സര്‍ക്കാരിനോട് ഒന്നുമാത്രം: നവോത്ഥാനം സഭയുടെ മതിലിനകത്തും എത്തണം

സഭയുടെ അനീതികള്‍ ചോദ്യം ചെയ്യുന്നത് ക്രൈസ്തവവിശ്വാസത്തില്‍ പാപമാണോ?  ചോദ്യം ക്രിസ്ത്രീയ സഭകളോടു തന്നെയാണ്.  ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നു പരാതി നല്‍കിയ കന്യാസ്ത്രീെയ പിന്തുണച്ച കന്യാസ്ത്രീകളെ വേട്ടയാടുന്നതാരാണ് എന്ന ചോദ്യത്തിന് കത്തോലിക്കാസഭ മറുപടി പറയണം. അനീതി ചൂണ്ടിക്കാണിച്ച സ്ത്രീകളെ ക്രൂശിക്കുകയും ഗുരുതരകുറ്റവാളികളായ പുരുഷന്‍മാരെ പിന്തുണയ്ക്കുകയും ചെയ്യുന്ന മതനീതികള്‍ ഒരു വിശ്വാസത്തിന്റെ പേരിലും ന്യായീകരിക്കപ്പെടരുത്.

ചരിത്രത്തില്‍ വലിയ തിരുത്തലുകള്‍ ഉറപ്പിച്ച ഒരു സമരത്തിന് പോയ വര്‍ഷം  ലോകം സാക്ഷ്യം വഹിച്ചിരുന്നു. സഭയുടെയും സര്‍ക്കാരിന്റെയും അനീതികള്‍ക്കെതിരെ ഒരു കൂട്ടം കന്യാസ്ത്രീകള്‍ ആദ്യമായി തെരുവിലിറങ്ങി സമരം ചെയ്തു. സ്വന്തം സന്യാസിനീസഭയുടെയും സഭയെ നിയന്ത്രിക്കുന്ന രൂപതയുടെയും കഠിനമായ സമ്മര്‍ദങ്ങളെ അതിജീവിച്ചാണ് ഇവര്‍ ഇത്രകാലം നീതി തേടുന്ന കന്യാസ്ത്രീക്കൊപ്പം നിന്നത്. ഇതാ ലോകത്തിനു മുന്നിലെ പോരാട്ട മാതൃകയെന്ന് രാജ്യാന്തരമാധ്യമങ്ങള്‍ അവരെ ചൂണ്ടി ലോകത്തോട് പറഞ്ഞു.  ലോകം അവര്‍ക്കൊപ്പം നില്‍ക്കാന്‍ നിര്‍ബന്ധിതരായി. ഒടുവില്‍ ലൈംഗികപീഡനാരോപണം നേരിട്ട ബിഷപ്പിനെതിരെ നടപടിയെടുക്കാന്‍ അറച്ചു നിന്ന സര്‍ക്കാരിന് ഈ കന്യാസ്ത്രീകളുടെ ഇച്ഛാശക്തിക്കു മുന്നില്‍ കീഴടങ്ങേണ്ടി വന്നു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റ് ചെയ്യപ്പെട്ടു. നിയമനടപടികള്‍ തുടരുകയാണ്. എന്നാല്‍ അതേ കന്യാസ്ത്രീകള്‍ അന്നു മുതല്‍ സഭയ്ക്കകത്തും പുറത്തും നേരിടേണ്ടി വരുന്ന പ്രതികാരനടപടികള്‍ സമുഹത്തിന്റെ നീതിബോധത്തെയാകെ വെല്ലുവിളിക്കുന്നതാണ്. ഇപ്പോള്‍ സമരത്തിന് നേതൃത്വം നല്‍കിയ നാലു കന്യാസ്ത്രീകളെയും സ്ഥലം മാറ്റി ജലന്ധറിലെ സുപ്പീരിയര്‍ ജനറല്‍ ഉത്തരവു നല്‍കി. പരാതി സഭയ്ക്കു മുന്നിലെത്തിയ ശേഷം കഴിഞ്ഞ വര്‍ഷവും ഇതേ നീക്കമുണ്ടായതാണ്. പീഡനം നേരിടേണ്ടി വന്ന കന്യാസ്ത്രീക്കു വേണ്ടി ഏറ്റവും വ്യക്തമായി ചോദ്യങ്ങളുന്നയിച്ച സിസ്റ്റര്‍ അനുപമയോട് പഞ്ചാബിലേക്കാണ് സ്ഥലംമാറ്റം നല്‍കിയിരിക്കുന്നത്. സിസ്റ്റര്‍ ആല്‍ഫിയെ ബിഹാറിലേക്കും സിസ്റ്റര്‍ ജോസഫീനെ ജാര്‍ഖണ്ഡിലേക്കും മാറ്റിയാണ് ഉത്തരവ്. സിസ്റ്റര്‍ ആന്‍സിറ്റയോട് കണ്ണൂരിലേക്ക് മാറാനുമാണ് ആവശ്യം.

ചുരുക്കത്തില്‍ പരാതിക്കാരിയായ കന്യാസ്ത്രീയെ ഒറ്റപ്പെടുത്തി കേസ് ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സിസ്റ്റര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു. തുടക്കം മുതല്‍ പരാതിക്കാരിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച സന്യാസിനീ സഭ കുറ്റാരോപിതനായ ബിഷപ്പിനൊപ്പമാണെന്ന് പരസ്യമായി നിലപാടെടുത്തതാണ്. എന്നിട്ടും അധികാരത്തിന്റെ പഴുതുകള്‍ പരാതിക്കാര്‍ക്കു മേല്‍ പ്രതികാരമായി പ്രയോഗിക്കാന്‍ സഭയ്ക്കു കഴിയുന്നുവെന്നത് ഗുരുതരമായ പ്രശ്നമാണ്. സമൂഹമനഃസാക്ഷിയെ വെല്ലുവിളിക്കുന്ന നിലപാട് സ്വീകരിക്കാന്‍ അവര്‍ക്കു ധൈര്യം നല്‍കുന്ന മതസ്ഥാപനങ്ങളും സഭാനേതൃത്വങ്ങളും ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. 

സഭയ്ക്കെതിരെ ചോദ്യങ്ങളുമായി സമരത്തിനിറങ്ങിയതോടെ തന്നെ കടുത്ത ഒറ്റപ്പെടല്‍ നേരിട്ടാണ് ഈ കന്യാസ്ത്രീകള്‍ കുറവിലങ്ങാട് നാടുകുന്ന്മഠത്തില്‍ തുടര്‍ന്നു പോന്നത്. സഭയെട ചോദ്യം ചെയ്തതിനും രൂപതാ അധ്യക്ഷനെ ജയിലില്‍ കയറ്റിയതിനുമുള്ള പ്രതികാരനടപടികള്‍ പല വഴിക്കും അവര്‍ നേരിടുന്നുണ്ട്. അതിനിടെയാണ് പരസ്യമായ വെല്ലുവിളിയായി സ്ഥലംമാറ്റ ഉത്തരവുമെത്തിയത്.  ഈ കന്യാസ്ത്രീകള്‍ മാറിപ്പോകുന്നതോടെ നാടുകുന്ന് മഠത്തില്‍ പരാതിക്കാരി തീര്‍ത്തും ഒറ്റപ്പെടും. മഠം തന്നെ അടച്ചു പൂട്ടാനും നീക്കങ്ങളുണ്ടെന്ന് കന്യാസ്ത്രീകള്‍ സംശയിക്കുന്നു. ബിഷപ്പ് ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന പരാതി കത്തോലിക്കാസഭ ആകെത്തന്നെ എങ്ങനെയാണ് കൈകാര്യം ചെയ്തിരുന്നതെന്നതിന് വ്യക്തമായ തെളിവുകള്‍ നമുക്കു മുന്നിലുണ്ട്. ഏറ്റവുമൊടുവില്‍ 

കേസിലെ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ നിയമനം 100 ദിവസത്തിലേറെ വൈകിയതും പ്രതിഷേധത്തിനിടയാക്കിയിരുന്നു. 

കേസ് അട്ടിമറിക്കാന്‍ പല തരത്തിലും നീക്കങ്ങള്‍ നടക്കുമ്പോഴും ഫ്രാങ്കോ മുളയ്ക്കല്‍ രൂപതയുടെ പരിചരണത്തില്‍ സുരക്ഷിതനാണ്. പരാതി ഉയര്‍ത്തിയ കന്യാസ്ത്രീകള്‍ നിരന്തരം വേട്ടയാടപ്പെടുന്നത് മതാധിപത്യത്തിന്റെ ധാര്‍ഷ്ട്യം കൂടിയാണ് വെളിപ്പെടുത്തുന്നത്. പരാതിക്കാരിക്കൊപ്പം നിന്ന കന്യാസ്ത്രീകളോടു മാത്രമല്ല, അവര്‍ക്കു പിന്തുണ പ്രഖ്യാപിച്ചവരോടെല്ലാം സഭ അധികാരപ്രയോഗത്തിലൂടെ പ്രതികാരം തുടരുന്നുണ്ട്. സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെതിരെയും അച്ചടക്കലംഘനം ആരോപിച്ചത് യഥാര്‍ഥ കാരണം ചൂണ്ടിക്കാണിച്ചല്ല. 

ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനപരാതിയിലെ നിര്‍ണായക സാക്ഷികള്‍ കൂടിയാണ് ഇപ്പോള്‍ സ്ഥലംമാറ്റനടപടി നേരിടുന്ന കന്യാസ്ത്രീകള്‍. പരാതിക്കാരിയെ പിന്തുണച്ച വൈദികന്റെ ദുരൂഹമരണം വരെ സംഭവിച്ച കേസില്‍ സാക്ഷികളുടെ സുരക്ഷിതത്വം സര്‍ക്കാരിന്റെ നിയമപരമായ ബാധ്യത കൂടിയാണ്. സര്‍ക്കാര്‍ ഇടപെട്ട് സ്ഥലംമാറ്റവും നടപടിയും റദ്ദാക്കാന്‍ സഭയോട് ആവശ്യപ്പെടണമെന്ന് സേവ് ഔവര്‍ സിസ്റ്റേഴ്സ് സമരസമിതി ആവശ്യപ്പെടുന്നു. ഈ സമരത്തിന് പരസ്യപിന്തുണ പ്രഖ്യാപിക്കുകയും സഭയുടെഅനീതിക്കെതിരെ ശക്തമായ നിലപാടെടുക്കുകയും ചെയ്ത മറ്റൊരു കന്യാസ്ത്രീയാണ് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍. സമരത്തില്‍ പങ്കെടുത്തു എന്നതടക്കമുള്ള കുറ്റങ്ങള്‍ നിരത്തി ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രഗേഷന്‍ അംഗമായ സിസ്റ്റര്‍ ലൂസിക്കെതിരെയും അച്ചടക്കനടപടിക്കുള്ള ശ്രമത്തിലാണ് സന്യാസിനീസഭ. സിസ്റ്റര്‍ ലൂസിക്കെതിരെയുള്ള കുറ്റപത്രം അവിശ്വസനീയമാണ്. ഡ്രൈവിങ് പഠിച്ചു, ലോണെടുത്തു വാഹനം വാങ്ങി, സാധാരണ വസ്ത്രം ധരിച്ചു തുടങ്ങി കുറ്റങ്ങളുടെ പട്ടിക നീണ്ടതാണ്. സന്യസ്തവ്രതത്തില്‍ നിര്‍ബന്ധമായ അനുസരണവ്രതം ലംഘിച്ചുവെന്നാണ് കുറ്റങ്ങളുടെ അടിസ്ഥാനം.  ശിക്ഷിക്കാന്‍ വേണ്ടിയാണ് അനുസരണവ്രതം പാലിക്കേണ്ടതെങ്കില്‍ ആ വ്രതതമാണ് ഇല്ലാതാകേണ്ടതെന്ന ഉറച്ച നിലപാടില്‍ മറുചോദ്യമുയര്‍ത്തുന്നു സിസ്റ്റര്‍ ലൂസി

കടുത്ത അനീതി ചോദ്യം ചെയ്യുമ്പോള്‍ സഭയുടെ മറുപടി അനുസരണവ്രതം! അച്ചടക്കത്തിന്റെ വാളുയര്‍ത്തിയാല്‍ ഇല്ലാതാകുന്ന ചോദ്യങ്ങളല്ലെന്നറിയാതെയല്ല, കന്യാസ്ത്രീ സമുഹത്തിന്റെ പ്രതിരോധശബ്ദം ഇല്ലാതാക്കാന്‍ സഭാനേതൃത്വം ശ്രമിക്കുന്നത്. ഏറ്റവുമൊടുവില്‍ വൈദികരും സന്യസ്തരും പാലിക്കേണ്ട അച്ചടക്കത്തിന് കടുത്ത മാര്‍ഗരേഖ കൊണ്ടുവന്നിട്ടുണ്ട് സിറോ മലബാര്‍ സഭ. വൈദികര്‍ ലൈംഗികപീഡനം പോലുള്ള കടുത്ത കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതിലല്ല സഭകള്‍ക്ക് പ്രയാസം. നീതി ആവശ്യപ്പെട്ട് ഇരകള്‍ പൊതുസമൂഹത്തെ സമീപിക്കുന്നതിലുണ്ടാകുന്ന അപമാനം മാത്രമാണ് പ്രശ്നം.ഒരു സഭയും ഒരു മതസ്ഥാപനവും പൊതുസമൂഹത്തിന്റെ നീതിബോധത്തെ ചോദ്യം ചെയ്യുന്ന നിലപാട് സ്വീകരിക്കാന്‍ പാടില്ല

സഭയില്‍ അച്ചടക്കം പുനഃസ്ഥാപിക്കാ‍നായി സിനഡ് കൈക്കൊണ്ട തീരുമാനങ്ങളാണ് വിരോധാഭാസം.  സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തയാറാക്കിയ സര്‍ക്കുലറിലാണ് വൈദികര്‍ക്കും സന്യസ്തര്‍ക്കും കര്‍ശനമായ അച്ചടക്ക വ്യവസ്ഥകള്‍ നിര്‍ദേശിക്കുന്നത്. സഭയില്‍ ഗുരുതരമായ അച്ചടക്കലംഘനം നടത്തുന്ന വ്യക്തികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും വിശദീകരണം തൃപ്തികരമല്ലെങ്കില്‍ മാതൃകാപരമായ ശിക്ഷാനടപടി സ്വീകരിക്കാനും രൂപതാധ്യക്ഷന്മാര്‍ക്കും സന്യാസസമൂഹാധികാരികള്‍ക്കും സിനഡ് നിര്‍ദേശം നല്‍കി. സമരങ്ങള്‍ക്കും വ്യവഹാരങ്ങള്‍ക്കും ഇറങ്ങിപ്പുറപ്പെടുന്ന വൈദികരും സന്യസ്തരും കാനോനികനിയമങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണ്. ഇക്കാര്യത്തില്‍ വരുത്തുന്ന വീഴ്ച അച്ചടക്കലംഘനമായി കണക്കാക്കപ്പെടും. വൈദികരോ സന്യസ്തരോ ആയി തുടരുന്നിടത്തോളം കാലം അച്ചടക്കം പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. സമീപകാലത്ത് ചില വൈദികരും സന്യസ്തരും നടത്തിയ പരസ്യപ്രതിഷേധങ്ങളും സമരങ്ങളും  അച്ചടക്കത്തിന്റെ എല്ലാസീമകളും ലംഘിച്ചതായി സിനഡ് വിലയിരുത്തി.

സര്‍ക്കുലര്‍ സിറോ മലബാര്‍ സഭയിലാണെങ്കിലും പൊതുവില്‍ വ്യക്തമാകുന്നത് ഒരേ കാര്യമാണ്. ഫ്രാങ്കോ മുളയ്ക്കല്‍മാരെ ഏതു സഭയായാലും പരമാവധി സംരക്ഷിക്കും. ഇരകളെ അനുസരണവ്രതമുയര്‍ത്തി ഭീഷണിപ്പെടുത്തും. അനീതിയല്ല സഭകളുടെ പ്രശ്നം, അപമാനം മാത്രമാണ്. നീതി ആവശ്യപ്പെടാത്ത, നീതിക്കൊപ്പം നില്‍ക്കാത്ത ഒരു വിശ്വാസവും ബഹുമാനം അര്‍ഹിക്കുന്നില്ല. അനീതി അടിച്ചേല്‍പിക്കാന്‍  മതനിയമങ്ങളുമായി വന്നാല്‍ സമൂഹം അത് അംഗീകരിച്ചു തരില്ല. കന്യാസ്ത്രീകള്‍ എന്നും നിരാലംബരും നിസഹായരുമായി അനീതികള്‍ക്കു വിധേയപ്പെടുമെന്നു കരുതിയ കാലം കഴിഞ്ഞുപോയി എന്ന് ഓര്‍മിപ്പിക്കുന്നു. പ്രതികാരനടപടികളില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയിട്ടുണ്ട്. സര്‍ക്കാരിനോടും ഒന്നു മാത്രം, നവോത്ഥാനം സഭകളുടെ മതില്‍ക്കെട്ടിനകത്തേക്കും എത്തണം. സ്ത്രീകളുടെ അവകാശങ്ങള്‍ ഈ കന്യാസ്ത്രീകള്‍ക്കും ഉറപ്പു നല്‍കാനാകുന്നില്ലെങ്കില്‍ വനിതാമതിലുമായി ഇനിയും ഈ വഴി വരരുത്.