ക്രിക്കറ്റ് ആവേശത്തിൽ യുഎഇ; 20-20 ലോകകപ്പിന് കളമൊരുങ്ങി

ദുബായ് രാജ്യാന്തര എക്സ്പോയും ഐപില്ലും 20-20 ലോകകപ്പ് ക്രിക്കറ്റും അങ്ങനെ കായികസാംസ്കാരികരംഗത്ത് ഇന്നിൻറെ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ് യുഎഇ. കാഴ്ചകളും വിസ്മയങ്ങളും ആവേശത്തിൻറെ അകമ്പടിയോടെ യുഎഇയിൽ നിറഞ്ഞുകാണാം. ഗൾഫ് ദിസ് വീക്കിൻറെ പുതിയ എപ്പിസോഡും ആ കാഴ്ചകളാണ് അവതരിപ്പിക്കുന്നത്. സ്വാഗതം. 

ഐപിഎല്ലിനു പിന്നാലെ 20-20 ലോകകപ്പ് ക്രിക്കറ്റിൻറെ ആവേശത്തിലാണ് യുഎഇ. പ്രവാസിഇന്ത്യക്കാരേറെയുള്ള യുഎഇയിൽ ക്രിക്കറ്റ് ആവേശം അത്യുന്നതിയിലാണ്.  ഈ ക്രിക്കറ്റ് കാലത്ത് ആ ആവേശത്തെക്കുറിച്ച്, ഐപിഎല്ലിനെക്കുറിച്ച്, ലോകകപ്പ് ക്രിക്കറ്റിനെക്കുറിച്ച് സംസാരിക്കാൻ രണ്ടു പേരാണ് നമ്മോടൊപ്പം ചേരുന്നത്. രഞ്ജി ട്രോഫി കേരള ടീം മുൻ ക്യാപ്റ്റൻ സോണി ചെറുവത്തൂർ, രാജ്യാന്തരക്രിക്കറ്റിൽ സെഞ്ചുറി നേടിയ ആദ്യമലയാളി, യുഎഇ ദേശീയടീമിലെ താരം സി.പി.റിസ്വാനും. യുഎഇയിലെ ക്രിക്കറ്റ് കാഴ്ചകൾ പങ്കുവയ്ക്കുകയാണ് ഇരുവരും.

യുഎയിലെ ഷാർജ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയമാണിത്. സച്ചിൻ സച്ചിൻ വിളികൾ നിറഞ്ഞ ഈ സ്റ്റേഡിയത്തിലാണ് ഓസ്ട്രേലിയയും പാക്കിസ്ഥാനുമൊക്കെ പലകുറി സച്ചിൻ തെൻഡുൽക്കറെന്ന ക്രിക്കറ്റ് ദൈവത്തിൻറെ പടയോട്ടത്തിനു മുന്നിൽ ഇടറിവീണത്. അന്നുതൊട്ടിന്നോളം യുഎഇയിലെ സ്റ്റേഡിയങ്ങൾ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ പ്രിയപ്പെട്ട ഇടങ്ങളാണ്. സുനിൽ ഗാവസ്കറും കപിൽദേവും പിന്നീട് സച്ചിൻ തെൻഡുൽക്കറുമൊക്കെ ഇന്ത്യയുടെ വിജയമാഘോഷിച്ച സ്റ്റേഡിയങ്ങളിലേക്കാണ് ക്രിക്കറ്റിൻറെ ചെറുരൂപം വലിയആവേശമായെത്തിയിരിക്കുന്നത്. മൂന്നിലൊരാളെങ്കിലും ഇന്ത്യക്കാരായ യുഎഇയിൽ ക്രിക്കറ്റിൻറെ വസന്തകാലമാണ്. വാതുവയ്പ്പും ഒത്തുകളിയുമടക്കം കാരണങ്ങളാൽ ഇന്ത്യൻ ക്രിക്കറ്റ് ഒരിടക്കാലത്തേക്കെങ്കിലും അകന്നുനിന്ന അതേ സ്റ്റേഡിയങ്ങളിൽ ഐപിഎല്ലിനു പിന്നാലെ 20-20 ലോകകപ്പ് ക്രിക്കറ്റ് ആവേശമെത്തിയിരിക്കുന്നു. ഇനി ഒരുമാസത്തോളം 16 ടീമുകളുടെ പോരാട്ടമാണ്. ആ ലോകകപ്പ് പോരാട്ടത്തിനായുള്ള ഒരുക്കങ്ങൾ യുഎഇയിൽ പൂർത്തിയായിരിക്കുന്നു. 

ക്രിക്കറ്റ് ക്ളബുകളിൽ പരിശീലനം നൽകിയും റേഡിയോ കമൻറേറ്ററായും യുഎഇയിൽ സജീവമായ കേരള രഞ്ജി ടീം മുൻ ക്യാപ്റ്റൻ സോണി ചെറുവത്തൂരും, രാജ്യാന്തരക്രിക്കറ്റിൽ സെഞ്ചുറി നേടിയ ആദ്യമലയാളി, യുഎഇ ദേശീയടീമിലെ താരം സി.പി.റിസ്വാനും യുഎഇയിലെ ക്രിക്കറ്റ് കാഴ്ചകൾ പങ്കുവയ്ക്കുകയാണ്. കോവിഡ് കാലത്ത് സുരക്ഷിതമായി മൽസരങ്ങൾ സംഘടിപ്പിക്കാൻ പറ്റിയ ഇടമെന്നതിനാലാണ് ഇന്ത്യ ആതിഥേയത്വം വഹിക്കേണ്ട ടൂർണമെൻറ് യുഎഇയിലേക്ക് മാറ്റിയത്.  സ്റ്റേഡിയങ്ങളിൽ 70 ശതമാനം ഇരിപ്പിടങ്ങളിലും കാണികളുണ്ടാകുമെന്ന് ഐസിസി വ്യക്തമാക്കിയിട്ടുണ്ട്. യുഎഇയിൽ വാക്സിനേഷൻ നിരക്ക് 90 ശതമാനം കടന്നതും കോവിഡ് ഭീതിയകന്നതും ആരാധകരുടെ ആശങ്കയകറ്റിയിട്ടുണ്ട്. 30 ലക്ഷത്തിലധികം ഇന്ത്യക്കാരുള്ള യുഎഇയിൽ ക്രിക്കറ്റ് ആവേശം ഇന്ത്യയിലേതിന് സമാനമായിരിക്കും. അതിനാൽ തന്നെ രാജ്യം മാറിയെങ്കിലും ക്രിക്കറ്റ് ആവേശത്തിന് യാതൊരു മാറ്റവുമില്ലെന്ന് ഇരുവരും ഉറപ്പിച്ചു പറയുന്നു.

20-20 ലോകകപ്പ് ക്രിക്കറ്റിലെ ഏറ്റവും ആവേശകരമായ മൽസരമായിരിക്കും ഈ മാസം 24ന് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ അരങ്ങേറുന്നത്. ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുമ്പോൾ ആവേശമൊരുക്കി ഇരുരാജ്യങ്ങളുടേയും ആരാധകർ ഗ്യാലറികളിലുണ്ടാകും. മൽസരത്തിനുള്ള ടിക്കറ്റുകൾ സിക്സർ വേഗത്തിൽ വിറ്റുതീർന്നു. കളിക്കുമുൻപുള്ള വെല്ലുവിളികളും വിലയിരുത്തലുകളും തുടങ്ങിക്കഴിഞ്ഞു. രണ്ടുടീമിനും ദുബായ് സ്റ്റേഡിയം സ്വന്തം നാട്ടിലെ തട്ടകംപോലെയാണ്. പാക്കിസ്ഥാൻറെ ഒട്ടേറെ രാജ്യാന്തരമൽസരങ്ങൾക്ക് ദുബായ് സ്റ്റേഡിയം വേദിയായിട്ടുണ്ട്. ഇന്ത്യക്കാകട്ടെ ഐപിഎല്ലിലൂടെ അടുത്ത പരിചയവുമായിക്കഴിഞ്ഞു. കളിമികവിനെ വിലയിരുത്തി ആരുജയിക്കുമെന്ന് പ്രവചനം ഇങ്ങനെ.

ടീം ഇന്ത്യയെക്കുറിച്ച് പ്രതീക്ഷകളേറെയാണ്. വിരാട് കോലി നയിക്കുന്ന ടീമിൽ എല്ലാവരും അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ കെൽപ്പുള്ളവരാണ്. ലോകകപ്പ് ഇന്ത്യയിലേക്ക് വീണ്ടുമെത്തിക്കാൻ കഴിവുള്ളവരുമാണ്.  ലോകകപ്പിനായുള്ള അതേ സ്റ്റേഡിയങ്ങളിൽ ഐപിഎൽ കളിക്കാനായത് ഇന്ത്യൻ താരങ്ങൾക്ക് മറ്റാരെക്കാളും ഗുണകരമായിട്ടുണ്െന്നാണ് വിലയിരുത്തൽ. യുഎഇയിലെ പിച്ചുകളിൽ കളിമികവ് തെളിയിച്ചവർ ലോകകപ്പിലും അതേ മികവ് തുടരുമെന്ന പ്രതീക്ഷയിലും ആഗ്രഹത്തിലുമാണ് ആരാധകരും ടീം ഇന്ത്യയെ സ്നേഹിക്കുന്നവരും.

ഇത്തവണ ഇന്ത്യക്കായി ജഴ്സിയണിഞ്ഞിരുന്നെങ്കിൽ...അങ്ങനൊരു സാങ്കൽപ്പികചോദ്യം കൂടി സോണി ചെറുവത്തൂരിനോടു ചോദിച്ചു. മറുപടി ഇങ്ങനെ. യുഎഇ ഇത്തവണ ലോകകപ്പിന് യോഗ്യത നേടിയില്ലെങ്കിലും അടുത്തതവണ ഇടം നേടാമെന്ന പ്രതീക്ഷയിലാണ് സി.പി.റിസ്വാൻ. ലോകകപ്പിൽ ആർക്കെതിരെ കളിക്കാനാണ് ആഗ്രഹമെന്നു റിസ്വാൻ പറയുന്നു.

കളികാണാൻ ആവേശത്തോടെ ഇരുവരും ഗ്യാലറികളിലുണ്ടാകും. റിസ്വാൻ യുഎഇ ടീമിനൊപ്പമായിരിക്കും കളികാണാനെത്തുന്നത്. മഹാമാരിയുടെ കാലത്ത് കളിയാവേശം ഒട്ടും ചോരാതെ മാനദണ്ഡങ്ങളെല്ലാം ഉറപ്പുവരുത്തിയാണ് യുഎഇ ലോകകപ്പ് ക്രിക്കറ്റിനെ ഇന്ത്യക്കുവേണ്ടി വരവേൽക്കുന്നത്. ആ ആവേശം അത്യുന്നതിയിലെത്തുന്ന ദിവസങ്ങളാണ് കടന്നുവരുന്നത്.

****************************************************

ദുബായ് എക്സ്പോ കാഴ്ചകളിലേക്കാണ് വീണ്ടും യാത്ര. ചൊവ്വയെ അടുത്തറിയാൻ ചന്ദ്രനെ തൊട്ടറിയാൻ അവസരമൊരുക്കുകയാണ് അമേരിക്കൻ പവലിയൻ. നാസയുടെ നേതൃത്വത്തിൽ ബഹിരാകാശരംഗത്തെ മുന്നേറ്റങ്ങൾ അവതരിപ്പിച്ചാണ് അമേരിക്കൻ പവലിയൻ സന്ദർശകർക്ക് വിസ്മയക്കാഴ്ചയൊരുക്കുന്നത്.

ചാന്ദ്ര, ചൊവ്വാ ദൌത്യങ്ങൾ എന്നും ലോകത്തിന് വിസ്മയവും കൌതുകകരവുമാണ്. അതിനാൽ തന്നെ ബഹിരാകാശ പഠന പര്യവേക്ഷണങ്ങൾക്കായി അമേരിക്ക സ്ഥാപിച്ച നാസയിൽ നിന്നുള്ള ഏതുവാർത്തകളും ലോകശ്രദ്ധയാകർഷിക്കാറുണ്ട്, ചർച്ച ചെയ്യാറുണ്ട്. നാസയുടെ നേട്ടങ്ങളിലെ ഏറ്റവും മികച്ച കാഴ്ചകളൊരുക്കിയാണ് ദുബായ് എക്സ്പോയിലെ യുഎസ്എ പവലിയൻ സന്ദർശകരെ ക്ഷണിക്കുന്നത്. ചന്ദ്രനിൽ നിന്നെത്തിച്ച ത്രികോണാകൃതിയിലുള്ള ഈ ചെറുകല്ലാണ് യുഎസ് പവലിയനിലെ ശ്രദ്ധാകേന്ദ്രം. ചന്ദ്രനെ തൊട്ടുനോക്കാൻ ലഭിക്കാവുന്ന അപൂർവ അവസരം.

1972ൽ നാസയുടെ അപ്പോളോ ദൌത്യത്തിൽ ചന്ദ്രനിൽ നിന്നെത്തിച്ച കല്ലിൻറെ ചെറുകഷണമാണ് പവിലിയനിലുള്ളത്. ചൊവ്വയിൽ നിന്ന് അൻറാർട്ടിക്കയിൽ പതിച്ച ഉൽക്കയുടെ ചെറുകഷണവും തൊട്ടടുത്തുണ്ട്. വിവിധരാജ്യങ്ങളിൽ നിന്നുള്ള നയതന്ത്രപ്രതിനിധികൾ, മന്ത്രിമാർ, വിദ്യാർഥികൾ തുടങ്ങിയവരുടെ നീണ്ട നിരയാണ് ചന്ദ്രനേയും ചൊവ്വയേയും അടുത്തുകാണാനെത്തുന്നത്.

അമേരിക്കയുടെ ചൊവ്വ,ചാന്ദ്ര ദൌത്യങ്ങളെക്കുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചും വിശദമായി അറിയാനും അവസരമൊരുക്കിയിട്ടുണ്ട്. ബഹിരാകാശത്തെത്തിയ പ്രതീതിയുണ്ടാക്കുന്ന കാഴ്ചകൾ ഏറെയുണ്ട്. ചൊവ്വയിലിറങ്ങിയ യുഎസ് റൊബോട്ടിക് റോവർ ക്യൂരിയോസിറ്റിയുടെ മാതൃകയും സന്ദർശകരെ ആകർഷിക്കുന്നു. 

സ്പേസ് എക്സ് ഫാൽക്കൺ 9 റോക്കറ്റിൻറെ കൂറ്റൻ മാതൃകയും പവലിയനോട് ചേർന്നുകാണാം.  അമേരിക്കയുടെ മൂന്നാമത്തെ പ്രസിഡൻറ് തോമസ് ജഫേഴ്സൺ തയ്യാറാക്കി സമർപ്പിച്ച ചരിത്രപ്രസിദ്ധമായ സ്വാതന്ത്ര്യ പ്രഖ്യാപനത്തിൻറെ ആമുഖമാണ് പവലിയനിലേക്ക് സന്ദർശകരെ വരവേൽക്കുന്നത്. അമേരിക്കൻ ഐക്യനാടുകളുടെ പ്രതീകമായ സ്റ്റാച്യൂ ഓഫ് ലിബെർട്ടിയുടെ വലതുകയ്യിൽ ഉയർത്തിപ്പിടിച്ചിരിക്കുന്ന ദീപശിഖയുടെ മാതൃക കണ്ടാണ് പവലിയൻ യാത്ര തുടങ്ങുന്നത്. യുഎസ് ജനതയെ അടിമത്തത്തിൽ നിന്നും ഉയർത്തെഴുന്നേൽക്കുന്ന സ്വപ്നം കാണാൻ പഠിപ്പിച്ച മാർട്ടിൻ ലൂഥർ കിങ്ങിൻറെ പ്രസിദ്ധമായ പ്രസംഗത്തിൻറെ അകമ്പടിയോടെയാണ് പ്രവേശനം. അമേരിക്കയുടെ ചരിത്രം, ശാസ്ത്ര, സാഹിത്യ മേഖലകൾക്കു നൽകിയ സംഭാവനകൾ തുടങ്ങിയവയുടെ വെർച്വൽ യാത്രാനുഭവമാണ് പവലിയനിലെ ആദ്യഭാഗം സമ്മാനിക്കുന്നത്. 

ടെലിഫോൺ, ബൾബ്, ഇൻറർനെറ്റ് തുടങ്ങി അമേരിക്ക ലോകത്തിന് സമ്മാനിച്ച കണ്ടുപിടുത്തങ്ങളെക്കുറിച്ചുള്ള വിവരണങ്ങളാണ് തുടർന്നകാണുന്നത്. അലക്സാണ്ടർ ഗ്രഹാംബെല്ലും സ്റ്റീവ് ജോബ്സുമൊക്കെ പവലിയനിൽ ഇടംപിടിച്ചിട്ടുണ്ട്. സാങ്കേതികവിദ്യാരംഗത്തെ അമേരിക്കയുടെ മുന്നേറ്റവും സംഭാവനകളുമൊക്കെ അടയാളപ്പെടുത്തുന്ന എട്ടുമിനിട്ടു നീളുന്ന ദൃശ്യാവിഷ്താകം സന്ദർശകർക്ക് മനോഹരകാഴ്ചയാണ് സമ്മാനിക്കുന്നത്. വിവിധമേഖലകളിലെ ഭാവി അടയാളപ്പെടുത്തുന്ന വിവരണങ്ങളാണ് ഭൂമിയെ അടുത്തുനിന്നു കാണുന്ന പ്രതീതിയിൽ ഒരുക്കിയിരിക്കുന്നത്.

തോമസ് ജഫേഴ്സൻറെ സ്വന്തമായിരുന്ന ഖുർആൻ അമേരിക്കൻ പവലിയനിൽ കാണാം. ഇതാദ്യമായാണ് ഈ ഖുർആൻ അമേരിക്കയ്ക്ക് പുറത്തേക്ക് മാറ്റുന്നത്. സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് ഉപയോഗിച്ചിരുന്ന ഖുർആനാണ് സന്ദർശകർക്കായി അവതരിപ്പിച്ചിരിക്കുന്നത്.

ജീവിതം, സ്വാതന്ത്ര്യം, ഭാവിയുടെ ലക്ഷ്യം എന്ന പ്രമേയത്തിലാണ് യുഎസ് പവലിയൻ ഒരുക്കിയിരിക്കുന്നത്. ബുദ്ധികൊണ്ടു മനുഷ്യൻ കൈവരിച്ച നേട്ടങ്ങൾ ലോകത്തിൻറെ ഭാവി എങ്ങനെ ഭദ്രമാക്കുന്നുവെന്നു ഈ പവലിയനിലൂടെ മനസിലാക്കാം.  യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും, വിവിധ മന്ത്രിമാർ തുടങ്ങിയവരും യുഎസ് പവലിയൻ സന്ദർശിക്കാനെത്തിയിരുന്നു. 

കാർഷികം, കാലാവസ്ഥാ, ബഹിരാകാശം തുടങ്ങി വിവിധ മേഖലകളെ അടിസ്ഥാനമാക്കി ഓരോ ആഴ്ചയും വൈവിധ്യമാർന്ന പരിപാടികളും ഓപ്പർച്യൂണിറ്റി ഡിസ്ട്രിക്ടിലെ യുഎസ് പവലിയനിലുണ്ടാകും. ഒപ്പം വൈവിധ്യമാർന്ന ഭക്ഷണവും കലാപരിപാടികളും ആസ്വദിക്കുന്നതിനും അവസരമുണ്ടാകും.

****************************************************

സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശമുണ്ടായിരുന്നിട്ടും മെച്ചപ്പെട്ട ജീവിതംതേടി പ്രവാസലോകത്തെത്തിയ ഒട്ടേറെപ്പേരുണ്ട് ഗൾഫ് നാടുകളിൽ. അതിൽ ചിലരെങ്കിലും പ്രവാസലോകത്തും സിനിമയെ പിൻതുടരാറുണ്ട്. അത്തരത്തിൽ സംവിധാനംചെയ്തും അഭിനയിച്ചുമൊക്കെ എഴുപതോളം ഹ്രസ്വചിത്രങ്ങളുടെ ഭാഗമായ ഷിഹാബ് മുഹമ്മദെന്ന ദുബായ്ക്കാരനെയാണ് ഇനി പരിചയപ്പെടുന്നത്. സൌഹൃദങ്ങളുടെ മേലാപ്പിലാണ് സിനിമയിലേക്കുള്ള വഴിയൊരുക്കുന്നത്.

സിനിമയോടുള്ള അഭിനിവേശം മനസിൽസൂക്ഷിക്കുമ്പോഴും മെച്ചപ്പെട്ട തുരുത്തിലേക്ക് ജീവിതത്തെ നയിക്കാനാണ് തൃശൂർ സ്വദേശി ഷിഹാബ് പി.എസ്.മുഹമ്മദ് ഒരു ദശകത്തിനു മുൻപ് ദുബായിലേക്കെത്തിയത്. സാമ്പത്തികബുദ്ധിമുട്ടുകളൊക്കെ കുറഞ്ഞുതുടങ്ങിയതോടെ സിനിമയെന്ന ലക്ഷ്യത്തിലേക്കായി ചുവടുവയ്പ്പ്. അങ്ങനെ സിനിമമോഹം നെഞ്ചിലേറ്റിയ പഴസ സുഹൃത്തുക്കളെയൊക്കെ തേടിപ്പിടിച്ചു. 2012 ൽ ആദ്യ ഹ്രസ്വ ചിത്രം പുറത്തിറക്കി. സുഹൃത്തുക്കളോടൊക്കെ കഥപറഞ്ഞ് സ്വന്തം വീട്ടിൽ വച്ചായിരുന്നു circumstances എന്ന ആ ഹ്രസ്വ ചിത്രം ഒരുക്കിയത്. ആദ്യ ഹ്രസ്വചിത്രം നൽകിയ ആത്മവിശ്വാസത്തിലായിരുന്നു മുന്നോട്ടുള്ള യാത്ര.

പിന്നീട് സിനിമാ സൌഹൃദങ്ങൾ വിപുലമായി. പ്രവാസലോകത്ത് സിനിമ സ്വപ്നം കാണുന്ന ഒട്ടേറെപ്പേർ ഒരുമിച്ചു. സിനിമയുടെ വിവിധമേഖലകളിൽ നിന്നുള്ള സുഹൃത്തുക്കൾ ഒരുമിച്ചതോടെ കൂടുതൽ മികച്ച ഹ്രസ്വചിത്രങ്ങൾ പുറത്തിറക്കാനായി. സംഗീതം, എഡിറ്റിങ്, ക്യാമറ അങ്ങനെ ഓരോ മേഖലകളിലും താൽപര്യമുള്ളവരുടെ പങ്കാളിത്തത്തോടെ കൂടുതൽ ഹ്രസ്വചിത്രങ്ങൾ പുറത്തിറക്കി. സാമ്പത്തികനേട്ടമെന്നതിനപ്പുറം സിനിമയോടുള്ള മോഹം കൊണ്ടുമാത്രമാണ് എല്ലാവരും ജീവിതത്തിരക്കുകൾക്കിടയിലും സിനിമയുടെ പിന്നാലെകൂടിയത്.

ഉമ്മൽ ഖുവൈനിൽ  താമസിക്കുന്ന ഷിഹാബിൻറെ വീടാണ് പലപ്പോഴും സിനിമാ ചർച്ചകളുടെ വേദി. ചെറിയ ബജറ്റുകൾക്കുള്ളിലാണ് ഓരോ ചിത്രവും ഒരുക്കിയിരിക്കുന്നത്. പ്രവാസികളുടെ വികാരങ്ങൾ, ത്രില്ലർ, ഹൊറർ അങ്ങനെ എല്ലാ ചേരുവകളും നിറഞ്ഞ ജീവിതഗന്ധിയായ ചിത്രങ്ങളുമായാണ് ഷിഹാബിൻറെ യാത്ര. അജ്മാൻ, റാസൽഖൈമ, ഫുജൈറ, ഉമ്മൽഖുവൈൻ തുടങ്ങിയ വടക്കൻ എമിറേറ്റുകളിലാണ് ചിത്രീകരണം കൂടുതലും. സുഹൃത്തുക്കൾ വഴിയും സമൂഹമാധ്യമങ്ങളിലൂടെയും ഹ്രസ്വചിത്രങ്ങളോട് സഹകരിക്കാൻ ഒട്ടേറെ പ്രവാസികളാണെത്തുന്നത്.

സംവിധാനം, അഭിനയം തുടങ്ങി ഹ്രസ്വചിത്രങ്ങളുടെ വിവിധമേഖലകളിൽ ഷിഹാബ് സജീവമാണ്. സുഹൃത്തുക്കളുടെ പ്രോജക്ടുകളിലും കൈമെയ് മറന്നു സഹായിക്കാൻ കൂടെയുണ്ടാകും. കഥപറയുന്നതു തുടങ്ങി ചിത്രം റിലീസ് ചെയ്യുന്നതുവരെ എല്ലായിടങ്ങളിലും സുഹൃത്തുക്കളുമായി ചേർന്നാണ് പ്രവർത്തനം. അവരിൽ പലരും ഹ്രസ്വചിത്രരംഗത്ത് സംവിധാനം അടക്കം മേഖലകളിൽ സജീവമാണ്.

സിനിമയെ മോഹിക്കുന്ന എല്ലാവരേയും പോലെ ലക്ഷ്യം ഒരു മുഴുനീളൻ സിനിമയാണ്. പത്തുവർഷത്തിലധികമായി സ്വന്തമാക്കിയ പരിചയത്തോടെ ആ ലക്ഷ്യം അടുത്തവർഷം സഫലമാക്കാനുള്ള ഒരുക്കത്തിലാണ് ഷിഹാബും സുഹൃത്തുക്കളും.

കുട്ടിക്കാലത്ത് മനസിൽ പിച്ചവച്ച സിനിമയോടുള്ള അഭിനിവേശം പ്രവാസലോകത്തെ ജീവിതത്തിരക്കുകൾക്കിടയിലും കൈവെടിയാതെ മുന്നോട്ടുനീങ്ങുകയാണ്. മലയാളസിനമാ രംഗത്ത് സജീവമായവരുടെ പിന്തുണയോടെയാണ് ആ യാത്ര. ആ ഊർജമാണ് സിനിമയുടെ വെള്ളിവെളിച്ചത്തിലേക്കുള്ള വഴി തെളിക്കുന്നതും.