ദുബായ് എക്സ്പോ മെട്രോ സ്റ്റേഷൻ തുറന്നു; ആദ്യകാഴ്ചകള്‍

ദുബായ് വേദിയാകുന്ന രാജ്യാന്തര എക്സ്പോയിലേക്ക് വാതിൽ തുറക്കുന്ന രണ്ട് പുതിയ മെട്രോ സ്റ്റേഷനുകൾകൂടി തുറന്നു. നവീനസാങ്കേതിക വിദ്യകളുടെ സഹായത്തോടെ രാജ്യാന്തര നിലവാരത്തിലും മികച്ച സുരക്ഷാക്രമീകരണങ്ങളോടെയും നിർമിച്ചിരിക്കുന്ന മെട്രോ സ്റ്റേഷനുകളിലെ ആദ്യകാഴ്ചകളാണ് ഇനി കാണുന്നത്. 2009 സെപ്റ്റംബർ ഒൻപതിനാണ് ഗൾഫിലെ ആദ്യ മെട്രോയായി ദുബായ് മെട്രോ പൊതുഗതാഗതത്തിനായി തുറക്കു്നത്. ദുബായ് മെട്രോയിൽ ഒരിക്കലെങ്കിലും സഞ്ചരിച്ചവർക്കറിയാം അതിൻറെ സുരക്ഷിതത്വവും സൌകര്യങ്ങളും. മെട്രോ സ്റ്റേഷനുകളിലൊരുക്കിയിരിക്കുന്ന സൌകര്യങ്ങൾ പൊതുഗതാഗത  രംഗത്തെ മികവിന്റെ മാതൃകയാണ്. മലയാളികളടക്കമുള്ളവർ ആശ്രയിക്കുന്ന ദുബായ് മെട്രോ ഓരോ ഘട്ടങ്ങളായി സൌകര്യങ്ങളും സ്റ്റേഷനുകളും വർധിപ്പിക്കുകയാണ്. ഒടുവിൽ ലോകരാജ്യങ്ങൾ  സംഗമിക്കുന്ന എക്സ്പോ വേദിയിലേക്കുള്ള വാതിലായ എക്സ്പോ മെട്രോ സ്റ്റേഷനും തുറന്നിരിക്കുന്നു.

ദുബായ് ഇൻവെസ്റ്റ്‌മെൻറ് പാർക്ക്, എക്സ്‌പോ 2020 സ്റ്റേഷനുകളാണ് കഴിഞ്ഞദിവസങ്ങളിലായി തുറന്നത്. ഒക്ടോബർ ഒന്നിന്, അതായത് എക്സ്പോ തുടങ്ങുന്ന ഒക്ടോബർ 30 ന് മുൻപുമാത്രമായിരിക്കും പൊതുജനങ്ങൾക്കായി ഈ പാത തുറന്നുനൽകുന്നത്. നിലവിൽ എക്സ്പോയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് മാത്രമാണ് മെട്രോ പാതയിൽ യാത്രക്ക് അനുമതിയുള്ളത്. ദുബായ് മെട്രോയുടെ റെഡ് ലൈൻ വികസിപ്പിച്താണ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി എക്സ്പോ മെട്രോ പാത ഒരുക്കിയിരിക്കുന്നത്. ജബൽഅലി, ദ് ഗാർഡൻസ്, ഡിസ്കവറി ഗാർഡൻസ്, അൽ ഫർജാൻ, ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ്, ദുബായ് ഇൻവെസ്റ്റ്‌മെന്റ് പാർക്ക്, എക്സ്പോ 2020 എന്നിവയാണ് സ്റ്റേഷനുകൾ.  ജുമൈറ ഗോൾഫ് എസ്റ്റേറ്റ് സ്റ്റേഷനൊഴികെയുള്ളവയുടെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

വിമാനത്താവളത്തോട് കിടപിടിക്കുന്ന അത്യാധുനിക സൌകര്യങ്ങളോടെയുള്ള മെട്രോ സ്റ്റേഷനാണ് എക്സ്‌പോ വേദിക്ക് സമീപം എക്സ്പോ 2020 എന്ന പേരിൽ നിർമിച്ചിരിക്കുന്നത്. ഇരുന്നൂറോളം രാജ്യങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് സന്ദർശകരെ ഉൾക്കൊള്ളാനാകുംവിധമാണ് എക്സ്പോ മെട്രോ സ്റ്റേഷൻറെ നിർമാണം.  ഭാവി എന്ന പ്രമേയത്തിൽ ഒരുക്കിയിരിക്കുന്ന സ്റ്റേഷൻറെ വിസ്തീർണം 18,800 സ്ക്വയർ മീറ്ററാണ്. 5,22,000 യാത്രക്കാരെ വരെ പ്രതിദിനം ഉൾക്കൊള്ളാനാകും. മൂന്ന് പ്ളാറ്റ്ഫോമുകളും ആറ് ബസ് സ്റ്റോപ്പുകളുമാണ് സ്റ്റേഷനോടനുബന്ധിച്ച് ക്രമീകരിച്ചിരിക്കുന്നത്. 

റാഷിദിയ മെട്രോ സ്റ്റേഷനിൽ നിന്നും എക്സ്പോയിലെത്താൻ ഒരു മണിക്കൂർ 14 മിനിട്ട് സമയമെടുക്കും.തിരക്കേറിയ സമയങ്ങളിൽ രണ്ടര മിനിറ്റ് ഇടവേളകളിൽ ട്രെയിനുകളെത്തും. ജബൽ അലിയിൽ നിന്ന് എക്സ്പോയിലെത്താൻ 11 മിനിറ്റ് 42 സെക്കൻഡ് മതിയാകും. പുതിയ പാതയിൽ കഴിഞ്ഞദിവസം തുറന്ന ഡി.ഐ.പി സ്റ്റേഷന് 27,000 ചതുരശ്ര മീറ്ററാണ് വിസ്തൃതി. 

നൂതനസാങ്കേതിക വിദ്യകളോടെയാണ് പുതിയ സ്റ്റേഷനുകൾ ക്രമീകരിച്ചിരിക്കുന്നത്. പ്ളാറ്റ് ഫോമിലേക്ക് പ്രവേശിക്കുന്നതിനുള്ള ഗെയ്റ്റുകളിൽ സെൻസറിനൊപ്പം ത്രീ ഡി ക്യാമറകളുമുണ്ട്. സ്ട്രോളർ, വീൽ ചെയർ എന്നിവയുമായെത്തുന്ന യാത്രക്കാർക്ക് ഗെയ്റ്റിലൂടെ പ്രവേശിക്കാൻ കൂടുതൽ സമയം വേണ്ടിവരുമെന്നതിനാൽ അതിനുള്ള സമയം ക്രമീകരിച്ചുനൽകാനാകുമെന്നതാണ് സവിശേഷത.  

എക്സ്പോ സന്ദർശകർക്ക് മാത്രമല്ല, ഈ മേഖലയിലെ മലയാളികളടക്കമുള്ള താമസക്കാർക്കും തൊഴിലാളികൾക്കും ഏറെ ഉപകാരപ്പെടുന്ന പാതയാണിത്. ടാക്സിയേയും ബസിനേയും മാത്രം ആശ്രയിച്ചിരുന്നവർക്ക് ഗതാഗതക്കുരുക്കില്ലാതെ സഞ്ചരിക്കാനുള്ള വഴിയാണ് ഒക്ടോബറോടെ തുറക്കുന്നത്. അതേസമയം, ദുബായ് മെട്രോയുടെ ഗ്രീൻ ലൈനിലെ  സർവീസ് തുടങ്ങുന്ന സമയം ഇനി രാവിലെ അഞ്ചുമണിയായിരിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി അറിയിക്കുന്നു. നേരത്തേ, ഇത് 5.30 ആയിരുന്നു. വെള്ളിയാഴ്ചകളിൽ ഗ്രീൻ, റെഡ് ലൈനുകളിൽ രാവിലെ പത്തിന് സർവീസ് തുടങ്ങും. ശനി മുതൽ വ്യാഴം വരെ റെഡ് ലൈനിൽ രാവിലെ അഞ്ചു മുതൽ  രാത്രി 12 വരെയായിരിക്കും സർവീസ്. എക്സ്പോ മെട്രോ പാത കൂടി തുറന്നതോടെ ദുബായ് മെട്രോയുടെ ആകെ ദൂരം 90 കിലോമീറ്ററായി ഉയർന്നിരിക്കുകയാണ്.