പിറന്നാൾ ഗംഭീരമാക്കി; ഷിയുടെ വിരുന്നുകാരനായി കിം

ഡോണള്‍ട് ട്രംപിന് കൈകൊടുത്ത് കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. എന്തെങ്കിലും തീരുമാനം വേണ്ടേ ? പറഞ്ഞുവന്നത് ഉത്തരകൊറിയയുടെ ചെയര്‍മാന്‍ കിം ജോങ് ഉന്നിനെക്കുറിച്ചാണ്. ട്രംപ് പറഞ്ഞ കാര്യങ്ങളില്‍ നടപടിയാകുമോ , ഇല്ലെങ്കില്‍ എന്ത് ചെയ്യണം എന്നെല്ലാം ആലോചിക്കാന്‍ കിം വീണ്ടും ഉറ്റ ചെങ്ങാതി ഷി ചിങ്  പിങ്ങിനെ കാണാനെത്തി.  കിജോങ് ഉന്നിന്‍റെ മുപ്പത്തിയഞ്ചാം പിറന്നാള്‍ ദിനത്തില്‍ ബീയ്ജിങ്ങില്‍ നടന്ന കൂടിക്കാഴ്ചയിലേക്ക്

പിറന്നാള്‍ ആഘോഷിക്കാന്‍ മാത്രമല്ല അതിര്‍ത്തി കടന്ന് കിം ജോങ് ഉന്‍ ബീയ്ജിങ്ങിലെത്തിയത്. തന്‍റെ ആശങ്കകളും മുന്നോട്ടുള്ള നിലപാടുകളും   എക്കാലത്തെയും കൈത്താങ്ങായ ഷി ചിങ് പിങ്ങുമായി ചര്‍ച്ച ചെയ്യാന്‍ കൂടിയാണ്.  ഉത്തരകൊറിയയുടെ സമ്പൂര്‍ണ ആണവനിരായുധീകരണത്തിന് ധാരണയായിരിക്കുന്നു. സിംഗപൂര്‍ കരാറിനെക്കുറിച്ച് പ്രസിഡന്‍റ് ട്രംപ് ലോകത്തോട് പറഞ്ഞത് ഇതാണ്. പക്ഷേ , ഇത് സാധ്യമാവാന്‍ അമേരിക്കയില്‍ നിന്ന് ഉത്തരകൊറിയ തിരിച്ച് പ്രതീക്ഷിച്ചതും കരാറിന്‍റെ ഭാഗമാണ്. ഇക്കാര്യത്തെക്കുറിച്ച് ട്രംപ് മൗനം പാലിച്ചു.

ഇന്നും അതേ മൗനം തുടരന്നുതാണ് യുഎസ് ഉത്തരകൊറിയ ബന്ധത്തെ സിംഗപൂരില്‍ നിന്ന് ഒരടി മുന്നോട്ടു കൊണ്ടുപോവാത്തത്. ഉപരോധങ്ങൾ പിൻവലിക്കാതെ നിരായുധീകരണത്തെക്കുറിച്ച് ചിന്തിക്കില്ലെന്ന് ഉത്തര കൊറിയ യുഎൻ പൊതുസഭയിൽ വ്യക്തമാക്കിയിരുന്നു. സിംഗപൂര്‍ ചര്‍ച്ചകളുടെ മുഖ്യ ഇടനിലക്കാരനായിരുന്ന ദക്ഷിണകൊറി.ന്‍ പ്രസിഡന്‍റ് മൂണ്‍ ജെ ഇന്‍ പറഞ്ഞതും അതാണ്. പ്യോങ്യാങ്ങിനെ വിശ്വാസത്തിലെടുക്കാന്‍ വാഷിങ്ടണ്‍ എന്തെങ്കിലും ചെയ്തേ മതിയാകൂ. 

ആണവസായുധങ്ങള്‍ ഉപേക്ഷിച്ചാലും രാജ്യസുരക്ഷയ്ക്ക് ഭീഷണിയില്ല എന്ന ഉറപ്പാണ് കിം പ്രതീക്ഷിക്കുന്നത്. ദരിദ്രവും ദുര്‍ബലവുമായ, ഒറ്റപ്പെട്ട ഒരു രാജ്യം ആകെയുള്ള ശക്തിയായ ആണവായുധങ്ങള്‍ വെറുതെയങ്ങ് ഉപേക്ഷിക്കാന്‍ തയാറാവുമെന്ന് ട്രംപ് ഭരണകൂടം പ്രതീക്ഷിക്കുന്നത് അതിമോഹമാണെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. കിം ജോങ് ഉന്നുമായുള്ള ട്രംപിന്‍റെ രണ്ടാം കൂടിക്കാഴ്ച ഉടനുണ്ടാകുമെന്ന് വാഷിങ്ടണ്‍ ആവര്‍ത്തുന്നുണ്ട്.

ഒരു തവണ കൂടി കാണണമെന്നാവശ്യപ്പെട്ട് കിം , ട്രംപിന് കത്തുമയച്ചു.  എന്നാല്‍ ആണവ നിരായുധീകരണത്തിനായി ഉത്തര കൊറിയ സ്വീകരിച്ച നടപടികളുടെ വിവരങ്ങൾ ഉച്ചകോടിക്കു മുൻപു ലഭിക്കണമെന്നാണ് വാഷിങ്ടന്‍റെ ആവശ്യം.  ഡോണൾഡ് ട്രംപിന്റെ ആദ്യ ഭരണകാലാവധിക്കുള്ളിൽ തന്നെ ഉത്തര കൊറിയയിൽ ആണവ നിരായുധീകരണം യാഥാർഥ്യമാക്കുമെന്നു കിം ജോങ് ഉൻ പറഞ്ഞിട്ടുണ്ട്. പക്ഷേ ഉപരോധങ്ങള്‍ നീക്കുന്ന കാര്യത്തില്‍ അമേരിക്ക വാക്ക് പാലിക്കണമെന്ന് ഉൗന്നിപ്പറഞ്ഞു ചെയര്‍മാന്‍.

സിംഗപൂര്‍ ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ ചിലതെല്ലാം പ്രായോഗികമാക്കുകയും ചെയ്തിട്ടുണ്ട് ഉത്തരകൊറിയ.  മിസൈല്‍ പരീക്ഷണങ്ങള്‍ അവസാനിപ്പിച്ചു, ആണവപദ്ധതികള്‍ക്കുമേല്‍ രാജ്യാന്തര നിരീക്ഷണം അനുവദിക്കുന്നതിനുള്ള നടപടികളും തുടങ്ങി.  ഉപരോധങ്ങള്‍ നീക്കലും കൊറിയന്‍ ഉപദ്വീപില്‍ നിന്നുള്ള അമേരിക്കയുടെ സൈനിക പിന്‍മാറ്റവുമാണ് തിരികെ പ്രതീക്ഷിക്കുന്നത്. ഇക്കാര്യങ്ങളില്‍ പക്ഷേ വാഷിങ്ടണ്‍ ഒന്നും പറയുന്നില്ല. സാമ്പത്തിക പ്രതിസന്ധിയില്‍ ഞെരുങ്ങുന്ന ഉത്തരകൊറിയയാണ് ആവശ്യക്കാര്‍. 

ഇപ്പോഴത്തെ നീക്കങ്ങള്‍ക്ക് പ്രചോദനമാവുന്നത് ഉത്തരകൊറിയ അമേരിക്ക തര്‍ക്കം മാത്രമല്ല, ചൈന അമേരിക്ക വ്യാപാരയുദ്ധം കൂടിയാണ്. മുഖ്യ സുഹൃത്തായ ചൈനയുമായി ആലോചിക്കാതെ കിം ജോങ് ഉന്‍ ഒരു ചുവടും വയ്ക്കില്ലെന്ന് നന്നായി അറിയാം വാഷിങ്ടണ്.  പ്യോങ്യാങ്ങിലെ വികൃതിപ്പയ്യനെ നിലയ്ക്കു നിര്‍ത്താന്‍ ഷി ചിന്‍ പിങ്ങിന്‍റെ സഹായം കൂടിയേ മതിയാകൂ.

കൊറിയന്‍ ഉപദ്വീപില്‍ സമാധാനം പുലരുന്നതിന് ക്രിയാത്മകവും ഗുണപരവുമായ പങ്ക് വഹിക്കാന്‍ പ്രസിഡന്‍റ് ഷി ചിന്‍ പിങ് തയാറാണ്. കിം ജോങ് ഉന്നിന്‍റെ മടക്കയാത്രയ്ക്ക് പിന്നാലെ ചൈനിസ് വാര്‍ത്താ ഏജന്‍സിറിപ്പോര്‍ട്ട് ചെയ്തു. നയതന്ത്രവും വ്യാപാരവും കൂട്ടിക്കുഴയ്ക്കുന്നത് രാജ്യാന്തര മര്യാദകള്‍ക്ക് നിരക്കുന്നതല്ലെന്ന് പറയും.

പക്ഷേ വാഷിങ്ടണും ബീയ്ജിങ്ങും ചെയ്യുന്നത് അതു തന്നെയാണ്.  ഉത്തരകൊറിയയെ മെരുക്കാന്‍ സഹായിച്ചാല്‍ ചൈനയോട് വിട്ടുവീഴ്ചയാവാമെന്ന് ഡോണള്‍ഡ് ട്രംപ് തന്നെയാണ് ആദ്യം പറഞ്ഞത്. ചൈനയെ കുറ്റപ്പെടുത്തുമ്പോളെല്ലാം ട്രംപ് ഉത്തരകൊറിയയുടെ കാര്യവും എടുത്തിടും. 

പുതുവര്‍ഷത്തിലെ ആദ്യ വിദേശസസന്ദര്‍ശനത്തിന് കിം ചൈന തിരഞ്ഞെടുത്തതും ഷി ചിന്‍ പിങ്ങിന്‍റെ റോള്‍ ഉയര്‍ത്തിക്കാണിക്കാന്‍ കൂടിയാണ്.  പത്തുമാസത്തിനിടെ നാലു തവണയാണ് കിം ബിയ്ജിങ്ങിലെത്തിയത്. വ്യാപാരമേഖലയില്‍ കൊമ്പുകോര്‍ക്കുമ്പോഴും നയതന്ത്രരംഗത്ത് ഷിയെ പൂര്‍ണമായി പിണക്കാന്‍ ട്രംപിനാവില്ല. സിംഗപൂര്‍ ഉച്ചകോടിക്ക് മുമ്പും കിം ഷി ചിന്‍പിങ്ങുമായി ചര്‍ച്ച നടത്തിയിരുന്നു.

അമേരിക്കന്‍ സമ്മര്‍ദങ്ങളെ അതിജീവിക്കാന്‍ ഉത്തരകൊറിയക്ക് കരുത്താവുന്നത് ചൈനീസ് പിന്തുണയാണ്ഉത്തരകൊറിയയെ  ഒറ്റപ്പെടുത്തി വരുതിക്ക് കൊണ്ടുവരിക എന്ന ട്രംപിന്‍റെ തന്ത്രത്തെ തകര്‍ക്കുന്നത് ചൈനയാണ്.  ഉത്തരകൊറിയയുടെ 90 ശതമാനം വ്യാപാര ഇടപാടുകളു ചൊനയുമായാണ്.  അതേസമയം,  ചൈനീസ് സമ്പദ്വ്യവസ്ഥയക്ക് വന്‍ തിരിച്ചടി സമ്മാനിക്കുന്ന  അമേരിക്കന്‍ വ്യാപാരയുദ്ധം തുടരാന്‍ ബിയ്ജിങ്ങിന് താല്‍പര്യമില്ല. 

അമേരിക്ക പഴയനിലപാടില്‍ തുടര്‍ന്നാലും ചൈനയെന്ന കരുത്താന്‍ ഇപ്പോളും കൂടെയുണ്ടെന്ന് തെളിയിക്കുകയാണ് പുതുവര്‍ഷത്തിലെ കിമ്മിന്‍റെ ചൈനീസ് സന്ദര്‍ശനം. ഡോണള്‍ഡ് ട്രംപുമായുള്ള കിമ്മിന്‍റെ രണ്ടാം ഉച്ചകോടിക്ക് പൂര്‍ണ പിന്തുണയുണ്ടാവുമെന്ന് പറഞ്ഞാണ് ഷി ചിന്‍ പിങ് അദ്ദേഹത്തെ യാത്രയാക്കിയത്. കിം ട്രംപ് രണ്ടാം ഉച്ചകോടി വേണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. പ്രത്യേകിച്ചും ദക്ഷിണകൊറിയ.

ദശകങ്ങളായി വളര്‍ന്നുവലുതായ അവിശ്വസ്ഥതയുടെ കെട്ടഴിക്കല്‍ എളുപ്പമല്ലെന്ന് സോളിനും ബോധ്യമുണ്ട്.  അഭിപ്രായ ഭിന്നതകളില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ടെന്നാണ് ചര്‍ച്ചകളുടെ ഇടനിലക്കാരനായ മൂണ്‍ ജെ ഇന്‍ കരുതുന്നത്.   കൗസങ്ങിലെ സംയുക്ത കൊറിയന്‍ വ്യാപാര പാര്‍ക്ക് തുറക്കണമെന്നും  ഉത്തരകൊറിയയിലേയ്ക്കുള്ള വിനോദസഞ്ചാരം പുനരാരംഭിക്കണമെന്നും മൂണ്‍ ജെ ഇന്നിന് താല്‍പര്യമുണ്ട്.ഇതിന് രണ്ടിനും ഉപാധികളില്ലാതെ വഴങ്ങാമെന്ന് കിം ജോങ് ഉന്നും സമ്മതിക്കുന്നു.

രാജ്യാന്തര  ഉപരോധങ്ങളാണ് ഇതിനെല്ലാം വിലങ്ങുതടിയാവുന്നത്.  കൊറിയന്‍ ഉപദ്വീപിലെ അമേരിക്കന്‍ സൈനിക സാന്നിധ്യം പൂര്‍ണമായി പിനന്‍വലിക്കുന്നതിനോട് പക്ഷേ മൂണ്‍ ജെ ഇന്‍ യോജിക്കുമോ എന്ന ചോദ്യവുമുണ്ട്.