കാസ്ട്രോയുടെ ക്യൂബയില്‍ ജനാധിപത്യം പൂക്കുന്നു

വിപ്ലവാനന്തര ക്യൂബയിൽ അറുപതു വർഷത്തിനിപ്പുറം കാസ്ട്രോ യുഗം അവസാനിക്കുന്നു.  പ്രസിഡന്റ്‌ റൗൾ കാസ്ട്രോ അധികാരം ഒഴിയുമ്പോൾ കാസ്ട്രോ കുടുംബത്തിനു പുറത്തുനിന്നു ജനാതിപത്യമാർഗത്തിലൂടെ ഒരു ഭരണാധികാരിയെ തിരഞ്ഞെടുക്കാൻ വോട്ടുചെയ്തു കാത്തിരിക്കുകയാണ് 80 ലക്ഷത്തിലേറെ വരുന്ന ക്യൂബൻ ജനത. ദേശിയ അസ്സെംബ്ലിയിലേക്ക് തിരഞ്ഞെടുക്കുന്ന പ്രതിനിധികൾ ചേർന്ന് വരുന്ന ഏപ്രിലിൽ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കും.

" Viva la revalution" വിപ്ലവം ജയിക്കട്ടെ.  ക്യൂബയുടെ ചുവന്ന മണ്ണ് പോരാട്ട നാളുകളിൽ പാടി പ്രചരിപ്പിച്ച വരികളാണിത്.  വിപ്ലവം എന്നാൽ മാറ്റം എന്നാണെങ്കിൽ ക്യൂബയിൽ ഇത് രണ്ടാം വിപ്ലവമാണ്. കമ്മ്യൂണിസ്റ്റ്‌ കുടക്കീഴിൽ വളർന്ന രാജ്യത്ത്‌ ജനാതിപത്യം പൂവിട്ടിരിക്കുന്നു. അധികാരം ജനങ്ങളിലേക്കു എത്തിയിരിക്കുന്നു. ചരിത്രത്തിലാദ്യമായി ക്യൂബൻ ജനത പോളിംഗ് ബൂത്തുകളിലേക്ക് ഒഴുകി. 

ഭരണചക്രം തിരിക്കാൻ കാസ്ട്രോ കുടുംബത്തിനു പുറത്തുനിന്നു ഒരു നേതാവിനായി അവർ വോട്ട് ചെയ്‌തു. 612 അംഗങ്ങൾക്കുള്ള ക്യൂബൻ ദേശീയ അസ്സെംബ്ലയിലേക്കും പ്രാദേശിക അസംബ്ലിയിലേക്കും ഒരേ സമയം വോട്ടടുപ്പ് നടന്നു. വിജയിക്കുന്ന  പ്രതിനിധികൾ ചേര്‍ന്നാണ് 86 കാരനായ പ്രസിഡന്റ് റൗള്‍ കാസ്ട്രോയുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നത്.. പ്രസിഡന്റിനൊപ്പം ഫസ്റ്റ് വൈസ് പ്രസിഡന്റും അഞ്ചു വൈസ്പ്രസിഡന്റുമാകര്‍ വേറെയും തിരഞ്ഞെടുക്കപെടും. ഒരു സെക്രട്ടറി അടക്കം 23 അംഗങ്ങൾ ഉൾപ്പെട്ട സ്റ്റേറ്റ് കൗൺസിലിനെ തിരഞ്ഞെടുക്കുന്ന ചുമതലയും ദേശീയ അസംബ്ലിയില്‍ നിക്ഷിപ്തമാണ്,  നിലവിലെ വൈസ് പ്രസിഡന്റും റൗള്‍ കാസ്ട്രോയുടെ വലംകയ്യുമായ മിഗ്വയേല്‍ ഡയസ് കാനെല്‍ പ്രസിഡന്റ് പതവിയിലെത്താനാണ് സാധ്യത. 

അധികാരം ഒഴിയുന്ന  റൗള്‍ കാസ്ട്രോ ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഫസ്റ്റ് സെക്രട്ടറിയായി തുടരും. റൗളിന്റെ മകളടക്കം കുടുംബാഗങ്ങളെയും പാര്‍ട്ടിയിലെ ഉന്നത സ്ഥാനങ്ങളില്‍ നിലനിര്‍ത്തും.  പെട്ടന്ന് ഒരുനാള്‍ തിരഞ്ഞെടുപ്പ് വന്നതല്ല ക്യൂബയില്‍ 2018ല്‍ സ്ഥാനമൊഴിയുമെന്ന് റൗള്‍ കാസ്ട്രോ വളരെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജനാധിപത്യത്തെ വരവേറ്റ ക്യൂബ പതിയെ താഴെ തലങ്ങളില്‍ നിന്ന് തിരഞ്ഞെടുപ്പ് തുടങ്ങി. കഴിഞ്ഞവര്‍ഷം രാജ്യത്തെ 12,515 വാര്‍ഡുകളിലേക്ക് ജനപ്രതിനിധികളെ തിരഞ്ഞെടുത്തു. ദേശീയ അസംബ്ലിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന 50 ശതമാനം പേരും വാര്‍ഡുളിലെ ജനപ്രതിനിധികളാണ്.

എന്തൊക്കെ പോരായ്മകള്‍ പറഞ്ഞാലും ജനാധിപത്യം ഭരണക്രമത്തിലെ ഉത്തമ മാതൃകാണ്. ഫിഡല്‍ കാസ്ട്രോ നയിച്ച കമ്മ്യൂണിസ്റ്റ് ക്യൂബ മാറി ഈ രീതിയില്‍ മാറിചിന്തിക്കുന്നത് വലിയ പ്രതീക്ഷകളാണ് ലോകത്തിനുമുന്നില്‍ വയ്ക്കുന്നത്. ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന പുതിയ നേതാവ് ഈ പ്രതീക്ഷകള്‍ക്കൊത്ത് ഉയരുമോ കണ്ടറിയണം. പാര്‍ട്ടി പാരമ്പര്യം പറഞ്ഞുമാത്രം ജനങ്ങള്‍ക്കു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കില്ല എന്നതാണ് യാഥാര്‍ഥ്യം.

അസ്തമിക്കാത്ത വിപ്ലവ സൂര്യൻ എന്ന് ലോകം വാഴ്ത്തിയ ഫിദലിന് കീഴിലായിരുന്നു അര നൂറ്റാണ്ടിലേറെ ക്യൂബ.

1959 മുതല്‍ 1976  പ്രധാനമന്ത്രിയായും പിന്നീട്  പ്രസിഡന്റായും അദ്ദേഹം ക്യൂബ ഭരിച്ചു. താന്‍ മാര്‍ക്സിസ്റ്റ്- ലെനിനിസ്റ്റാണെന്നും ക്യൂബ കമ്യൂണിസം സ്വീകരിക്കുകയാണെന്നും അദ്ദേഹം  പ്രഖ്യാപിച്ചു.സാമ്രാജ്യത്വത്തോടും മുതലാളിത്തത്തോടും തുറന്ന യുദ്ധത്തിനിറങ്ങി.കാസ്ട്രോ കുടുംബത്തിനു കീഴില്‍ ഒരു കക്ഷിമാത്രം നിലവിലുള്ള സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായിരുന്നു ഇത്രകാലം ക്യൂബ

കാര്‍ഷിക പരിഷ്‌കരണം, ദേശസാത്കരണം, സൗജന്യ വൈദ്യസഹായം,  ഉയർന്ന സാക്ഷരത  തുടങ്ങിയ നല്ല കാര്യങ്ങൾ നടപ്പാക്കി എന്ന് അവകാശപ്പെടുമ്പോഴും തികഞ്ഞ ഏകധിപതി എന്ന പേര് കാസ്‌ട്രോയ്ക്ക് ലോകം ചാർത്തി കൊടുത്തു. കാസ്‌ട്രോയ്‌ക്ക്‌ കീഴിൽ സമാനതകൾ ഇല്ലാത്ത മനുഷ്യാവകാശ ലംഘനങ്ങളും ക്യൂബയിൽ അരങ്ങേറിയതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. വിമതസ്വരം ഉയര്‍ത്തുന്നവരെ പീഡിപ്പിച്ചു.  വകവരുത്തി ക്യൂബയിലെ ജീവിതം മടുത്ത ആയിരക്കണക്കിനാളുകള്‍ പലായനം ചെയ്‌തു. 2008ല്‍ കാസ്ട്രോ സ്ഥാനമൊഴിഞ്ഞപ്പോള്‍ ക്യൂബയില്‍ ജനാധിപത്യം വരും എന്നും ലോകം പ്രതീക്ഷിച്ചെങ്കിലും അതിന് പിന്നെയും 10 വര്‍ഷം കാത്തിരിക്കേണ്ടിവന്നു. 

പുതിയ ഭരണക്രമത്തെ പക്ഷെ ക്യൂബന്‍ ജനത പൂര്‍ണമായും ഉള്‍ക്കൊണ്ടിട്ടില്ല. ഈ ജനാധിപത്യം തട്ടിപ്പാണെന്ന് പലരും പറയുന്നു, ലോകത്തിന്റെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രംമാത്രം. . കാസ്ട്രോയുടെ ക്യൂബ എന്ന ഒറ്റക്കാരണത്താല്‍ പലരാജ്യങ്ങളും നിക്ഷേപങ്ങള്‍ നടത്തുന്നതില്‍ നിന്ന് ക്യൂബയെ അകറ്റി നിര്‍ത്തിയിരുന്നു. ഇതിന് മാറ്റംവരുത്തി ക്യൂബയെ നിക്ഷേപസൗഹൃദ രാജ്യമായി അവതരിപ്പിക്കാനാണ് കാസ്ട്രോ കുടുംബത്തിനു പുറത്തേക്ക് അധികാരം മാറുന്നു എന്ന ധാരണ പരത്തുന്നത്. ജനപ്രതിനിധികള്‍ തിരഞ്ഞെടുക്കപ്പെട്ടാലും ഭരണചക്രം തിരിക്കുന്നത് കുടുംബത്തിന്റെ വിശ്വസ്തര്‍ തന്നെയായിരിക്കുമ്മെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നു. ജനാധിപത്യം പൂര്‍ണമാവണമെങ്കില്‍ മാധ്യമങ്ങള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുമതി വേണം ഇത് ഇപ്പോഴും ക്യൂബയിലില്ല. പല വാര്‍ത്തകളും പുറം ലോകം അറിയാറില്ല.  

മാറ്റം എന്നാല്‍ പൂര്‍ണമായ അര്‍ഥത്തില്‍  മാറണം എന്ന് ക്യൂബന്‍ ജനത ഒടുവില്‍ പറഞ്ഞുവയ്ക്കുന്നു. എന്തുതന്നെയായാലും ചൈനയടക്കം കമ്മ്യൂണിസ്റ്റ് ശക്തികള്‍ ഏക പാര്‍ട്ടിയില്‍ നിന്ന് ഏക നേതാവിലേക്ക് വരെ എത്തിനില്‍ക്കുമ്പോള്‍ ക്യൂബ ലോകത്തിനു മുന്നില്‍ വയ്ക്കുന്നത് ഉത്തമ മാതൃകയാണെന്ന് പറയാത വയ്യ.