ഇന്ത്യയുടെ പരിചരണത്തണല്‍ തേടിയെത്തിയവര്‍

സംഘര്‍ഷങ്ങളില്‍ ചിതറിത്തെറിച്ച ജീവതം കൂട്ടിച്ചേര്‍ക്കാന്‍ ഇന്ത്യയുടെ സാന്ത്വനം തേടിയെത്തിവരെക്കുറിച്ചാണിനി. ഹൂതി വിമതരുമായുള്ള യുദ്ധം നാശം വിതച്ച യെമനില്‍ നിന്ന് ചികില്‍സതേടിയെത്തിവര്‍. ആയുധങ്ങള്‍ നിശബ്ദമായ, സംഘര്‍ഷങ്ങളൊഴിഞ്ഞ, സമാധാനം പുലരുന്ന ഒരു നല്ലനാളെ സ്വപ്നം കാണുന്നവര്‍. ശരീരത്തിലെയും മനസിലെയും മുറിവുകള്‍ തുന്നിക്കെട്ടി അവര്‍ പ്രതീക്ഷകളുടെ പച്ചപ്പിലേക്ക് പോകാനൊരുങ്ങുകയാണ്.

ഭയവും വേദനയും വിട്ടൊഴിഞ്ഞിട്ടില്ലാത്ത ആ വലതുകണ്ണാണ് ആദ്യം കണ്ടത്. യുദ്ധഭൂമിയില്‍ ചിതറിയ ബോംബ് ഷെല്ലിന്‍റെ ചീളുകള്‍ പതിച്ച് ഇടതുകണ്ണ് നഷ്ടമായിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ്. ജന്മനാട്ടില്‍വെച്ച്. കാഴ്ച്ചകളില്‍ അങ്ങ‌നെ പാതി ഇരുട്ടുകയറി. ദുരിതങ്ങളുടെ കടലാഴങ്ങള്‍ താണ്ടിയാണ് ആ അഞ്ചുവയസുകാരന്‍ എത്തിയിട്ടുള്ളത്. ഇന്ത്യയുടെ സ്നേഹത്തണലിലേക്ക്. ഇവനെപ്പോലെ യുദ്ധക്കെടുതിയില്‍ മുറിവേറ്റ 52 പേരാണ് ഡല്‍ഹിയിലെയും ഹരിയാനയിലെയും ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. ഹൂതി വിമതരുമായുള്ള യുദ്ധം തകര്‍ത്തെറിഞ്ഞ യെമനില്‍ നിന്ന്. കാതുകളില്‍ വെടിയൊച്ചകള്‍ ഇപ്പോഴുമുണ്ട്. ചിതറിത്തെറിച്ച ശരീരങ്ങളുടെയും കത്തിയമര്‍ന്ന മാംസത്തിന്‍റെയും തുളച്ചുകയറുന്ന ഗന്ധം. മനസിലെ മുറിവുകളില്‍ ഇപ്പോഴും ചോര കിനിഞ്ഞുകൊണ്ടിരിക്കുന്നു. നരകവാതിലുകള്‍ പിന്നിട്ടെത്തിയതിന്‍റെ ആഘാതം മറികടക്കണം. ജീവിതത്തെ അതിന്‍റെ എല്ലാ നന്മകളോടെയും തിരിച്ചുപിടിക്കണം. സ്നേഹത്തിന്‍റെ മാന്ത്രിക മരുന്നുമായി പ്രതീക്ഷകളെ ചേര്‍ത്തുവെയ്ക്കാന്‍ ഇന്ത്യയുണ്ട് ഇവര്‍ക്കൊപ്പം.

ചികില്‍സതേടിയെത്തിയവരില്‍ 12 പേര്‍ യെമന്‍ സൈനികരാണ്. പരിചരണത്തിനും സഹായത്തിനുമായി ബന്ധുക്കളും സുഹൃത്തുക്കളുമായ 22 പേരുണ്ട്. യുഎഇ സര്‍ക്കാരിന്‍റെ പ്രതിനിധിയും സദാ കൂടെയുണ്ട്.

യുദ്ധഭൂമിയില്‍ സഹായമെത്തിക്കുന്ന യുഎഇ സര്‍ക്കാരും റെഡ് ക്രസന്‍റ് സംഘടനയും ചേര്‍ന്നാണ് ഇവരെ ഇന്ത്യയിലെത്തിച്ചത്. യെമനില്‍ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയ ഇവര്‍ സംഘര്‍ഷ ഭൂമിയിലൂടെ മണിക്കൂറുകള്‍ സഞ്ചരിച്ച് ഏദനിലെത്തി. പിന്നെ ഡല്‍ഹിയിലേക്ക് പറന്നിറങ്ങി. മുറിവുകളെല്ലാം മാറ്റി. തകര്‍ന്ന ജീവതത്തെ ചേര്‍ത്തുവെച്ച്. ഇവര്‍ക്ക് പിറന്ന നാട്ടിലേക്ക് മടങ്ങണം. അപ്പോഴേയ്ക്കും അവിടെ ശാന്തിയുടെയും സമാധാനത്തിന്‍റെയും പുതിയ പുലരി പിറക്കണം. അതുവരെ താങ്ങും തണലുമായി ഇന്ത്യയുണ്ട് കൂടെ.

യെമനില്‍ നിന്ന് ചികില്‍സ തേടിവന്ന ആ അഞ്ചുവയസുകാരന്‍റെയും കൂട്ടരുടെയും പ്രതീക്ഷകള്‍ സഫലമാകട്ടെയെന്ന് നമുക്ക് പ്രത്യാശിക്കാം. വലുതു കണ്ണുകൊണ്ട് കനിവിന്‍റെ, നന്മയുടെ ഒരുപാട് കാഴ്്ചകള്‍ കാണാന്‍ അവന് കഴിയട്ടെ.