യുഎസുമായി സഹകരിക്കാൻ അറബ് രാജ്യങ്ങൾ; ഇറാനെതിരെ ഇസ്രയേലിനെ കൂട്ടുപിടിക്കാൻ ശ്രമം

അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന്‍റെ സൌദി സന്ദർശനം പ്രത്യക്ഷത്തിൽ  പ്രതീക്ഷിച്ച ചലനങ്ങളൊന്നും ഉണ്ടാക്കിയില്ലെങ്കിലും  നയതന്ത്രതലത്തിൽ പുതിയ തുടക്കം കുറിക്കാനായെന്നാണ് പൊതുവേ ഉള്ള വിലയിരുത്തൽ.   അധികാരമേറ്റശേഷമുള്ള ആദ്യ ഗൾഫ് സന്ദർശനത്തിൽ  നേട്ടങ്ങളൊന്നും എടുത്തുപറയാനില്ല.  മാത്രമല്ല മുൻ നിലപാടുകളിൽ നിന്ന് പിന്നാക്കം പോയെന്ന ചീത്തപേരും ബാക്കിയായി. എണ്ണ ഉൽപാദനം കൂട്ടുന്ന കാര്യത്തിലും ധാരണയുണ്ടാക്കാനായില്ലെങ്കിലും  സൌദിയുടെ വ്യോമപാത എല്ലാവർക്കുമായി തുറന്നുകൊടുത്തത് നേട്ടമായി.  

മധ്യപൂർവദേശത്ത് റഷ്യയുടെയും ചൈനയുടെയും സ്വാധീനം വർധിക്കുന്നതും ഇന്ധന ദൌർലബ്യവുമാണ് ഇടഞ്ഞു നിന്ന അമേരിക്കൻ പ്രസിഡന്‍റിനെ ഒടുവിൽ  യാത്രയ്ക്ക് പ്രേരിപ്പിച്ചത്.  അതിനായി മുൻ നിലപാടികളിൽ നിന്ന് പിന്നാക്കം പോകേണ്ടിയും വന്നു. മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകത്തിൽ സൌദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ പ്രതിസ്ഥാനത്ത് നിർത്തിയ ആളാണ് പ്രസിഡന്‍റ് ജോ ബൈഡൻ. എന്നാൽ സൌദി സന്ദർശിക്കാനുള്ള തീരുമാനത്തിന് കൊടുക്കേണ്ടിവന്ന വില,, മനുഷ്യാവകാശങ്ങളുടെ പോരാളിയെന്ന സൽപേരാണ്.   മുഹമ്മദ് ബിൻ സൽമാനുമായുള്ള കൂടിക്കാഴ്ചയിൽ ഉണ്ടായേക്കാവുന്ന അപഖ്യാതി ഒഴിവാക്കാൻ ബൈഡൻ   കൂട്ടുപിടിച്ചത് കോവിഡ് മാനദണ്ഡങ്ങളെ. നാലുദിവസത്തെ സന്ദർശനത്തിനായി വാഷ്ടിങ്ടണിൽ നിന്ന് പുറപ്പെടുംമുന്‍പേ വൈറ്റ്  ഹൌസ് നയം വ്യക്തമാക്കി. കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി അമേരിക്കൻ പ്രസിഡന്‍റ് ആരുമായും ഹസ്തദാനം ചെയ്യില്ല. 

എന്നാൽ ഇത് തുടക്കത്തിലേ പാളി.  ഇസ്രായേലിൽ എത്തിയപ്പോൾ   തീരുമാനങ്ങളെല്ലാം മറന്ന ബൈഡനെയാണ് കണ്ടത്. മുൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ കണ്ടമാത്രയിൽ ഹസ്തദാനം ചെയ്തായിരുന്നു അഭിവാന്ദ്യം. ഈ ഊഷ്മളസ്വീകരണമാണ് സൌദിയിലെത്തിയപ്പോൾ വ്യക്തിപരമായി തിരിച്ചടിയായതും. നിലപാടുകളിൽ വെള്ളം ചേർത്ത് സൌദിയിലെത്തുന്ന ബൈഡനെ രാജ്യം എങ്ങനെ  സ്വീകരിക്കുമെന്നായിരുന്നു രാഷ്ട്രീയ ലോകം ഉറ്റുനോക്കിയത്.   മുൻ പ്രസിഡന്‍റുമാർക്ക് ലഭിച്ച ഊഷ്മളത ബൈഡന്‍റെ സ്വീകരണത്തിൽ കണ്ടില്ല.  കിങ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിൽ വന്നിറങ്ങിയ  അമേരിക്കൻ പ്രസിഡന്‍റിനെ സ്വീകരിക്കാൻ സൽമാൻ രാജാവോ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനോ നേരിട്ടെത്തിയില്ല. ജോർജ് ബുഷിനെയും ബറാക് ഒബാമയേയും ഡോണൾഡ് ട്രംപിനെയും പരമ്പരാഗത രീതിയിൽ വിമാനത്താവളത്തിൽ നിന്ന് സ്വീകരിച്ച്,  ആശ്ലേഷിച്ച് ആനയിച്ചപ്പോൾ  ബൈഡനെ എതിരേറ്റത്   മക്കാ ഗവർണർ ഖാലിദ് അൽ ഫൈസൽ രാജകുമാരനും അമേരിക്കയിലെ സൗദി സ്ഥാനപതി റിമ ബിൻത്ത് ബന്ദറും ചേർന്നായിരുന്നു. അധികാരമേറ്റെടുത്ത ശേഷം നടത്തിയ ആദ്യവിദേശയാത്രയായിരുന്നു അന്ന് ഡോണൾഡ് ട്രംപിന്‍റേത്. ആ സ്വീകരണകാഴ്ചകളൊന്ന് കാണാം.

ആളും ആരവവും ഇല്ലാതെയായിരുന്നു ജോ ബൈഡൻ അൽ സലാം കൊട്ടാരത്തിലെത്തിയത്. അമേരിക്കൻ പ്രസിഡന്‍റിനെ സ്വീകരിക്കാൻ കിരീടാവകാശി നേരിട്ടിറങ്ങി വന്നെങ്കിലും ഹസ്തദാനം ചെയ്യാതിരിക്കാൻ ബൈഡൻ പ്രത്യേകം ശ്രദ്ധിച്ചു.  യാത്രയുടെ തുടക്കത്തിലും പിന്നീട് സൽമാൻ രാജാവിനെ അഭിവാദ്യം ചെയ്യുമ്പോഴും    മറന്ന കോവിഡ് മാനദണ്ഡം മുഹമ്മദ് ബിൻ സൽമാനെ കണ്ടപ്പോൾ  കൃത്യമായി ഓർത്തു.  

ലോകം പിന്നെ ചർച്ച ചെയ്തത് ഈ അഭിവാദ്യമായിരുന്നു. എന്തുണ്ടാകരുതെന്ന് ബൈഡൻ ആഗ്രഹിച്ചോ അതുതന്നെ നടന്നു. ഏറെക്കാലത്തെ രാഷ്ട്രീയ പ്രവർത്തനത്തിലൂടെ വളർത്തിയെടുത്ത മനുഷ്യാവകാശങ്ങളുടെ പോരാളിയെന്ന പ്രതിച്ഛായ ചോദ്യംചെയ്യപ്പെട്ടു. നയതന്ത്രപങ്കാളിത്തം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും വിദേശത്തേക്ക് യാത്രചെയ്യുമ്പോൾ മൌലീകസ്വാതന്ത്ര്യം അജൻഡയിലുണ്ടാകുമെന്നമുള്ള മുൻകൂർ ജാമ്യവും ബൈഡന്‍റെ  സഹായത്തിനെത്തിയില്ല.  ഖഷോഗി വിഷയം ഉയർത്തിയ സമ്മർദത്തെ അതിജീവിക്കാൻ കോവിഡ് മാനദണ്ഡങ്ങൾക്കുമായില്ല. കൂടിക്കാഴ്ചക്കൊടുവിൽ കിരീടാവകാശിക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന് വിശ്വസിക്കുന്നതായി വ്യക്തമാക്കിയതായി ബൈഡൻ മാധ്യമങ്ങളെ അറിയിച്ചു.

എന്നാൽ അത് ചർച്ചയാവും മുന്നേ പ്രതികരണവും വന്നു.  കൊലപാതകത്തിൽ പങ്കിലെന്ന് കിരീടാവകാശി വ്യക്തമാക്കിയെന്നും കുറ്റവാളികളെ അറസ്റ്റ് ചെയ്ത് രാജ്യം ഉടൻ നടപടികൾ സ്വീകരിച്ചെന്ന് ചൂണ്ടിക്കാട്ടിയെന്നും വിദേശകാര്യസഹമന്ത്രി ആദൽ അൽ ജുബൈർ  അറിയിച്ചു.  അഭിപ്രായങ്ങൾ തുറന്നുപറഞ്ഞതിനപ്പുറം കൂടിക്കാഴ്ച സൌഹാർദപരമായിരുന്നെന്നായിരുന്നു സദിയുടെ പ്രതികരണം.ഇത് ശരിവയ്ക്കുന്നതായിരുന്നു പിന്നീട് വാർത്താസമ്മേളനത്തിൽ കണ്ടത്.

അമേരിക്കയിൽ മടങ്ങിയെത്തിയപ്പോഴും ഒറ്റവാക്കിൽ മറുപടി നൽകി വിഷയം അവസാനിപ്പിച്ച ബൈഡനെയാണ് പിന്നെ ലോകം കണ്ടത്.  ആദ്യമായാണ് ഒരു വിദേശയാത്രയിൽ ബൈഡൻ മുൻഗാമിയായ ഡോണൾഡ് ട്രംപിന്‍റെ നയങ്ങളെ ഏതെങ്കിലും തരത്തിൽ പിന്തുടരുന്നതിന് ലോകം സാക്ഷിയായത്. ജമാൽ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സൌദി കിരീടാവകാശിയെ രക്ഷിച്ചത് താനാണെന്ന ഡോണൾഡ് ട്രംപിന്‍റെ മേനിപറച്ചിലിനെ രൂക്ഷമായ ഭാഷയിലാണ് അന്ന് സ്ഥാനാർഥിയായ ബൈഡൻ നേരിട്ടത്.  മനുഷ്യാവകാശങ്ങൾക്ക് വേണ്ടി പോരാടുമെന്ന വാഗ്ദാനമാണ് ബൈഡനെ അധികാരത്തിലെത്തിച്ച പ്രധാനഘടങ്ങളിലൊന്ന്.   അധികാരമേറ്റയുടൻ ട്രംപിന്‍റെ സൌദി പ്രീണനത്തെ  പൊളിച്ചെഴുതുകയാണ് ബൈഡൻ ചെയ്തത്.    സൌദിയുമായുള്ള ആയുധ ഇടപാടുകൾ റദ്ദാക്കിയതിനൊപ്പം മുഹമ്മദ് ബിൻ സൽമാനുമായി മിണ്ടാതായി എന്നാൽ. കഴിഞ്ഞ വർഷം തന്നെ നിലപാട് മയപ്പെടുത്തിതുടങ്ങിയിരുന്നെങ്കിലും യുക്രെയിൻ യുദ്ധമാണ് ഇപ്പോഴത്തെ ഈ മഞ്ഞുരുക്കലിന് വഴിവച്ചത്..

നിലപാട് മാറ്റമൊന്നും പക്ഷെ സന്ദർശനത്തിന്‍റെ പ്രധാന ഉദ്ദേശത്തിന് പ്രതീക്ഷിച്ച ഗുണംചെയ്തില്ല. എണ്ണ ഉൽപാദനം കൂട്ടുന്ന കാര്യത്തിൽ ധാരണയുണ്ടാക്കുമെന്നായിരുന്നു  പൊതുവേ വിലയിരുത്തപ്പെട്ടെങ്കിലും ചർച്ചയിൽ കാര്യമായ പുരോഗതി ഉണ്ടായില്ല. മാത്രമല്ല നിലവിലെ സാഹചര്യത്തിൽ ഉൽപാദനം വർധിപ്പിക്കാനാകില്ലെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ വ്യക്തമാക്കുകയും ചെയ്തു. 

ഇറാനെതിരെ ഇസ്രായേലിനെ ഒപ്പം ചേർത്ത് അറബ് രാജ്യങ്ങളുടെ നാറ്റോ സഖ്യമെന്ന നയതന്ത്രമായിരുന്നു ബൈഡന്‍റെ മറ്റൊരു പ്രധാന അജൻഡ.    ഇസ്രായേൽ സന്ദർശനം പൂർത്തിയാവും മുൻപേ  സൌദിയുടെ വ്യോമപാത  എല്ലാവർക്കുമായി തുറന്നുകൊടുത്ത വാർത്തയെത്തി. അങ്ങനെ ഇസ്രയേലിൽ നിന്ന് നേരിട്ട് സൗദിയിലേക്കു പറന്ന ആദ്യ അമേരിക്കൻ പ്രസിഡന്‍റായി ജോ ബൈഡൻ.  മക്കയിലേക്കുള്ള തീർഥാടകർക്കായി ഇസ്രായേലിൽ നിന്ന് ജിദ്ദയിലേക്ക് നേരിട്ട്  വിമാനസർവീസ് എന്ന ആശയം ചർച്ചയാകുമ്പോഴും  അതിനേറെ കാത്തിരിക്കേണ്ടിവരുമെന്ന് വ്യക്തമാണ്.  നയതന്ത്രബന്ധമല്ല , യാത്രക്കാരുടെ സൌകര്യമാണ് പരിഗണിച്ചതെന്ന് സൌദിയും നിലപാട് അറിയിട്ടുണ്ട്,, അതേസമയം   ഇസ്രയേലുമായുള്ള സൈനിക സഖ്യത്തിൽ   അറബ് രാജ്യങ്ങൾ നിലപാട് വ്യക്തമാക്കിയില്ലെങ്കിലും യുദ്ധമല്ല നയതന്ത്രമാണ് വേണ്ടതെന്ന അറിയിച്ചിട്ടുണ്ട്. ഇറാനുമായി നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ യുഎഇ സാധ്യത തേടുന്നതും  അറബ് രാജ്യങ്ങളുടെ നിലപാടിന് ആക്കംകൂട്ടിയെന്ന് വേണം വിലയിരുത്താൻ. മധ്യപൂർവ മേഖലയിലെ സമാധാന അന്തരീക്ഷം നിലനിർത്താൻ അമേരിക്കയുമായി സഹകരിക്കാമെന്നതിൽ മാത്രമാണ് ഉച്ചകോടിയിൽ ധാരണയായത്.   

ഇതിനിടയിലായിരുന്നു ഇന്ത്യയും ഇസ്രയേയിലും അമേരിക്കയും യുഎഇയും അംഗങ്ങളായ ഐടുയുടു  സഖ്യത്തിന്‍റെ ആദ്യ ഉച്ചകോടിയെന്നതും ശ്രദ്ദേയം. ജിദ്ദ ഉച്ചക്കോടിക്ക് മുന്നോടിയായി ഇസ്രായേൽ സന്ദർശനത്തിനിടെയാണ്  വെർച്ച്വലായി ചേർന്ന ഐടുയുടു സമ്മേളനത്തിൽ ജോ ബൈഡൻ പങ്കെടുത്തത്.   യുക്രെയിൻ യുദ്ധത്തെ തുടർന്ന് ആഗോളമായിയുണ്ടായ ഭക്ഷ്യ ഊർജ വെല്ലുവിളികൾ ചർച്ചയായി. വ്യാപാരം നിക്ഷേപം എന്നിവയ്ക്ക് ഊന്നൽ നൽകുകയാണ്  ഐടുയുടു സഖ്യത്തിന്‍റെ ലക്ഷ്യം. വെല്ലുവിളികൾ പ്രാദേശികമെങ്കിലും പരിഹാരം ആഗോളതലത്തിലാണെന്ന തിരിച്ചറിവാണ് ഇത്തരത്തിലൊരു സഖ്യത്തിന് രാജ്യങ്ങളെ പ്രേരിപ്പിച്ചത്.

മധ്യപൂർവ മേഖലയിൽ ഇറാൻ ഉണ്ടാക്കിയേക്കാവുന്ന വെല്ലുവിളികളെ നേരിടാൻ ഇസ്രയേലിനെ ഉൾപ്പെടുത്തി സൈനിക സഹകരണമെന്ന ആശയത്തിലേക്ക് അമേരിക്കയെ നയിക്കുന്നതിലും ഐടുയുടു സഖ്യത്തിനുള്ള  പങ്ക് ചെറുതല്ല.  മാറിയ കാലത്തെ നയതന്ത്രബന്ധങ്ങളുടെ നേർചിത്രമാണ് ഐടുയുടുവും  ജോ ബൈഡന്‍റെ സൌദി സന്ദർശനവും  ജിദ്ദ ഉച്ചകോടിയിലൂടെ ഉരുത്തിരിഞ്ഞുവരുന്ന സഖ്യസാധ്യതകളും.