എമ്മിയില്‍ ഗെയിം ഓഫ് ത്രോണ്‍സിന്‍റെ ‘ഗെയിം’; പെണ്‍ചിരിയും കിലുങ്ങി

അമേരിക്കന്‍ ടെലിവിഷന്‍ രംഗത്തെ ഓസ്കറായ എമ്മി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഗെയിം ഓഫ് ത്രോണ്‍സും ദി മാര്‍വലസ് മിസ്സിസ് മെയ്സലുമാണ് എഴുപതാമത് എമ്മി പുരസ്കാര നിശ കയ്യടക്കിയത്. മികച്ച ഡ്രാമ സീരിസ് അടക്കം ഒന്‍പത് പുരസ്കാരങ്ങളാണ് ജോര്‍ജ് ആര്‍. ആര്‍ മാര്‍ട്ടിന്റെ  നോവലിനെ ആസ്പഥമാക്കിയുള്ള പരമ്പര ഗെയിം ഓഫ് ത്രോണ്‍സ്  സ്വന്തമാക്കിയത്.   

എട്ടുവര്‍ഷം മുമ്പ് ആരാധകരുടെ ഹൃദയതാളമായി മാറിയ  ഗെയിം ഓഫ് ത്രോണ്‍സിന്റെ പശ്ച്ചാത്തല സംഗീതം ഒരിക്കല്‍ കൂടി എമ്മി അവാര്‍ഡ് നിശയില്‍ മുഴങ്ങി. നാലുവര്‍ഷത്തിനിടെ മൂന്നാം തവണയാണ് ഗെയിം ഓഫ് ത്രോണ്‍സ് മികച്ച പരമ്പരയ്ക്കുള്ള പുരസ്കാരം നേടുന്നത് . മികച്ച സഹനടനായത്  ടിറിയന്‍ ലാനിസ്റ്ററെ അനശ്വരമാക്കിയ പീറ്റര്‍ ഡിക്ലജ്. സഹതാരം നിക്കോളയ് കോസ്റ്റര്‍ വല്‍ഡാവുവിനെ മറികടന്നാണ് പീറ്റര്‍ ഡിങ്ക്ലജിന്റെ നേട്ടം.

ചമയം, വസ്ത്രാലങ്കാരം സംഗീതം , സംഘട്ടനം, വിഷ്വല്‍ ഇഫക്ടസ് എന്നിവയടക്കം ഒന്‍പത് പുരസ്കാരങ്ങള്‍ നേടി എമ്മിയില്‍ ഫാന്റസി പരമ്പരയുടെ  സമഗ്രാധിപത്യം.  

ഗെയിം ഓഫ് ത്രോണ്‍സിന്റെ തൊട്ടുപിന്നിലെത്തിയത്  അരങ്ങിലും അണിയറയിലും സ്ത്രീകള്‍ അണിനിരന്ന ദി മാര്‍വലസ് മിസിസ് മെയ്സലും. 1950കളില്‍ ജീവിച്ച ഒരു വീട്ടമ്മയുടെ കഥപറയുന്ന കോമഡി പരമ്പരയുടെ  രചനയും സംവിധാനവും നിര്‍വഹിച്ച്  ആമി ഷെര്‍മാന്‍ പല്ലാഡിനോ രണ്ടുപുരസ്കാരങ്ങള്‍ നേടി. മിസിസ് മെയ്സലിലെ പ്രകടനം  റെയ്ച്ചല്‍ ബ്രോസ്നഹാനെ മികച്ച നടിയും  അലക്സ് ബോര്‍സ്റ്റൈനെ സഹനടിയായും തിരഞ്ഞെടുത്തു.

എലിസബത്ത് രാജ്ഞിയുടെ കഥപറയുന്ന ദി ക്രൗണ്‍ പരമ്പരയിലെ അഭിനയത്തിന് ക്ലെയര്‍ ഫോയി ഡ്രാമ വിഭാഗത്തിലെ മികച്ച നടിയായി. ദി അമേരിക്കന്‍സിലെ മാത്യു റൗസാണ് മികച്ച നടന്‍. വര്‍ണവെറിയുടെ ഇരയായ അമ്മയുടെ കഥപറയുന്ന നെറ്റ്ഫ്ലിക്സ് പരമ്പര സെവന്‍ സെക്കന്‍സിലെ പ്രകടനം റെജിന കിങ്ങിനെ ലിമിറ്റഡ് സീരിസ് വിഭാഗത്തിലെ മികച്ച നടിയാക്കി. 

23 പുരസ്കാരങ്ങള്‍ വീതം നേടി എച്ച് ബി ഒയും നെറ്റ്ഫ്ലിക്സും ഒപ്പത്തിനൊപ്പം നിന്നു. മൈക്രോസോഫ്റ്റ് തിയറ്റിലെ വര്‍ണാഭമായ അവാര്‍ഡ് നിശയില്‍ താരമായത്  സംവിധായകന്‍ ഗ്ലെന്‍ വീസായിരുന്നു.  വെറൈറ്റി ഷോ വിഭാഗത്തില്‍ മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയ ഗ്ലെന്‍ വീസ് മറുപടി പ്രസംഗത്തിനിെട എല്ലാവരെയും ഞെട്ടിച്ചു . കാമുകി യാന്‍ സ്വെന്‍ഡ്സെനെ മൈക്രോസോഫ്റ്റ് തിയറ്ററിന്റെ വേദിയില്‍ നിന്ന് തന്‍റെ ജീവിത്തിലേക്ക് ക്ഷണിച്ചു ഗ്ലെന്‍ വീസ്.