ആവേശമായി ദുബായ് മാരത്തണ്‍; മല്‍സരത്തില്‍ പങ്കെടുത്ത് വിദേശികളും സ്വദേശികളും

ദുബായ് ഫിറ്റ്നസ് ചാലഞ്ചിനോട് അനുബന്ധിച്ച് നടന്ന ദുബായ് റണ്ണിനും റൈഡിനും പിന്നാലെ പോയവാരം എമിറേറ്റിലെ പ്രധാനനിരത്ത് വീണ്ടും  അതല്റ്റുകളെ കൊണ്ട് നിറഞ്ഞു. ഇക്കുറി ദുബായ് മാരത്തണായിരുന്നു വേദി. വിവിധ രാജ്യങ്ങളിൽ നിന്നായി ആയിരക്കണക്കിനുപേരാണ് മാരത്തണിലും അതിനോട് അനുബന്ധിച്ച് നടന്ന വിവിധ ഓട്ടമൽസരങ്ങളിലും പങ്കെടുത്തത്. ഗോൾഡ് ലേബൽ റോഡ് റേസ് ആയി വേൾഡ് അത്‌ലറ്റിക്‌സ്,, തരംതിരിച്ച ദുബായ് മാരത്തൺ സംഘടിപ്പിക്കുന്നത്,, ദുബായ് സ്പോർട്സ് കൗൺസിലാണ്.

രാജ്യത്തിനകത്തും പുറത്തുമുള്ള കായികപ്രേമികൾ കാത്തിരുന്ന ദിവസം. മാസങ്ങളുടെ തയ്യാറെടുപ്പിനൊടുവിലാണ് മിക്കവരും എത്തിയത്.  പ്രഫഷണലുകൾക്ക് പുറമെ വിവിധ രാജ്യങ്ങളിൽ നിന്നായി വിവിധ പ്രായക്കാരായ ആയിരങ്ങളാണ് മാരത്തണിനായി ദുബായ് ജുമൈറയിലെ ഉംസുഖി റോഡിൽ അണിനിരന്നത്.  

പാരിസ് ഒളിംപിക്സിന് മുന്നോടിയായി നടന്ന മേള,, അത്്ലറ്റുകളെ സംബന്ധിച്ച് റെക്കോർഡ് നേട്ടമുണ്ടാക്കി ആഗോളതലത്തിൽ ശ്രദ്ധപിടിച്ചുപറ്റാനുള്ള വേദി കൂടിയായിരുന്നു. പലരും മനസിൽകുറിച്ച സ്വപ്നനേട്ടം സ്വന്തമാക്കാനായത് എത്യോപ്യൻ താരം ടെയ്ഗിസ്റ്റ് കറ്റേമയ്ക്കാണ്.

പതിവ് തെറ്റിക്കാതെ ഇക്കുറിയും എത്യോപ്യൻ തേരോട്ടം തന്നെയാണ് മാരത്തണിൽ കണ്ടത്. ദുബായ് പൊലീസ് അക്കാദമിക്ക് സമീപം ഉംസുഖിം റോഡിൽ നിന്ന് തുടങ്ങിയ 42.2 കിലോമീറ്റർ മാരത്തണിൽ വനിതാവിഭാഗത്തിൽ റെക്കോർഡ് സമയം കുറിച്ചാണ് എത്യോപ്യൻ താരം കറ്റേമ ഒന്നാമതെത്തിയത്. വാശിയേറിയ പോരാട്ടത്തിൽ രണ്ട് മണിക്കൂർ പതിനാറ് മിനിറ്റ് ഏഴ് സെക്കൻഡിലായിരുന്നു കറ്റേമയുടെ നേട്ടം.

ദുബായ് മാരത്തണിൽ കറ്റേമയുടെ അരങ്ങേറ്റമായിരുന്നു ഇത്. മുൻ റെക്കോർഡിനേക്കാൽ  61 സെക്കൻഡ് മുൻപ് ഓടിയെത്തിയാണ് ഇരുപത്തുഞ്ചുകാരിയായ  കറ്റേമ പുതു ചരിത്രം കുറിച്ചത്. അണ്ട‍ർ 20 വേൾഡ് അത്ലറ്റിക്സിൽ വെങ്കലം നേടിയ താരമാണ് കറ്റേമ. നിലവിലെ ചാംപ്യൻ ഡേറ ഡീഡയ്ക്ക് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപെടേണ്ടിവന്നു. നാലാം സ്ഥാനം ജർമൻകാരി സ്വന്തമാക്കിയത് ഒഴിച്ചാൽ ആദ്യ പത്ത് സ്ഥാനങ്ങളിലും എത്യോപ്യൻ താരങ്ങളാണ് ഓടിയെത്തിയത്.

പുരുഷവിഭാഗത്തിലും ഒന്നാം സ്ഥാനം എത്യോപ്യയ്ക്ക് തന്നെ. രണ്ട് മണിക്കൂർ അഞ്ച് മിനിറ്റ് ഒരു സെക്കൻഡ് സമയത്തിലാണ്   എത്യോപ്യയുടെ അഡീസു ഗോബീന ഒന്നാമതെത്തിയത്. 19 കാരനായ അഡീസുവിന്റെയും ദുബായ് മാരത്തണിലെ അരങ്ങേറ്റ മൽസരമായിരുന്നു ഇത്. ആദ്യ പത്തിൽ എത്യോപ്യൻ താരങ്ങൾക്ക് നഷ്ടമായത് അഞ്ചും ഏഴും സ്ഥാനമാത്രമാണ്.

ദുബായ് മാരത്തണിൽ ഇത് പതിനഞ്ചാം തവണയാണ് എത്യോപ്യൻ താരങ്ങൾ മെഡൽ സ്വന്തമാക്കുന്നത്. 2008ൽ മുതൽ ഇങ്ങോട്ട് ഒറ്റ തവണ മാത്രമാണ് എത്യോപ്യയ്ക്ക് മെഡൽ നഷ്ടമായത്. വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ അത്ലറ്റുകൾ അണിനിരന്ന മാരത്തണ്ണിന്റെ ഭാഗമായി എലൈറ്റ് , അമച്വർ വിഭാഗക്കാർക്കായ് പത്ത് കിലോമീറ്റർ ഓട്ടവും മറ്റുള്ളവർക്കായി നാല് കിലോ മീറ്റർ ഫൺ റണ്ണും അരങ്ങേറി

ദുബായ് സ്പോർട്സ് കൗൺസിൽ ചെയർമാൻ ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മംക്തൂമാണ് ദുബായ് മാരത്തണിന്റെ 23ാം പതിപ്പിന്റെ  വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തത്. ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരാൻ എല്ലാവരെയും പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗം കൂടിയാണ് മാരത്തൺ സംഘടിപ്പിക്കാൻ കാരണമെന്ന് ഷെയ്ഖ് മൻസൂർ പറഞ്ഞു. ഇത്തരത്തിലുള്ള കൂടുതൽ പരിപാടികൾ ഒരുക്കാൻ ദുബായ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി

ദുബായ് സ്പോർട്സ് കൗൺസിൽ സെക്രട്ടറി ജനറൽ സയീദ് ഹരെബ്,  യുഎഇ അത്ലറ്റിക് ഫെഡറേൽൻ പ്രസിഡന്റ് മേജർ ജനറൽ ഡോ. മുഹമ്മദ് അൽ മുർ, ദുബായ് മാരത്തൺ ജനറൽ കോർഡിനേറ്റർ മുഹമ്മദ് അൽ കമാലി, തുടങ്ങിയവർ പങ്കെടുത്തു.   വീൽ ചെയർ വിഭാഗത്തിൽ ചൈനീസ് താരം ജിൻ ഹുവ ഒന്നാമത്തെതി. ഒരു മണിക്കൂർ 27 മിനിറ്റ് എട്ട് സെക്കൻഡായിരുന്നു സമയം. എമറാത്തി താരം ബദിർ അൽ ഹൊസാനിയ്ക്കായിരുന്നു നാലാം സ്ഥാനം

12 ലക്ഷം ദിർഹത്തിന്റെ സമ്മാനങ്ങളാണ് പുരുഷ വനിതാവിഭാഗങ്ങളിലെ ആദ്യ പത്ത് സ്ഥാനക്കാർക്കായി വിതരണം ചെയ്തത്. ആരോഗ്യപരിപാലനത്തിനും ഫിറ്റനസിനും ദുബായ് എത്രകണ്ട് പ്രാമുഖ്യം നൽകുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഇത്. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മംക്തൂമിന്റെ നേതൃത്വത്തിൽ തുടങ്ങിയ ദുബായ് ഫിറ്റ്നസ് ചാലഞ്ചിന്റെ ഏഴാം പതിപ്പ് ഇക്കഴിഞ്ഞ നവംബർ 26ന് ആണ് സമാപിച്ചത്. 30 ദിവസം തുടർച്ചയായി 30 മിനിറ്റ് വ്യായാമത്തിനായി മാറ്റിവയ്ക്കുകയാണ് ചാലഞ്ച്. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യം.  ഇക്കുറി ദുബായ് റണ്ണിൽ രണ്ടേകാൽ ലക്ഷത്തിലേറെ പേരാണ് പങ്കെടുത്തത്.   കിരീടാവകാശി ഷെയ്ഖ് ഹംദാനും ഓടാൻ എത്തിയിരുന്നു .  5, 10 കിലോമീറ്ററുകളിലായി ദുബായ് ഷെയ്ഖ് സായിദ് റോഡിലായിരുന്നു ദുബായ് റൺ സംഘടപ്പിച്ചത് . 

Dubai Run and Ride, which was held in conjunction with the Dubai Fitness Challenge, the main streets of the emirate were filled with athletes again last week