കുഞ്ഞുങ്ങൾക്കായി തെരുവിൽ

പാക്കിസ്ഥാനിലെ ടെലിവിഷന്‍ പ്രേക്ഷകരെ അമ്പരപ്പിച്ച ഒരു വാര്‍ത്താ അവതരണം പോയ വാരം കണ്ടു. സമാ ടിവി അവതാരക കിരണ്‍ നാസ് ആണ് സ്വന്തം മകളെ മടിയിലിരുത്തി വാര്‍ത്ത വായിച്ചത്. പെണ്‍കുഞ്ഞുങ്ങള്‍ക്കെതിരെ രാജ്യത്ത് തുടരുന്ന ലൈംഗികാതിക്രമങ്ങളോടുള്ള പ്രതിഷേധമായിരുന്നു ഈ അപൂര്‍വനടപടി. ശിശുപീഡനത്തിനെതിരായ ജനകീയ പ്രതിഷേധം പൊലീസ് വെടിവയ്പ്പിലാണ് അവസാനിച്ചത്.  അങ്ങേയറ്റം ഹീനമായ കുറ്റകൃത്യത്തില്‍ അന്വേഷണത്തിലും ശിക്ഷ ഉറപ്പാക്കുന്നതിലും പാക് സര്‍ക്കാര്‍ കാട്ടുന്ന അനാസ്ഥയാണ് ജനത്തെ തെരുവിലിറക്കിയത്.കസൂര്‍ ജില്ലയില്‍ മാത്രം 12 കുഞ്ഞുങ്ങളാണ് പോയവര്‍ഷം മാനഭംഗത്തിനിരയായി കൊല്ലപ്പെട്ടത്.   ഇതില്‍ത്തന്നെ 5 െണ്ണത്തിന് പിന്നില്‍ ഒരേ വ്യക്തിയാവാമെന്ന് പൊലീസ് പറയുന്നു.  പക്ഷേ പ്രതിയെ പിടിക്കുന്നതില്‍ പൊലീസ് കാട്ടിയ അലംഭാവം ഒരു കുഞ്ഞിന്‍റെ കൂടി ജീവനെടുത്തു.2016 ശിശുപീഡനം തടയുന്നതിനുള്ള നിയമഭേദഗതി കൊണ്ടുവന്നെങ്കിലംു കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനുള്ള നടപടികളുണ്ടായില്ല. ഇരകളാക്കപ്പെടുന്ന കുഞ്ഞുങ്ങുടെ പുനരധിവാസത്തിനോ കൗണ്‍സിലിങ്ങിനോ ഉള്ള സംവിധാനവും വിരളം. ലൈംഗികവിദ്യാഭ്യാസം ഇല്ലാത്തതാണ് മറ്റൊരു പ്രധാനകാരണം .. സ്വകാര്യസ്കൂളുകള്‍ പോലും കുട്ടികള്‍ക്ക് ലൈംഗികവിദ്യാഭ്യാസം നല്‍കാന്‍ മടിക്കുന്നു.  ലൈംഗികതയെക്കുറിച്ചുള്ള പൊതുചര്‍ച്ചയെ  വിലക്കുന്ന സാമൂഹ്യസാഹചര്യങ്ങളാണ് അധ്യാപകര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും തടസമാവുന്നത്. ഫലമോ, ലൈംഗിക ചൂഷണത്തെക്കുറിച്ചോ മറഞ്ഞിരിക്കുന്ന അപകടങ്ങളെക്കുറിച്ചോ ഒന്നുമറിയാത്ത കുഞ്ഞുങ്ങള്‍ വളരെ എളുപ്പത്തില്‍ ചൂഷകരുടെ കയ്യിലെത്തും..അധികാരികളുടെ അനാസ്ഥ അക്രമികള്‍ക്ക് തണലാകുമ്പോള്‍ സൈനബിനെപ്പോലുള്ള പൂമൊട്ടുകള്‍ വിടരുംമുമ്പേ പിച്ചിചീന്തപ്പെടുന്നു