ആഗോള വിശപ്പ് സൂചിക; കൂപ്പുകുത്തി ഇന്ത്യ; പാകിസ്ഥാനും നേപ്പാളിനും പിന്നിൽ; 107–ാമത്

ചിത്രം: AP

ഇന്ത്യയിൽ ദാരിദ്ര്യം പിടിമുറുക്കുന്നുവെന്ന് ആഗോള വിശപ്പ് സൂചികാ റിപ്പോർട്ടിന്റെ മുന്നറിയിപ്പ്. 121 രാജ്യങ്ങളുടെ പട്ടികയിൽ നേപ്പാളിനും പാകിസ്ഥാനും പിന്നിൽ 107–ാം സ്ഥാനത്താണ് ഇന്ത്യ. മുൻ വർഷം 101–ാം സ്ഥാനത്തായിരുന്നു. അതീവ ജാഗ്രതയോടെ ഇന്ത്യയിലെ പട്ടിണി പരിഹരിക്കേണ്ടതുണ്ടെന്നും ഗവേഷകർ വ്യക്തമാക്കുന്നു. 

ചൈന, തുർക്കി. കുവൈറ്റ് എന്നിവ ഉൾപ്പടെ 17 രാജ്യങ്ങളിലാണ് വിശപ്പ് സൂചികാ സ്കോർ അഞ്ചിൽ താഴെയുള്ളത്. 38.8 ആണ് ഇന്ത്യയുടെ സ്കോർ.  എന്നാൽ ഇന്ത്യയെ കുറിച്ച് ധാരണയില്ലാത്ത പട്ടികയാണെന്നും അശാസ്ത്രീയ മാർഗങ്ങളാണ് സംഘം ഉപയോഗിക്കുന്നതെന്നും കേന്ദ്രസർക്കാർ കുറിപ്പിലൂടെ പറയുന്നു. ശരിയായ രീതിയിൽ പട്ടിക തയ്യാറാക്കിയാൽ ഇന്ത്യയുടെ സ്ഥാനം നൂറിനുള്ളിലാണ് വരികയെന്നും സർക്കാർ കുറിപ്പ് പറയുന്നു. ഫോൺ വഴിയുള്ള ഗാലപ് പോളുകളാണ് ഗവേഷക സംഘം ഉപയോഗിക്കുന്നതെന്നും സർക്കാര്‍ ആരോപിച്ചു. പക്ഷേ ഈ വാദം സമിതി തള്ളി. ഇന്ത്യാ ഗവൺമെന്റ് യുഎന്നിൽ സമർപ്പിച്ച ഔദ്യോഗിക റിപ്പോർട്ടുകൾ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ടെന്നും ഗാലപ്പ് പോളുകൾ പട്ടിക പ്രസിദ്ധീകരിക്കാനായി നടത്തിയിട്ടില്ലെന്നും സമതി എൻഡിടിവിയോട് വെളിപ്പെടുത്തി. 

മോദി സർക്കാർ ചുമതലയേറ്റ ശേഷം രാജ്യം ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ ആണെന്നും എന്നാണ് യഥാർഥ പ്രശ്നങ്ങളായ പോഷകാഹാരക്കുറവിലേക്കും, വിശപ്പിലേക്കും ഒക്കെ പ്രധാനമന്ത്രിയുടെ ശ്രദ്ധയെത്തുകയെന്ന് പട്ടിക പങ്കുവച്ച് മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ പി. ചിദംബരം ട്വീറ്റ് ചെയ്തു.

India falls to 107th in Global Hunger Index behind Pak, Nepal