സാമ്പത്തിക പ്രതിസന്ധി മനുഷ്യനിര്‍മിതം; മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് പി.ചിദംബരം

ജയിൽ മോചിതനായ ശേഷം മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് പി.ചിദംബരം. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മനുഷ്യനിര്മിതമാണെന്ന് എ.ഐ.സി.സി ആസ്ഥാനത്തു  നടത്തിയ വാർത്താസമ്മേളനത്തിൽ ചിദംബരം വിമർശിച്ചു. അതേസമയം ചിദംബരത്തിന്റെ വാർത്താസമ്മേളനം ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്ന് ബിജെപി ആരോപിച്ചു   

ഐഎൻഎക്സ് മീഡിയ കേസിൽ  അറസ്റ്റിലാകുന്നതിനു തൊട്ട് മുൻപ് നടത്തിയ വാര്ത്താസമ്മേളനത്തിലെ അതെ ആത്മവിശ്വാസം തന്നെയായിരുന്നു ഇന്നത്തെ  വാർത്ത സമ്മേളനത്തിലും പി ചിദംബരം പ്രകടിപ്പിച്ചത്.  ഓഗസ്റ് 4 മുതൽ തടവറയിൽ കഴിയുന്ന കശ്മീർ ജനതയെക്കുറിച്ചാണ് തന്റെ ചിന്തയെന്നു പറഞ്ഞ ചിദംബരം മോദി സർക്കാരിനെതിരെ കടുത്ത വിമർശനം  അഴിച്ചു വിട്ടു . രാജ്യത്തെ ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളി വിടുകയാണ് സർക്കാർ.. മൗനം പാലിക്കുന്ന പ്രധാനമന്ത്രിയോട് സാമ്പത്തിക മാന്ദ്യത്തെ പറ്റി ചോദിച്ചാലും ഉത്തരം ലഭിക്കാൻ പോകുന്നില്ലെന്ന് ചിദംബരം പരിഹസിച്ചു 

 എല്ലാ വ്യവസായികളും സർക്കാരിനെതിരെ സംസാരിക്കാൻ ഭയപെടുകയാണെന്നും രാഹുൽ ബജാജിന്റെ വിമർശനം ചൂണ്ടിക്കാട്ടി ചിദംബരം പറഞ്ഞു 

രാജ്യസഭയിൽ എത്തിയ  ചിദംബരം പാർലമെന്റിനു മുന്നിൽ നടന്ന പ്രതിഷേധത്തിലും പങ്കെടുത്തു. ചിദംബരം നടത്തിയ വാർത്ത സമ്മേളനം ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി