വെടിവച്ചുകൊല്ലല്‍ ഇവിടെ വിനോദമാണ്

പരസ്യമായി ഒരു കുപ്പി ബിയര്‍ കഴിച്ചാല്‍ നിങ്ങള്‍ ജയിലിലാവും. ഷര്‍ട്ടിടാതെ പൊതു നിരത്തില്‍ നടന്നാലും നിങ്ങള്‍ ജയിലിലാവും. ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡീഗ്രോ ഡ്യൂടേർട്ടിന്‍റെ ലഹരിവിരുദ്ധ പോരാട്ടം രാജ്യത്ത് അടിയന്തരാവസ്ഥയുടെ പ്രതീതി സൃഷ്ടിക്കുകയാണ്. ഏകാധിപതി ഫെര്‍ഡിനാന്‍‍‍ഡ് മാര്‍ക്കോസിന്‍റെ ഇരുണ്ടകാലത്തെ ഓര്‍മിപ്പിക്കുന്നതാണ് ഡ്യൂടേര്‍ട്ടിന്‍റെ ഭരണം. ഇതുവരെ നാലായിരത്തി അഞ്ഞൂറുപേരെയാണ് പൊലീസ് വെടിവച്ചു കൊന്നത്. പ്രസിഡന്‍റിനെതിരയുള്ള ജനവികാരം എപ്പോള്‍ വേണമെങ്കിലും വന്‍ പൊട്ടിത്തെറിയിലേക്ക് നീങ്ങിയേക്കാം.

ഫിലിപ്പൈന്‍സിന്‍റെ ഏറ്റവും വലിയ ശാപമായ ലഹരിമാഫിയയെ ഇല്ലായ്മ ചെയ്യും എന്ന വാക്ക് കേട്ട് തന്നെയാണ് ജനം 2016ല്‍ റോഡ്രിഗോ ഡ്യുടേര്‍ട്ടിനെ ഭരണചക്രം ഏല്‍പിച്ചത്. പക്ഷെ അത് ഇത്തരമൊരു പുലിവാലാകുമെന്ന് അവര്‍ പ്രതീക്ഷിച്ചില്ല. രക്തക്കൊതിയനായ ഡ്യൂട്ടേര്‍ട്ട് കണ്ണില്‍ക്കണ്ടവരെയെല്ലാം കൊന്നുതള്ളാന്‍ തുടങ്ങി. ഫിലിപ്പീൻസിലെ 30 ലക്ഷത്തോളം ലഹരി വിൽപനക്കാരെയും ലഹരി ഉപയോഗിക്കുന്നവരെയും കൊന്നൊടുക്കുന്നതിൽ തനിക്കു സന്തോഷമേയുള്ളൂവെന്നാണ്  സ്ഥാനമേറ്റയുടന്‍ പ്രസിഡന്‍റ് പറഞ്ഞത്.  

താൻ ഹിറ്റ്ലറുടെ കസിൻ ആണെന്നു പലരും പറയാറുണ്ടെന്നു സൂചിപ്പിച്ച ഡ്യൂടേർട് 'ജർമനിക്കു ഹിറ്റ്ലർ ഉണ്ടായിരുന്നെങ്കിൽ, ഫിലിപ്പീൻസിനും ഉണ്ടാകും' എന്നും പ്രഖ്യാപിച്ചു. ഡാവോ  നഗരത്തിലെ മേയറായിരിക്കുമ്പോള്‍ ലഹരിമരുന്നു വിൽപനക്കാരെയും കുറ്റവാളികളെയും താന്‍ നേരിട്ട് വെടിവച്ചുകൊന്നിട്ടുണ്ട് എന്ന് വെളിപ്പെടുത്തിയ പ്രസിഡന്‍റ്  വന്‍ ഹീറോ പരിവേഷം നേടാന്‍ ശ്രമിച്ചു.

അതെല്ലാം കയ്യടിച്ച് സ്വീകരിച്ച ഫിലിപ്പൈന്‍സുകാര്‍ വന്‍ദുരന്തം ക്ഷണിച്ചുവരുത്തുകയായിരുന്നു. അധികാരമേറ്റ് ആറുമാസത്തിനുള്ളില്‍ അധികാരമേറ്റശേഷം ലഹരിവേട്ടയുടെ ഭാഗമായി 3100 പേരാണു കൊല്ലപ്പെട്ടത്. അമേരിക്കയും യൂറോപ്യന്‍ യൂണിയനും തുടക്കത്തിലേ ഈ മനുഷ്യക്കുരുതിക്കെതിരെ രംഗത്തുവന്നു.

പക്ഷെ ഓപ്പറേഷന്‍ ഡബിള്‍ ബാരലുമായി ഡ്യുടേര്‍ട്ട് മുന്നോട്ടു പോയി. രാജ്യത്തിന്‍റെ വിവിധ മേഖലകളില്‍ ചോരപ്പുഴയൊഴുകി. ലഹരി കടത്തുകാരെന്ന് സംശയിക്കുന്ന ഏതൊരാളെയും പൊലീസ് വെടിവച്ചിട്ടു. ഡാവോയില്‍ മുമ്പുണ്ടായിരുന്ന ഡ്യുടേര്‍ട്ടിന്‍റെ മരണദൂതന്‍മാര്‍ നഗര, ഗ്രാമ വ്യത്യാസമില്ലാതെ എല്ലായിടത്തും കടന്നു ചെന്നു. തെരുവുകള്‍ യുദ്ധക്കളമായി. നിങ്ങള്‍ ലഹരി ഉപയോഗിച്ചാല്‍ കൊന്നു കളഞ്ഞേക്കാനാണ് എന്‍റെ ഉത്തരവ് , ഒരു സംശയവുമില്ല, മനുഷ്യാവകാശങ്ങളൊന്നും എനിക്ക് പ്രശ്നമല്ല, പരസ്യമായി ജനങ്ങളോട് പറഞ്ഞു പ്രസിഡന്‍റ്. 

വേഷപ്രച്ഛന്നരായി എത്തുന്ന പൊലീസ് ലഹരി ഉപയോഗിക്കുന്നവരെന്നോ കടത്തുന്നവരെന്നോ സംശയിക്കുന്നയാളുകളെ ഒരു ദയയുമില്ലാതെ വെടിവച്ചിടും. എല്ലാം നിമിഷങ്ങള്‍ക്കുള്ളില്‍ കഴിയുമ്പോള്‍ കൊല്ലപ്പെടുന്നവരുടെ കുടുംബാംഗങ്ങള്‍ക്ക് നിസഹായരായി നോക്കി നില്‍ക്കാനെ തരമുള്ളൂ. 

കടുത്ത മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ച് രാജ്യാന്തര ക്രിമിനല്‍ കോടതി നടപടി നേരിടാനൊരുങ്ങുമ്പോഴാണ് ഡ്യുടേര്‍ട്ടിന്‍റെ ഈ ന്യായീകരണ ശ്രമം. രാജ്യത്തെ ലഹരിമാഫിയയുടെ കൈകളില്‍ നിന്ന് മോചിപ്പിക്കുക എന്ന വലിയ ദൗത്യമാണ് താന്‍ പൂര്‍ത്തിയാക്കാനൊരുങ്ങുന്നതെന്നാണ് അദ്ദേഹത്തിന്‍റെ പക്ഷം. അതിനിടയില്‍ ചിലപ്പോള്‍ നിയമവിരുദ്ധ കൊലപാതകങ്ങളുണ്ടാവാം. കൊന്നുകൊതിതീരാത്ത പ്രസിഡന്‍റിന് അതൊരു പ്രശ്നമേയല്ല. വിമര്‍ശനങ്ങള്‍ ശക്തമായതോടെ ചില കൊലപാതകങ്ങള്‍ ഏറ്റുമുട്ടലിനിടയില്‍ സംഭവിച്ചതെന്ന് വരുത്താന്‍ ശ്രമിച്ചു പൊലീസ്. 

എന്നാല്‍ ഹ്യൂമന്‍ റൈറ്റ്സ് വാച്ച് പോലുള്ള സംഘടനകള്‍ നേരിട്ട് നടത്തിയ അന്വേഷണത്തില്‍ ഇവയെല്ലാം വ്യാജഏറ്റുമുട്ടലുകളായിരുന്നെന്ന് വ്യക്തമായി. ലഹരിമാഫിയ പരസ്പരം ഏറ്റുമുട്ടിയതെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ട പലസംഭവങ്ങളിലും വേഷംമാറി വന്ന പൊലീസ് തന്നെയായിരുന്നു കൊലപാതകികളെന്നും വ്യക്തമായി.  

ബോധവല്‍ക്കരണവും ലഹരിമുക്ത കേന്ദ്രങ്ങളുമടക്കം ജനങ്ങളെ വിശ്വാസത്തിലെടുത്തുള്ള ലഹരിവിരുദ്ധപോരാട്ടത്തിന് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുണ്ടെങ്കിലും പ്രസിഡന്‍റിന് താല്‍പര്യം കൂട്ടക്കൊലകളോടാണ്. പക്ഷേ ഇതിന്‍റെ പ്രതികാരമേറ്റുവാങ്ങുന്നത് പ്രാദേശികഭരണകൂടങ്ങളാണ്. നോർത്തേൺ ജനറൽ ടിനിയോ ടൗൺ മേയർ ഫെർഡിനാന്റ് ബോട്ടെയും  ടനൗൻ  മേയർ അന്റോണിയോ ഹലീലിയോയുമെല്ലാം ഇത്തരത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരാണ്. 

രണ്ടായിരത്തി അഞ്ഞൂറിലേറെ പേരാണ് ഇത്തരത്തില്‍  ‌അജ്ഞാതരുടെ തോക്കിന് ഇരയായത് .21 വർഷത്തെ അഴിമതി ഭരണത്തിലൂടെ  ഫിലിപ്പീൻസിനെ  തകര്‍ത്ത ഏകാധിപതി    ഫെർഡിനാന്റ് മർക്കോസിനെ പുറത്താക്കിയ   ജനശക്‌തി വിപ്ലവത്തിന്‍റെ ഓര്‍മകളിലേക്ക് രാജ്യത്തെ നയിക്കുന്നതാണ് ഡ്യുടേര്‍ട്ടിന്‍റെ ലഹരിവിരുദ്ധ പോരാട്ടം.