കോണ്‍ഗ്രസ് രക്ഷപ്പെടണമെന്ന് കോണ്‍ഗ്രസുകാരെങ്കിലും ആഗ്രഹിക്കുന്നുണ്ടോ?

Patna: Congress leader Rahul Gandhi speaks to media after appearing in civil court in connection with a defamation case filed against him by senior state BJP leader and Deputy Chief Minister Sushil Kumar Modi, in Patna, Saturday, July 6, 2019. (PTI Photo) (PTI7_6_2019_000056B)

കരുത്തുറ്റ ജനാധിപത്യം വേരോടിയ ഒരു രാജ്യത്ത് തല്‍ക്കാല തിരഞ്ഞെടുപ്പ്  തിരിച്ചടികള്‍ ചരിത്രത്തിന്റെ അന്ത്യമാകുന്നില്ല.   ഇന്ത്യക്കാര്‍ തന്നെ ഇന്ത്യയെ കൂടുതല്‍ നന്നായി മനസിലാക്കാനുള്ള രാഷ്ട്രീയപക്വത പ്രകടിപ്പിക്കേണ്ട നേരമാണിത്. ഏകാധിപത്യസ്വഭാവമുള്ള, വര്‍ഗീയ ധ്രുവീകരണശൈലിയുള്ള ഒരു സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറുന്നതും ജനാധിപത്യവിശ്വാസികളെ 

വല്ലാതെ ഭയപ്പെടുത്തേണ്ടതില്ല. കാരണം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അതിജീവനശേഷി ചരിത്രത്തില്‍ വ്യക്തമാണ്.  പക്ഷേ രാജ്യത്ത് പ്രതിപക്ഷമില്ലാതാകുന്നത് അങ്ങേയറ്റം ആശങ്കയുണര്‍ത്തേണ്ടതു തന്നെയാണ്.  കോണ്‍ഗ്രസിനെന്തു സംഭവിക്കുന്നു എന്ന ചോദ്യത്തിനു മറുപടി പറയാന്‍ പോലും ബാധ്യതപ്പെട്ടവരെ കാണാനില്ല എന്നത് ഭയപ്പെടുത്തേണ്ടതുമാണ്. 

കര്‍ണാടകയിലും ഗോവയിലും ഇനിയൊരു പക്ഷേ മധ്യപ്രദേശിലും അരങ്ങേറിയേക്കാവുന്ന രാഷ്ട്രീയഅട്ടിമറികള്‍ ഹീനമാണ്, അധാര്‍മികമാണ്, ജനാധിപത്യവിരുദ്ധമാണ്. പണക്കൊഴുപ്പിന്റെയും അധികാരത്തിന്റെയും നിര്‍ലജ്ജമായ വിലപേശലാണ് ജനങ്ങള്‍ക്കു മുന്നില്‍ നടക്കുന്നത്. പക്ഷേ രാഷ്ട്രീയത്തില്‍ നിയമങ്ങളില്ല. നിയതമായ ചട്ടങ്ങളില്ല. ഈ കാണുന്നതൊന്നും ഇതിനുമുന‍്പ് ഇന്ത്യ കാണാത്തതുമല്ല. .മുന്‍പും  അധികാരത്തിലെ കുതിരക്കച്ചവടങ്ങള്‍ക്ക് രാജ്യം സാക്ഷ്യം വഹിച്ചിട്ടുണ്ട്. വിശ്വാസവോട്ടുകള്‍ക്ക് കോടികള്‍ കിലുങ്ങുന്നത് ബി.ജെ.പി. സര്‍ക്കാരിനു മുന്‍പും ഇന്ത്യ കണ്ടിട്ടുണ്ട്. പക്ഷേ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് മാറി ബി.ജെ.പിയാകുമ്പോള്‍ തന്ത്രങ്ങളിലും അതേ നിലവാരമാറ്റം ഉണ്ടെന്നു മാത്രം. മറകളില്ലാതെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വിലപേശല്‍ നടക്കുന്നു. ഓരോ എം.എല്‍.എയുടെ തലയ്ക്കും ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടി വിലയിടുന്നു. കര്‍ണാടകയില്‍ ഡി.കെ.ശിവകുമാര്‍ അതേ അരാഷ്ട്രീയവുമായി ചെറുക്കാന്‍ ശ്രമിക്കുമ്പോഴേക്കും ഗോവയില്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ചോര്‍ന്നു പോയി. ഗോവയെക്കുറിച്ചു ചിന്തിക്കാനാകും മുന്നേ മധ്യപ്രദേശില്‍ ചാഞ്ചാട്ടം കണ്ടു തുടങ്ങുന്നു. 

പക്ഷേ ലേലത്തുക കണ്ടു മാത്രമാണ് കോണ്‍ഗ്രസില്‍ നിന്ന് നേതാക്കള്‍ ഒഴുകുന്നതെന്നു പറയാനാകുമോ? 45 ദിവസത്തിലേറെയായി അധ്യക്ഷനില്ലാത്ത ഒരു പാര്‍ട്ടിയില്‍ നിന്ന്, നേതാവില്ലാത്ത ഒരു പ്രസ്ഥാനത്തില്‍ നിന്ന് സ്വന്തം ഭാവി സുരക്ഷിതമാക്കാനിറങ്ങുന്നവരെ രാഹുല്‍ഗാന്ധിക്കു പോലും കുറ്റപ്പെടുത്താനാകുമോ? കോണ്‍ഗ്രസ് സ്വന്തം ചരിത്രമെഴുതിക്കൊണ്ടിരിക്കുകയാണ്.  മുന്നോട്ടാണെങ്കിലും പിന്നോട്ടാണെങ്കിലും ആ ചരിത്രത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം കോണ്‍ഗ്രസിനു മാത്രമാണ്. കോണ്‍ഗ്രസ് രക്ഷപ്പെടണമെന്ന് കോണ്‍ഗ്രസുകാര്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിനാണ് ആ പാര്‍ട്ടി ഉത്തരം കണ്ടെത്താനാകാതെ കുഴങ്ങുന്നത്

പരാജയത്തില്‍ മനം നൊന്ത് പിന്‍മാറിയതല്ല രാഹുല്‍ ഗാന്ധിയെന്ന് അറിയാതെയല്ല ഈ പരിഹാസം. പക്ഷേ പരിഹാസം ഏതളവിലാണെങ്കിലും രാഹുല്‍ഗാന്ധി മാത്രമല്ല ഓരോ കോണ്‍ഗ്രസ് നേതാവും അര്‍ഹിക്കുന്നതു തന്നെയാണ്. ഒന്നരമാസത്തിലേറെയായി കോണ്‍ഗ്രസ് എന്ന ദേശീയ പാര്‍ട്ടിക്ക് അധ്യക്ഷനില്ല. ഞാനില്ലെന്ന് ഒരൊറ്റപ്പോക്കു പോകാന്‍ രാഹുല്‍ഗാന്ധിക്ക് പ്രിവിലേജുണ്ട്. ആ പ്രിവിലേജ് മാത്രമാണ് അദ്ദേഹത്തെ കോണ്‍ഗ്രസ് അധ്യക്ഷനാക്കിയതെന്നറിയാവുന്നവര്‍ക്ക് മറുചോദ്യങ്ങള്‍ക്കു ശബ്ദമുയരുകയുമില്ല. പക്ഷേ രാഹുലിനു ശേഷവും കോണ്‍ഗ്രസ് എന്നൊന്നു ബാക്കിയുണ്ടെങ്കില്‍ ഇതൊരു സുവര്‍ണാവസരമായിരുന്നു. നെഹ്റു കുടുംബാംഗമെന്നതുകൊണ്ടു മാത്രം അംഗീകരിക്കേണ്ടി വന്ന നേതൃത്വത്തിനു പകരമായി കാര്യശേഷിയുള്ള നേതാക്കള്‍ക്കായി വഴി തുറക്കേണ്ട സുപ്രധാന അവസരം. പക്ഷേ കോണ്‍ഗ്രസില്‍ ഗാന്ധി എന്ന സര്‍നേമില്ലാത്ത ഒരൊറ്റ പേര് ആരു പറയും? ആര് അംഗീകരിക്കും? രാഹുല്‍ഗാന്ധി ഇറങ്ങിപ്പോയത് സ്വന്തം പാര്‍ട്ടി നേതാക്കളോടു പരിഭവിച്ചാണ്. 

ഈ ഘട്ടത്തില്‍ പാര്‍ട്ടിയെ അനാഥമാക്കി ഇറങ്ങിപ്പോയത് മാപ്പര്‍ഹിക്കുന്ന നടപടിയല്ല. പക്ഷേ കോണ്‍ഗ്രസിന്റെ പ്രശ്നമെന്താണെന്നു രാഹുല്‍ഗാന്ധി തിരിച്ചറിഞ്ഞുവെന്ന് രാജിക്കത്തില്‍ വ്യക്തമാണ്. കോണ്‍ഗ്രസിനെ ഒരു രാഷ്ട്രീയപ്രസ്ഥാനമാക്കാനുള്ള അവസാനശ്രമമാണ് രാഹുല്‍ഗാന്ധിയുടെ കത്തില്‍ തെളിയുന്നത്. കുടുംബവാഴ്ചയെ മറയാക്കി, കോണ്‍ഗ്രസിനെ വ്യക്തിതാല്‍പര്യങ്ങള്‍ നടത്തിയെടുക്കാനുള്ള ഒരു ആള്‍ക്കൂട്ടമായി കൊണ്ടുനടക്കുന്ന നേതാക്കള്‍ക്കുള്ള ശക്തമായ ചൂണ്ടുവിരല്‍ കൂടി രാഹുല്‍ഗാന്ധി ആ  കത്തില്‍ വരച്ചുവച്ചിട്ടുണ്ട്. 

അതായത് ചുരുക്കത്തില്‍, തീരുമാനമെടുക്കേണ്ടത് ആരെന്നുപോലുമറിയാത്ത കോണ്‍ഗ്രസില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്ന കര്‍ണാടക എം.എല്‍.എമാരാണ് ആദരമര്‍ഹിക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടി സ്വയം വീണ്ടെടുത്തേ പറ്റൂ. മറ്റൊരു ബദല്‍ രൂപപ്പെടുന്നതുവരെ കോണ്‍ഗ്രസാണ് രാജ്യത്തെ ദേശീയ പ്രതിപക്ഷപാര്‍ട്ടി. കുടുംബവാഴ്ചയില്‍ നിന്നു മുക്തമായി കോണ്‍ഗ്രസിനു സ്വയം വീണ്ടെടുക്കാനാകുമെങ്കില്‍ അത് ഇന്ത്യയില്‍ പുതിയൊരു രാഷ്ട്രീയചരിത്രം കുറിക്കും. അതിനുള്ള ശേഷി ഉണ്ടോയെന്നു കോണ്‍ഗ്രസ് തന്നെയാണ് തെളിയിക്കേണ്ടത്

കോണ്‍ഗ്രസ് എന്ന പ്രസ്ഥാനം അടിമുടി മാറേണ്ടതുണ്ട്. പ്രവര്‍ത്തനശൈലിയിലും നേതാക്കളെ തിരഞ്ഞെടുക്കുന്നതിലുമെല്ലാം ജനാധിപത്യപ്രസ്ഥാനമായി വളരണം കോണ്‍ഗ്രസ്. മികവും നേതൃശേഷിയും  ഉത്തരവാദിത്തബോധവുമാകണം നേതൃത്വത്തിന്റെ മുഖമുദ്ര. വിധേയത്വമാകരുത്. അണികളെയും സംഘടനയെയും രാഷ്ട്രീയമായി പുനരുദ്ധരിക്കാന്‍ പാര്‍ട്ടിക്കു കഴിയണം. ഇപ്പോള്‍ അതിജീവിച്ചില്ലെങ്കില്‍ ഇനിയൊരിക്കലുമൊരു തിരിച്ചുവരവില്ലെന്ന് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ബോധമുണ്ടാകണം. ഊര്‍ജസ്വലമായി, ചടുലമായി ഇടപെടാന്‍ കഴിയുന്ന യുവനേതൃത്വം പാര്‍ട്ടിയെ എത്രമാത്രം ചലനാത്മകമാക്കുമെന്നതിന് കേരളത്തിലുണ്ട് സാക്ഷ്യചിത്രം. ആ മാറ്റം കൊണ്ടുവന്നത് രാഹുല്‍ഗാന്ധി തന്നെയാണ്.  പക്ഷേ അവിടെയും ഗ്രൂപ്പ് നേതാക്കളോടുള്ള വിധേയത്വമില്ലാതെ പ്രവര്‍ത്തിക്കാവുന്ന സാഹചര്യമില്ല. കേരളത്തിലെ ഇത്തവണത്തെ വിജയം സംഘടനയുടെ മികവുകൊണ്ടല്ല, തീര്‍ത്തും രാഷ്ട്രീയകാരണങ്ങളാലാണെന്ന യാഥാര്‍ഥ്യബോധവുമുണ്ടാകണം.  കേരളത്തിലെ യുവനേതൃത്വം ഗ്രൂപ്പുവാഴ്ചയുടെ അനന്തരാവകാശികളാണ് എന്നൊരു കുറവുണ്ട്. പക്ഷേ കുടുംബവാഴ്ചയേക്കാള്‍ ഭേദമാണെന്ന് അവകാശപ്പെടാം. ദേശീയതലത്തില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ പുതിയൊരു യുവനേതാവിനെക്കുറിച്ചു ചിന്തിച്ചാല്‍ വീണ്ടും കുടുംബമഹിമയുടെ പട്ടികയിലാണ് നേതാക്കള്‍ നിരന്നു നില്‍ക്കുന്നത്. ജ്യോതിരാദിത്യ സിന്ധ്യയായാലും സച്ചിന്‍ പൈലറ്റായാലും കുടുംബപ്പേരാണ് ആദ്യയോഗ്യത.  പക്ഷേ അതു മാത്രമല്ല യോഗ്യതയെന്നു ഈ നേതാക്കള്‍ കഠിനാധ്വാനത്തിലൂടെ തെളിയിക്കുന്നുണ്ട്. കുറഞ്ഞ പക്ഷം ഗ്രൂപ്പുകള്‍ക്കതീതമായി പാര്‍ട്ടി എന്നൊരു ലക്ഷ്യം അവര്‍ പറഞ്ഞു കേള്‍ക്കുന്നെങ്കിലുമുണ്ട്.  പക്ഷേ മുതിര്‍ന്ന നേതാക്കളുടെ കാര്യത്തില്‍ സാഹചര്യം വ്യത്യസ്തമാണ്. സ്വന്തം താല്‍പര്യങ്ങള്‍ നടത്തിയെടുക്കാനുള്ള ഒരിടം മാത്രമായി കോണ്‍ഗ്രസ് പാര്‍ട്ടിയെ കാണുന്നവര്‍ കൂടിയാണ് ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തോല്‍പിച്ചത്. അവിടെ മാറ്റമുണ്ടായേ പറ്റൂ. 

നേതാവ് മാത്രമല്ല രാഷ്ട്രീയസമീപനവും മാറണം. ബി.ജെ.പിയുടെ ഹിന്ദുത്വദേശീയതയെ പ്രതിരോധിക്കാന്‍ മൃദുഹിന്ദുത്വ വേഷപ്പകര്‍ച്ചകള്‍ കോണ്‍ഗ്രസിനു ചേരില്ലെന്ന് പ്രവര്‍ത്തകര്‍ നേതൃത്വത്തെ ഓര്‍മിപ്പിക്കണം. ഇന്ത്യ ഇന്ന് എവിടെ നില്‍ക്കുന്നുവെന്ന് തിരിച്ചറിഞ്ഞുള്ള രാഷ്ട്രീയപ്രവര്‍ത്തനപദ്ധതി കോണ്‍ഗ്രസിനുണ്ടാകണം. സ്വതം വീണ്ടെടുക്കണം. ഇന്ത്യയുടെ സ്വത്വം എന്താകണമെന്ന് ആശയക്കുഴപ്പങ്ങളില്ലാതെ ജനതയോട് സംസാരിക്കാനാകുന്ന വിശ്വസനീയമായ, ആത്മാര്‍ഥതയുള്ള നേതൃത്വത്തിനേ കോണ്‍ഗ്രസിന് ദേശീയരാഷ്ട്രീയത്തില്‍ പ്രസക്തി വീണ്ടെടുത്തു നല്‍കാനാകൂ. 

പക്ഷേ ഇതുവരെയുള്ള സൂചനകളൊന്നും അങ്ങനെയൊരു സമഗ്രമാറ്റത്തിന്റെ പ്രതീക്ഷകള്‍ ഉള്‍ക്കൊള്ളുന്നതല്ല. രാഹുല്‍ഗാന്ധി മികച്ച നേതാവാണെന്നതിന് തെളിവുകളൊന്നും ഇതേവരെ ലഭ്യമല്ല. പക്ഷേ കോണ്‍ഗ്രസ് മാറേണ്ടതെങ്ങനെയാണെന്ന് കുടുംബവാഴ്ചയുടെ അനന്തരാവകാശി തിരിച്ചറിയുന്നുവെന്നത് നല്ല കാര്യമാണ്. ആദ്യം കോണ്‍ഗ്രസ് സ്വയം ജനാധിപത്യം കണ്ടുപിടിക്കട്ടെ, എന്നിട്ടാരംഭിക്കാം ജനാധിപത്യവിരുദ്ധതയ്ക്കെതിരായ രാഷ്ട്രീയസമരം. നിലവിലെ ഇന്ത്യന്‍ രാഷ്ട്രീയസാഹചര്യത്തില്‍ പാര്‍ട്ടി ഏറ്റെടുക്കേണ്ട രാഷ്ട്രീയഉത്തരവാദിത്തം ഏറ്റെടുക്കാന്‍ വൈകുന്ന ഓരോ നിമിഷവും കോണ്‍ഗ്രസിനും ഇന്ത്യന്‍ രാഷ്ട്രീയത്തിനും വിനാശകരമാണ്.