രാജകീയം പ്രൗഢം യാത്രാമൊഴി

കാലം ചെയ്ത തായ് രാജാവ് ഭൂമിബോൽ അതുല്യതേജിന് രാജകീയ യാത്രയയപ്പ്. തായ് ജനതയ്ക്ക് ദൈവതുല്യനായ ഭൂമിബോല്‍ രാജാവിന്‍റെ സ്വര്‍ഗയാത്ര ചടങ്ങ് സമീപകാലത്തെ ഏറ്റവും ആഡംബരം നിറഞ്ഞ ശവസംസ്കാരമായിരുന്നു. മരിച്ച് ഒരു വര്‍ഷത്തിന് ശേഷമാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്. തായ്്്ലന്‍ഡിന്‍റെ രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ബാക്കിയാക്കിയാക്കിയാണ് രാജാവ് വിടവാങ്ങിയത്.

ജനഹൃദയങ്ങളിൽ അനശ്വരനായ ഭൂമിബോല്‍  രാജാവിന്‍റെ ഭൗതികദേഹം വഹിക്കുന്ന സ്വര്‍ണത്തേര്. 200 പേരാണ് രഥം വലിയ്ക്കുന്നത്. 1795ൽ, രാമ ഒന്നാമൻ രാജാവ് തന്റെ പിതാവിന്റെ സംസ്കാരച്ചടങ്ങിനായി പണികഴിപ്പിച്ച രഥം തായ്‌ലൻഡ് നാഷനൽ മ്യൂസിയത്തിലെ ഫൈൻ ആർട്സ് വിഭാഗം നാളുകള്‍ നീണ്ട പ്രയത്നത്തിലൂടെയാണ് ഈ പുതിയ രൂപത്തിലാക്കിയത് . അതുല്യതേജിന്‍റെ മകനും ഇപ്പോഴത്തെ തായ് രാജാവുമായ  മഹാവജിരലോങ്‌കോന്‍ ചടങ്ങുകള്‍ നയിച്ചു. 

ലോകത്ത് ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന തായ് രാജാവിന്‍റെ ഭൗതികദേഹം വഹിച്ച രഥം കടന്നുവന്നപ്പോള്‍ ബാങ്കോക്ക് നഗരം അക്ഷരാര്‍ഥത്തില്‍ മനുഷ്യക്കടലായി. റോഡിനിരുവശവും മുട്ടുകുത്തിനിന്ന സൈനികര്‍ സര്‍വസൈന്യധിപനോടുള്ള ആദരവറിയിച്ചു. കറുത്ത വസ്ത്രമണിഞ്ഞ് വിലാപയാത്രയില്‍ പങ്കെടുത്ത പ്രജകള്‍ വിങ്ങിപ്പൊട്ടി. രഥത്തിനു മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച ജനത രാജാവിനോടുള്ള വിധേയത്വം വ്യക്തമാക്കി.  രാജകൊട്ടാരത്തിലെ ഗജവീരന്‍മാര്‍പോലും അച്ചടക്കത്തോടെ വിലാപയാത്രയുടെ ഭാഗമായി..

ബുദ്ധമതാചാര പ്രകാരം നടന്ന ആഡംബര ശവസംസ്കാരത്തിന് മുന്നൂറു കോടിയാണ് തായ്്ലന്‍ഡിലെ പട്ടാളഭരണകൂടം ചിലവിട്ടത.്  ചന്ദനത്തില്‍ തീര്‍ത്ത 10 ലക്ഷം പുഷ്പങ്ങളാണ് ബാങ്കോക്കില്‍ അങ്ങോളമിങ്ങോളമുള്ള ക്ഷേത്രങ്ങളില്‍ രാജാവിന്‍റെ ആത്മശാന്തിക്കായി സമര്‍പ്പിക്കപ്പെട്ടത്. രാജ്യത്തിന്‍റെ വിവിധഭാഗങ്ങളിലായി ശവകുടീരത്തിന്‍റെ 85 ചെറുപതിപ്പുകള്‍ സര്‍ക്കാര്‍ പണികഴിപ്പിച്ചു. എല്ലായിടത്തുമായി ഒരു കോടിയിലധികം പേര്‍ ആദരാഞ്ജലികളുമായെത്തി. സംസ്കാരദിവസം മാത്രം 80,000 സുരക്ഷാ ഭടന്‍മാരെ ബാങ്കോക്ക് നഗരത്തില്‍ വിന്യസിച്ചു. മെട്രോ സര്‍വീസുകളിലും ഭക്ഷണശാലകളിലും സൗജന്യസേവനം ഉറപ്പാക്കി. ടെലിവിഷന്‍ ചാനലുകളില്‍ ഉപയോഗിക്കാവുന്ന നിറങ്ങള്‍ക്കു പോലംു നിയന്ത്രണമേര്‍പ്പെടുത്തിയ സര്‍ക്കാര്‍ ചടങ്ങുകള്‍ റിപ്പോര്‍ട്ട് ചെയ്യാനെതത്ിയ മാധ്യമപ്രവര്‍ത്തകര്‍ക്കും കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കി. മുടി കെട്ടിവയ്ക്കണം, താടി വടിയ്ക്കണം, ആഭരണങ്ങള്‍ പാടില്ല. സാക്സഫോണ്‍ സംഗീതത്തെ ഏറെയിഷ്ടപ്പട്ടെ രാജാവിനായി നഗരത്തിന്‍റെ വിവിധഭാഗങ്ങളില്‍ സംഗീതപരിപാടികള്‍ അരങ്ങേറി. രാജ്യത്തെ മുഖ്യ തീര്‍ഥാടന കേന്ദ്രമായ എമരാള്‍ഡ് ക്ഷേത്രത്തിലാണ് ഭൂമിബോല്‍ രാജാവിന്‍റെ ഭൗതികാവശിഷ്ടങ്ങള്‍ സൂക്ഷിക്കുന്നത്.

തായ്്ലന്‍ഡ് ചരിത്രത്തിലെ ഒരു യുഗമാണ് ഭൂമിബോല്‍ രാജാവിന്‍റെ സംസ്കാരത്തോടെ അവസാനിക്കുന്നത്. പട്ടാളവിപ്ലവങ്ങളുടെ നാട് എന്ന പേരിലറിയപ്പെടുന്ന തായ്‌ലൻഡിലെ ആഭ്യന്തരപ്രശ്നങ്ങള്‍ വീണ്ടും തലപൊക്കാനുള്ള സാധ്യതയേറുകയാണ്. ഭൂമിബോല്‍ രാജാവിനുണ്ടായിരുന്ന സ്വീകാര്യതയോ കരുത്തോ അദ്ദേഹത്തിന്‍റെ പിന്‍ഗാമിക്കില്ല എന്നതു തന്നെ കാരണം. 1932 ല്‍ രാജഭരണം അവസാനിച്ചെങ്കിലും ഭൂമിബോല്‍ രാജാവിന്‍റെ വാക്ക് ഭരണത്തില്‍ എക്കാലവും അവസാനത്തേതായിരുന്നു.

രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള ഏറ്റുമുട്ടലും അതുവഴിയുള്ള ആഭ്യന്തര കലാപവും   പട്ടാള അട്ടിമറിയും തായ് രാഷ്ട്രീയത്തില്‍ പതിവ് കാഴ്ചയാണ്. 2014 ലാണ് ഏറ്റവും അവസാനത്തെ പട്ടാള അട്ടിമറിയുണ്ടായത്. 2011 ല്‍ അധികാരമേറ്റ പ്രധാനമന്ത്രി യിങ്‌ലക് ഷിനവത്രയെ അഴിമതിയോരപണങ്ങളുടെ പേരിലാണ് പട്ടാളം പുറത്താക്കിയത്. സബ്‌സിഡി നിരക്കിൽ അരി നൽകിയ പദ്ധതി വഴി രാജ്യത്തിനു കോടികളുടെ നഷ്‌ടമുണ്ടാക്കി എന്ന  പേരിലായിരുന്നു നടപടി. പട്ടാളഭരണകൂടം കടുത്ത നടപടികളിലേക്ക് നീങ്ങിയതോടെ നാടുവിട്ട യിങ്്ലക് ദുബായില്‍ ഒളിവില്‍ കഴിയുകയാണ്. യിങ്്്ലക്കിന്‍റെ സഹോദരനും മുൻപ്രധാനമന്ത്രിയുമായ തക്‌സിന്‍ ഷിനവത്രയും ഇതേരീതിയല്‍ നാടുവിട്ടതാണ്. ശതകോടീശ്വരനായിരുന്ന തക്‌സിൻ ഷിനവത്രയുടെ സർക്കാരിനെ 2006ൽ അട്ടിമറിയിലൂടെ സൈന്യം പുറത്താക്കിയിരുന്നു. സൈന്യം അധികാരം പിടിച്ചെടുത്തതിനെത്തുടർന്നു  2008ൽ നാടുവിട്ട തക്‌സിനും ദുബായിലാണ്. ആഭ്യന്തര രാഷ്ട്രീയത്തില്‍ നിരവധി  സംഘര്‍ഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു തായ്്്ലന്‍ഡ്

പലപ്പോഴും രക്തരൂക്ഷിതമായ ഈ കലാപങ്ങളൊന്നും രാജ്യത്തെ ചിന്നഭിന്നമാക്കാതിരുന്നത് ഭൂമിബോല്‍ രാജാവിന്‍റെ ഇടപെടല്‍ മൂലമാണ്. തിരഞ്ഞെടുപ്പിൽ മൽസരിക്കാതെ പ്രധാനമന്ത്രിയായി അധികാരമേറ്റ ജനറൽ സുചീന്ദ്രക്രാപ്രയൂണിനെതിരെ വൻ പ്രക്ഷോഭം രൂപപ്പെട്ടപ്പോൾ ഭൂമിബോൽ അദ്ദേഹത്തെ പുറത്താക്കി പാർലമെന്റ് പിരിച്ചുവിട്ടു.  ദേശീയ ഐക്യത്തിന്‍റെ പ്രതീകമായ രാജാവിന്റെ ഏതു നടപടിയിലും പിന്തുണയേകി തായ് ജനത എന്നും ഒപ്പമുണ്ടായിരുന്നു. പക്ഷേ പുതിയ രാജാവിന് ഈ സ്വാധീന തുടരാനാവുമോ എന്നാണ് ചിലരെങ്കിലും സംശയിക്കുന്നത്. തുടക്കം മുതല്‍ പട്ടാളഭരണകൂടവുമായി അത്ര നല്ല ബന്ധമല്ല മഹാവജിരലോങ്്്കോണിനുള്ളത്. കിരീടധാരണത്തിനുള്ള സര്‍ക്കാര്‍ ക്ഷണത്തെ അദ്ദേഹം സ്വീകരിച്ചതുപോലും ഏരെ വൈകിയാണ്. ഈ വര്‍ഷമാദ്യം കൊണ്ടു വന്ന ഭരണഘടനാ ഭേദഗതിയില്‍ വീണ്ടും മാറ്റമാവശ്യപ്പെട്ട രാജാവിന്‍റെ നടപടിയും അസ്വാരസ്യങ്ങള്‍ക്കിടയാക്കി. രാജാവിന് ഭരണത്തിലുള്ള റോള്‍ വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിനാണ് അദ്ദേഹം തടയിട്ടത്. രാജാവിനെതിരെ സംസാരിക്കുന്നത് ക്രിമിനല്‍ കുറ്റമായ രാജ്യത്ത് എതിര്‍ശബ്ദങ്ങള്‍ പുറത്തുവന്നില്ലെന്ന് മാത്രം. ആഭ്യന്തര രാഷ്ട്രീയത്തില്‍ ഉടലെടുക്കുന്ന അസ്വസ്ഥതകളാണ് മറ്റൊരു വെല്ലുവിളി. യിങ്്്ലക് സര്‍ക്കാരിനെ അട്ടിമറിച്ച പട്ടാളം ജനാധിപത്യസ്ഥാപനം വാഗ്ദാനം ചെയ്തിരുന്നെഹ്കിലും ആ നിലയ്ക്കുള്ള നീക്കങ്ങളൊന്നും ഇതുവരെ തുടങ്ങിയിട്ടില്ല. പല സുപ്രധാന ഭരണഘടനാ സ്ഥാപനങ്ങളിലും തങ്ങളുടെ വിശ്വസ്ഥരെ ഉറപ്പിച്ച ശേഷമെ പട്ടാളസര്‍ക്കാര്‍ തിരഞ്ഞെടുപ്പിന് സന്നദ്ധമായേക്കൂ. ഷിനവത്ര കുടുംബത്തിന്‍റെ തിരിച്ചുവരവ് ആഗ്രഹിക്കുന്ന വലിയ ശതമാനം സാധാരണ ജനം രാജ്യത്തുണ്ട്. ഷിനവത്ര അനുകൂലികളായ ചുവന്നകുപ്പായക്കാരും പ്രതിപകഷമായ മഞ്ഞക്കുപ്പായക്കാരും തിരഞ്ഞെടുപ്പ് ആഗ്രഹിക്കുന്നുണ്ട്.  പക്ഷേ ഭരണഘടനാ ഭേദഗതിയടക്കം പട്ടാളഭരണകൂടം ഇപ്പോള്‍ നടപ്പാക്കിവരുന്ന കാര്യങ്ങള്‍ ഷിനവത്രകളുടെ മടങ്ങി വരവ്  അസാധ്യമാക്കുന്നതാണ്. ജനാധിപത്യം എന്ന് പേരുണ്ടെങ്കിലും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാത്ത വ്യക്തിക്കും പ്രധാനമന്ത്രിയാവാന്‍ അധികാരം നല്‍കുന്നതാണ് പുതിയ ഭരണഘടന. അതായത് നിലവിലെ പ്രധാനമന്ത്രി് ജനറൽ പ്രയുദ് ചനോച്ചയ്ക്ക് വേണമെങ്കില്‍ അധികാരത്തില്‍ തുടരാനാവും.   അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് അതുകൊണ്ടു തന്നെ തായ്്ലന്‍ഡിന്‍റെ ഭാവി നിശ്ചയിക്കുന്നതാവും. രക്തച്ചൊരിച്ചിലുകള്‍ ഒഴിവാക്കി രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ച ഭൂമിബോല്‍ രാജാവിന് തുല്യനാവാന്‍ മഹാവജ്്രിലോങ്കോണിന് കഴിയുമോയെന്ന് കാത്തിരുന്ന് കാണാം.