രോഗവ്യാപനം പിടിവിടുന്നു; നമ്മെ രക്ഷിക്കാന്‍ നാം തന്നെ; കണ്ണു തുറക്കൂ ദയവായി

നമ്മളെ കോവിഡില്‍ നിന്നു രക്ഷിക്കേണ്ടതാരാണ്? നമ്മള്‍ തന്നെയാണത്. നമുക്കു മാത്രമേ മാത്രമേ നമ്മളെ  കോവിഡില്‍ നിന്നു രക്ഷിക്കാനാകൂ. സര്‍ക്കാരും പൊലീസും ആരോഗ്യപ്രവര്‍ത്തകരും  ജനപ്രതിനിധികളുമെല്ലാം സഹായിക്കും. പക്ഷേ കോവിഡ് നമ്മളെ തൊടുന്നില്ലെന്നുറപ്പാക്കാന്‍ നമുക്കു  മാത്രമേ കഴിയൂ. അത് നമ്മുടെ മാത്രം  ഉത്തരവാദിത്തവുമാണ്. കോവിഡില്‍ നിന്ന് സുരക്ഷ നേടേണ്ടതെങ്ങനെയെന്നാണ് ഈ നാലു മാസം മുഴുവന്‍ നമ്മള്‍ പഠിച്ചുകൊണ്ടിരുന്നത്. ഇനി ഈ നിര്‍ണായകഘട്ടത്തില്‍ ആ പാഠങ്ങള്‍ നമ്മള്‍ മറക്കുകയാണെങ്കില്‍ നമ്മളെ ആര്‍ക്കു രക്ഷിക്കാനാകും? ദയവു ചെയ്ത് കണ്ണുതുറന്നു നോക്കൂ, അകലം പാലിച്ചില്ലെങ്കില്‍ നമ്മള്‍ എങ്ങനെ അതിജീവിക്കും? 

കൊച്ചിയിലെ ഏറ്റവും തിരക്കേറിയ മല്‍സ്യമാര്‍ക്കറ്റുകളിലൊന്നാണിത്. ചമ്പക്കര മൊത്തമാര്‍ക്കറ്റ്. നൂറ്റാണ്ടിലേറെ പഴക്കമുള്ള മാര്‍ക്കറ്റെന്ന് തദ്ദേശവാസികള്‍ പറയുന്നു. ആയിരങ്ങള്‍ മാര്‍ക്കറ്റിനെ ആശ്രയിച്ച് ജീവിക്കുന്നു. അതിലേറെ പേര്‍ ദൈനം ദിനം മാര്‍ക്കറ്റില്‍ വന്നു പോകുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരും ഇതര സംസ്ഥാനങ്ങളില്‍ നിന്നുുള്ളവരും ദിനേന മാര്‍ക്കറ്റിലെത്തുന്നു.   കോവിഡ് ലോക്ക്ഡൗണ്‍ ആദ്യഘട്ടങ്ങളില്‍ ചമ്പക്കര മാര്‍ക്കറ്റിനൊപ്പം അത്രയും പേരുടെ ജീവിതവും നിശ്ചലമായിരുന്നു. ലോക്ഡൗണ്‍ ഇളവുകള്‍ വന്നതോടെ മാര്‍ക്കറ്റും ജനജീവിതവും സജീവമായി. പക്ഷേ ജീവിതപ്രാരാബ്ധങ്ങള്‍ക്കിടയില്‍ കോവിഡിനെ മറന്നു പോയിരിക്കുന്നു മനുഷ്യര്‍. ശാരീരികഅകലം പാലിക്കാതെ, മാസ്കു പോലുമില്ലാതെ ആയിരക്കണക്കിനു പേര്‍ അടുത്തിടപഴകുന്ന സാഹചര്യത്തില്‍ പൊലീസിന് ഇടപെട്ട് കര്‍ശന നിലപാടെടുക്കേണ്ടി വന്നു.  

എന്തുകൊണ്ടാണിത് വേണ്ടി വന്നത്? എറണാകുളത്തു മാത്രം കഴിഞ്ഞ ദിവസങ്ങളില്‍ 16 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

തിരുവനന്തപുരം നഗരത്തിലും പൊന്നാനിയിലും കായംകുളത്തും മലപ്പുറത്തും സമ്പര്‍ക്കത്തിലൂടെ  രോഗബാധ. ഇതൊക്കെ കൃത്യമായി സര്‍ക്കാര്‍ ജനങ്ങളെ അറിയിക്കുന്നുണ്ട്. മുന്നറിയിപ്പുകള്‍ ആവര്‍ത്തിക്കുന്നുണ്ട്. ബ്രേക്ക് ദ് ചെയ്ന്‍ പാലിക്കണമെന്ന് വീണ്ടും വീണ്ടും അഭ്യര്‍ഥിക്കുന്നുണ്ട്.  

പക്ഷേ  ജനങ്ങള്‍ മുന്നറിയിപ്പുകള്‍ മറന്നുതുടങ്ങിയിരിക്കുന്നു.  ശാരീരിക അകലം പഴങ്കഥയായിരിക്കുന്നു. മാസ്ക് ഒന്നുകില്‍ അലങ്കാരം, അല്ലെങ്കില്‍ ഇല്ലേയില്ല. പാലിക്കുന്ന നിബന്ധനകള്‍ തന്നെ സര്‍ക്കാരിനു വേണ്ടിയെന്ന മട്ടിലാണ് പൊതു ഇടങ്ങളില്‍ കാണുന്നത്.  

എന്താണ് കേരളത്തിന്റെ അവസ്ഥ? ഈ അനാസ്ഥ പുലര്‍ത്താവുന്ന സാഹചര്യമാണോ? കോവിഡ് വ്യാപനം കൂടുകയാണ്. കേരളത്തിനു പുറത്തു നിന്നു വന്നവര്‍ക്കു മാത്രമല്ല.  ഉറവിടമറിയാത്ത രോഗികളുടെ എണ്ണം കൂടുതലാണ്. സമ്പര്‍ക്കത്തിലൂടെ രോഗം വ്യാപിക്കുന്നവരുടെ എണ്ണവും വര്‍ധിക്കുന്നു. ഉറവിടമറിയാത്ത കേസുകളുടെ കാര്യം സര്‍ക്കാരാണ് പറയേണ്ടത്. പക്ഷേ സമ്പര്‍ക്കവ്യാപനത്തിലോ? സമ്പര്‍ക്കത്തിലൂടെ രോഗബാധിതരാകില്ലെന്നുറപ്പിച്ചാണോ നമ്മള്‍ സമൂഹത്തില്‍ ഇടപെടുന്നത്? അതു നമ്മുടെ ബാധ്യതയല്ലേ? 

കേരളത്തില്‍ രണ്ടു മാസത്തിനിടെ 413 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി. കഴിഞ്ഞ 16 ദിവസത്തിനിടെ മാത്രം 181 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായി. സംസ്ഥാനത്ത് ഇതുവരെ ആകെ 585 പേരാണ് സമ്പര്‍ക്കരോഗബാധിതര്‍. എറണാകുളത്തും മലപ്പുറത്തും രണ്ടാഴ്ചയ്ക്കിടെ 27 പേര്‍ വീതം സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിതരായി. കണ്ണൂരും ആലപ്പുഴയും തിരുവനന്തപുരവും തൊട്ടുപിന്നിലുണ്ട്. തലസ്ഥാനത്തു മാത്രം ഉറവിടമറിയാത്ത കേസുകള്‍ 20 ആണ്.  

ഇത് എങ്ങനെയാണ് സംഭവിക്കുന്നത്. ഉറവിടമറിയാത്ത, അല്ലെങ്കില്‍ രോഗബാധ പ്രതീക്ഷിക്കാത്തവരില്‍ നിന്നാണ് സമ്പര്‍ക്കവ്യാപനം തുടങ്ങിയതെന്നു പറയാം. പക്ഷേ രോഗമുള്ളവരെന്ന് നേരിട്ടറിയാമെങ്കില്‍ പോലും രോഗം പകരാതിരിക്കാനുള്ള മുന്‍കരുതല്‍ ഈ കാലം കൊണ്ട് നമ്മള്‍ പഠിച്ചു കഴിഞ്ഞതാണ്. എന്നിട്ടും എങ്ങനെയാണക്കാര്യത്തില്‍ വീഴ്ച വരുന്നത്? ക്വാറന്റീനില്‍ കഴിയുന്നവരില്‍ നിന്നു കുടുംബാംഗങ്ങള്‍ രോഗബാധിതരാകുന്നു. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്‍ രോഗബാധിതനാകുന്നു.  

സമ്പര്‍ക്കരോഗവ്യാപനമുണ്ടാകാതിരിക്കാന്‍ നമ്മളോരോരുത്തരും കരുതല്‍ കര്‍ക്കശമാക്കിയേ പറ്റൂ. ശരിയായി മാസ്കും സാനിറ്റൈസറും ഉപയോഗിച്ച് ശാരീരിക അകലം പാലിച്ചാല്‍ പൊതു ഇടങ്ങളില്‍ നിന്ന് രോഗബാധ പകരുന്നത് തടയാനാകും. ആരും ഇതൊന്നും ചെയ്യുന്നില്ല, പിന്നെ ഞാന്‍ മാത്രമെന്തിന് എന്നു ചിന്തിച്ചു മാറിനില്‍ക്കരുത്. സ്വയം കരുതല്‍ ശക്തമാക്കണം, മറ്റുള്ളവരെ അതിനു പ്രേരിപ്പിക്കുകയും വേണം. ഈയൊരു ഘട്ടം ശരിയായി കടന്നു കയറാതെ നമുക്ക് കോവിഡ് പ്രതിരോധത്തില്‍ മുന്നോട്ടു പോകാനാകില്ല.  

കോവിഡ് പ്രതിരോധത്തില്‍ കേരളത്തിനു മുന്നില്‍ മൂന്ന് പ്രധാന പ്രശ്നങ്ങള്‍ നില്‍ക്കുന്നു. 1. സംസ്ഥാനത്തെ സമ്പര്‍ക്കവ്യാപനം

2. ഉറവിടമറിയാത്ത രോഗബാധിതര്‍ 3. മറ്റു സംസ്ഥാനങ്ങളിലേക്കു പോയ മലയാളികളില്‍ രോഗബാധ റിപ്പോര്‍ട്ടു ചെയ്യുന്ന വെല്ലുവിളി. 

സമ്പര്‍ക്കവ്യാപനത്തില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ഇടപെടലിനേക്കാള്‍ ജനങ്ങളുടെ ജാഗ്രതകൊണ്ടേ ഫലമുണ്ടാകൂ.  

സന്നദ്ധപ്രവര്‍ത്തകര്‍ മാത്രമല്ല, പൊലീസും ഡോക്ടര്‍മാരും നഴ്സുമാരുമെല്ലാം വിശ്രമമില്ലാത്ത പരിശ്രമം തുടങ്ങിയിട്ട് മാസങ്ങളായി. ഇനി ജനങ്ങള്‍ തന്നെ കോവിഡ് പ്രതിരോധത്തിന്റെ ബാറ്റണ്‍ ഏറ്റെടുത്താലേ കാര്യങ്ങള്‍ മുന്നോട്ടു പോകൂ. മറ്റു സംസ്ഥാനങ്ങളിലേക്കു പോയവര്‍ക്ക് രോഗം ബാധിച്ച കേസില്‍ സംസ്ഥാനസര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ കൂടുതല്‍ വ്യക്തതയുള്ള വിവരങ്ങളുണ്ട്. ആദ്യ ഘട്ടത്തിൽ വിവരങ്ങൾ ലഭ്യമായ 110 പേരുടെ റൂട്ട് പരിശോധിച്ചു. ബന്ധുക്കളേയും അടുത്തിടപഴകിയവരേയും പരിശോധിച്ചെങ്കിലും അപായകരമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്നാണ്

റിപ്പോർട്ട്. ഇവർക്ക് യാത്രയിലോ ഇതര സംസ്ഥാനങ്ങളിൽ എത്തിയ ശേഷമോ രോഗം ബാധിച്ചിരിക്കാമെന്നാണ് നിഗമനം. ഉറവിടമറിയാത്ത രോഗബാധയുടെ കാര്യത്തിലും സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍  വ്യക്തമായ സൂചനകളുണ്ട്. പ്രതിദിനം ഉറവിടമറിയാത്ത രോഗബാധ കൂടുമ്പോഴാണ് ഭൂരിഭാഗം രോഗബാധിതരുടെ കാര്യത്തിലും  പകർന്ന വിധം വ്യക്തമായതായുള്ള പഠന റിപ്പോർട്ട്. 124 പേരുടെ അന്വേഷണ റിപ്പോർട്ടാണ് ലഭിച്ചത്. ഇതിൽ 106 പേരുടെ സ്രോതസ് സംബന്ധിച്ച് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.  

മന്ത്രി പറയുന്നതു പോലെ സമരക്കാരിലേക്കല്ല ആരോഗ്യവകുപ്പിന്റെ സാധ്യതകള്‍ എത്തുന്നത്. കോവിഡ് പോസിറ്റീവായ പൊലീസുകാരനൊപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകന്‍ ഇതിനോടകം തന്നെ  ആന്റിബോഡി ടെസ്റ്റില്‍ പോസിറ്റീവാണ്. ഇദ്ദേഹം വിമാനത്താവളത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നയാളാണ്. പക്ഷേ സമരക്കാര്‍ക്കും അതിശക്തമായ ഒരു  മുന്നറിയിപ്പ് ആവശ്യമാണ്. സത്യത്തില്‍ മുന്നറിയിപ്പല്ല, താക്കീതും നടപടിയും പോലും വേണ്ടി വരും. കേരളത്തില്‍ സമ്പര്‍ക്കവ്യാപനം ശക്തമാകുമ്പോഴും രാഷ്ട്രീയപാര്‍ട്ടികള്‍ ഒരു മുന്നറിയിപ്പും വകവയ്ക്കാതെയാണ് സമരവും മറ്റു പരിപാടികളും നടത്തുന്നത്.  

മുന്‍കരുതലെല്ലാം മറന്ന് പുറത്തിറങ്ങി നടക്കുന്നവരില്‍ ചിലര്‍ തന്നെയാണ് കേരളത്തിനു പുറത്തുനിന്നെത്തുന്നവരോട് അയിത്തവും അകല്‍ച്ചയും പ്രകടിപ്പിച്ച് മനുഷ്യത്വവിരുദ്ധരുമാകുന്നത് എന്നതാണ് വൈരുധ്യം.  

കേരളത്തിനു പുറത്തു നിന്നെത്തുന്നവരില്‍ മാത്രമല്ല, സംസ്ഥാനത്തിനകത്തു പോലും യാത്രാപശ്ചാത്തലമില്ലാത്ത പലര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട് എന്നറിയുക. അതുകൊണ്ട് പുറത്തു നിന്നു വന്നവരോട് മനുഷ്യത്വവിരുദ്ധരായതുകൊണ്ടോ ആട്ടിയോടിച്ചതുകൊണ്ടോ കോവിഡ് എവിടെയും പോകുന്നില്ല. ശരിയായ അകലം പാലിച്ച്, മാസ്കും ശുചിത്വവും ഉറപ്പാക്കിയാല്‍ ആരെയും ആട്ടിയോടിക്കണ്ട. അങ്ങനെ ചെയ്യാന്‍ ഒരു മലയാളിക്കും അവകാശവുമില്ല. ജന്‍മനാട്ടില്‍ സ്വന്തം വീട്ടില്‍ താമസിക്കാന്‍ ഏതു മലയാളിക്കും അവകാശമുണ്ട്, അവര്‍ ജീവിച്ചത് എവിടെയായിരുന്നാലും.  കാര്യങ്ങള്‍  ശാസ്ത്രീയബോധ്യത്തോടെ കൈകാര്യം ചെയ്തേ മതിയാകൂ.  

അതായത് രോഗബാധ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്കു പകരുന്നതിലാണ് ഇപ്പോള്‍ നമുക്ക് കാര്യമായ ആശങ്ക വേണ്ടത്. മറ്റെല്ലാ സാഹചര്യങ്ങളുടെയും ചുമതല സര്‍ക്കാരിനെ ഏല്‍പിക്കാം. പക്ഷേ അവനവന്റെ സുരക്ഷ വേറാര്‍ക്കും ഏറ്റെടുക്കാനാകില്ലെന്നോര്‍ക്കുക. നമ്മള്‍ വിചാരിച്ചാല്‍ സമ്പര്‍ക്കവ്യാപനം പിടിച്ചു കെട്ടാം. നമ്മള്‍ വിചാരിച്ചില്ലെങ്കില്‍ രോഗവ്യാപനം പിടിവിട്ടു പടരുകയും ചെയ്യും. ഏതു വേണമെന്ന് നമ്മളാണു തിരഞ്ഞെടുക്കേണ്ടത്.