കടല്‍ദൂരങ്ങള്‍ താണ്ടുന്ന സാഹസികത; ലോകം സല്യൂട്ടടിക്കുന്ന മലയാളി

സ്വപ്‌നലക്ഷ്യങ്ങൾ മുന്നിലുള്ളിടത്തോളംകാലം മനുഷ്യന്‍റെ സാഹസികയാത്രകള്‍ അവസാനിക്കുന്നില്ല.  ഇത്തരം അതിസാഹസികരുടെ ഒത്തുചേരലാണ് ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണം. പായ വിരിച്ച് നീങ്ങുന്ന നൗകയില്‍ കടലിനെ തോല്‍പ്പിച്ചുള്ള സ‍ഞ്ചാരം. ഒറ്റയ്ക്ക്, ഒരിടത്തും നിർത്താതെ കടലിലൂടെ ലോകം ചുറ്റി തുടങ്ങിയിടത്തു തിരിച്ചെത്തുകയാണ് ലക്ഷ്യം. പോയദിനങ്ങളില്‍ ഗോള്‍ഡന്‍ ഗ്ലോബ് വാര്‍ത്തകളില്‍ ഇടം പിടിച്ചത് ഇന്ത്യയുടെ അഭിമാനമായ നാവികന്‍ അഭിലാഷ് ടോമി അപകടത്തില്‍ പെട്ടതോടെയാണ്.

'കരയെ കരുതുന്ന നാവികനെ മഹാസമുദ്രം തോല്‍പിക്കും' ഏഴാംകടലിനെയും കീഴടക്കിയ ചരിത്രത്തിലെ അനശ്വരനായ  കടൽസഞ്ചാരി ക്രിസ്റ്റഫര്‍ കൊളംബസിന്റെ വാക്കുകളാണിത്. പരിണാമ കാലം മുതല്‍ തുടങ്ങിയതാണ് മനുഷ്യന് ആഴിയോടുള്ള അടങ്ങാത്ത പ്രണയം. കടല്‍ ദൂരങ്ങള്‍ കീഴടക്കിയുള്ള യാത്രകളില്‍ മനുഷ്യന്‍ കരകളെ അറിഞ്ഞു. നൂറ്റാണ്ടുകള്‍ പിന്നിടുമ്പോഴും കടലിനെ മെരുക്കി മുന്നേറുന്ന ലോകസഞ്ചാരികള്‍ക്ക് കുറവില്ല. ചക്രവാളപരപ്പും നക്ഷത്രങ്ങളും അനന്തമായ കടലും മാത്രമാണ് ഇവര്‍ക്ക് കൂട്ട്. ഭൂമിയെ ഓരോ തവണ വലംവയ്ക്കുമ്പോഴും ഒരായുഷ്കാലത്തിന്റെ അനുഭവങ്ങളാണ് ഇവര്‍ക്കുള്ള സമ്പാദ്യം. ഇത്തരം മഹാനാവികരുടെ ഒത്തുചേരലിന് ഒരുക്കിയതാണ് ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണം.

ഒറ്റയ്ക്ക് ഒരിടത്തും നിര്‍ത്താത സമുദ്രങ്ങള്‍ താണ്ടി തുടങ്ങിയിടത്തുതന്നെ തിരിച്ചെത്തുകയാണ് ഈ ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിന്റെ ലക്ഷ്യം. 18 നാവികരാണ് ഗോള്‍ഡന്‍ ഗ്ലോബില്‍ ഇത്തവണ ദേശാന്തരങ്ങള്‍ കീഴടക്കി യാത്രതിരിച്ചിരിക്കുന്നത്. കാറ്റു നയിക്കുന്ന വഴിയിലൂടെ, മഹാസമുദ്രങ്ങളും വെല്ലുവിളികൾ അലയടിക്കുന്ന മുനമ്പുകളും ചുറ്റി യാത്ര തുടങ്ങിയയിടത്തുതന്നെ ആദ്യം തിരിച്ചെത്തുന്നയാൾ വിജയി–.തിരിച്ചെത്തുമ്പോള്‍ ഓരോരുത്തരും മുപ്പതിനായിരം നോട്ടിക്കല്‍ മൈല്‍ പിന്നിടും. 1968ൽ ബ്രിട്ടിഷുകാരൻ സർ റോബിൻ നോക്സ് ജോൺസ്റ്റൺ നടത്തിയ കടൽപ്രയാണത്തിന്റെ അൻപതാം വാർഷികത്തിന്റെ ഭാഗമായാണ് ഇത്തവണത്തെ ഗോൾഡൻ ഗ്ലോബ് റേസ് അതുകൊണ്ടുതന്നെ 50 വർഷം മുൻപത്തെ കടൽ പര്യവേക്ഷണ സമ്പ്രദായങ്ങൾ മാത്രം ഉപയോഗിച്ചാണ് നാവികരുടെ സഞ്ചാരം. 

ഫ്രാന്‍സിലെ ലെ സാബ്ലെ ദൊലാനില്‍ നിന്ന് ജുലൈ ഒന്നിനാണ് നാവികര്‍ യാത്ര തുടങ്ങിയത്. അറ്റ്ലാന്റിക് സമുദ്രത്തിലൂടെ കിഴക്കോട്ട് സഞ്ചരിക്കുന്ന നാവികര്‍ അപകടം പതിയിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ മുനമ്പായ കേപ്പ് ഓഫ് ഗുഡ് ഹോപ്പ് പിന്നിടണം. തുടര്‍ന്ന ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ സഞ്ചരിച്ച് ഓസ്ട്രേയ ഏറ്റവും തെക്കുഭാഗത്ത് സ്ഥിതി ചെയുന്ന കേപ് ലിയൂ വിന്‍ മുനമ്പ് വഴി പസഫിക് സമുദ്രത്തിലേക്ക് കടക്കണം. ഒടുവില്‍ ചിലെയോട് ചേര്‍ന്നു കിടക്കുന്ന കേപ്പ് ഹോര്‍ണ്‍ പിന്നിട്ട് വീണ്ടും അറ്റ്ലാന്‍റിക്ക് സമുദ്രംവഴി വേണം ഫ്രാന്‍സില്‍ തിരിച്ചെത്താന്‍. 

50 വർഷം മുൻപത്തെ കടൽ പര്യവേക്ഷണ സമ്പ്രദായങ്ങൾ മാത്രം ഉപയോഗിച്ചുള്ള സാഹസിക യാത്രയാണിത്. ആധുനിക സജ്ജീകരണങ്ങളൊന്നും പായ്വഞ്ചിയിൽ ഇല്ല.. ഭൂപടവും വടക്കുനോക്കിയന്ത്രവും നക്ഷത്രങ്ങളും നോക്കി വേണം സഞ്ചാരത്തിന്റെ പാതയും ദിശയും തീരുമാനിക്കാന്‍. ആധുനിക കാലത്ത്  കാലാവ്സഥാ പ്രവചനങ്ങള്‍ക്കും തിരകള്‍ ഉയരുന്നതറിയാനുമെല്ലാം സംവിധാനങ്ങള്‍ ഉണ്ടെങ്കിലും ഇതെല്ലാം ഒഴിവാക്കിയാണ് നാവികരുടെ സഞ്ചാരം. സമുദ്രത്തിലെ കാലാവസ്ഥ ഭീകരമാണ്. ചിലയിടങ്ങളില്‍ മൈനസ് എഴ് ഡിഗ്രിക്ക് മുകളില്‍ വരെ കൊടും തണുപ്പ് അനുഭവപ്പെടും. മുന്നോട്ട് നീങ്ങുമ്പോള്‍ ചിലപ്പോള്‍ പേമാരിയായിരിക്കും. ഇതിനെല്ലാമപ്പുറം കൊല്ലുന്ന ചൂടിനെയും തരണം ചെയ്യണം. കടല്‍ ജീവീകളുടെ ആക്രമണത്തെ നേരിടുകയെന്നതും അതി സാഹസികമാണ് തിമിംഗലങ്ങളും കൊലയാളി സ്രാവുകളും മരണത്തെ അടുത്തെത്തിക്കും. ഒരായുഷ്കാലത്തില്‍ കാണാന്‍ സാധിക്കാത്ത കടലിലെ അത്ഭുത കാഴ്ചകളും നാവികരെ തേടിയെത്തും.

അതിസാഹസികയാത്രയില്‍ നാവികരുടെ ദിനചര്യകള്‍ അതിശകരമാണ്. ആഹാരം സ്വയം പാചകം ചെയ്‌തു കഴിക്കുകയാണ് പതിവ്. മാസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാവുന്ന ആഹാരസാധനങ്ങള്‍ കൈയ്യില്‍ കരുതും. ഇതില്‍ ഉണക്കമീന്‍ പ്രധാനമാണ്.വഞ്ചികളുടെ ടാങ്കില്‍ നിശ്ചിത ലീറ്റര്‍‌ കുടിവെള്ളവും കരുതും. പാചകത്തിന് കടല്‍വെള്ളം തന്നെ ശുദ്ധീകരിച്ച് ഉപയോഗിക്കും.കുളിക്കാനും കടല്‍വെള്ളം തന്നെ ഉപയോഗിക്കും.   

അതിസാഹസികയാത്രയില്‍ വഞ്ചിക്ക് കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്നും മറ്റ് ആരോഗ്യ കാരണങ്ങളാലും എഴുപേര്‍ പാതിവഴിയില്‍ യാത്ര ഉപേക്ഷിച്ചു.  ഒന്‍പത് പേര്‍ ഇപ്പോഴും യാത്ര തുടരുകയാണ്.  അപകടത്തില്‍ പെട്ടത് രണ്ട് വഞ്ചിയാണ്. അതില്‍ ഒന്നിലായിരുന്നു ഇന്ത്യയുടെ അഭിമാനമായ നാവികന്‍ അഭിലാഷ് ടോമി. ആധുനിക സംവിധാനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിയതിനാല്‍ തന്നെ അപകടം നേരത്തെ അറിയാന്‍ അഭിലാഷിന് സാധിച്ചിരുന്നില്ല. തിരമാലകള്‍ ഉയരുന്നത് മുന്‍കൂട്ടി അറിയാനുള്ള സംവിധാനവും അഭിലാഷിന്റെ പായ്‌വഞ്ചിയായ  തൂരിയയി ല്‍ഇല്ലായിരുന്നു. കടല്‍ക്ഷോഭത്തിന്റെ വിവരം സംഘാടകര്‍ അഭിലാഷിനെ അറിയിച്ചിരുന്നെങ്കിലും ദിശമാറ്റി രക്ഷപ്പെടാനുള്ള സാവകാശം ലഭിച്ചില്ല. 

കൊച്ചി കണ്ടനാട് സ്വദേശിയായ അഭിലാഷ്   2013ൽ നാവികസേനയുടെ സാഗർ പരിക്രമ 2 പ്രയാണത്തിലൂടെ, ഒറ്റയ്ക്ക് ഒരിടത്തും നിർത്താതെ കടലിലൂടെ പായ്‌വഞ്ചിയിൽ ലോകം ചുറ്റിവന്ന ആദ്യ ഇന്ത്യക്കാരൻ  എന്ന റെക്കോര്‍ഡ്   സ്വന്തമാക്കിയിരുന്നു.