മരുഭൂമിയിൽ പച്ചപ്പു നിറച്ച മലയാളിവീട്; മാതൃകയായി ദമ്പതികൾ

പ്രവാസലോകത്തെ സ്ഥലപരിമിതികളെ മറികടന്ന് താമസയിടം കൃഷിഭൂമിയാക്കിയ മലയാളി ദമ്പതികളെയാണ് ഇനി പരിചയപ്പെടുന്നത്. തൃശൂർ മണ്ണൂത്തി സ്വദേശികളായ ബെൻസി ബേബിയും, ബിൻസിയും പച്ചപ്പിൻറെ സമൃദ്ധിയിലാണ് ജീവിക്കുന്നത്. നാട്ടിലുളളവർക്കുൾപ്പെടെ മാതൃകയാക്കാവുന്നതാണ് ഈ വീട്. വിശാലമായ പറമ്പും നല്ല മണ്ണും വെള്ളവുമെല്ലാമുണ്ടായിട്ടും സ്വന്തം വീട്ടിലേക്ക് വേണ്ട പച്ചക്കറികളും ഫലങ്ങളുമൊക്കെ കാശ് കൊടുത്ത് പുറത്തുനിന്നു വാങ്ങുന്ന ഭൂരിപക്ഷം കേരളീയരും മരുഭൂമിയിലെ ഈ കാഴ്ചകൾ കാണണം. അബുദാബി മുഷ്രിഫിലെ ബെൻസി, ബിൻസി ദമ്പതികളുടെ വീടാണ് ഈ പച്ചപിടിച്ച് കാണുന്നത്. പൂച്ചെടികൾ, പച്ചക്കറികൾ, ഫലവൃക്ഷങ്ങൾ ഒപ്പം കൂട്ടിന് പക്ഷിമൃഗാദികളും മത്സ്യങ്ങളും. 

വീട്ടിലേക്കുള്ള ആദ്യ കാഴ്ചയിൽ നിറയുന്നത് ഉദ്യാനത്തിലെ നൂറിലേറെ പൂച്ചെടികളാണ്. റോസ്,ശംഖു പുഷ്പം,ഡാലിയ,തായ്‌ലൻഡ് ജാസ്മിൻ തുടങ്ങി പരിചയമുള്ളതും അല്ലാത്തതുമായ ചെടികൾ. വിവിധയിനം പച്ചമുളകുകൾ, മത്തൻ, പയർ, ചീര, തക്കാളി, വെണ്ട, വേപ്പ് , തുളസി, കാട്ടുള്ളി , വഴുതന, കത്തിരിക്ക, കുക്കുമ്പർ,  പയറുകൾ, അങ്ങനെ ഒരു അടുക്കളയിലേക്കു വേണ്ടതായ എല്ലാ പച്ചക്കറികളും ഇവിടെയുണ്ട്. അതിനാൽ തന്നെ പച്ചക്കറിവാങ്ങാൻ മാർക്കറ്റിലേക്കുള്ള യാത്രകളുമില്ല. ടെറസിലേക്ക് കയറിയാൽ കപ്പയും മാവും വാഴയും കരിമ്പും ആപ്പിളും മുന്തിരിയുമൊക്കെ കാണാം. മരുഭൂമിയിൽ വിളയില്ലെന്ന് കരുതിയവയൊക്കെയും ഈ ടെറസിലും ചുറ്റിലുമായി വിളഞ്ഞ് നിൽക്കുന്നുണ്ട്.

കൃത്യമായ മുന്നൊരുക്കങ്ങൾ നടത്തി കൃഷിയുടെ പരിപാലനത്തിനും വളപ്രയോഗത്തിനുമെല്ലാം ചാർട്ട് തയ്യാറാക്കിയുമാണ് തൃശൂർ സ്വദേശികളായ  ബെൻസിയും, ബിൻസിയും ഇവയെ പരിപാലിക്കുന്നത്. മണ്ണിനും പരിസ്ഥിതിക്കും ദോഷമായതൊന്നും ഈ വീടിൻറെ പരിസരത്തേക്കേ അടുപ്പിക്കില്ല. രാസവളപ്രയോഗമില്ലാതെ തന്നെ ചെടികളെല്ലാം ഫലം തരുന്നുണ്ടെന്ന് ദമ്പതികൾ സാക്ഷ്യപ്പെടുത്തുന്നു. പച്ചക്കറി കൃഷിയോടൊപ്പം കോഴി വളർത്തലാണ് ഇഷ്ട വിനോദം എന്നതിനാൽ നാടൻ കോഴിമുട്ടയും ഇവിടെ സുലഭം. ഒപ്പം കിളികളും ആമയുമെല്ലാം ഈ കൂട്ടത്തിൽ വളരുന്നുണ്ട്. സ്ഥലപരിമിതിക്കുള്ളിൽ മത്സ്യകൃഷിയും നടക്കുന്നു. 

അബുദാബിയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന  ബെൻസിയും, ബിൻസിയും ജോലി കഴിഞ്ഞുള്ള ഒഴിവ് സമയങ്ങളിലാണ് കൃഷിയുടെ പരിപാലനം നടത്തുന്നത്. പഠനം കഴിഞ്ഞാൽ മൂന്നു മക്കളും കൃഷിയിടത്തിൽ മാതാപിതാക്കളെ സഹായിക്കാനെത്തും. പത്തുവർഷത്തോളമായി കൃഷിയിൽ സജീവമായ ഇവർ വീട്ടിലെ ആവശ്യം കഴിഞ്ഞ് ബാക്കിവരുന്നവ സുഹൃത്തുക്കൾക്കും പ്രിയപ്പെട്ടവർത്തും നൽകുകയാണ് പതിവ്. ഒപ്പം ഒരു അഭ്യർഥന കൂടി കൈമാറും. ചെറുതായാലും വലുതായാലും താമസയിടങ്ങളിൽ ചെറിയരീതിയിലെങ്കിലും പച്ചപ്പ് വളർത്തുക. ജീവിതത്തിലെ സന്തോഷത്തിനൊപ്പം ആരോഗ്യകരമായ ഒരു ഭാവിക്കും ഇത് സഹായകരമാകും.