തുര്‍ക്കിയെന്നാല്‍ എര്‍ദോഗനെന്നും അര്‍ഥം

തുര്‍ക്കിയില്‍ തയിപ് എര്‍ദോഗന്‍ രണ്ടാംവട്ടവും വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേറി. ജനാധിപത്യ അവകാശങ്ങളെയെല്ലാം അടിച്ചമര്‍ത്തി ഏകാധിപത്യപാതയിലേക്ക് രാജ്യത്തെ നയിക്കാനുള്ള നീക്കങ്ങള്‍ക്കാണ് തുര്‍ക്കി ജനത അംഗീകാരം നല്‍കിയത്. രാജ്യസുരക്ഷയും വന്‍വികസന പദ്ധതികളുമാണ് എര്‍ദോഗന്‍റെ വാഗ്ദാനങ്ങള്‍. വിമര്‍ശനങ്ങള്‍ ഏറെയുണ്ടെങ്കിലും രാജ്യത്ത് സ്ഥിരതയുള്ള ഭരണം കാഴ്ചവയ്ക്കാന്‍ കഴിവുള്ള കരുത്തനായാണ് നല്ല ശതമാനം ആളുകള്‍ എര്‍ദോഗനെ കാണുന്നത്.

ജനാധിപത്യ അവകാശങ്ങള്‍ പുനസ്ഥാപിക്കപ്പെടണോ രാജ്യത്തിന് സാമ്പത്തിക ഭദ്രത ഉറപ്പാക്കണോ

 ഈ ചോദ്യങ്ങള്‍ക്കാണ് തുര്‍ക്കി ജനത ഉത്തരം പറയേണ്ടിയിരുന്നത്. ജനാധിപത്യസ്ഥാപനത്തെക്കാള്‍ രാജ്യത്തിന് ആവശ്യം വികസനമാണെന്ന് ജനം വിധിയെഴുതി. അതെ റിചപ് തയിപ് എര്‍ദോഗനെന്ന ആധുനിക തുര്‍ക്കിയുടെ ഏകാധിപതിക്ക് ഗുണമായത് സാധാരണക്കാരന് അദ്ദേഹം പകര്‍ന്നുകൊടുത്ത വികസന സ്വപ്നങ്ങളാണ്. കടുത്ത ദേശീയവാദങ്ങളാണ്. ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം, ഇസ്താംബൂള്‍ കനാല്‍, വമ്പന്‍ പാലങ്ങള്‍ തുര്‍ക്കിയുടെ സ്വന്തം വ്യാപാരപാത. രാജ്യത്തെ ലോകത്തിന്‍റെ നെറുകയിലെത്തിക്കുമെന്ന എര്‍ദോഗന്‍റെ വാഗ്ദാനങ്ങളെ തുര്‍ക്കിഷ് ജനത ആവേശത്തോടെയാണ് വരവേറ്റത്. ജനാധിപത്യ രാജ്യമായ തുര്‍ക്കിയെ കഴിഞ്ഞ 15 വര്‍ഷത്തിനിടെ എര്‍ദോഗന്‍ എങ്ങനെ മാറ്റി എന്നതുമാണ് ഈ തിരഞ്ഞെട‍ുപ്പുഫലം പറയുന്നത്.  2016ലെ അട്ടിമറി ശ്രമമായിരുന്നു ഇതില്‍ നാഴികക്കല്ലായത്.ഇസ്‌ലാമിക രാഷ്ട്രീയാദർശങ്ങളിൽ അടിയുറച്ച എർദോഗന്റെ പാർട്ടിയുടെ നയങ്ങളുമായി സൈന്യം ദീർഘകാലമായി സ്വരചേർച്ചയിലായിരുന്നില്ല. 

ഭരണകൂടത്തെ അട്ടിമറിക്കാൻ സൈന്യത്തിലെ ഒരുവിഭാഗം നടത്തിയ സായുധകലാപത്തെ  പക്ഷെ  ജനങ്ങളാണ് നേരിട്ടത്. എർദോഗന്റെ ആഹ്വാനപ്രകാരം സൈനികനിരോധനാജ്ഞ ലംഘിച്ച് ആയിരക്കണക്കിനു ജനങ്ങൾ തെരുവിലിറങ്ങിയതോടെ വിമതസൈനികർ ടാങ്കുകൾ ഉപേക്ഷിച്ചു കീഴടങ്ങുകയായിരുന്നു. അതായത് ഉര്‍വശീ ശാപം എര്‍ദോഗന് ഉപകാരമായി. തന്‍റെ ശത്രുക്കളായ സൈനികരെ ജനങ്ങളെ ഉപയോഗിച്ചുതന്നെ അടിച്ചമര്‍ത്താന്‍ അദ്ദേഹത്തിനായി. പക്ഷേ തുടര്‍ന്നങ്ങോട്ട് ഭരണകൂടത്തിന്‍റെ തേര്‍വാഴ്്ചയാണ് കണ്ടത്. സൈനിക മേധാവികളും ജഡ്്ജിമാരുമടക്കം നിരവധിപേരെ തടവിലാക്കി. 15,200 അധ്യാപകരെയും 8777 ആഭ്യന്തരവകുപ്പ് ജീവനക്കാരെയും  പുറത്താക്കി. 2017ല്‍ ജനഹിത പരിശോധന നടത്തി പ്രസിഡന്‍റിന്‍റെ അധികാരം ഇരട്ടിയാക്കി. താന്‍തന്നെ ഒരിക്കല്‍ വഹിച്ച പ്രധാനമന്ത്രിപദവിയെ പേരിനുമാത്രമാക്കി എര്‍ദോഗന്‍. മന്ത്രിസഭാംഗങ്ങളെ പോലും പ്രസിഡന്‍റ് നാമനിര്‍ദേശംചെയ്യും. ടര്‍ക്കിഷ് ജനാധിപത്യത്തിന്‍റെ അടിത്തറയിളക്കുന്ന ഈ നയങ്ങള്‍ക്കെതിരെയാണ് മുഹമ്മദ് ഇന്‍ച്ചെയും സെലാട്ടിന്‍ ദെമിര്‍ട്ടാസുമുള്‍പ്പെടെയുള്ളപ്രതിപക്ഷ  നേതാക്കള്‍ രംഗത്തെത്തിയത്. 

മിതവാദിയായ ഇന്‍ച്ചെ രാജ്യത്തെ അടിയന്തരാവസ്ഥ അവസാനിപ്പിക്കുമെന്നും രാജ്യത്തെ എല്ലാ വിഭാഗത്തിനും പ്രാതിനിധ്യം ലഭിക്കുന്ന മന്ത്രിസഭ ഉറപ്പാക്കുമെന്നും വാഗ്ദാനം ചെയ്താണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. മതനിരപേക്ഷ തുര്‍ക്കിയായിരുന്നു ഏക വനിതാ സ്ഥാനാര്‍ഥി മെരാല്‍ അക്്സെനറുടെ വാഗ്ദാനം. സമ്പൂര്‍ണ ജനാധിപത്യ സ്ഥാപനമെന്ന മുദ്രാവാക്യവുമായി സെലാട്ടിന്‍ ദെമിര്‍ട്ടാസ് പക്ഷെ ജയിലില്‍ കിടന്നാണ് തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചത്. തീവ്രവാദക്കുറ്റം ചുമത്തിയാണ് ദെമിര്‍ട്ടാസിനെ ജയിലിടച്ചത്. എർദോഗന്റെ സ്വേച്ഛാധികാരപ്രവണതകളും മതവാദനിലപാടുകളും അവസാനിപ്പിക്കണമെന്ന ആഹ്വാനമാണ് എല്ലാ പ്രതിപക്ഷപാര്‍ട്ടികളും മുന്നോട്ടുവച്ചത്.  പതിവില്ലാത്ത പ്രതിപക്ഷ ഐക്യവും ഇക്കുറിപ്രകടമായിരുന്നു.പക്ഷേ  , സാമ്പത്തിക മാന്ദ്യത്തിൽ നിന്നു രാജ്യത്തെ ഉയർത്തിയ നേതാവെന്ന നിലയിൽ നേടിയെടുത്ത ശക്തമായ ജനകീയാടിത്തറ എര്‍ദോഗന് തുണയായി. 

സമാനതകളില്ലാത്ത വികസന സ്വപ്നങ്ങളാണ് എര്‍ദോഗന്‍ തുര്‍ക്കിക്ക് സമ്മാനിക്കുന്നത്. വാഗ്ദാനങ്ങള്‍ പ്രായോഗികമാക്കാന്‍ കഴിവുള്ള നേതാവാണ് അദ്ദേഹമെന്ന് നല്ല ശതമാനം ജനങ്ങളും വിശ്വസിക്കുന്നു. തുര്‍ക്കിയെ മേഖലയിലെ ഒന്നാം നമ്പര്‍ രാജ്യമാക്കി വളര്‍ത്തും എര്‍ദോഗനെന്നാണ് വിവിധ വിഭാഗം ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. തന്ത്രപ്രധാനമായ തുര്‍ക്കിയിലെ എര്‍ദോഗന്‍ ഭരണം മധ്യപൂര്‍വദേശത്തെ സംഘര്‍ഷങ്ങള്‍ നിയന്ത്രിക്കുന്നതിലും നിര്‍മായകമാണ്.

 തുര്‍ക്കിയെ രണ്ടായി കീറിമുറിച്ച് കടന്നു പോകുന്ന വമ്പന്‍ കനാല്‍. അതുവഴി രാജ്യത്തിന് സ്വന്തമായൊരു വാണിജ്യ പാത. പാനമയോടും സുയെസിനോടും കിടപടിക്കുന്ന കനാല്‍ രാജ്യത്തിന് നല്‍കാന്‍ പോകുന്ന വളര്‍ച്ച ചരിത്രത്തിലിടം നേടുന്നതായിരിക്കും. എര്‍ദോഗന്‍റെ ഈ സ്വപ്നത്തെ തുര്‍ക്കി ജനത നെഞ്ചേറ്റുന്നു. ജനാധിപത്യ തുര്‍ക്കിയില്‍ ചക്രവര്‍ത്തിയെപ്പോലെയാണ് എര്‍ദോഗന്‍ ഭരിക്കുന്നത്. പ്രതിപക്ഷത്തെ മാത്രമല്ല മാധ്യമസ്വാതന്ത്ര്യത്തെയും അടിച്ചമര്‍ത്തുന്ന ഭരണം. പക്ഷെ രാജ്യത്തെ എല്ലാ നഗരങ്ങളിലും വികസനത്തിന്‍റെ എര്‍ദോഗന്‍ സ്പര്‍ശം കാണാം. എന്നാല്‍  ഈ വന്‍കിട നിര്‍മാണപദ്ധതികള്‍‌ക്ക് പിന്നിലെല്ലാം അഴിമതിയുണ്ടെന്ന് എര്‍ദോഗനെ അടുത്തറിയാവുന്നവര്‍ ആരോപിക്കുന്നു. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പണമുണ്ടാക്കാനുള്ള മാര്‍ഗമൊരു്കകുകയാണ് വമ്പന്‍ പദ്ധതികളിലൂടെ എര്‍ദോഗന്‍റെ ലക്ഷ്യമെന്നാണ് ആക്ഷേപം. വാണിജ്യ വ്യാപരമേഖലകളെക്കാള്‍ നിര്‍മാണപദ്ധത്തികള്‍ക്ക് ഉൗന്നല്‍ നല്‍കുന്നതിന്‍റെ ലക്ഷ്യം കമ്മിഷന്‍ തുകയാണ്. വിദേശനിര്‍മാണ കമ്പനികളെ വന്‍ തോതില്‍ രാജ്യത്ത് എത്തിക്കുന്നതിനെ സാമ്പത്തികവിദഗ്ധരും സംശയത്തോടെയാണ് നോക്കിക്കാണുന്നത്. 

2002 ലെ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് പലതുറമുഖങ്ങളും വാണിജ്യ ഇടനാഴികളും നിശ്ചലമായി. കയറ്റുമതിയിലുണ്ടായ ഇടിവ് സമ്പദ്്വ്യവസ്ഥയെ ഇപ്പോഴും ബാധിച്ചിരിക്കുമ്പോള്‍ വിദേശകടം കൂട്ടുന്നത് രാജ്യത്തെ പിന്നോട്ടടിക്കുമെന്നും വിമര്‍ശനമുണ്ട്. നിര്‍മാണമേഖല  നഷ്ടത്തിലാണ്   എന്നതിന്‍റെ തെളിവാണ് വില്‍ക്കാതെ കിടക്കുന്ന രണ്ടു ലക്ഷം ഫ്ലാറ്റുകള്‍. വികസനത്തില്‍ നാഴികക്കല്ലാവുമെന്ന് അവകാശപ്പെട്ട് എര്‍ദോഗന്‍ നിര്‍മിച്ച രണ്ട് കൂറ്റന്‍പാലങ്ങള്‍ സാധാരണക്കാര്‍ക്ക് താങ്ങാനാവാത്ത ടോള്‍ പിരിക്കുന്നവയാണ്. വന്‍കിടക്കാരെ മാത്രം സഹായിക്കുന്ന വികസനപദ്ധതികള്‍ക്കെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളെയെല്ലാം ഉരുക്കുമുഷ്ഠികൊണ്ട് അടിച്ചമര്‍ത്തി സര്‍ക്കാര്‍. എര്‍ദോഗാന്‍റെ വിജയത്തിന്‍റെ രാജ്യാന്തര മാനങ്ങളും ചെറുതല്ല. യൂറോപ്പിന്റെയും ഏഷ്യയുടെയും സംഗമസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന തുർക്കിക്ക് നാറ്റോ സഖ്യം, ഇറാഖ്, സിറിയ ആഭ്യന്തരസംഘര്‍ഷങ്ങള്‍, യൂറോപ്പിലേക്കുള്ള അഭയാര്‍ഥി പ്രവാഹം ഇതിെല്ലാം നിര്‍ണായക റോളുണ്ട് . നാറ്റോ അംഗമായ തുർക്കി, ഐഎസിനെതിരായ യുഎസ് സൈനികസഖ്യത്തിൽ മുഖ്യപങ്കാളിയാണ്. സിറിയയിലെ വ്യോമാക്രമണത്തിനു യുഎസ് സേന തുർക്കിയുടെ വ്യോമസേനാ താവളങ്ങളാണ് ഉപയോഗിക്കുന്നത്. പക്ഷേ റഷ്യയുമായി വര്‍ധിച്ചുവരുന്ന സഹകരണത്തെ പാശ്ചാത്യര്‍ സംശയത്തോടെയാണ് നോക്കിക്കാണുന്നത്. തൊട്ടുത്തുകിടക്കുന്ന ഇസ്്ലാമിക രാജ്യങ്ങളെക്കാള്‍ യൂറോപ്പിനോട് ചേര്‍ന്ന് നില്‍ക്കാനാണ് തുര്‍ക്കി എക്കാലവും ആഗ്രഹിച്ചിരുന്നത്. പക്ഷെ റഷ്യന്‍ കൂട്ടുകെട്ടും ദുര്‍ബലമാവുന്ന ജനാധിപത്യവും യൂറോപ്പിനെ തുര്‍ക്കിയില്‍ നിന്ന് അകറ്റുകയാണ്. 2028 വരെ നീളുന്ന എര്‍ദോഗന്‍ സര്‍ക്കാരും പാശ്ചാത്യരുമായുള്ള വൈരം മധ്യപൂര്‍വദേശത്തെ സമാധാനശ്രമങ്ങള്‍ക്കും തിരിച്ചടിയായേക്കും.