ഇറാന്‍ ഒരു രോഷത്തെരുവ്

അഴിമതിയും ദുര്‍ഭരണവും ഇറാന്‍ ജനതയെ തെരുവിലിറക്കിയിരിക്കുന്നു. ഒരാഴ്ചയിലേറെയായിതുടരുന്ന കലാപത്തില്‍ നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടമായി. ജനാധിപത്യസ്ഥാപനമാണ് പ്രക്ഷോഭകാരികള്‍ ആവശ്യപ്പെടുന്നതെങ്കിലും  ഭരണകൂട അഴിമതിസൃഷ്ടിച്ച സാമ്പത്തി അസമത്വമാണ് പ്രക്ഷോഭത്തിന് പ്രേരണയായത്.  ഇസ്്ലാമിക രാജ്യത്ത് വ്യക്തിസ്വാതന്ത്ര്യത്തിന്‍മേലുള്ള നിയന്ത്രണം എരിതീയില്‍ എണ്ണയൊഴിക്കുന്നതായി .  ഏകാധിപതിക്ക് മരണം, പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിക്കെതിരെയാണ് ഇറാന്‍ ജനത ഇങ്ങനെ ആര്‍പ്പുവിളിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിക്കും തൊഴിലില്ലായ്മയ്ക്കും ഉത്തരവാദികളായ ഖമ്്നേയയും പ്രസിഡന്‍റ് ഹസന്‍ റൂഹാനിയെയും  പുറത്താക്കണമെന്നാണ്  പ്രക്ഷോഭകാരികളുടെ ആവശ്യം. ഇറാന്‍ ഭരണത്തിലെ അവസാനവാക്കായ ആയത്തുള്ള അലി ഖമിനേയി എന്ന മതപുരോഹിതനെ ജനം ഇങ്ങനെ വെറുക്കുന്നതെന്ത് ? അഴിമതി തന്നെ കാരണം.  അയത്തൊള്ള അലി ഖമ്്നേയി,രാജ്യഭരണത്തില്‍ ഒരില അനങ്ങണമെങ്കില്‍ പരമോന്നതനേതാവായ ഖമ്്നേയിയുടെ അനുമതി വേണം. ലളിതജീവിതത്തിന് അണികള്‍ ആയിരം നാവിനാല്‍ പുകഴ്ത്തുന്ന മതപുരോഹിതന് ആഢംബരത്തിന്‍റെയും പണക്കൊഴുപ്പിന്‍റെയും മറ്റൊരുമുഖമുണ്ടെന്ന് റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട അന്വേഷണറിപ്പോര്‍ട്ട് തെളിയിക്കുന്നു.  ഇറാന്‍ സമ്പദ്്വ്യവസ്ഥയെ ഒന്നാകെ നിയന്ത്രിക്കുന്നത് ഖമ്നേയിയാണ് അല്ലെങ്കില്‍ അദ്ദേഹത്തിന്‍റെ കീഴിലുള്ള സെതാദ് എന്ന പ്രസ്ഥാനമാണ്. ഇമാമിന്‍റെ ഉത്തരവുകള്‍ നടപ്പാക്കുകയാണ്  സ്ഥാപിത ലക്ഷ്യമെങ്കിലും  രാജ്യത്തെ ഏറ്റവും കരുത്തുറ്റ പ്രസ്ഥാനമായി സെതാദ് വളര്‍ന്നിരിക്കുന്നു.  എണ്ണ വ്യവസായം, വാര്‍ത്താവിനിമയം, തുടങ്ങി കാര്‍ഷികമേഖല വരെ എല്ലാത്തിലും മുഖ്യ ഒാഹരി ഉടമയാണ് സെതാദ്.  ഇടപാടുകളിലെ രഹസ്യാത്മകമൂലം കണക്കുകള്‍ കൃത്യമല്ലെങ്കിലും  9500 കോടി ഡോളറാണ് പ്രസ്ഥാനത്തിന്‍റെ ആസ്തിയെന്നാണ് കണക്കാക്കപ്പെടുന്നത്. രാജ്യത്തെ വാര്‍ഷിക എണ്ണകയറ്റുമതി വരുമാനത്തിനും മുകളിലാണിത്. 

ഖമ്്നേയയിയുടെ പൂര്‍ണ നിയന്ത്രണത്തിലുള്ള സെതാദ്, സാധാരണക്കാരെ ദ്രോഹിക്കുന്നതിനും കണക്കില്ല. ന്യൂനപക്ഷങ്ങളുടെ, കച്ചവടക്കാരുടെ, വിദേശത്തുള്ള ഇറാന്‍കാരുടെ എല്ലാം സ്വത്തുക്കള്‍ എപ്പോള്‍ വേണമെങ്കിലും സെതാദിന് ഏറ്റെടുക്കാമെന്ന് നിയമം പറയുന്നു.  ഉടമകളില്ലാത്ത സ്വത്തുവകകകള്‍ എന്നായിരുന്നു പ്രഖ്യാപിത ലക്ഷ്യമെങ്കിലും  പിന്നീടത് പരമോന്നത നേതാവിന്‍റെ ഉത്തരവില്‍ ആരുടെ സ്വത്തുക്കളും സെതാദിന് പിടിച്ചെടുക്കാമെന്നായി. ഇങ്ങനെ പിടിച്ചെടുത്ത സ്വത്തുക്കള്‍ രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് രംഗത്തും ഖമ്്നേയിയെ ഒന്നാമനാക്കി.  കാരുണ്യപ്രവര്‍ത്തികളിലൂടെയാണ് സെതാദ് യഥാര്‍ഥമുഖം മറയ്ക്കുന്നത.് എന്നാല്‍  ആസ്തിയുടെ വളരെ ചെറിയ ശതമാനം മാത്രമാണ് സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റിവയ്ക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. സെതാദും ഖമ്്നെേയയും വളര്‍ന്നപ്പോള്‍ സാധാരണജനം തളര്‍ന്നു.  കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ദാരിദ്ര്യം 15 ശതമാനം വര്‍ധിച്ചു.  2015ല്‍ സാമ്പത്തിക ഉപരോധങ്ങള്‍ നീങ്ങിയിട്ടും സാധാരണക്കാരന്‍റെ ജീവിതം മെച്ചപ്പെട്ടില്ല. തൊഴിലില്ലായ്മയും വിലക്കയറ്റവും ജനജീവിതം ദുസഹമാക്കി. വലിയ സാമ്പത്തിക വളര്‍ച്ച വാഗ്ദാനം ചെയ്ത ഹസന്‍ റൂഹാനി സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. മിതവാദിയെന്ന് അവകാശപ്പെട്ടിട്ടും  വ്യക്തിസ്വാതന്ത്ര്യങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കും നേരെ മുഖംതിരിച്ചു റൂഹാനി. ഭരണകൂടത്തിനെതിരെ ശിരോവസ്ത്രം ഉൗരിവീശി പ്രതിഷേധിച്ച യുവതി ഇറാന്‍ജനതയുടെ രോഷത്തിന്‍റെ നേര്‍ചിത്രമായി.

2009നുശേഷമുള്ള ഏറ്റവും വലിയ സര്‍ക്കാര്‍വിരുദ്ധപ്രക്ഷോഭമാണ് ഇറാനില്‍ അരങ്ങേറുന്നത്. പ്രസിഡന്‍റ് ഹസന്‍ റൂഹാനി കുറ്റപ്പെടുത്തുന്നതുപോലെ വിദേശരാജ്യങ്ങളുടെ ഏറാന്‍മൂളികളാണ് പ്രക്ഷോഭകാരികളെന്ന് കരുതുകവയ്യ. പക്ഷേ ഇറാന്‍ പ്രക്ഷോഭത്തില്‍ സന്തോഷിക്കുന്ന രണ്ട് രാജ്യങ്ങളുണ്ടെന്നത് വാസ്തവമാണ്. അമേരിക്കയും ഇസ്രയേലും.

ഒന്നും രണ്ടുമല്ല 5 തവണയാണ് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഇറാനിലെ പ്രക്ഷോഭകാരികള്‍ക്കനൂകൂലമായി ട്വീറ്റ് ചെയ്തത്. ആണവകരാറില്‍ നിന്ന് പിന്‍മാറുന്നതടക്കം എന്നും ഇറാന്‍ വിരുദ്ധ നിലപാടുകള്‍ എടുത്തിട്ടുള്ള ട്രംപിനെ ജനകീയപ്രക്ഷോഭം ആവേശംകൊള്ളിക്കുന്നെണ്ടെന്ന് വ്യക്തം. മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുന്ന ഇറാന്‍ ഭരണകൂടം പൊതുമുതല്‍ കൊള്ളയടിക്കുകയാണെന്ന് പ്രസിഡന്‍റ് അഭിപ്രായപ്പെട്ടു. കിരാതഭരണകൂടത്തിന് അധികം തുടരാനാവില്ല, ഇറാന്‍ ജനത വിധിയെഴുതും, ലോകം നോക്കിയിരിക്കുകയാണ്, ട്രംപ് പറയുന്നു. പ്രസിഡന്‍റിന്‍റെ വാക്കുകള്‍ ഏറ്റെടുത്ത വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സും സ്പീക്കര്‍ പോള്‍റയാനും യുഎന്‍ അംബാസിഡര്‍ നിക്കി ഹാലിയും പ്രക്ഷോഭകാരികള്‍ക്ക് പിന്തുണ അറിയിച്ചു. 

പ്രക്ഷോഭകാരികള്‍ക്ക് പിന്നില്‍ ഇസ്രയേലാണെന്ന ഇറാന്‍ സര്‍ക്കാരിന്‍റെ ആരോപണത്തിന് പിന്നാലെയാണ് സര്‍ക്കാര്‍വിരുദ്ധര്‍ക്ക് പിന്തുണയുമായി ഇസ്രയേല്‍പ്രധാനമന്ത്രി ബന്യമിന്‍ നെതന്യാഹു രംഗത്തെത്തിയത്. പ്രക്ഷോഭത്തിന് ആക്കം കൂട്ടുന്നത് ഇസ്രയേലും അമേരിക്കയും ആണെന്ന ഇറാന്‍ മാധ്യമങ്ങളുടെ വാദം നെതന്യാഹു  തള്ളിക്കളഞ്ഞു. 

പക്ഷേ ഒരാഴ്ച പിന്നിട്ടിട്ടും ശക്തമായി തുടരുന്ന പ്രക്ഷോഭത്തെ വിദേശശക്തികളുടെ മേല്‍ കുറ്റം ചാര്‍ത്തി അടിച്ചമര്‍ത്താന്‍ റൂഹാനി സര്‍ക്കാരിന് കഴിയുമോയെന്ന് സംശയമാണ്.  സാമ്പത്തിക അസമത്വത്തിന് രാജ്യാന്തരഉപരോധമെന്ന ന്യായം ഇനി വിലപ്പോവില്ല. അപ്പോള്‍ പിന്ന അതിഭീമമായ എണ്ണ-പ്രകൃതിവാതക സമ്പത്തില്‍ നിന്നുള്ള വരുമാനം എങ്ങോട്ടുപോകുന്നു എന്നതിന് ജനത്തിന് കൃത്യമായ ഉത്തരം നല്‍കിയേ മതിയാവൂ സര്‍ക്കാര്‍.