ജോലിത്തിരക്കിനിടെയും കല കൈവിടാത്ത പ്രവാസി; ഇത് ഡേവിസ് ടോമിലിൻ

പ്രവാസലോകത്തെ ജോലിത്തിരക്കിനിടയിലും സിനിമയും സംഗീതആൽബങ്ങളും പരസ്യചിത്രീകരണവുമൊക്കെയായി സജീവമായ കോട്ടയം സ്വദേശി ഡേവിസ് ടോമിലിൻ കൊട്ടാരത്തിലിനെയാണ് ഇനി പരിചയപ്പെടുത്തുന്നത്. ഒപ്പം ഡേവിസിന്റെ സംവിധാനത്തിൽ ഒടുവിൽ പുറത്തിറങ്ങിയ കാതൽ ഗ്യാരേജ് എന്ന ഹ്രസ്വസംഗീതചിത്രത്തിതടക്കം വിശേഷങ്ങൾകൂടി കാണാം.

ജോലി തേടിയുള്ള യാത്രയിൽ പ്രവാസലോകത്തെത്തിയെങ്കിലും സിനിമയോടും അഭിനയത്തോടുമൊക്കെയുള്ള ആഗ്രഹം കൈവെടിയാതെ അതിനെ പിൻതുടരുന്നവർ ഏറെയുണ്ട് ഗൾഫിൽ. ചിലർ സമൂഹമാധ്യമങ്ങളിൽ മാത്രമായി ഒതുങ്ങും. മറ്റുചിലർ ആഗ്രഹങ്ങൾക്കായി കൂടുതൽ സജീവമായ ശ്രമങ്ങൾ നടത്തും. അത്തരത്തിൽ അഭിനേതാവാകണമെന്ന ആഗ്രഹം മനസിൽ സൂക്ഷിച്ച് സംവിധാനരംഗത്ത് സജീവമാവുകയാണ് കോട്ടയം ഈരാറ്റുപേട്ട സ്വദേശി ഡേവിസ് ടോമിലിൻ. ദുബായിൽ നിർമാണമേഖലയിൽ സിവിൽ എൻജിനീയറായാണ് ജോലി. പക്ഷേ, മനസിൽ സിനിമയും അഭിനവുമൊക്കെ കാത്തുസൂക്ഷിക്കുന്നതിനാൽ ആ മേഖലയിലും സജീവമാണ്.

ജിമ്മി ഈ വീടിൻറെ ഐശ്വര്യം എന്ന സിനിമയിൽ അസിസ്റ്റൻറ് ഡയറക്ടറായാണ്  ഡേവിസ്  മലയാള സിനിമയുടെ സംവിധാനരംഗത്ത്  തുടക്കമിട്ടത്. ജഗ് ഹാര, ഗാങ്സ് ഓഫ് സോനാപൂർ, അൺ ചെയ്ൻഡ് തുടങ്ങിയ സംഗീത ആൽബങ്ങളും ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്ത് പ്രവാസലോകത്തെ കലാരംഗത്ത് തൻറേതായ ഇടം ഉറപ്പിക്കുകയാണ്.

ഡേവിസിൻറെ നേതൃത്വത്തിലുള്ള ഡി.കെ എൻറർടെയ്ൻമെൻറ് നിർമിച്ച് ഒടുവിൽ പുറത്തിറക്കിയ അൺചെയ്ൻഡ് എന്ന മ്യൂസിക് വീഡിയോ ദുബായ് മലയാളികൾ അണിനിരന്ന ഇംഗ്ലീഷ് മ്യൂസിക് വീഡിയോ എന്ന നിലയിൽ ശ്രദ്ധേയമായിരുന്നു.  ഡി.കെ എൻറർടെയ്ൻമെൻറ് ബാനറിൽ ഹ്രസ്വചിത്രങ്ങളും, സംഗീത ആൽബങ്ങളുമടക്കം കൂടുതൽ പുറത്തുവരാനിരിക്കുന്നു. ഇതിനൊപ്പം യുഎഇയിൽ രാജ്യാന്തര ബ്രാൻഡുകളുടേതടക്കം  പരസ്യരംഗത്തും ഡേവിസ് മികവ് തെളിയിച്ചിട്ടുണ്ട്.  രണ്ടുതിരക്കഥ പൂർത്തിയാക്കി മൂന്നാമത്തേതിൻറെ രചനയിലാണ്. കോവിഡ് നിയന്ത്രണങ്ങളൊഴിയുന്നതോടെ സിനിമാമേഖലയിലേക്ക് കൂടുതൽ ഇടപെടൽ നടത്തണമെന്നാണ് ആഗ്രഹം.

ഏറ്റവും ഒടുവിലായി പുറത്തിറക്കിയ കാതൽ ഗ്യാരേജ് എന്ന ഹ്രസ്വ സംഗീത ചിത്രം കഥയിലെ പുതുമകൊണ്ട് ശ്രദ്ധേയമാണ്. പുതുമുഖ നായിക സാന്ദ്ര സുനിലാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സ്കൂൾ കലോൽസവങ്ങളിൽ സജീവമായിരുന്ന സാന്ദ്ര ആദ്യമായാണ് ഗൾഫിൽ ഹ്രസ്വ സംഗീത ചിത്രത്തിൻറെ ഭാഗമാകുന്നത്. ഓഡിഷനിലൂടെയാണ്  സാന്ദ സുനിൽ കാതൽ ഗ്യാരേജിൻറെ ഭാഗമായത്. ഫാഷൻ ഡിസൈനിങ്ങിലൂടെ മോഡലിങ്, അഭിനയ രംഗങ്ങളിൽ സജീവമാകണമെന്നാണ് പ്ളസ് ടു കഴിഞ്ഞ ഈ കലാകാരിയുടെ ആഗ്രഹം.

കാതൽ ഗ്യാരേജ് അടക്കം വ്യത്യസ്ത പ്രമേയങ്ങളിലൂടെ കൂടുതൽ സിനിമാ, ഹ്രസ്വചിത്ര, പരസ്യരംഗങ്ങളുടെ ഭാഗമാകാനൊരുങ്ങുകയാണ് സംവിധായകനായ ഡേവിസ് ടോമിലിൻ. അതിന് ദുബായ് മുന്നോട്ടുവയ്ക്കുന്ന സൌകര്യങ്ങളുടേയും സാമ്പത്തികത്തിൻറേയും സാധ്യതകളെ പ്രയോജനപ്പെടുത്താനാകുമെന്നാണ് വളർന്നുവരുന്ന ഈ കലാകാരൻറെ പ്രതീക്ഷ.