14 ദിവസം ദുബായിലെ മോര്‍ച്ചറിയില്‍; മലയാളിയുടെ മൃതദേഹം വിട്ടുനല്‍കി

രണ്ടാഴ്ച മുൻപ് ദുബായിൽ മരിച്ച തൃശൂർ സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. ഇൻഷൂറൻസ് കാലാവധി തീർന്നതാണ് നടപടിക്രമങ്ങൾ വൈകാനിടയാക്കിയത്. നാളെ രാവിലെ ആറിന് ഷാർജ കൊച്ചി എയർ ഇന്ത്യ എക്സ്പ്രസിൽ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് സാമൂഹ്യപ്രവർത്തകർ അറിയിച്ചു.

യുഎഇയിൽ പിക്ക് അപ് വാഹനമോടിച്ചിരുന്ന ഗുരുവായൂർ സ്വദേശി സുരേഷ് കുമാർ കഴിഞ്ഞ ഏപ്രിൽ 22നാണ് മരിച്ചത്. പനി ബാധിച്ച് ആശുപത്രിയിൽ ചികിൽസതേടിയ സുരേഷിന് ന്യൂമോണിയ സ്ഥിരീകരിക്കുകയായിരുന്നു. പിന്നാലെ തീവ്ര പരിചരണവിഭാഗത്തിലേക്ക് മാറ്റി. ദിവസങ്ങളോളം വെന്റിലേറ്ററിൽ തുടർന്ന ശേഷമായിരുന്നു മരണം. രണ്ടാഴ്ച പിന്നിട്ടിട്ടും മൃതദേഹം വിട്ടുകിട്ടാതായതോടെ കുടുംബം പ്രവാസിസംഘടകളെയും സാമൂഹ്യപ്രവർത്തകരെയും ബന്ധപ്പെട്ടു. സുരേഷിന്റെ ഇൻഷൂറൻസ് കാലാവധി തീർന്നതാണ് വിനയായത്.

നാല് ലക്ഷത്തിലധികം ദിർഹമാണ് സൗദി ജെർമൻ ആശുപത്രിക്ക് നൽകാൻ ബാക്കി ഉണ്ടായിരുന്നത്. പണം അടക്കാതെ തന്നെ ആശുപത്രി മൃതദേഹം വിട്ടുനൽകാൻ വേണ്ട നടപടി സ്വീകരിച്ചു. ആശുപത്രിയുടെ തന്നെ ചാരിറ്റി ഫണ്ടിൽ നിന്ന് തുകയെടുത്താണ് ബിൽ അടച്ചത്. കേരള പിക് അപ് ഡ്രൈവേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള തുക സമാഹരിച്ചത്. 

Body of Suresh Kumar will be brought home immediately