ചുവന്നുതുടുത്ത് വട്ടവടയിലെ ഇൗ സ്ട്രോബറി തോട്ടം; വിജയത്തിന്റെ ഹൃദയഫലം

മൂന്നാറിലും വട്ടവടയിലും എത്തുന്ന ടൂറിസ്റ്റുകൾ അന്വേഷിക്കുന്ന പ്രധാനപ്പെട്ട ഒരു പഴമാണ് ചുവന്ന സ്ട്രോബറി . കാരണം  ചെടിയിൽ നിന്ന് പറിച്ചു കഴിഞ്ഞാൽ രണ്ടു ദിവസം മാത്രം കേടാകാതെ  നിൽക്കുന്ന സ്ട്രോബറി ഇവിടെ ഏറ്റവും ഫ്രഷ് ആയി ലഭിക്കും എന്നത് തന്നെ. കേരളത്തിൽ സ്ട്രോബറി പ്രാധാന്യത്തോടെ കൃഷി ചെയ്യുന്ന സ്ഥലവും വട്ടവട മാത്രമാണ്. ഇവിടത്തെ കാലാവസ്ഥ തന്നെയാണ് സ്ട്രോബറി കൃഷി ഇവിടെ മാത്രം ഒതുങ്ങുന്നതിലെ പ്രധാനകാരണം . 

നല്ല തണുപ്പും ആവശ്യത്തിന് ലഭിക്കുന്ന വെയിലും ഇടവിട്ട ചെറിയ മഴയുമൊക്കെ ഈ കൃഷിക്ക് ഏറെ അനുകൂലമാണ്. വട്ടവടയിലെ സാധാരണക്കാരായ കർഷകർ മറ്റ് പച്ചക്കറി കൃഷികളോടൊപ്പം സ്ട്രോബറി കൃഷിയും നടത്താറുണ്ട് . വളരെക്കുറഞ്ഞ അളവിലുള്ള സ്ഥലങ്ങളിലാണ് ഇവരുടെ സ്ട്രോബറി കൃഷികൾ. എന്നാൽ സൗത്തിന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്ട്രോബറി കൃഷി വട്ടവടയിൽ ചെയ്യുകയാണ് ബാംഗ്ലൂർ ആസ്ഥാനമായ ആൾട്ടർനേറ്റ് ലൈഫ് സ്റ്റൈൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി.  ജയിൻ ഇറിഗേഷൻ എന്ന കാർഷിക കമ്പനിയുടെ സാങ്കേതിക പിന്തുണയോടെയാണ് ആൾട്ടർനേറ്റ് ലൈഫ് സ്റ്റൈൽ പ്രൈവറ്റ് ലിമിറ്റഡ് ഇവിടെ കൃഷി നടത്തുന്നത്.  നൂതന ശാസ്ത്രീയ മാർഗ്ഗങ്ങളിലൂടെയാണ്  ഇവിടെ കൃഷി. 5 ഏക്കറോളം സ്ഥലത്ത് നിലവിൽ 70,000 ത്തോളം സ്ട്രോബറി ചെടികൾ  ഇവിടെ കൃഷി ചെയ്തിട്ടുണ്ട് . കൂടുതൽ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കാനുള്ള  ക്രമീകരണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ് . 

കുന്നിൻചെരുവായ ഭൂമിയെ തട്ടുകളായി തിരിച്ച് ആവശ്യത്തിന് ജലസേചന സൗകര്യവും ഒരുക്കിയാണ് കൃഷി . സമ്പൂർണ ജൈവകൃഷിയാണ്  ഇവിടെ നടപ്പാക്കുന്നത് . വന്യമൃഗങ്ങളിൽ നിന്ന് സംരക്ഷണം നൽകാൻ ചുറ്റും സോളാർ ഫെൻസിംഗ് ഒരുക്കിയിട്ടുണ്ട്. വർഷം മുഴുവൻ കൃത്യമായി വിളവ് ലഭിക്കാനായി വിവിധ സമയങ്ങളിലായിട്ടാണ് തൈകൾ നട്ടിരിക്കുന്നത്.  വിവിധ പ്രായത്തിലുള്ള തൈകളെ നാല് ബ്ലോക്കുകളായി തരംതിരിച്ചിട്ടുണ്ട് . ഒരു ബ്ലോക്കിലെ വിളവ് തീരുമ്പോൾനിന്ന് അടുത്ത ബ്ലോക്കിൽ നിന്നു വിളവ് ലഭിക്കും. അടിസ്ഥാനസൗകര്യങ്ങളും തൈകളും  ഉൾപ്പെടെ നൂതന  മാർഗങ്ങളിലൂടെ കൃഷി ഇവിടെ ഇറക്കാനായി 5 ഏക്കറോളം സ്ഥലത്തിന് ഏകദേശം 70 ലക്ഷത്തോളം രൂപ ചെലവായിട്ടുണ്ട്. ആവർത്തന കൃഷികൾ ചെയ്യാൻ ഇനി ഇത്രയും വലിയ തുകയുടെ ആവശ്യമില്ല. 

സ്ട്രോബറി കൃഷി ചെയ്യാൻ കൃഷിയിടത്തിലെ മണ്ണൊരുക്കൽ ആണ് ആദ്യഘട്ടം.  മണ്ണ് കിളച്ചു ഇളക്കുകയാണ് ആദ്യം ചെയ്യുക. മണ്ണിന് നല്ല ഇളക്കം കിട്ടാനായി പിന്നീട് ചാണകവുമായി ചേർത്ത് ഒന്നുകൂടി മണ്ണ് ഇളക്കും.  തുടർന്ന് ഒരു മാസത്തോളം ഇളക്കിയ മണ്ണ് അങ്ങനെതന്നെ ഇടും. ബെഡ് ഒരുക്കിയാണ് സ്ട്രോബറി തൈകൾ നടുന്നത്.  ജലസേചനത്തിന് തുള്ളിനന രീതിയാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്.  ഇതിനുവേണ്ട പൈപ്പ് ലൈനുകൾ ബെഡിൽ ക്രമീകരിച്ച ശേഷം മൾച്ചിങ്ങ് ഷീറ്റുകൾ വിരിക്കും. ഒരടി നീളവും ഒരടി വീതിയും ആണ് തൈകൾ തമ്മിലുള്ള അകലം.  കൃഷിയുടെ ആരംഭ സമയങ്ങളിൽ സ്ട്രോബറി തൈകൾ പൂനെയിൽ നിന്ന് മേടിച്ചു കൊണ്ടുവന്നാണ് നട്ടിരുന്നത് . പിന്നീട്  ആവശ്യത്തിന് തൈകൾ ഇവിടെ ഉൽപാദിപ്പിക്കാൻ തുടങ്ങി .

മൂപ്പായ  ചെടികളിൽ നിന്നു വള്ളി മുറിച്ചാണ് തൈകൾ ഉണ്ടാക്കിയെടുക്കുന്നത്.  മുറിച്ചെടുത്ത വള്ളികൾ ട്രേയിൽ വച്ച് നഴ്സറിയിൽ 50 മുതൽ 60 ദിവസം വരെ വളർത്തിയ ശേഷമാണ്  ബെഡിലേക്ക് നടാൻ എടുക്കുന്നത്. ഇത്ത്ലി ഇനത്തിൽപ്പെട്ട തൈയാണ് ഇവിടെ നടാൻ ഉപയോഗിക്കുന്നത്.  സ്ട്രോബറി ചെടികൾക്ക് ഓർഗാനിക് വളങ്ങൾ മാത്രമാണ് ഇവിടെ നൽകുന്നത്. നാനോ ബയോ കംപ്ലീറ്റ് പ്ലാൻറ് ഫുഡ് എന്ന ജൈവവളം വെഞ്ച്വറി സംവിധാനം വഴി ഡ്രിപ്പിലൂടെ തൈകൾ നട്ട് 25 ദിവസമാകുമ്പോൾ ആദ്യം നൽകും . പിന്നീട് 50 ദിവസം വളർച്ചയെത്തുമ്പോൾ ഒരിക്കൽ കൂടി വളം നൽകും.  ഇങ്ങനെ ഒരു സ്ട്രോബറി കൃഷിയിൽ രണ്ടു പ്രാവശ്യം മാത്രമാണ് വളപ്രയോഗം. വൈകുന്നേരങ്ങളിലാണ് പൊതുവേ ജലസേചനം .വെയിൽ കൂടുതൽ ഉണ്ടെങ്കിൽ മാത്രം ദിവസം രണ്ടുനേരം നനയ്ക്കും. 

ജലത്തിന്റെ ലഭ്യതയ്ക്കായി കുഴൽകിണർ, കുളം, ചെറിയ ഒരു അരുവിയിലൂടെ ഒഴുകിയെത്തുന്ന ജലം എന്നിവ വലിയൊരു കുളത്തിലേക്ക് സംഭരിക്കുകയാണ് ഇവിടെ.  7 ലക്ഷം ലിറ്റർ സംഭരണശേഷിയുണ്ട് ഈ കുളത്തിന് . ബെഡിലേക്ക് തൈകൾ നട്ടു 50 ദിവസമാകുമ്പോഴേക്കും സ്ട്രോബറി ചെടികൾ പൂവിട്ട് തുടങ്ങും.  ഈ പൂക്കൾ മുറിച്ചു കളയും . കരുത്തോടെ ചെടികൾ വളർന്നു വരാൻ ആണിത്.  70 ദിവസം വളർച്ച എത്തുമ്പോഴാണ്  പൂക്കൾ നിലനിർത്താനും വളരാനും അനുവദിക്കുന്നത് . കരുത്തോടെ വളർന്നുവരുന്ന പൂവിൽ നിന്ന് 10 ദിവസം കൊണ്ട് സ്ട്രോബറി കായ രൂപപ്പെടും.  പിന്നീട് 15 ദിവസംകൊണ്ട് പഴുത്ത സ്ട്രോബറി വിളവെടുക്കാം. 40 ദിവസമാണ് വിളവെടുപ്പിൻ്റെ ദൈർഘ്യം .

ഒരു ചെടിയിൽനിന്ന് ശരാശരി 250 ഗ്രാമോളം സ്ട്രോബറി ലഭിക്കും.  ഒരു വർഷത്തിൽ ഇങ്ങനെ മൂന്നുനാല് പ്രാവശ്യം വിളവെടുക്കാം . ഏകദേശം 140 ദിവസത്തോളം നീളും ഒരു ചെടിയുടെ കാലഘട്ടം.  ഈ സമയംകൊണ്ട് സ്ട്രോബറി പഴം വിളവെടുത്ത തീരും. തുടർന്ന് പടർന്നുനിൽക്കുന്ന ചെടികളുടെ ഇലകളും ശിഖരങ്ങളും മുറിച്ചുമാറ്റുകയാണ് ചെയ്യുക. കൂടുതൽ കരുത്തോടെ അടുത്ത വിളവെടുപ്പിനായി ചെടികൾ വളർന്നു വരാൻ ആണിത് . 50 ദിവസം പിന്നിടുമ്പോൾ വീണ്ടും സ്ട്രോബറി വിളവെടുക്കാൻ ആകും . ഇങ്ങനെ ഒന്നര മുതൽ രണ്ടു വർഷം വരെയാണ് ഒരു സ്ട്രോബെറി ചെടിക്ക് ലഭിക്കുന്ന ആയുസ്സ്. കൃഷിക്ക് തണുത്ത കാലാവസ്ഥ നിർബന്ധമാണ് . എങ്കിൽമാത്രമേ ചെടികൾ പൂവിടുകയും സ്ട്രോബറി കായ പിടിക്കുകയും ചെയ്യുകയുള്ളൂ.

ചെടികൾക്ക് മഞ്ഞപ്പ് രോഗവും  പുള്ളികളായി ഓട്ട വീണു ഇലകൾ കരിഞ്ഞുപോകുന്ന രോഗവുമാണ് പ്രധാന ഭീഷണികൾ. ചിലസമയങ്ങളിൽ പ്രത്യേകതരം പുഴുക്കൾ വന്ന തണ്ട് മുറിച്ചു കളയും. ജൈവ മരുന്നുകളാണ് ഇതിനെല്ലാമുള്ള പ്രതിരോധ മാർഗ്ഗങ്ങളായി ഇവിടെ സ്വീകരിക്കുന്നത്.

30 മുതൽ 50 കിലോവരെ സ്ട്രോബറി പഴങ്ങൾ ഇവിടെ ദിവസവും വെള്ളം എടുക്കാറുണ്ട്. നിലവിൽ തിരുവനന്തപുരം എറണാകുളം തുടങ്ങിയ നഗരങ്ങളിലേക്കാണ് സ്ട്രോബറി പഴം കയറ്റി അയയ്ക്കുന്നത്. വട്ടവട സ്ട്രോബറി എന്നപേരിൽ പ്രത്യേകമായി ബ്രാൻഡ് ചെയ്തു 200 ഗ്രാം ബോക്സുകളിൽ ആക്കിയാണ് വില്പന. 110 രൂപയാണ് ഒരു ബോക്സിൻ്റെ വില. ഫസ്റ്റ് ക്വാളിറ്റിയാണ് ബോക്സുകളിൽ ആക്കി അയയ്ക്കുന്നത്. നിറം, വലുപ്പം, ആകൃതി, ജ്യൂസി പ്രതലം എന്നിവയൊക്കെയാണ് സ്ട്രോബറി പഴത്തിന്റെ ഗുണനിലവാരം  നിശ്ചയിക്കുന്നത് .