കണ്ണീര്: ഇദ്‌‌ലിബിനപ്പുറം സിറിയ ബാക്കിയുണ്ടാകുമോ..? ആശങ്കയോടെ ലോകം

മധ്യപൂര്‍വദേശത്തിന്‍റെ  നടുവൊടിച്ച സിറിയന്‍ യുദ്ധം അന്തിമഘട്ടത്തിലാണ്.  വിമതരുടെ അവശേഷിക്കുന്ന ശക്തികേന്ദ്രമായ ഇദ്‌ലിബ് തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിലാണ് സിറയന്‍ സൈന്യവും സഖ്യകക്ഷികളായ ഇറാനും റഷ്യയും. ഇദ്‌ലിബിനെ വെറുതെവിട്ട് സിറിയയില്‍ അവശേഷിക്കുന്ന മനുഷ്യരോടെങ്കിലും കരുണകാട്ടണം എന്നാണ് അമേരിക്കയടക്കം രാജ്യാന്തരസമൂഹം ആവശ്യപ്പെടുന്നത്. ഇദ്‌ലിബ് കൂടി തകര്‍ന്നാല്‍ ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യദുരന്തത്തിലൂടെ യായിരിക്കും സിറിയ കടന്നപോകുക എന്ന് ഐക്യരാഷ്ട്രസഭയും മുന്നറിയിപ്പ് നല്‍കുന്നു.

സിറിയന്‍ മണിന് ചോരയുടെ മണമാണിന്ന്. ലക്ഷക്കണക്കിന് നിരപരാധികളുടെയും കുഞ്ഞുങ്ങളുടെയും രക്തംകൊണ്ട് കുതിര്‍ന്നിരിക്കുയാണ് ഈ മണ്ണ്. ഏഴ്‌വര്‍ഷമായി തുടരുന്ന യുദ്ധം അഞ്ച് ലക്ഷത്തിലേറെ പേരുടെ ജീവനെടുത്തു. കൊല്ലപ്പെട്ടവരില്‍ നാല് ലക്ഷത്തിലേറെ പേര്‍ ഒരു തെറ്റും ചെയ്യത്ത സ്ത്രീകളും കുട്ടികളും . രണ്ടുകോടി ജനങ്ങളുണ്ടായിരുന്ന രാജ്യത്ത് ഒന്നരക്കോടിയിലേറെ പേര് അഭയാര്‍ഥികളായി. അരലക്ഷത്തിലേറെ പേര്‍  പലയാനം ചെയ്തു. ബാക്കിയുള്ളവര്‍ രാജ്യത്തിനകത്തുതന്നെ  നിരാലംബരായി ജീവിക്കുന്നു.  സിറിയന്‍ യുദ്ധം നിര്‍ണായകഘട്ടത്തിലെത്തി നില്‍ക്കുകയാണ്. ഇനി വിമതരില്‍ നിന്ന് സര്‍ക്കാര്‍ തിരിച്ചുപിടിക്കേണ്ടത് ഇഡ്്ലിബ് മാത്രം.

ഇഡ്്്ലിബ്  പ്രവശ്യ. സിറിയയുടെ വടക്ക്പടിഞ്ഞാറ് തുര്‍ക്കിയുമായി അതിര്‍ത്തി പങ്കിടുന്ന മേഖല. ഇഡ്്ലിബില്‍  നിന്നുള്ള കാഴ്ചയാണ് ഇത്. അവശേഷിക്കുന്ന  വിമതര്‍ ഇവിടെ പരമാവധി ചെറുപ്പക്കാരെ ഒളിത്താവളങ്ങളില്‍ പരിശീലിപ്പിക്കുകയാണ്. ആയുധം ഉപയോഗിക്കാനും ചെറുത്തുനില്‍ക്കാനും .

നഗരത്തിന്റെ മറ്റൊരുഭാഗത്ത്  വിമതരെ പിന്തുണയ്ക്കുന്നവരും സന്നദ്ധസംഘടനാ പ്രവര്‍ത്തകരും ഒന്നിച്ച് പ്രതിഷേധിക്കുന്നു. ഇഡ്്ലിബ് ആഗ്രഹിക്കുന്നത് സമാധാനമാണ്.  ഇവിടെ ആക്രമിക്കരുതെന്ന് ജനങ്ങള്‍ ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നു. സിറിയയില്‍ അവശേഷിക്കുന്ന ജനത അഭയാര്‍ഥികളായി കഴിയുന്ന നഗരമാണ് ഇഡ്്ലിബ് . ഇന്നുള്ളതില്‍ എറിയ പങ്കും ഇവിടെ ജനിച്ചുവളര്‍ന്നവര്‍ അല്ല. യുദ്ധം തകര്‍ത്ത മറ്റ് ദേശങ്ങളില്‍ നിന്ന് സര്‍വതും നഷ്ടപ്പെട്ട് ജീവന്‍മാത്രം ബാക്കിയാക്കി പലായനം ചെയ്തവരാണ്.  ആകാശത്തുനിന്ന് വര്‍ഷിക്കുന്ന ബോബുകളെ നേരിടാനുള്ള ശേഷി ഇവര്‍ക്കില്ല. ഇവിടെ നടക്കുന്ന അന്തിമയുദ്ധം കുറഞ്ഞത് എണ്‍പതിനായിരം പേരുടെയെങ്കിലും ജീവന്‍ അപകടത്തിലാക്കും. അവശേഷിക്കുന്നവര്‍ മഹാദുരന്തത്തിന്റെ ഇരകളാകും.

ഇദ്‌ലിബിന്റെ ഭാവി തീരുമാനിക്കുന്നത് സിറിയന്‍ സൈന്യവും വിദേശശക്തികളുമാണ്. എല്ലാം നഷ്ടപ്പെട്ട മനുഷ്യരെ ജീവിക്കാനെങ്കിലും അനുവദിക്കണം എന്ന് ലോകം പറയുമ്പോഴും ഇഡ്്ലിബിനോട് വിട്ടുവീഴ്ച വേണ്ടെന്നു  തന്നെയാണ് സിറിയന്‍ സൈന്യത്തിന്റെ തീരുമാനം.  സിറയയില്‍ എന്ത് തീരുമാനം എടുക്കണം എന്ന് ചര്‍ച്ചചെയ്യാന്‍ ടെഹ്റാനില്‍ ത്രികക്ഷി സഖ്യത്തിന്‍റെ  നേതാക്കള്‍ ഒത്തുചേര്‍ന്നപ്പോള്‍ റഷ്യയും ഇറാനും കടുത്ത നിലപാടില്‍ നിന്ന് ഒരിഞ്ചുപോലും പിന്നോട്ട് പോയില്ല.

ഇദ്‌ലിബില്‍ സാധാരണക്കാരെ വെറുതെവിട്ട് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം എന്നാണ് അയല്‍ രാജ്യമായ തുര്‍ക്കി ആവശ്യപ്പെടുന്നത്. ഇതിന് കാരണമുണ്ട് .  സിറിയയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ പലയാനം ചെയ്തത് തുര്‍ക്കിയിലേക്കാണ്. അഭയാര്‍ഥികളെ താങ്ങാനാവാതെ അതിര്‍ത്തി അടയ്ക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ്  പ്രസിഡന്‍റ് തയിപ് എര്‍ദോഗന്‍. ഇദ്‌ലിബ് കൂടി തകര്‍ന്നാല്‍ അഭയാര്‍ഥി പ്രവാഹം ഇരട്ടിയാകുമെന്ന് തുര്‍ക്കി ആശങ്കപ്പെടുന്നു.

ഇദ്‌ലിബില്‍ ഏറിയപങ്കും സാധാരണക്കാരായ ജനങ്ങള്‍ തന്നെയാണെന്ന് സമ്മതിച്ച ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി പക്ഷെ സിറിയയില്‍ സമാധാനം സ്ഥാപിക്കാന്‍ ഇദ്‌ലിബ് തിരിച്ചുപിടിക്കേണ്ടത് അനിവാര്യമാണെന്ന് ഉറപ്പിച്ച് പറഞ്ഞു. ആയുധമേന്തിയവര്‍ മനുഷ്യരെ കവചങ്ങളാക്കി ഉപയോഗിക്കുകയാണെങ്കില്‍ അത് അവരുടെ വിധിയാണെന്നു തുറന്നടിച്ച പുട്ടിന്‍ അവസാന വിമതനെയും കൊന്നൊടുക്കുംവരെ ഇദ്‌ലിബില്‍ പോരാട്ടം തുടരുമെന്ന്‌വ്യക്തമാക്കി. 

അമേരിക്കയുടെ മുന്നറിയിപ്പിന് പുല്ലുവിലകൊടുത്താണ് പുടിന്‍ ഇഡ്ലിബില്‍ ആക്രമണം നടത്തും എന്ന് പ്രഖ്യാപിച്ചത്. സിറിയയില്‍ നിന്ന് യു.എസ്. സൈന്യം പിന്‍മാറണം എന്ന് ഇറാനും  താക്കീത് നല്‍കുന്നു. ഇദ്‌ലിബില്‍ രാസായുധപ്രയോഗത്തിന് സിറിയ കോപ്പുകൂട്ടുകയാണെന്നാണ് അമേരിക്ക പറയുന്നത്. വന്‍ശക്തിക്കള്‍ സിറിയക്കുമേല്‍ ഇങ്ങനെ പരസ്പരം പോരടിക്കുമ്പോള്‍ തകര്‍ന്ന് നാമവശേഷമായ ആ രാജ്യത്തിന്റെയും അവിടത്തെ ജനങ്ങളുടെയും ഭാവി ചോദ്യചിഹ്മാവുന്നു.

ടെഹ്റാനില്‍ ത്രികക്ഷി സംഗമം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ ചേര്‍ന്ന യു.എന്‍ രക്ഷാസമിതി യോഗഹത്തില്‍ സിറിയയിലെ യു.എന്‍ പ്രതിനിധി പറഞ്ഞതാണ് ഇത്. ഇദ്‌ലിബില്‍ എത് തരത്തിലുള്ള ആക്രമണം ഉണ്ടായാലും അത് വലിയപ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുനെന്ന് യു,എന്‍‌ തിരിച്ചറിയുന്നു. .ഇദ്‌ലിബ് ആക്രമണം ഒഴിവാക്കണം എന്നും ഇല്ലെങ്കില്‍ സിറിയ ഇതിന് വലിയ വിലകൊടുക്കേണ്ടിവരും എന്നും അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്  ട്വിറ്ററിലൂടെ മുന്നറിയിപ്പ് നല്‍കി. കൈവിട്ടചോരക്കളി ഒഴിവാക്കാന്‍ റഷ്യ മുന്നിട്ടിറങ്ങണം എന്നും ട്രംപ് പറഞ്ഞു. സാധാരണക്കാരെ കൊന്നൊടുക്കുന്നതിനെയാണ് തീവ്രവാദവിരുദ്ധപോരാട്ടം എന്ന് റഷ്യയും സിറിയയും പറയുന്നതെന്ന് യു.എന്നിലും അമേരിക്ക ആരോപിച്ചു.

അമേരിക്കയ്ക്കൊപ്പം അസദ് വിരുദ്ധചേരിയിലുള്ള രാജ്യങ്ങള്‍ക്കെല്ലാം ഇതേ അഭിപ്രായമായിരുന്നു.  തീവ്രവാദികളെ തുരത്താന്‍ ആയുധം ഉപയോഗിച്ചേമതിയാവു എന്നും മധ്യപൂര്‍വദേശത്തെ ആകെ സമാധാനത്തിലേക്ക് നയിക്കുകയാണ് ലക്ഷ്യം എന്നും ഇതിനിടയില്‍ ഉണ്ടാവുന്ന മറ്റ് പ്രത്യാഘാതങ്ങള്‍ മറന്നേക്കു എന്നും യു.എന്നിലും റഷ്യ നിലപാടെടുത്തു. 

അതിനിടെയാണ് സിറിയന്‍ സൈന്യം ഇദ്‌ലിബില്‍ രാസായുധ ആക്രമണത്തിന് പദ്ധതിയിടുന്നതായി അമേരിക്ക വെളിപ്പെടുത്തിയത്. ഇതിന് കൃത്യമായ തെളിവുകളുണ്ടെന്നും  അമേരിക്കന്‍ സ്ഥാനപതി പറഞ്ഞു. നേരത്തെ രാസായുധപ്രയോഗത്തില്‍ പ്രതിഷേധിച്ച് സിറിയയിലെ വിവിധ സ്ഥലങ്ങളില്‍ അമേരിക്കയും ഫ്രാന്‍സും ബ്രിട്ടനും ചേര്‍ന്ന്  ആക്രമണം നടത്തിയിരുന്നു. 

എന്നാല്‍ ആരോപണങ്ങളെ എല്ലാം തള്ളിയാണ് സിറയയും റഷ്യയും ഇറാനും മുന്നോട്ട് പോകുന്നത്. അസദ് കൂടുതല്‍ സൈന്യത്തെ ഇദ്‌ലിബിലേക്ക് അയച്ചു. ഇദ്‌ലിബില്‍ വ്യോമാക്രമണം തുടങ്ങിയതിന്റെ ദൃശ്യങ്ങള്‍ റഷ്യന്‍പ്രതിരോധമന്ത്രാലയവും പുറത്തുവിട്ടു.

ഇദ്‌ലിബിനുശേഷം സിറിയയുടെ ഭാവിയെന്താണ്.? തകര്‍ന്നടിഞ്ഞ ഈ രാജ്യത്തെ കരയറ്റാന്‍ ബഷാര്‍ അല്‍ അസദിന് സാധിക്കുമോ? അഭയാര്‍ഥികളാകുന്ന ലക്ഷങ്ങള്‍ എങ്ങോട്ടുപോകും.? യെമനും ലിബിയക്കും സമമായി മാറിക്കൊണ്ടിരിക്കുന്ന സിറിയയുടെ പട്ടിണി ആരകറ്റും? രാസായുധപ്രയോഗം പോലുള്ള ഹീനകൃത്യങ്ങള്‍ക്ക് തടയിടാന്‍ ലോകത്തിനാവില്ലേ ? ഈ ചെറുരാജ്യത്ത് ചോരപ്പുഴയൊഴുക്കുന്നത് ആര് അവസാനിപ്പിക്കും ? സിറിയയില്‍ ഉയരുന്ന ചോദ്യങ്ങള്‍ നിരവധിയാണ് .