തൊപ്പിക്കാർക്ക് മോചനം

ലോകത്തിനുമുന്നില്‍ കരയുന്ന സിറിയക്ക് കൈത്താങ്ങാണ് ജീവന്‍ പണയംവച്ച് പ്രവര്‍ത്തിക്കുന്ന വൈറ്റ് ഹെല്‍മെറ്റുകള്‍. സാധാരാണക്കാരുടെ പ്രതിരോധ സംഘടനയായ വൈറ്റ് ഹെല്‍മെറ്റുകളെയും ഒടുവില്‍ സിറിയയില്‍ നിന്ന് ഒഴിപ്പിച്ചു. തെക്കുപടിഞ്ഞാറന്‍ സിറിയയിലെ യുദ്ധമേഖകളില്‍ നിന്ന് ഗോലാന്‍ കുന്നുകള്‍ വഴി 422 സന്നദ്ധപ്രവര്‍ത്തകരെയും കുടുംബാംഗങ്ങളെയുമാണ് ഇസ്രേയല്‍ ഇടപെട്ട് രണ്ട് ദിവസത്തിനുള്ളുല്‍ ഒഴിപ്പിച്ചത്. ഇവരെ ജോര്‍ദാനിലേക്ക് മാറ്റി

ഗോലാന്‍ കുന്നുകള്‍ക്കരികിലൂടെ ജോര്‍ദാനിലേക്ക് പോകാനായി തയ്യാറെടുത്ത് നില്‍ക്കുകയാണ് ഈ ബസുകള്‍.  ഇസ്രേയലിന്റെ നേതൃത്വത്തില്‍ ഇരുട്ടിനെ മറയാക്കി ഇവിടെ നടക്കുന്നത് വലിയൊരു ഒഴിപ്പിക്കല്‍ നടപടിയാണ്. അതവാ ബോംബുകളില്‍ നിന്നും തോക്കിന്‍ കുഴലുകളില്‍ നിന്നും ഒരുപറ്റം ജനതയെ രക്ഷിക്കാനുള്ള ഊര്‍ജിതശ്രമം. നിമിഷങ്ങള്‍ക്കകമാണ് എല്ലാ ബസുകളും നിറഞ്ഞത്. ഇതില്‍ സാധാരണക്കാര്‍ക്കൊപ്പം കുടുംബവുമൊത്ത് അവരുമുണ്ടായിരുന്നു കരയുന്ന സിറിയയുടെ കണ്ണീരൊപ്പുന്ന വൈറ്റ് ഹെല്‍മെറ്റ്സ്.

ദക്ഷിണ സിറയയിലെ യുദ്ധമേഖലകളില്‍ നിന്ന് എണ്ണൂറോളം വൈറ്റ് ഹെല്‍െമറ്റ് സന്നദ്ധപ്രവര്‍ത്തകരെയും കുടുംബാങ്ങളെയുംമാണ് ഇസ്റയേലിന്റെ ഭാഗമായുള്ള ഗോലന്‍ കുന്നുകള്‍ വഴി അതിര്‍ത്തികടത്തിയത്. ഒരോ ബസിനും മുന്നിലും പിന്നിലും അകമ്പടിയായി ഇസ്രേയല്‍ സൈനികവാഹങ്ങളും യാത്രതിരിച്ചു. കുട്ടികളടങ്ങുന്ന കുടുംബങ്ങള്‍ക്ക് ബസിനുള്ളിനും ഇസ്രേയല്‍ സേന  സഹായങ്ങള്‍ ചെയ്തു. രക്ഷപ്പെടുത്തിയവരില്‍ 442പേരെ ജോര്‍ദാനിലേക്ക് മാറ്റി. അസദ് ഭരണകൂടം സൈന്യം പോരാട്ടം ശക്തമാക്കിയതോടെ ദക്ഷിണ സിറിയയില്‍ പലയിടങ്ങളിലായി കുടുങ്ങികിടക്കുയായിരുന്നു വൈറ്റ് ഹെല്‍മെറ്റ്സ്. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്,കാനഡ എന്നീരാജ്യങ്ങളുടെ നിര്‍ദേശപ്രകാരമാണ് വൈറ്റ് ഹെല്‍മെറ്റുകളെ ഇസ്രേയല്‍ ഡിഫന്‍സ് ഫോഴ്‍സിന്റെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തിയത്.

അഞ്ച് വര്‍ഷത്തിലേറെയായി തുടരുന്ന യുദ്ധം. മരിച്ചുവീണത് നാല്‌ലക്ഷക്കിലധികം വരുന്ന സാധാരണക്കാര്‍. അന്‍പത് ലക്ഷത്തിലേറെ പേര്‍ നാടും വീടുമുപേക്ഷിച്ച് പലായനം ചെയ്തു. ചെകുത്താന്റെ നാടായി മാറിയ സിറിയയില്‍ അവശേഷിക്കുന്ന ജനതയുടെ ഏക ആശ്രയമാണ് വൈറ്റ് ഹെല്‍മെറ്റ്സ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഈ മനുഷ്യക്കൂട്ടം. 2014ലാണ് വൈറ്റ് ഹെല്‍മെറ്റ്സ് രൂപീകരിക്കുന്നത്. സിറയന്‍ സേനയിലും വിമതസംഘടനകളിലും പ്രവര്‍ത്തിച്ചവര്‍ പലരും മനസ്മാറി വൈറ്റ് ഹെല്‍മെറ്റ് ധരിച്ചു

പോര്‍വിമാനങങ്ങളുടെ സാഫ് ഹെലികോപ്റ്ററുകളും ആകാശത്തുനിന്ന് ആക്രമിച്ച് ചാരമാക്കി പോകുന്ന ഇടങ്ങളിലെല്ലാം വൈറ്റ് ഹെല്‍മെറ്റുകള്‍ ഓടിയെത്തും. ‍ഞൊടിയിടയിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍. ഏറ്റവും കുറഞ്ഞസമയത്തിനുള്ളില്‍‌ കൂടുതല്‍ ജീവനുകള്‍ രക്ഷിക്കുകയാണ് ഇവരുടെ പ്രധാന വെല്ലുവിളി. സിറിയയില്‍ ജീവിക്കുന്ന ഓരോ വൈറ്റ് ഹെല്‍മെറ്റ് പ്രവര്‍ത്തകനും മരണത്തിനും ജീവിതത്തിനുമിടയില്‍ നിരവധി കഥകളാണ് പറയാനുള്ളത്. ഒറ്റ നിമഷംകൊണ്ട് അനാഥരായി പോകുന്ന പിഞ്ചുകുഞ്ഞുങ്ങളുടെ കരളലിയിക്കുന്ന ദൃശ്യങ്ങള്‍ ലോകത്തിന് കാട്ടിതന്നത് വൈറ്റ് ഹെല്‍മെറ്റുകളാണ്. 

തലനാരിഴയ്ക്ക് രക്ഷപ്പെട്ട അല്‍ഭുത ബാലന്‍മാരെയും വൈറ്റ് ഹെല്‍മെറ്റുകള്‍ കാണിച്ചുതന്നു. ജീവന്‍ രക്ഷിക്കുന്നതിനൊപ്പം വൈറ്റ് ഹെല്‍മെറ്റുകള്‍ പരുക്കേറ്റവര്‍ക്ക്  ആവശ്യമായ ചികില്‍സാ സഹായങ്ങള്‍ ലഭ്യമാക്കുന്നു. തകര്‍ന്നടിഞ്ഞ മേഖലകളില്‍ വെള്ളവും വൈദ്യുതി ബന്ധവും പുനഃസ്ഥാപിക്കുന്നു.  രാജ്യാന്തര സിവില്‍ ഡിഫന്‍സ് സംഘടനകളുമായോ സിറിയയിലെ ഔദ്യോഗിക സിവില്‍ ഡിഫന്‍സ് ഫോഴ്സുമായോ ഇവര്‍ക്ക്  ബന്ധമില്ല. ഇവര്‍‌ പ്രവര്‍ത്തിക്കുന്നത് സ്വതന്ത്രമായാണ്. വൈറ്റ് ഹെല്‍മെറ്റുകള്‍ക്ക് രാജ്യാന്തര സന്നദ്ധസംഘടനകളില്‍ നിന്നും വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകളില്‍ നിന്നുമാണ് സാമ്പത്തിക സഹായം ലഭിക്കുന്നത്. 

2014ല്‍ തുടങ്ങി ഒരു വര്‍ഷം പിന്നിട്ടതോടെ വൈറ്റ് ഹെല്‍മെറ്റുകള്‍ക്ക് അമേരിക്കയും ബ്രിട്ടനുമടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് ലഭിച്ചത് 30 മില്യണ്‍ ഡോളറാണ്. മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന വൈറ്റ് ഹൈല്‍മെറ്റ് സന്നദ്ധപ്രവര്‍ത്തകര്‍ക്ക് മാസവരുമാനയി 150 ഡോളര്‍ ലഭിക്കും. നൂറിലേറെ വനിതാ വൈറ്റ് ഹെല്‍മെറ്റുകളും പ്രവര്‍ത്തിക്കുന്നു. 2018വരെ ഒരു ലക്ഷത്തിലേറെ പേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചെന്നാണ് വൈറ്റ് ഹെല്‍മെറ്റുകള്‍ അവകാശപ്പെടുന്നത്. ഒപ്പം 204 രക്ഷാപ്രവര്‍ത്തകര്‍ക്ക് ജീവനും നഷ്ടപ്പെട്ടു 2016ല്‍ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടതോടെയാണ് വൈറ്റ് ഹെല്‍മെറ്റുകള്‍ ലോകശ്രദ്ധയാകര്‍ഷിച്ചത്. 

വൈറ്റ് ഹെല്‍മെറ്റ്സ് തീവ്രവാദികള്‍ക്ക് കുടപിടിക്കുന്നവരായാണ് സിറയയും റഷ്യയും മുദ്രകുത്തിയിരിക്കുന്നത്. അമേരിക്കയടക്കമുള്ള പാശ്ചാത്യരാജ്യങ്ങളുടെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന വൈറ്റ്ഹെല്‍മെറ്റുകള്‍ ഐ.എസ് എജന്റുകളാണെന്ന് ഇവര്‍ പലതവണ പറഞ്ഞുപരത്തി. റഷ്യന്‍ ടെലിവിഷന്‍ ൈവറ്റ് ഹെല്‍മെറ്റുകള്‍ക്കെതിരെ നടത്തിയത് കണക്കില്ലാത്ത അത്ര വ്യാജപ്രചാരണങ്ങളാണ്. 

2016ല്‍ വൈറ്റ് ഹെല്‍മെറ്റുകളെ മുന്‍ നിര്‍ത്തിയുള്ള ഡോക്യമെന്ററിക്ക് ഓസ്കര്‍ പുരകാരം ലഭിച്ചപ്പോള്‍ ബഷാര്‍ അല്‍ അസദ് പ്രതികരിച്ചത് ഇങ്ങനെയാണ്. 

ഒരുവശത്ത് സമാധാനവാഹകരെന്ന് നടിച്ച് മറുവശത്ത് മരിച്ചുവീഴുന്നവര്‍ക്കുമേല്‍ ആഹ്ലാദ നൃത്തം ചെയ്യുന്നവരാണ് വൈറ്റ് ഹെല്‍മെറ്റുകളെലന്നാണ് സിറിയന്‍ഭരണകൂടം ഇവരെ വിശേഷിപ്പിക്കുന്നത്. ഐ.എസിനൊപ്പം അല്‍ ഖ്വയ്തമുഖവും അസദ് ഇവര്‍ക്ക് ചാര്‍ത്തികൊടുക്കുന്നു

വൈറ്റ് ഹെല്‍മറ്റുകളെ ഇസ്രേയല്‍ രക്ഷപ്പെടുത്തി നാടുകടത്തിയത് ക്രിമിനല്‍ നടപടിയാണെന്നാണ് സിറിയ  പറയുന്നത്. ഇത് സിറിയയുടെ തീവ്രവാദവിരുധ പോരാട്ടങ്ങള്‍ അസ്ഥിരപ്പെടുത്തുമെന്നും പറയുന്നു. പ്രകോപനം ഉണ്ടാക്കുന്ന നടപടിയാണ് ഇസ്രേയല്‍ തുടങ്ങിവച്ചിരിക്കുന്നതെന്ന് പുടിന്‍ ഭരണകൂടവും വിമര്‍ശിച്ചു. സിറിയയില്‍ രാസായുധപ്രയോഗം നടത്തിയത് വൈറ്റ് ഹെല്‍മെറ്റുകളാണെന്നതടക്കം ഗുരുതര ആരോപണങ്ങള്‍ റഷ്യ ഇവര്‍ക്കുമേല്‍ മുന്‍പും പ്രയഗിച്ചിട്ടുണ്ട്. റഷ്യ ടെലിവിഷന്‍ നിരവധി വ്യാജവാര്‍ത്തകളാണ് വൈറ്റ് ഹെല്‍മെറ്റുകള്‍ക്കെതിരെ പലതവണ പടച്ചുവിട്ടത്. 

സിറിയക്കു പുറത്ത് ജോര്‍ദാനിലെത്തിയ വൈറ്റ് ഹെല്‍മെറ്റ്സ് അഭയാര്‍ഥികളാണ്. ഇവരെ താല്‍കാലികമായി  താമസിപ്പിക്കാന്‍ തയ്യാറാണെങ്കിലും സ്ഥിരമായി രാജ്യത്ത് നിര്‍ത്താന്‍ സാധിക്കില്ലെന്നാണ് ജോര്‍ദാന്റെ നിലപാട്. അംഗങ്ങളെ സ്വീകരിക്കുമോ എന്ന കാര്യത്തില്‍‌ ബ്രിട്ടന്റെ ഭാഗത്തുനിന്നും ഇതുവരെ പ്രതികരണം ഉണ്ടായിട്ടില്ല. കുടിയേറ്റനയത്തിന്റെ പേരില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളും ഇവരെ സ്ഥിരമായി താമസിപ്പിക്കുന്ന കാര്യം സംശയമാണ്.  ഐക്യരാഷ്ട്രസഭയും വൈറ്റ് ഹെല്‍മെറ്റുകളെ സഹായിക്കുന്ന അമേരിക്കയടക്കമുള്ള രാജ്യങ്ങളും അനുകൂല നിലപാടെടുത്താല്‍ മാത്രമെ ഈ വെള്ളതൊപ്പിക്കാരുടെ ഇനിയുള്ള ജീവിതം സുരക്ഷിതമാവുള്ളു.