മരുഭൂമിയിൽ പച്ചപ്പുനിറഞ്ഞൊരു മനോഹര ഗ്രാമം; കൗതുകമായി 'ഗ്രീൻ ഹെവൻ'

മരുഭൂമിയിൽ ഒരു കൊച്ചുകേരളം ഒരുക്കിയ കഥയുമായാണ് ഇന്നത്തെ എപ്പിസോഡ് തുടങ്ങുന്നത്. സുധീഷ് ഗുരുവായൂർ എന്ന പ്രവാസിമലയാളിയായ കർഷകൻ ഒരുക്കിയ പച്ചപ്പിൻറെ കാഴ്ചകൾ. ഷാർജയിലെ മൂന്നരയേക്കർ സ്ഥലത്തേക്കു വന്നാൽ കാണുന്നത് നെൽവയലും പച്ചക്കറിത്തോട്ടവുമൊക്കെയായി ഒരു കൊച്ചുകേരളമാണ്. മനസുനിറയുന്ന കാഴ്ചകളാൽ സമ്പന്നമായ നാട്ടിൻപുറത്തേക്കെത്തിയ പ്രതീതി. ആ കാഴ്ചകൾ കണ്ടുവരാം.

നെൽപ്പാടങ്ങളിൽ വിളഞ്ഞുനിൽക്കുന്ന നെൽക്കതിരുകൾ, അതിനിടയിലെ നാട്ടിടവഴികൾ, ചെറുമീനുകളോടുന്ന കുളം, പച്ചക്കറികൾ വിളഞ്ഞുനിൽക്കുന്ന ചെറിയ പാടങ്ങൾ, താറാവുകളും കോഴിയുമൊക്കെ ഓടിക്കളിക്കുന്ന കുളവും കൂടും, മൊട്ടക്കുന്നും ഓലമേഞ്ഞ ചെറിയ മാടവും. അങ്ങനെ കേരളത്തിൻറെ പച്ചപ്പുനിറഞ്ഞൊരു മനോഹര ഗ്രാമം ഷാർജയിലെ മരുഭൂമിയിൽ പിറവികൊണ്ടിരിക്കുന്നു. ഷാർജ അൽ സുബൈറിലെ ഈ മൂന്നരയേക്കർ ഇടത്തിലെ ഈ കാഴ്ചകൾക്കു പിന്നിൽ സുധീഷ് ഗൂരുവായൂരെന്ന പ്രവാസിമലയാളിയായ കർഷകൻറെ കഠിനമായ പരിശ്രമമുണ്ട്.  സ്വപ്നങ്ങളെ യാഥാർഥ്യമാക്കിയതിൻറെ സന്തോഷവുമുണ്ട്.

തൃശൂർ ഗുരുവായൂർ സ്വദേശി സുധീഷാണ് ഷാർജ അൽസുബൈറിലെ മരുഭൂമി  കൃഷിയിടമായി ഒരുക്കിയെടുത്തത്. പച്ചപ്പിൻറെ സ്വർഗം, ഗ്രീൻ ഹെവൻ എന്നു പേരിട്ടിരിക്കുന്ന ഈ മരുഭൂഗ്രാമം, സ്വന്തം നാടിനെ ഗൃഹാതുരത്വത്തോടെയോർക്കുന്ന മലയാളിക്കു എല്ലാ അർഥത്തിലും  സ്വർഗമാണ്. കൃഷിയെ സ്നേഹിക്കുന്ന കൃഷിക്കായി ജോലി ഉപേക്ഷിച്ച സുധീഷ് എന്ന കർഷകൻറെ അധ്വാനത്തിൻറെ ഫലമാണ് ഈ സ്വർഗം. വയൽക്കാഴ്ചകളിൽ നെൽക്കതിരുകൾ കാണാം, ഒറ്റക്കാലിലെ കൊറ്റിയെക്കാണാം, കോലവും കാണാം. 

ഗ്രീൻ ഹെവനിൽ നെൽകൃഷിക്കൊപ്പം വിവിധങ്ങളായ പച്ചക്കറികളും വിളയിക്കുന്നുണ്ട്. കേരളത്തിൽ നിന്നും യുഎഇയിലെ വിവിധയിടങ്ങളിൽ നിന്നുമൊക്കെയെത്തിച്ച വിത്തുകളാണ് വളർത്തിയെടുക്കുന്നത്. ചാണകപ്പൊടി, ആട്ടിൻകാഷ്ഠം, കമ്പോസ്റ്റ് പൊടി തുടങ്ങിയവ ഉപയോഗിച്ചുള്ള ജൈവകൃഷിയുടെ പാഠങ്ങൾ പഠിക്കാനും കാണാനും അവസരം.

പങ്കായംകൊണ്ടു വള്ളം തുഴഞ്ഞു നീങ്ങുന്ന കായലോരക്കാഴ്ചകളെ ഓർമിപ്പിക്കുന്ന ഒരു വള്ളവും ചെറിയ കുളവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ചെറുമീനുകളും ആമ്പലുമൊക്കെ നിറഞ്ഞ കുളത്തിലെ വള്ളത്തിലിരുന്നു വിശേഷങ്ങൾ പറയാം. ഗൃഹാതുരത്വത്തിൻറെ വഴികളിലേക്കു തുഴഞ്ഞുനീങ്ങാം.

പശു, ആട്, കോഴി, താറാവ്, പ്രാവ്, ഒട്ടകപ്പക്ഷി, മുയൽ, ആമ എന്നിവയെല്ലാം ഇവിടെ വാഴുന്നുണ്ട്. ചൂടും തണുപ്പും മാറിവരുന്ന മരുഭൂമിയിലെ കാലാവസ്ഥയിൽ അവയ്ക്കനുസരിച്ചുള്ള സാഹചര്യമൊരുക്കിയാണ് ഗ്രീൻ ഹെവനിലെ പരിചരണം. 

നാട്ടിലെ മൊട്ടക്കുന്നുകളെ ഓർമിപ്പിക്കുംവിധം ചെറിയ കുന്നിൻറെ മുകളിലേക്ക് കയറാം. ഇവിടെ നിന്നാൽ വിശാലമായ കൃഷിയിടത്തിൻറെ മനോഹാരിത ആസ്വദിക്കാം. ഒപ്പം പാറകളിൽ തട്ടി താഴേക്കു പതിക്കുന്ന വെള്ളച്ചാട്ടവും കാണാം.

ഈ വയൽക്കാഴ്ചകൾ കണ്ടുണരാനാഗ്രഹിക്കുന്നവർക്കായി ഓലമേഞ്ഞൊരു വീടും തയ്യാറാക്കിയിട്ടുണ്ട്. താൽപര്യമുള്ളവർക്ക് വാടകയ്ക്കു താമസിക്കാം. അതിരാവിലെ എഴുന്നേറ്റു നെൽക്കതിരുകൾ വിളഞ്ഞോയെന്നു നോക്കാനിറങ്ങാം. ഒപ്പം തൊട്ടടുത്ത കിണറ്റിലെ തണുത്ത വെള്ളംകോരി മുഖമൊക്കെ കഴുകിയൊന്നു ഫ്രഷാവുകയും ചെയ്യാം. ചെറിയൊരു സൂര്യകാന്തിപ്പാടവും ഇതിനൊപ്പം ഒരുക്കിയിട്ടുണ്ട്. 

ഗ്രാമീണാന്തരീക്ഷത്തിൽ നാരാണേട്ടൻറെ പെട്ടിക്കടയിൽ നിന്നും മിഠായി വാങ്ങാം. ഒപ്പം ഇവിടെത്തന്നെ വിളയുന്ന നല്ല ജൈവപച്ചക്കറികളും സന്ദർശകർക്ക്  വാങ്ങാവുന്നതാണ്. 

സുധീഷ് ഗുരുവായൂരെന്ന ഈ പ്രവാസി കർഷകൻ ആദ്യമായല്ല മരുഭൂമിയിലെ മണ്ണിൽ പൊന്നുവിളയിക്കുന്നത്. ഷാർജ കുവൈത്തി ആശുപത്രിക്ക്‌ സമീപത്തെ വീടും ചുറ്റുമുള്ള കൊച്ചു കൃഷിയിടവുംവിട്ട് മൂന്നുമാസം മുൻപാണ് കൂടുതൽ വിസ്തീർണമുള്ള ഈ സ്ഥലത്തേക്കു വന്നത്. യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മ്ദ് ബിൻ റാഷിദ് അൽ മക്തുമിൻറെ ഫാമിൽ നെൽകൃഷി ചെയ്യാൻ അവസരമൊരുങ്ങിയതും കൃഷിയോടുള്ള സ്നേഹത്തിനു ലഭിച്ച പ്രതിഫലമായിരുന്നു. ആ സ്നേഹം ചെറുപ്പകാലത്തു തുടങ്ങിയതല്ല. തുടക്കം ഈ മരുഭൂമിയിൽ തന്നെയായിരുന്നു. ആ കഥ ഇങ്ങനെ.

ഒറ്റയ്ക്കുള്ള പരിശ്രമത്തിലൂടെ നേടിയെടുത്തതല്ല ഈ പച്ചപ്പെന്നു സുധീഷ് പറയും. ഭാര്യ രാഗിയും മക്കളായ ശ്രേയസും ശ്രദ്ധയും എപ്പോഴും കൃഷിയിടത്തിൽ കൂട്ടിനുണ്ട്. പുലർച്ചെ മുതൽ രാത്രി വൈകിവരെയുള്ള കൃഷിയിടത്തിലെ എല്ലാ ജോലികൾക്കും ഇവർ കൂട്ടായിട്ടുണ്ട്. അച്ഛൻറെ കൃഷി സ്നേഹം കണ്ടുവളർന്ന മകൻ ശ്രേയസ് തിരഞ്ഞെടുത്തിരിക്കുന്നതും കൃഷിയുടെ മാർഗമാണ്. പഞ്ചാബിലെ ജലന്ധറിൽ ഒന്നാം വർഷ ബി എസ് സി അഗ്രികൾച്ചർ വിദ്യാർഥിയാണ് ശ്രേയസ്. വിശാലമായ പറമ്പും നല്ല മണ്ണും വെള്ളവുമെല്ലാമുണ്ടായിട്ടും സ്വന്തം വീട്ടിലേക്ക് വേണ്ട പച്ചക്കറികളും ഫലങ്ങളുമൊക്കെ കാശ് കൊടുത്ത് പുറത്തുനിന്നു വാങ്ങുന്ന ഭൂരിപക്ഷം മലയാളികളോടും ഈ കർഷകനു പറയാനുള്ളത് ഇതാണ്.

ലിംക ബുക്ക്, ഗിന്നസ് റെക്കോഡുകൾ നേടിയിട്ടുള്ള സുധീഷ് ഗുരുവായൂർ പ്രവാസി കർഷകനെന്നനിലയിൽ സംസ്ഥാന അവാർഡും സ്വന്തമാക്കിയിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ എട്ടുമുതൽ അഞ്ചരവരെ സന്ദർശകർക്ക് ഗ്രീൻ ഹെവനിലെത്താം. ജനുവരി 23 നു സന്ദർശകർക്കായി തുറന്ന ഈ ഫാമിലേക്കു പ്രവാസിമലയാളികളടക്കം ഒട്ടേറെപ്പേരാണ് ദിവസേനെയെത്തുന്നത്. പ്രവാസലോകത്തെ തിരക്കിനിടയിലും നാട്ടിലെ ഗ്രാമീണാന്തരീക്ഷത്തെ ഗൃഹാതുരത്വത്തോടെയോർക്കുന്നവർക്ക് ഗ്രീൻ ഹെവൻ ഒരു ആശ്വാസമായിരിക്കും. വയലും കൃഷിയും കുളവുമൊക്കെ മരുഭൂമിയിൽ കണ്ടനുഭവിക്കാനൊരവസരം കൂടിയാണ് ഈയിടം. 

**********************************************************

2. ദുബായിലെ സ്കേറ്റിങ് പാർക്കുകളിൽ വേഗതയിൽ പറക്കുന്ന മലയാളിയായ ഒരു ആറു വയസുകാരി. എറണാകുളം സ്വദേശിയായ സാറ ആൻ ഗ്ളാഡിസ് ആവേശത്തോടെയാണ് സ്കേറ്റിങ് ബോർഡിൽ ചുവടുറപ്പിക്കുന്നത്. മൽസരങ്ങളിൽ പങ്കെടുക്കാൻ പ്രായമായിട്ടില്ലെങ്കിലും നാളെയുടെ വാഗ്ദാനമായി ആത്മവിശ്വാസത്തോടെ മുന്നോട്ടുനീങ്ങുകയാണ് ഈ കൊച്ചുമിടുക്കി.

സ്കേറ്റിങ് അത്ര വേഗത്തിൽ പഠിച്ചെടുക്കാവുന്നൊരഭ്യാസമല്ല. പക്ഷേ, ആറുവയസുകാരിയായ സാറ രണ്ടുവർഷമായി സ്കേറ്റിങ് ബോർഡിൻ ചുവടുറപ്പിച്ചിരിക്കുകയാണ്. താഴ്ചയും ഉയർച്ചയുമൊക്കെയുള്ള സ്കേറ്റിങ് പാർക്കുകളിൽ സജീവമാണ് ഈ കൊച്ചുമിടുക്കി. പിതാവ് ചിൻടു ഡേവിസ്  ജന്മദിനസമ്മാനമായി നൽകിയ റോളർ സ്കേറ്റിങ് ബോർഡിലാണ് പിച്ചവച്ചുതുടങ്ങിയത്. സ്കൂളിലേയും അയൽപക്കത്തേയുമൊക്കെ കുട്ടികൾ സ്കേറ്റിങ് പഠിക്കുന്നതുകണ്ടു താൽപര്യം തോന്നി സാറയും സ്കേറ്റിങ് പരിശീലിച്ചു തുടങ്ങി. സ്വന്തമായി പഠിച്ചുവെന്നു പറയാം. സ്കേറ്റിങ് പഠിക്കുന്ന മുതിർന്ന കുട്ടികളേയും യു ട്യൂബും കണ്ടായിരുന്നു സ്കേറ്റിങ്ങിൻറെ ബാലപാഠങ്ങൾ മനസിലാക്കിയത്.

ദുബായിലെ വിവിധ പാർക്കുകളിൽ ആഴ്ചയിൽ മൂന്നുദിവസമെങ്കിലും സാറ പരിശീലനത്തിനെത്തുന്നുണ്ട്. ചെറുപ്രായത്തിൽ തന്നെ സ്കേറ്റിങ്ങിൽ മികവു തെളിയിച്ചുതുടങ്ങിയതോടെ മാതാപിതാക്കളും കൂട്ടുനിന്നു. വീണുതന്നെയാണ് സ്കേറ്റിങ് പഠിച്ചുതുടങ്ങിയത്. ആ വീഴ്ചകളിൽ പതറാതെ മുന്നോട്ടുനീങ്ങിയെന്നതാണ് സാറയുടെ മികവ്.

ദുബായ് ജെംസ് ഔവർ ഓൺ സ്കൂളിലെ കെ ജി വിദ്യാർഥിയാണ് സാറാ. സ്കൂളിലെ അധ്യാപകർ പൂർണപിന്തുണയോടെ, പ്രോത്സാഹനത്തോടെ കൂടെയുണ്ട്. പഠനത്തിൽ മിടുക്കിയായ സാറാ, മറ്റു പാഠ്യേതര വിഷയങ്ങളിലും സജീവമാണ്. പാഴ്വസ്തുക്കളിൽ നിന്നും മനോഹരമായ രൂപങ്ങൾ നിർമിക്കുന്നതടക്കം ഒഴിവുസമയങ്ങളിലെല്ലാം സജീവമായി എന്തെങ്കിലും ചെയ്യുകയെന്നതാണിഷ്ടം.

ഒൻപതു വയസുതികയണം സ്കേറ്റിങ് മൽസരങ്ങളിൽ പങ്കെടുക്കാൻ. ഇനിയും മൂന്നുവർഷത്തോളം ഇനിയും കാത്തിരിക്കണം. അപ്പോഴേക്കും മികച്ച പരിശീലനം നൽകി മകളുടെ ആഗ്രഹത്തിനു പൂർണപിന്തുണയോട കൂട്ടുനിൽക്കുകയാണ് ഈ മാതാപിതാക്കൾ. സാറയുടെ സ്കേറ്റിങ് പരിശീലനത്തിൻറെ സമയമനുസരിച്ചാണ് വീട്ടിലെ ഓരോ ദിവസവും ക്രമീകരിക്കുന്നത്. വാരാന്ത്യങ്ങളിൽ സ്കേറ്റിങ് പാർക്കുകളിലായിരിക്കും കൂടുതൽ സമയവും ചെലവഴിക്കുന്നത്. അങ്ങനെ പരിശീലനം സജീവമാക്കി കൂടുതൽ മികവോടെ മുന്നോട്ടുനീങ്ങുകയാണ് ഈ കൊച്ചുമിടുക്കി.

**********************************************************

3.  കൊളംബിയ. വന്യജീവിതവും മഴക്കാടുകളും സംഗീതവും നൃത്തവുമൊക്കെ മനുഷ്യനുമായി ഇടകലർന്ന നാട്. സാൽസാ നൃത്തത്തിൻറെ  രാജ്യാന്തര തലസ്ഥാനം. ദുബായ് എക്സ്പോയിലെ കൊളംബിയൻ പവിലിയനിൽ നിന്നുളള കാഴ്ചകളാണ് ഇനി കാണുന്നത്.

.

വൈവിധ്യങ്ങളാണ് തെക്കേ അമേരിക്കൻ രാജ്യമായ കൊളംബിയയെ വ്യത്യസ്തമാക്കുന്നത്. അതേ വൈവിധ്യങ്ങൾ അണിനിരത്തിയാണ് എക്സ്പോ വേദിയിലെ കൊളംബിയയുടെ പവലിയൻ സന്ദർശകരെ ക്ഷണിക്കുന്നത്. വനം ജീവിതത്തിൻറെ ഭാഗമായ ജനതയുടെ നാടുകാണാനുള്ള കാഴ്ചയിൽ ആദ്യം തെളിയുന്നതും വൈവിധ്യമാർന്ന കാടിൻറെ കാഴ്ചകളാണ്. ആറു മേഖലകളിലായി തിരിച്ചാണ് പവലിയൻ ഒരുക്കിയിരിക്കുന്നത്. ബിസി മൂവായിരം കാലഘട്ടത്തിലേതടക്കം കാഴ്ചകളൊരുക്കിയിരിക്കുന്ന സാൻ അഗസ്റ്റിൻ പുരാവസ്തു പാർക്ക്, ആമസോൺ ഒറിനോകോ നദി, റ്റാറ്റാകോവാ മരുഭൂമി, കാടും സംസ്കാരവും പാരമ്പര്യവുമെല്ലാം ഒരുമിക്കുന്ന കൊളംബിയൻ പസിഫിക് മേഖല അങ്ങനെ രാജ്യത്തിൻറെ എല്ലാ വൈവിധ്യങ്ങളും അണിനിരത്തിയിരിക്കുന്നത്.

വ്യത്യസ്തമായ കൊളംബിയൻ സംഗീതത്തിൻറെ പശ്ചാത്തലത്തിൽ ഓരോ നിലകളിലേയും കാഴ്ചകൾ ആസ്വദിക്കാം. ഒപ്പം കൊളംബിയയിൽ നിന്നും നേരിട്ട് സാൽസാ നൃത്തം പഠിക്കുന്നതിനും അവസരമൊരുക്കിയിട്ടുണ്ട്. 

നൃത്തവും സംഗീതവും ജീവിതത്തിൻറെ ഭാഗമായ ജനതയൊരുക്കിയ കാഴ്ച കണ്ടു മടങ്ങാൻ മാത്രമല്ല.  വനജീവിതത്തിൻറെ താളം തംബോറിൽ തട്ടിപ്പടിക്കുന്നതിനും സന്ദർശകർക്ക് അവസരമുണ്ട്.

ഏറ്റവും രുചിയേറിയ കൊളംബിയൻ കാപ്പി മുതൽ വൈവിധ്യങ്ങളായ ഭക്ഷണം ആസ്വദിക്കാനും പവലിയനിൽ ഇടമുണ്ട്. സന്ദർശനം പൂർത്തിയാകുന്നിടത്ത് വിവിധങ്ങളായ കൊളംബിയൻ ഉൽപ്പന്നങ്ങൾ കാണാനും വാങ്ങാനുമാകും. ഓരോ ഉൽപ്പന്നങ്ങൾക്കും ഓരോ കഥകളുണ്ടാകും. കാടിൻറെ, നദിയുടെ, കാപ്പിയുടെ, സംഗീതത്തിൻറെ, നൃത്തത്തിൻറെ അങ്ങനെ വിവിധങ്ങളായ കഥകൾ.

വിവിധ രാജ്യങ്ങളിലെ കമ്പനികൾ, സംരംഭകർ, സർക്കാർ സ്ഥാപനങ്ങൾ എന്നിവരുമായി സഹകരിച്ചുള്ള വ്യവസായ, വാണിജ്യ, സാംസ്കാരിക ബന്ധം ലക്ഷ്യമിട്ടാണ് പവലിയൻറെ പ്രവർത്തനം. അങ്ങകലെ കേട്ടും കണ്ടും മാത്രം പരിചയമുള്ളൊരു സംസ്കാരത്തെ അവിടത്തെ ജനങ്ങളിൽ നിന്നും നേരിട്ടു കേൾക്കുന്നതിനും കാണുന്നതിനുമുള്ള അവസരം കൂടിയാണ് എക്സ്പോ വേദിയിലെ കൊളംബിയൻ പവലിയൻ.