ത്ര ഉദ്യോഗസ്ഥരുടെയും ഇക്കാര്യത്തിലുള്ള പങ്കാളിത്തം ഏറ്റവും പ്രധാനവും അതേസമയം 

 ദുരൂഹവുമാണ്. അന്വേഷണത്തില്‍ യു.എ.ഇ. പൂര്‍ണ സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്. എങ്കിലും അന്വേഷണം പൂര്‍ണതയിലെത്തുന്നുവെന്ന് ഉറപ്പു വരുത്താന്‍ സമഗ്രമായ ജാഗ്രത ആവശ്യമാണ്. അറസ്റ്റിലായ പ്രതികളില്‍ സന്ദീപ് നായര്‍ ബി.ജെ.പി പ്രവര്‍ത്തകനാണ്. കെ.ടി.റമീസിന് മുസ്‍ലിംലീഗ് ബന്ധവും പ്രധാന നേതാവുമായി  കുടുംബബന്ധവും ആരോപിക്കപ്പെട്ടിട്ടുണ്ട്. ഈ രാഷ്ട്രീയബന്ധങ്ങള്‍ പ്രതികള്‍ ഏതെങ്കിലും രീതിയില്‍ ഉപയോഗപ്പെടുത്തിയോ എന്ന് ബി.ജെ.പി. നേതൃത്വവും മുസ്‍ലിംലീഗ് നേതൃത്വവും അന്വേഷിക്കണം. രാഷ്ട്രീയധാര്‍മികത എല്ലാവര്‍ക്കും ഒരുപോലെ ബാധകമാകണം. എന്നാല്‍ സംസ്ഥാനസര്‍ക്കാരിന് ഇക്കാര്യത്തില്‍ കൂടുതല്‍ ബാധ്യതയുണ്ട്. കേരളം സ്വന്തം നിലയില്‍ അന്വേഷിക്കേണ്ടതെല്ലാം അന്വേഷിക്കണം. തീവ്രവാദബന്ധം പോലുമുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി വിലയിരുത്തുന്ന പ്രതികള്‍ക്ക് സംസ്ഥാനഭരണത്തിലുണ്ടായിരുന്ന താല്‍പര്യങ്ങള്‍ എന്താണെന്നു കണ്ടെത്തണം. അതിനുള്ള പഴുതുകള്‍ എവിടെയെല്ലാം ഉണ്ടായി എന്നും അന്വേഷിക്കണം. 

മാധ്യമങ്ങളെ ആക്രമിച്ചും രാഷ്ട്രീയപ്രതിരോധം തീര്‍ത്തും ഇപ്പോഴുണ്ടായ കളങ്കം മായ്ച്ചു കളയാന്‍ ശ്രമിക്കുന്നതില്‍ തെറ്റൊന്നുമില്ല. പക്ഷേ കാര്യങ്ങള്‍ തിരിച്ചറിയുന്ന മനുഷ്യരാണ് കേരളത്തിലുള്ളതെന്ന അടിസ്ഥാനബോധം കൂടി പരിഗണിക്കണം. പ്രതിപക്ഷത്തിന്റെ അവിശ്വാസം വിജയിക്കില്ലായിരിക്കാം. പക്ഷേ ജനങ്ങളുടെ  വിശ്വാസം തിരികെപ്പിടിക്കേണ്ടതെങ്ങനെയെന്ന് ഇടതുമുന്നണിയും സര്‍ക്കാരും തന്നെ ആലോചിച്ചു തീരുമാനിക്കണം. സ്വതന്ത്രമായ, സമഗ്രമായ അന്വേഷണം നടക്കണം. 

 സംശുദ്ധമായ, അവതാരങ്ങളില്ലാത്ത ഭരണം കേരളം അര്‍ഹിക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ അങ്ങനെയൊരു വാക്ക് കേരളത്തിനു നല്‍കിയിരുന്നു എന്നു മാത്രം ഓര്‍മിപ്പിക്കുന്നു.