രാജകീയം ഈ വിവാഹം; കണ്‍നിറയെ കണ്ട് ലോകം

മാമൂലുകള്‍ തകര്‍ത്തെറിഞ്ഞ് ആഫ്രോ അമേരിക്കന്‍ വംശജ മേഗന്‍ മാര്‍ക്കല്‍ ബ്രിട്ടീഷ് രാജകുടുംബാംഗമായി.  വംശീയതയുടെ വേലിക്കെട്ടുകള്‍ പൊളിച്ചടുക്കിയ ഹാരി മേഗന്‍ വിവാഹം ലോകം ആഘോഷിച്ചു. നൂറ്റാണ്ടുകള്‍ അടിമകളാക്കിയ ഒരു വംശത്തിലെ ഇളമുറക്കാരിയെ ആണ് ബ്രിട്ടീഷ് രാജകുടുംബം സസക്സിലെ പ്രഭ്വി ആക്കി വാഴിച്ചത്. ആദ്യം വിവാഹദിനത്തിലെ സുന്ദരമുഹൂര്‍ത്തങ്ങളിലൂടെ. 

 പ്രൗഢമായ രാജകീയ വേഷത്തില്‍ സഹോദരന്‍ വില്യമിനൊപ്പം ഹാരിയാണ്   സെന്‍റ് ജോര്‍ജ് ചാപ്പലില്‍  ആദ്യമെത്തിയത്. ഇരുവശവും കാത്തുനിന്ന ആരാധകര്‍ ഹര്‍ഷാരവത്തോടെ രാജകുമാരന്‍മാരെ വരവേറ്റു. രാജകുടുംബാംഗങ്ങള്‍ ഒാരോരുത്തരായി എത്തി. ഇളയച്ഛന്‍റെ വിവാഹത്തിന് വധൂവരന്‍മാര്‍ക്ക് അകമ്പടിയേകുക എന്ന വലിയ ദൗത്യവുമായാണ് ജോര്‍ജ് രാജകുമാരനും ഷാര്‍ലറ്റ് രാജകുമാരിയും അമ്മയുടെ കൈപിടിച്ച് എത്തിയത്.  ടിവി താരമായ മേഗന്‍റെ വിവാഹത്തിന് ഹോളിവുഡിന്‍റെ നീണ്ട നിര തന്നെയെത്തി. ക്ലൂണി ദമ്പതികള്‍, എല്‍ട്ടണ്‍ ജോണ്‍,  ഒാപ്ര വിന്‍ഫ്രി ഇങ്ങനെ പോകുന്നു താരനിര. സെറീന വില്യംസ്, ഡേവിഡ് ബെക്കാം. അലങ്കാര തൊപ്പികളണിഞ്ഞ അതിഥികളും തിളങ്ങി നിന്നു    

ഹാരിയുടെ മുത്തശി എലിസബത്ത് രാജ്ഞിയും ഭർത്താവ് ഫിലിപ്പ് മൗണ്ട്ബാറ്റനും എത്തിയതോടെ എല്ലാ കണ്ണുകളും വധുവിന്‍റെ വരവിനായി കാത്തിരുന്നു. ഒടുവില്‍ സെന്‍റ് ജോര്ജ് ചാപ്പലിന്‍റെ കിഴക്കെ കവാടത്തില്‍ മേഗനെത്തി.  മേഗന്‍ മാര്‍ക്കല്‍, പരമ്പരാഗത രാജകീയ രീതികളെയെല്ലാം വെല്ലുവിളിച്ച് ഹാരി കണ്ടെത്തിയ കൂട്ടുകാരി. ബ്രിട്ടിഷ് മാധ്യമങ്ങള്‍ മേഗന്‍റെ പ്രത്യേകതകള്‍ പറഞ്ഞത് ഇങ്ങനെ. ആഫ്രോ അമേരിക്കന്‍ വംശജ, വിവാഹമോചിത, ഹാരിയെക്കാള്‍ മൂന്നു വയസ് കൂടുതല്‍. പക്ഷേ ഇതൊന്നും മേഗന്‍റെ താരത്തിളക്കത്തിന് തെല്ലും മങ്ങലേല്‍പ്പിച്ചില്ല. ആത്മവിശ്വാസം തുളുമ്പുന്ന ചിരിയുമായി , നിശ്ചയദാര്‍ഢ്യം നിറഞ്ഞ മുഖവുമായി മേഗന്‍ മാര്‍ക്കല്‍ എല്ലാവരെയും അഭിവാദ്യം ചെയ്തു. വധുഗൃഹത്തില്‍ നിന്നെത്തിയത് അമ്മ റാഗ്ലന്‍ഡ് മെര്‍ക്കല്‍ മാത്രം.

പ്രശസ്ത ഡിസൈനര്‍ ക്ലെയര്‍ വെയ്റ്റ് കെല്ലര്‍ തയാറാക്കിയ വിവാഹവസ്ത്രം മേഗനെ കൂടുതല്‍ സുന്ദരിയാക്കി. 53 കോമണ്‍വെല്‍ത്ത് രാജ്യങ്ങളെ അനുസ്മരിപ്പിച്ച് 53 പുഷ്പങ്ങളായിരുന്നു ശിരോവസ്ത്രത്തിലെ മുഖ്യ ആകര്‍ഷണം. ഇന്ത്യയെ സൂചിപ്പിച്ച് ദേശീയ പുഷ്പമായ താമര. ശിരോവസ്ത്രം ഉറപ്പിച്ചു നിര്‍ത്തിയ വജ്രകിരീടം എലിസബത്ത് രാജ്ഞിയുടെ സമ്മാനം. വധുവിന്‍റെ കൈപിടിക്കാന്‍ എത്തിയത് സാക്ഷാല്‍ ചാള്‍സ് രാജകുമാരന്‍. വധൂ പിതാവിന്‍റെ സ്ഥാനത്ത് നിന്ന് ചാള്‍സ്,  മേഗന്‍റെ കൈപിടിച്ച് ഹാരിയ്ക്ക് അരികിലേയ്ക്ക്..

കാന്‍റര്‍ ബറി ആര്‍ച്ച് ബിഷപ്പിന്‍റെ നേതൃത്വത്തില്‍ വിവാഹശുശ്രൂഷകള്‍.  വിവാഹശുശ്രൂഷയില്‍ താരമായത് യുഎസ് എപിസ്കോപല്‍ ചര്‍ച്ച് ബിഷപ് റെ.മൈക്കല്‍ കറി ആണ്. മനുഷ്യസ്നേഹം പ്രമേയമാക്കിയ റവ.കറിയുടെ വിവാഹദിന സന്ദേശം മിനിറ്റുകള്‍കൊണ്ട് വൈറലായി.മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്‍റെ വാക്കുകള്‍ ഏറ്റു പറഞ്ഞ പ്രസംഗം പലരും കേട്ടത് വികാരാധീനരായി.     നവദമ്പതികളുടെ ആദ്യ ചുംബനം സെന്‍റ് ജോര്‍ജ് ചാപ്പലിന്‍റെ കവാടത്തില്‍. ക്യാമറക്കണ്ണുകള്‍ തുടരെതുടരെ മിഴിചിമ്മി.  വിന്‍സര്‍ വീഥികളില്‍ കാത്തുനിന്ന പതിനായിരങ്ങളെ അഭിവാദ്യം ചെയ്ത് ദമ്പതികളുടെ യാത്രയ്ക്ക് ബ്രിട്ടിഷ് കുതിരപ്പട്ടാളം അകമ്പടിയേകി. നിറഞ്ഞ ചിരിയോടെ ആരാധകരെ നോക്കി കൈവീശി ഹാരിയും മേഗനും. വിന്‍സര്‍ കാസിലില്‍ രാജ്ഞിയുടെ വക വിവാഹ സല്‍ക്കാരം. വൈകുന്നേരം ചാള്‍സ് രാജകുമാരനൊരുക്കിയ വിരുന്നില്‍‌ പങ്കെടുക്കാന്‍  ഭാര്യയെ അരികിലിരുത്തി സ്വയം കാറോടിച്ചാണ് ഹാരി എത്തിയത്. HOLDഹാരിയും മേഗനും ഇനി സസക്സിലെ പ്രഭുവും പ്രഭ്വിയും. 

ചരിത്രം തിരുത്തിക്കുറിച്ചാണ്  മേഗന്‍ മാര്‍ക്കല്‍ സസക്സിലെ പ്രഭ്വി ആയത്. അടിമത്തത്തിന്‍റെയും വര്‍‌ണവിവേചനത്തിന്‍റെയും കറുത്ത ചരിത്രം. ഒരു പക്ഷേ ഈ വിവാഹത്തില്‍ ഏറ്റവും സന്തോഷിക്കുന്നത് ഹാരിയുടെ അമ്മ ഡയാനയുടെ ആത്മാവാകും. ഈ മതില്‍ക്കെട്ടുകള്‍ പൊളിക്കാനാണ് ഡയാന എല്ലാക്കാലത്തും ശ്രമിച്ചത്. 

 രാജകീയ വിവാഹത്തെക്കുറിച്ച്  പ്രശസ്ത മാധ്യമപ്രവര്‍ത്തക മാറാ ഗേ കുറിച്ചതിങ്ങനെ,   ബ്രിട്ടിഷ്  രാജവധുവായി മേഗന്‍ മാര്‍ക്കല്‍ കടന്നുവന്നപ്പോള്‍   സെന്‍റ് ജോര്‍ജ് ചാപ്പലില്‍ മുഴങ്ങിയ ഗായകസംഘത്തിന്‍റെ ശബ്ദം കറുത്തവര്‍ഗക്കാരനുള്ള ദേവസംഗീതമായാണ് എനിക്ക് തോന്നിയത്. അതെ ബ്രിട്ടനില്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള കറുത്തവംശജര്‍  അഭിമാനം കൊണ്ടു നിറഞ്ഞ  കണ്ണുകളോടെയാണ്  ഹാരിയുടെ കൈപിടിച്ചുള്ള മേഗന്‍റെ വരവിനെ കണ്ടത്  റവ. മൈക്കല്‍ കറി വികാരാധീനനയാതും  കറുത്തവന് നേരിടേണ്ടി വന്ന അപമാനങ്ങളോടര്‍ത്തു തന്നെ .   

രാജകീയ അതിഥികളായെത്തിയ ഒാപ്ര വിന്‍ഫ്രിയുടെയും സെറീന വില്യംസിന്‍റെയും സാന്നിധ്യം കറുത്തവന്‍റെ അഭിമാനം വാനോളമുയര്‍ത്തി.  അടിമയും ഉടമയും തുല്യരായ നിമിഷം, ചരിത്രം കാത്തുവച്ച അപൂര്‍വ നിമിഷം  .  രാജകുടുംബത്തില്‍ പലരുടെയും നെറ്റി ചുളിഞ്ഞ ബന്ധമാണ് ഹാരിയുടെയും മേഗന്‍റെയും. കറുത്തവര്‍ഗക്കാരിയും വിവാഹമോചിതയുമായ അമേരിക്കക്കാരി രാജകുടുംബാംഗമാവുകയോ ? പക്ഷേ ഹാരിയുടെ പ്രണയത്തിന് അണുവിട വ്യത്യാസം വരുത്താന്‍ ഈ വിമര്‍ശനങ്ങള്‍ക്കൊന്നും ആയില്ല. മേഗന്‍റെ കൈ ചേര്‍ത്തുപിടിച്ച് ഹാരി പറഞ്ഞു, എന്‍റെ പ്രണയിനി ആരാണ് എന്താണ് എന്നത് ഞങ്ങളുടെ മാത്രം വിഷയമാണ് , മറ്റാരും ഇടപടേണ്ടതില്ല. മേഗനെ വ്യക്തിഹത്യ ചെയ്യാനുള്ള പപ്പാരിസകളുടെ ശ്രമങ്ങളെയും അവളുടെ രാജകുമാരന്‍ കര്‍ശനമായി വിലക്കി. 

 ഹാരിയുടെ ജീവിതത്തിലെ ഏറ്റവും വലിയ വേദനയായിരുന്നു അമ്മ ഡയാനയുടെ അകാലത്തിലുള്ള വേര്‍പാട്. ആ വേദന ഇല്ലാതാക്കും മേഗന്‍റെ സാമീപ്യമെന്നാണ്  സുഹൃത്തുക്കള്‍ പറയുന്നത്. പെരുമാറ്റത്തില്‍ ഡയാനയെ ഒാര്‍മിപ്പിക്കും പുതിയ രാജകുമാരി. രാജകീയ അധികാരങ്ങളുടെ ഗര്‍വില്ലാതെ, സാധാരണക്കാരില്‍ ഒരാളായി ജീവിക്കാനിഷ്ടപ്പെടുന്നു മേഗന്‍. വിവാഹത്തിന് ക്ഷണം ലഭിച്ചവരില്‍ നല്ല പങ്കും  മേഗനൊപ്പെം കാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായവരായിരുന്നു. ഡയാനാ രാജകുമാരിയെപ്പോലെ ബ്രിട്ടിഷ് ജനതയുടെ മനംകവരും സസ്ക്സിലെ പ്രഭ്വി എന്നാണ് ലോകവും കരുതുന്നത്.