തീർഥാടകരേ വരൂ; ശബരിമല പ്രതിഷേധക്കാരുടെ ഒളിത്താവളമല്ല; സർക്കാരിന്റെയും

അവരാണ് പറയേണ്ടത്. അവരുടേതാണ് ശബരിമല. അജന്‍ഡകളില്ലാത്ത അയ്യപ്പഭക്തര്‍ ശബരിമലയെ അവരുടേതായി വീണ്ടെടുക്കുകയാണ്.  ശബരിമലയെച്ചൊല്ലി കേരളം മുഴുവന്‍ സംഘര്‍ഷഭരിതമാക്കാന്‍ ശ്രമം നടക്കുമ്പോള്‍ സന്നിധാനത്ത് ശാന്തമായി തീര്‍ഥാടനം പുരോഗമിക്കുകയാണ്. കുപ്രചാരണങ്ങളില്‍ വീഴാതെ, ഭിന്നിപ്പിന്റെ കപടമുദ്രാവാക്യങ്ങളില്‍ പെട്ടു പോകാതെ യഥാര്‍ഥ ഭക്തര്‍ നിര്‍വൃതിയോടെ പതിനെട്ടാം പടി കയറി മടങ്ങുന്നു.   ഇനിയും അവിടെ കലാപശ്രമങ്ങളുണ്ടായാല്‍ അത് ആര്, ആര്‍ക്കു വേണ്ടി സൃഷ്ടിക്കുന്നതാണെന്ന് തിരിച്ചറിയാന്‍ ഈ ദിവസങ്ങള്‍ കേരളത്ത പഠിപ്പിച്ചു കഴിഞ്ഞു. വിദ്വേഷത്തിന്റെ,  മുതലെടുപ്പ് രാഷ്ട്രീയത്തെ കേരളം ക്ഷമാപൂര്‍വം, ഉള്‍ക്കരുത്തോടെ നേരിടുകയാണ്.  ഭക്തി മാത്രമല്ല, 

നിങ്ങളിലെത്ര മനുഷ്യത്വമുണ്ടെന്ന്, വിദ്വേഷമില്ലാത്ത സഹജീവി സ്നേഹമുണ്ടെന്ന ചോദ്യത്തിന്, ശബരിമല കയറിയിറങ്ങി നമ്മള്‍ ഉത്തരം കണ്ടെത്തുകയാണ്.  

ശബരിമല ശാന്തമായിരുന്നു, ഈ ദിവസങ്ങളിലത്രയും.  അയ്യപ്പനെ തൊഴാനെത്തിയ പതിനായിരങ്ങള്‍ സമാധാനത്തോടെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മടങ്ങി. ‌എന്നാല്‍ ഇതിനു മുന്‍പത്തെ തീര്‍ഥാടന കാലത്ത് എന്തായിരുന്നു അവസ്ഥ?  സുപ്രീംകോടതിവിധിക്കു ശേഷം തുലാമാസപൂജയ്ക്കും ചിത്തിര ആട്ടവിശേഷത്തിനും കണ്ട അന്തരീക്ഷമല്ല, മണ്ഡലകാലത്ത് ശബരിമലയില്‍ കാണുന്നത്. ആശങ്കകളുണ്ടായിരുന്നുവെന്നത് യാഥാര്‍ഥ്യം. അത് ഭക്തരുടെ എണ്ണത്തിലും വന്‍കുറവുണ്ടാക്കി. പ്രതിഷേധക്കാരെ നേരിടാന്‍ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടി വന്നു. എന്നിട്ടും നാമജപപ്രതിഷേധങ്ങളുണ്ടായി. പക്ഷേ അക്രമങ്ങളിലേക്കു നീങ്ങാതെ, സന്നിധാനത്തെ സമാധാനത്തിന് ഭംഗം വരുത്താതെ അത് കൈകാര്യം ചെയ്യാന്‍ പൊലീസിനായി. ഇപ്പോള്‍ കാണുന്നത് അനിശ്ചിതത്വവും ആശങ്കകളും നീങ്ങി സാധാരണനിലയിലേക്കു മടങ്ങുന്ന സന്നിധാനമാണ്്. തുടക്കത്തില്‍ ഭീതി കാരണം മാറിനിന്ന തീര്‍ഥാടകരും മലചവിട്ടാനെത്തിത്തുടങ്ങിയിരിക്കുന്നു. ഓരോ ദിവസവും തീര്‍ഥാടകരുടെ എണ്ണം ഉയരുകയാണ്. 

ശബരിമലയില്‍ സമാധാനമുണ്ടാക്കുന്നതിന് പൊലീസ് സ്വീകരിച്ച നടപടികള്‍ ഫലം കണ്ടുവെന്നുറപ്പിക്കുന്നതാണ് ആദ്യദിവസങ്ങളിലെ അന്തരീക്ഷം. അക്രമികളില്‍ നിന്ന് സന്നിധാനത്തിന്റെ പൂര്‍ണനിയന്ത്രണം പൊലീസ് ഉറപ്പാക്കിയിരിക്കുന്നു. ക്രമസമാധാനപാലനത്തിന് പൊലീസ് സ്വീകരിച്ച കടുത്ത നടപടികള്‍ ആവശ്യമായിരുന്നുവെന്ന് കണിശമായ ചോദ്യങ്ങളോടെ ഹൈക്കോടതിയും അംഗീകരിച്ചു. ഇനി അവിടെ പ്രശ്നമുണ്ടായാല്‍, അതുണ്ടാക്കേണ്ടത് ആരുടെ ആവശ്യമാണെന്ന ബോധ്യം കേരളത്തിനും കോടതിക്കും ഇപ്പോഴുണ്ട്. അപ്പോഴും ജാഗ്രത പാലിക്കേണ്ട ഒന്നുണ്ട്,  അസത്യപ്രചാരണങ്ങള്‍. ബി.ജെ.പി നേരിട്ടും അല്ലാതെയും നടത്തുന്ന അസത്യപ്രചാരണങ്ങളെ കരുതലോടെ പ്രതിരോധിക്കേണ്ടതുണ്ട് കേരളം. 

ശബരിമല പ്രശ്നത്തില്‍ രാഷ്ട്രീയഅജന്‍ഡയെന്നു തുറന്നു പറഞ്ഞ ബി.െജ.പി. പക്ഷേ  അവിശ്വസനീയമാം വിധം അസത്യപ്രചാരണങ്ങള്‍ക്കു മുതിര്‍ന്നതു കേരളം കണ്ടു. മണ്ഡലകാലത്തു മാത്രം ബി.ജെ.പി. സ്വീകരിച്ച പല നിലപാടുകളും വിശ്വാസികള്‍ക്കു പോലും അമ്പരപ്പുണ്ടാക്കുന്നതാണ്.  ഇടയ്ക്കൊക്കെ അറിയാതെ സത്യം പറഞ്ഞു പോകുന്ന ശീലം മലക്കം മറിച്ചിലുകളുടെ പരമ്പര തന്നെ കേരളത്തിനു മുന്നില്‍ അവതരിപ്പിച്ചു. 

ശബരിമലയില്‍ സംഘര്‍ഷം ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന കര്‍ശനനിലപാടെടുത്ത പൊലീസ്,  കെ.പി.ശശികലയെ  അറസ്റ്റ് ചെയ്തപ്പോള്‍ വൃശ്ചികം ഒന്നിന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു കര്‍മസമിതി. ബി.െജ.പി. ആ ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചു. ഇതാദ്യമായി ശബരിമല തീര്‍ഥാടന കാലത്ത് പത്തനംതിട്ടയെ ഒഴിവാക്കാതെ ഒരു ഹര്‍ത്താല്‍ നടന്നു. അതും വിശ്വാസികള്‍ക്കു വേണ്ടിയെന്ന പേരില്‍. അര്‍ധരാത്രി പ്രഖ്യാപിച്ച ഹര്‍ത്താലില്‍ വലഞ്ഞു മുഴുവന്‍ ശബരിമല തീര്‍ഥാടകരാണ്. എല്ലാം വിശ്വാസികള്‍ക്കു വേണ്ടിയെന്ന ബി.െജ.പിയുടെ പ്രഖ്യാപനത്തിന്റെ പൊള്ളത്തരം ആ ഒരൊറ്റ നടപടിയിലൂടെ തുറന്നുകാണിക്കപ്പെട്ടു. 

കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്തപ്പോള്‍ വിശ്വാസത്തെയും ഇരുമുടിക്കെട്ടിനെയും അവഹേളിച്ചുവെന്ന് പ്രതിഷേധിച്ചു. പക്ഷേ സി.സി.ടി.വി. സത്യം തെളിയിച്ചു. കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനെ രാത്രി തടഞ്ഞുനിര്‍ത്തി അപമാനിച്ചുവെന്നായിരുന്നു അടുത്ത പ്രചാരണം. അവിടെയും പക്ഷേ സി.സി.ടി.വി വിനയായി. കേന്ദ്രമന്ത്രിയുടെ വാഹനം തടഞ്ഞതേയില്ലെന്നും, മന്ത്രി കടന്നു പോയതിന് ഏഴുമിനിറ്റിനു ശേഷം കടന്നു വന്ന വാഹനം ത‍ടഞ്ഞതിന്റെ പേരിലായിരുന്നു തെറ്റായ പ്രചാരണമെന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ സ്ഥാപിച്ചു.

ദൈവവിശ്വാസമുള്ളവര്‍ക്ക് ഒരിക്കലും ദൈവത്തിന്റെ പേരില്‍ കള്ളം പറയാനാകില്ല. ദൈവത്തിന് സത്യമറിയാന്‍ സി.സി.ടി.വിയുടെ ആവശ്യം പോലുമില്ലെന്ന് യഥാര്‍ഥ വിശ്വാസികള്‍ക്കറിയുമായിരിക്കുമല്ലോ. പക്ഷേ ശബരിമലയുടെ പേരില്‍ പ്രചരിക്കുന്ന കള്ളങ്ങള്‍ തുറന്നു കാണിക്കുകയെന്നതാണ് കേരളത്തില്‍ ഇപ്പോള്‍ വിശ്വാസികളുടെയും വിശ്വാസികളല്ലാത്തവരുടെയും പ്രധാന ജോലി. ശബരിമലയുടെ പേരില്‍ പ്രചരിപ്പിക്കപ്പെടുന്ന അസത്യങ്ങള്‍ തിരുത്താന്‍ അരമണിക്കൂര്‍ മതിയാകില്ല. ഒന്നില്‍ തിരുത്തുമ്പോഴേക്കും പത്ത് കള്ളങ്ങള്‍ ക്യൂ നില്‍ക്കുന്ന സാഹചര്യം ഗുരുതരമായ ഒരു രാഷ്ട്രീയസാഹചര്യം കൂടി ചൂണ്ടിക്കാണിക്കുന്നുണ്ട്. അസത്യങ്ങളുടെയും ആശങ്കകളുടെയും അരക്ഷിതാവസ്ഥയില്‍ പടുത്തുയര്‍ത്താന്‍ ശ്രമിക്കുന്ന ഒരു രാഷ്ട്രീയശൈലി കേരളത്തിലും പിടിമുറുക്കുകയാണ്. 

അസത്യങ്ങളുടെ ഘോഷയാത്രയിെല സാംപിളുകള്‍ മാത്രം ചൂണ്ടിക്കാട്ടാനേ സമയം തികയൂ. ശബരിമലയില്‍ പതിനയ്യായിരം പൊലീസുകാര്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് പറഞ്ഞു പരത്തി, നിക്ഷിപ്തതാല്‍പര്യക്കാര്‍. പക്ഷേ മൂവായിരത്തില്‍ താഴെ പൊലീസുകാര്‍ ചേര്‍ന്നാണ് ശബരിമലയില്‍ ക്രമസമാധാനം പാലിക്കുന്നതെന്ന് സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്‍മൂലത്തില്‍ ചൂണ്ടിക്കാട്ടി. ഈ പൊലീസുകാരുടെ സുരക്ഷയ്ക്കായി ദേവസ്വം ഫണ്ട് സര്‍ക്കാരിന്റെ പിടിവാശിക്കായി തുലയ്ക്കുകയാണെന്നായിരുന്നു അടുത്ത വാദം. പൊലീസുകാരുടെ താമസ..ഭക്ഷണച്ചെലവുകള്‍ അടക്കം പൂര്‍ണമായും സര്‍ക്കാരാണ് വഹിക്കുന്നതെന്നും സുരക്ഷയ്ക്കായി ഒരൊറ്റ പൈസ പോലും ദേവസ്വം ഫണ്ടില്‍ നിന്ന് ചെലവഴിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ മറുപടി നല്‍കി. 

സന്നിധാനത്തെ മുറികള്‍ മുഴുവന്‍ പൊലീസ് പൂട്ടിയിട്ടിരിക്കുന്നുവെന്നും ഭക്തരെ വിരിവയ്ക്കാന്‍ അനുവദിക്കില്ലെന്നും പ്രചരിപ്പിച്ചു. ഭക്തര്‍ വിശ്രമിക്കാതിരിക്കാന്‍ വലിയ നടപ്പന്തല്‍ വെള്ളം തളിച്ചിട്ടുവെന്നും കോടതിയില്‍ വരെ ഉന്നയിക്കപ്പെട്ടു. ആരാണ് അതിന് ബോര്‍ഡിന് അനുവാദം നല്‍കിയതെന്ന് കോടതി രോഷം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ പൊടിയടിയുന്നതുമൂലം നടപ്പന്തല്‍ പതിവാിയ വെള്ളമൊഴിച്ചു കഴുകുന്നതാണെന്നുംആരോപിക്കപ്പെട്ട ദിവസം രാവിലെ 9.30ന് ഫയര്‍ഫോഴ്സാണ് നടപ്പന്തല്‍ വെള്ളമൊഴിച്ചു വൃത്തിയാക്കിയതെന്നും മറുപടി. സന്നിധാനത്ത് ഒരു ദിവസം 17,155 ഭക്തര്‍ക്ക് തങ്ങാന്‍ സൗകര്യമുണ്ടെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.  20000 ഭക്തര്‍ക്കെങ്കിലും അന്നദാനം നല്‍കുന്ന പതിവും തുടരുകയാണ്. 

ശബരിമലയില്‍ സുരക്ഷാനടപടികള്‍ക്ക് നേതൃത്വം നല്‍കുന്ന പൊലീസുകാര്‍ക്ക് അവിടെ എന്തു മുന്‍പരിചയമെന്നായിരുന്നു അടുത്ത ചോദ്യം. ശബരിമലയിലെ സുരക്ഷാചുമതലയില്‍ ഐ.ജി. വിജയ് സാഖറെയ്ക്ക് അഞ്ചു വര്‍ഷം മുന്‍പരിചയമെന്ന് സര്‍ക്കാര്‍സത്യവാങ്മൂലം. പമ്പ സ്പെഷല്‍ ഓഫിസറായിരുന്ന  എസ്.പി. യതീഷ് ചന്ദ്രയ്ക്ക് മൂന്നു വര്‍ഷം പരിചയമെന്നും സര്‍ക്കാരിന്റെ സാക്ഷ്യം. എല്ലാ ചോദ്യങ്ങള്‍ക്കും വസ്തുതകള്‍ പ്രതിരോധം തീര്‍ത്തതോടെ തീര്‍ത്തും വ്യക്തിഹത്യയിലേക്കു പോയി ബി.ജെ.പി നേതാക്കള്‍. അതും ജാതിയും മതവും പറഞ്ഞ് വേര്‍തിരിക്കാനാവാത്തവര്‍ക്കു നേരെ ഒരടിസ്ഥാനവുമില്ലെന്നറിഞ്ഞും ആക്ഷേപങ്ങള്‍ 

ശബരിമലയില്‍ ഭക്തര്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ പൊലീസിനെതിരെ പ്രതിപക്ഷരോഷം തുടരുകയാണ്. പൊലീസ്  വിമര്‍ശിക്കപ്പെടണം, ഭരണകൂടവും അതിനിശിതമായി വിമര്‍ശിക്കപ്പെടണം. പക്ഷേ വസ്തുതകളെന്താണ്? ശബരിമലയില്‍ നിയന്ത്രണം നേരിടേണ്ടിവരുന്നത് ഭക്തര്‍ക്കാണോ അക്രമികള്‍ക്കാണോ? പൊലീസ് ഹൈക്കോടതിയില്‍ ഹാജരാക്കിയ കണക്കുകള്‍ കണ്ട ശേഷമാണോ പ്രതിപ‍ക്ഷനേതാവ് ഇപ്പോഴും ഭക്തര്‍ നേരിടേണ്ടി വരുന്ന ക്രൂരമായ അനുഭവങ്ങളുടെ പേരില്‍ പരിതപിക്കുന്നത്? 

സത്യമാണെന്നു തെറ്റിദ്ധരിച്ചാണോ  പ്രതിപക്ഷനേതാവ് ഇങ്ങനെ പറയുന്നതെന്ന് ആരും സംശയിച്ചു പോകും. കാരണം കോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ചിരിക്കുന്ന ആധികാരികരേഖയില്‍ പറയുന്നത് ഇങ്ങനെയാണ്. നിരോധനാജ്ഞ നിലവില്‍ വന്ന മണ്ഡലകാലത്ത് ആറു മണിക്കൂറിലേറെ സന്നിധാനത്ത് തങ്ങരുതെന്ന് പൊലീസ് ആവശ്യപ്പെട്ടത് 34 പേരോട് മാത്രമാണ്.  അതായത് ആദ്യത്തെ ആറു ദിവസം സന്നിധാനത്തെത്തിയ രണ്ടര ലക്ഷം അയ്യപ്പഭക്തരില്‍ 34 പേര്‍ക്കു മാത്രമാണ് ആറു മണിക്കൂറിനുള്ളില്‍ സന്നിധാനം വിടണമെന്നാവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നല്‍കിയത്. ആ മുപ്പത്തിനാലു പേരില്‍ ഒരാള്‍ കെ.പി.ശശികലയാണ്. 25 ആര്‍.എസ്.എസുകാരുടെ ഒരു ഗ്രൂപ്പിനും 8 ആര്‍.എസ്.എസുകാരുടെ മറ്റൊരു ഗ്രൂപ്പിനുമാണ് പൊലീസ് കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തിയത്. സന്നിധാനത്ത് പ്രശ്നമുണ്ടാക്കാന്‍ വന്നവരെന്ന് വ്യക്തമായി സംശയമുണ്ടായിരുന്നവരോട് മാത്രമാണ് പൊലീസ് കര്‍ശനനിലപാടു സ്വീകരിച്ചതെന്നു സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തുന്നു. നാമജപപ്രതിഷേധത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്ത 69 പേരില്‍ പലര്‍ക്കുമെതിരെ ഒന്നിലധികം ക്രിമിനല്‍ കേസുകളുണ്ടെന്നും സത്യവാങ്മൂലത്തിലുണ്ട്. അത് തെറ്റാണോ എന്ന് മുന്‍ ആഭ്യന്തരമന്ത്രിക്കു പരിശോധിച്ചുറപ്പു വരുത്താവുന്നേതയുള്ളൂ. അതിലുമപ്പുറം അയ്യപ്പഭക്തര്‍ ക്രൂരമായ അനുഭവങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്നു ബോധ്യമുണ്ടെങ്കില്‍ നിരോധനാജ്ഞ ലംഘിക്കാനെന്ന പേരില്‍ നിലയ്ക്കലും പമ്പയിലും പ്രകടനം നടത്തി മടങ്ങുന്ന േനരത്ത് സന്നിധാനത്തു കൂടി ഒന്നു പോയിനോക്കാനുള്ള മനഃസാന്നിധ്യം കാണിക്കാമായിരുന്നു. 

പക്ഷേ ശബരിമലയില്‍ യു.ഡി.എഫിന്റെ ഭക്തജനതാല്‍പര്യം നിലയ്ക്കലില്‍ തുടങ്ങി പമ്പയില്‍ തീര്‍ന്നു പോയി. കരിനിയമം പിന്‍വലിക്കുകയെന്നതു മാത്രമാണ് പ്രതിപക്ഷമുദ്രാവാക്യം. നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടി വന്നതെന്തുകൊണ്ടെന്ന ചോദ്യത്തിന് മറുപടിയില്ല. അക്രമം നടത്തുന്നതാരെന്ന ചോദ്യം യു.ഡി.എഫ് കേട്ടിട്ടേയില്ല. 

ശബരിമലയില്‍ അക്രമം നടത്തുന്നവര്‍ക്കു മാത്രമാണ് നിരോധനാജ്ഞ ബാധകമെന്ന പൊലീസ് നിലപാടില്‍ മുഖം നഷ്ടപ്പെട്ട് മടങ്ങിയ പ്രതിപക്ഷം ശബരിമല എപ്പിസോഡിലെ അപഹാസ്യമായ കാഴ്ചകളിലൊന്നാണ്. ശബരിമലയുടെ പേരില്‍ ഐക്യകേരളത്തെ ഭിന്നിപ്പിക്കാന്‍ നിരന്തരശ്രമം നടത്തുന്ന ബി.െജ.പിയെ ഒരു ചോദ്യം കൊണ്ടു പോലും അലോസരപ്പെടുത്താതിരിക്കാന്‍ യു.ഡി.എഫ് കാണിക്കുന്ന നിതാന്ത ജാഗ്രതയും ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടും. 

ബി.ജെ.പിക്ക് കേരളത്തോട് രാഷ്ട്രീയധാര്‍മികത പുലര്‍ത്താനുള്ള ബാധ്യതയുണ്ടെന്ന്  കേരളം തന്നെ ഇതുവരെ അംഗീകരിച്ചു കൊടുത്തിട്ടില്ല. . പക്ഷേ കോണ്‍ഗ്രസ് ഓര്‍ക്കണം, വിശ്വാസത്തിന്റെ പേരില്‍ ഒരു കൂട്ടര്‍ കേരളത്തെ ഭിന്നിപ്പിക്കാനിറങ്ങിയപ്പോള്‍ ആര്‍ക്കൊപ്പമാണ് നിങ്ങള്‍ നിലയുറപ്പിച്ചതെന്ന് ചരിത്രം ആവര്‍ത്തിച്ചുചോദിക്കും. വിശ്വാസികള്‍ക്കൊപ്പമായിരുന്നെങ്കില്‍ പോലും ഉന്നയിക്കാന്‍ ചോദ്യങ്ങള്‍ ഏറെ ബാക്കിയുണ്ടായിരുന്നു ശബരിമലയില്‍. അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തിലടക്കം. കെ.സുരേന്ദ്രനെതിരെ തുടരെത്തുടരെ പൊലീസ് കേസുകള്‍ ചുമത്തുന്നതുപോലും ചോദ്യം ചെയ്യാന്‍ ജനാധിപത്യവിശ്വാസികള്‍ക്ക് ബാധ്യതയുണ്ട്. പക്ഷേ  ശബരിമലയുടെ മറവില്‍ മുങ്ങിപ്പോകുന്ന അനീതികള്‍ ചോദ്യം ചെയ്യപ്പടുന്നില്ല. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന ഒട്ടനവധി ചോദ്യങ്ങളില്‍ നിന്നു രക്ഷപ്പെടുത്തിക്കൊടുക്കുക കൂടി ചെയ്യുന്നു പ്രതിപക്ഷവും ബി.ജെ.പിയും. ഇത് വിശ്വാസികളോടു മാത്രമല്ല, കേരളത്തോടാകെ ചെയ്യുന്ന അനീതിയാണ്. 

ബി.െജ.പി. ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ ഉള്‍പ്പാര്‍ട്ടി വിഭാഗീയതയുടെ പേരില്‍ തിരിഞ്ഞു നിന്നു ബി.ജെ.പി. കെ.സുരേന്ദ്രനെതിരെ പൊലീസ് ഒന്നിനു പിന്നാലെ കേസുകള്‍ ചുമത്തിയിട്ടു പോലും ശക്തമായ പ്രതിരോധം  ഉയര്‍ത്താന്‍ ബി.െജ.പി. തയാറായില്ല. 

ശബരിമല പ്രതിഷേധത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്ത കെ.സുരേന്ദ്രനെതിരെ ഓരോരോ കേസുകളായി ഉയര്‍ത്തിയെടുത്ത് ജയിലില്‍ പിടിച്ചിടുകയെന്ന നയം സര്‍ക്കാര്‍ സ്വീകരിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. നേരിട്ടുള്ള രാഷ്ട്രീയസംവാദം എന്ന ആവശ്യമുയര്‍ത്തുന്നവര്‍ തന്നെ ജനാധിപത്യവിരുദ്ധമായി അധികാരം പ്രയോഗിക്കുന്നത് ചോദ്യം ചെയ്യപ്പെടണം. അതു മാത്രമല്ല, ശബരിമല കത്തിക്കയറുമ്പോള്‍ സര്‍ക്കാര്‍ മറുപടി പറയേണ്ട ഏതെല്ലാം ചോദ്യങ്ങളില്‍ നിന്നാണ് രക്ഷപ്പെട്ടു പോയത്? സ്വജനപക്ഷപാതം വ്യക്തമായി തെളിയിക്കപ്പെട്ട കെ.ടി.ജലീലിന് ജനസമക്ഷം മറുപടി പറയേണ്ടി വന്നില്ല. ഹൈക്കോടതി തന്നെ ക്രമവിരുദ്ധമെന്നു കണ്ടെത്തി, ഭാര്യയുടെ നിയമനം റദ്ദാക്കിയിട്ടും എ.എന്‍.ഷംസീര്‍ എം.എല്‍.എയ്ക്ക് ഒരു ചോദ്യവും നേരിടേണ്ടി വന്നില്ല. 

 ഏറ്റവുമൊടുവില്‍ ഇടതുമുന്നണി എം.എല്‍.എ പി.ടി.എ.റഹീമിന്റെ മകനും മരുമകനും ഹവാല ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ വിദേശത്ത് അറസ്റ്റിലായിരിക്കുന്നു. ചോദ്യങ്ങള്‍ പക്ഷേ മുങ്ങിപ്പോകുകയാണ്. ബഹളമയമായ അന്തരീക്ഷം മുതലെടുത്ത്, ജനതാദള്‍ സ്വന്തം മന്ത്രിയെ മാറ്റിയെടുത്തിരിക്കുന്നു. ലൈംഗികാതിക്രമ പരാതി നേരിടുന്ന പി.കെ.ശശി എം.എല്‍.എ നടപടി നീട്ടിയെടുത്ത്, നവോത്ഥാന മുന്നേറ്റ യാത്ര നയിക്കുന്നു. പ്രളയാനന്തരപുനര്‍നിര്‍മാണത്തില്‍ എത്ര കണിശമായ ഓഡിറ്റിങ്ങ് നടത്തേണ്ടതുണ്ട് ഈ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും.

കേരളത്തെ ആകെ ബാധിക്കുന്ന ചോദ്യങ്ങളാണീ ഒലിച്ചു പോകുന്നതത്രയും. അത് ഇനിയും തുടരുന്നത് കേരളത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതല്ല. ശബരിമല, പ്രതിഷേധക്കാരുടെ മാത്രമല്ല സര്‍ക്കാരിന്റെയും ഒളിത്താവളമാകരുത്. ശബരിമലയില്‍ വിശ്വാസികള്‍ക്ക് സമാധാനത്തോടെ പ്രാര്‍ഥിച്ചിറങ്ങാനുള്ള അവസരമുണ്ടാകട്ടെ. യുവതികള്‍ക്കു പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി നടപ്പാക്കേണ്ടതെങ്ങനെയെന്ന് സൂക്ഷ്മമായി കോടതി സഹായത്തോടെ തന്നെ തീരുമാനിക്കപ്പെടട്ടെ. സംഘര്‍ഷമില്ലാതെ തീര്‍ഥാടനകാലം പൂര്‍ത്തിയാകണം. ശബരിമല സാധാരണ നിലയിലേക്കു മടങ്ങിയെത്തണം. അതിനപ്പുറം ശബരിമലയില്‍ ചര്‍ച്ചകള്‍ കേന്ദ്രീകരിക്കാന്‍  അനുവദിക്കുന്നത് കേരളത്തിന്റെ താല്‍പര്യങ്ങളെ സഹായിക്കില്ലെന്ന് തിരിച്ചറിയേണ്ടതുണ്ട്.