കശ്മീര്‍ പ്രശ്നം: പഠിക്കാത്ത പാഠങ്ങള്‍

കശ്മീര്‍ വിഷയം തൊട്ടാല്‍പ്പൊള്ളുന്ന പ്രശ്നമാണ്. ഇതില്‍ തൊട്ടുതന്നെയാണ് കോണ്‍ഗ്രസ് നേതാവ് പി ചദംബരത്തിന് കൈപൊള്ളിയത്. ഏതായാലും ബിജെപിക്കും കേന്ദ്രസര്‍ക്കാരിനും വീണുകിട്ടിയ ആയുധമായി പി ചദംബരത്തിന്‍റെ കശ്മീര്‍ പ്രസ്താവന.

സംഘര്‍ഷഭരിതമായ കശ്മീരില്‍ സമാധാനം പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ഏറെ വൈകിയാണെങ്കിലും കേന്ദ്രസര്‍ക്കാര്‍ തുടങ്ങി. ചര്‍ച്ചകള്‍ക്ക് പ്രതിനിധിയായി കേരള കേഡര്‍ െഎ.പി.എസ് ഉദ്യോഗസ്ഥനായിരുന്ന ദിനേശ് ശര്‍മ്മ. വിഘടനവാദികളുമായി ചര്‍ച്ചയ്ക്ക് പച്ചക്കൊടി. കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ ജമ്മുകശ്മീര്‍ ഭരിക്കുന്ന പിഡിപിയും പ്രതിപക്ഷപാര്‍ട്ടിയായ നാഷ്ണല്‍ കോണ്‍ഫ്രന്‍സും കൈയ്യടിച്ച് സ്വീകരിച്ചു. എല്ലാം ഒറ്റയടിക്ക് കലങ്ങിത്തെളിയുമെന്ന വ്യാമോഹമൊന്നുമില്ലെങ്കിലും പ്രശ്നങ്ങള്‍ തല്‍ക്കാലത്തേയ്ക്ക് ഒന്നൊതുക്കിയെന്ന് കരുതിയിക്കുമ്പോഴാണ് പുതിയ വിവാദങ്ങള്‍ തലപൊക്കിയത്. 

കശ്മീരിന് സ്വയംഭരണമാണ് വേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ്  പി.ചിദംബരം. ഭരണഘടനയുടെ 370 അനുച്ഛേദത്തിലെ ആത്മാവിനെയും അക്ഷരങ്ങളെയും കശ്മീര്‍ ജനത ബഹുമാനിക്കുന്നുവെന്ന് മുന്‍ആഭ്യന്തരമന്ത്രി പറഞ്ഞുവെച്ചു. കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുമാറ്റാന്‍ വ്രതമെടുത്ത് കഴിയുന്ന ബിജെപിയും കേന്ദ്രസര്‍ക്കാരും രൂക്ഷമായാണ് ചിദംബരത്തിന് മറുപടി നല്‍കിയത്. പി ചി.ദംബരം രാജ്യദ്രോഹിയെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. വെട്ടിലായ കോണ്‍ഗ്രസ് ചിദംബരത്തെ പതിയെ കൈയ്യൊഴിഞ്ഞു. വാക്പോരിന്‍റെ മൂര്‍ച്ചയ്ക്കിടെ, താഴ്വരയിലെ സമാധാനശ്രമങ്ങളെ വിവാദങ്ങളുടെ കാര്‍മേഘം മൂടി. ആരുമായും ചര്‍ച്ചയ്ക്കില്ലെന്ന് വിഘടനവാദികള്‍ പ്രഖ്യാപിച്ചതോടെ എല്ലാം  പിന്നെയും പഴയപടി. സര്‍ക്കാരിന്‍റെ പ്രതിനിധിക്ക് ഇനി എന്ത് ചെയ്യാന്‍ കഴിയും? കശ്മീരില്‍ അശാന്തി തുടരണമെന്ന് ആര്‍ക്കാണ് ഇത്ര വാശി? അതിര്‍ത്തി കടന്നെത്തുന്ന ഭീകരതയെ കായികബലംകൊണ്ടും ആയുധശേഷികൊണ്ടും പരിഹരിക്കാന്‍ കഴിഞ്ഞേക്കും. പക്ഷെ, കശ്മീരിലെ ജനതയ്ക്കുമുന്നില്‍ രാജ്യം തോറ്റുപോകും.

ജനങ്ങളെ വിശ്വാസത്തിലെടുത്തും ഒപ്പം നിര്‍ത്തിയും മാത്രമേ ജനാധിപത്യ രാജ്യത്തിന് മുന്നോട്ടുപോകാന്‍ കഴിയൂ. കശ്മീര്‍ പ്രശ്നപരിഹാരത്തിന് കശ്മീര്‍ ജനതയ്ക്കൊപ്പം രാജ്യം നില്‍ക്കണം.