ഈ പട്ടിക കണ്ടാല്‍ എന്തുപറയണം? ജയിക്കാൻ എന്തുമാകാം എന്നതോ ന്യായം

ഭരണമികവ് നൂറു ശതമാനമെന്നാണ് ഇടതുമുന്നണിയുടെ അവകാശവാദം. പുരോഗമനനിലപാടുകളില്‍ സംശയമില്ല. സംഘടനാബലം ഏറ്റവും മികച്ച നിലയില്‍. എന്നിട്ടും കേരളത്തിലെ ജനങ്ങളെ ലോക്സഭാതിരഞ്ഞെടുപ്പില്‍ നേരിടാന്‍ ആറ് എം.എല്‍.എമാര്‍ തന്നെ വേണമെന്ന് ഇടതുമുന്നണി തീരുമാനിച്ചതെന്തുകൊണ്ടാകാം? കോണ്‍ഗ്രസും എം.എല്‍.എമാരെ മല്‍സരിപ്പിക്കാന്‍ അനുമതി കാത്തിരിക്കുന്ന സാഹചര്യം കേരളത്തിലെ വോട്ടര്‍മാര്‍ക്കു നല്‍കുന്ന സന്ദേശമെന്താണ്? അതിനിര്‍ണായകമായ രാഷ്ട്രീയതിരഞ്ഞെടുപ്പെന്നാണ് ന്യായമെങ്കില്‍ വോട്ട് രാഷ്ട്രീയത്തിനു കുത്തണോ, വ്യക്തിക്കു നല്‍കണോ?

പക്ഷേ കേരളത്തിന് ഇത് കണ്ണുംപൂട്ടി സമ്മതിച്ചുകൊടുക്കാവുന്ന പ്രവണതയാണോ? ജയസാധ്യത മാത്രമാണ് നോക്കിയതെന്ന് സി.പി.എം വിശദീകരിക്കുമ്പോള്‍ തിരിച്ചുചോദ്യമില്ലേ? ഈ പട്ടികയില്‍ നിങ്ങള്‍ അണിനിരത്തിയവരുടെ യോഗ്യതയാണോ രാഷ്ട്രീയപ്രവര്‍ത്തകര്‍ മാതൃകയായി സ്വീകരിക്കേണ്ടത്? ജനകീയാടിത്തറയ്ക്ക് ഇനിയുള്ള മാനദണ്ഡം പട്ടികയിലുള്ള എം.എല്‍.എമാരുടെ രാഷ്ട്രീയശൈലിയാകണോ?

വ്യക്തിപൂജ പാടില്ലെന്ന ശാസനവുമായി വി.എസ്.അച്യുതാനന്ദനെ വരെ വിലക്കിയ പാര്‍ട്ടിയാണ്, ഒരു പാര്‍ലമെന്റ് മണ്ഡലം പിടിക്കാന്‍ വ്യക്തികളെ ആശ്രയിക്കുകയേ നിവൃത്തിയുള്ളൂ എന്നു സമ്മതിക്കുന്നത്. അതിപ്രധാന തിരഞ്ഞെടുപ്പെന്ന ന്യായം കേള്‍ക്കുമ്പോള്‍ കേരളം ഓര്‍ക്കേണ്ട മറ്റൊരു വാചകം കൂടിയുണ്ട്. അതിപ്രധാന വെല്ലുവിളി, നവകേരളനിര്‍മാണം. ഓരോ രൂപ പോലും കേരളത്തിന് അതിപ്രധാനമാണ് എന്നു േകരളത്തെ വിശ്വസിപ്പിച്ച LDF സര്‍ക്കാരിനോട് ചെറുതല്ലാത്ത ഒരു ചോദ്യം. നിങ്ങള്‍ നേരിടാന്‍ തയാറെന്നു പ്രഖ്യാപിച്ച ഉപതിരഞ്ഞെടുപ്പുകള്‍ക്ക് എന്തു ചെലവു വരും, അതാരാണ് വഹിക്കുക?

നിര്‍ണായകമായ പൊതുതിരഞ്ഞെടുപ്പാണെന്നത് ശരിയാണ്. ഓരോ സീറ്റും പ്രധാനമാണ്. പക്ഷേ ജയിക്കാന്‍ എന്തുമാകാം എന്ന ന്യായം പ്രോല്‍സാഹിപ്പിക്കാവുന്നതല്ല.സ്ഥാനാര്‍ഥിപട്ടികയില്‍  രാഷ്ട്രീയധാര്‍മികത ആവശ്യപ്പെടരുത് എന്നാണ് സി.പി.എം പറയുന്നത്. ജയിക്കാന്‍  ഒരല്‍പം സാമുദായികചിന്തയാവാം. കളങ്കിതരാഷ്ട്രീയത്തിന് ഇളവു കൊടുക്കാം. കയ്യേറ്റസ്വതന്ത്രന്‍മാര്‍ക്ക് പിന്തുണയാകാം. തിരഞ്ഞെടുപ്പ് ജയിക്കുന്നതിന്, അധികാരം നേടുന്നതിന് എന്തുമാകാം എന്ന ന്യായം എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും അംഗീകരിച്ചു കൊടുക്കണോ വോട്ടര്‍മാര്‍?