ദുരിതകാലത്ത് സഹായമായി സേവ; പുത്തൻ പദ്ധതികളുമായി മുന്നേറ്റം

ഗൾഫ് മേഖലയിലെ സമാധാനദൂതനായിരുന്ന കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് വിടപറഞ്ഞു. മേഖലയ്ക്ക് നഷ്ടമായിരിക്കുന്നത് വലിയൊരു സമാധാനമധ്യസ്ഥനെയാണ്. ഷെയ്ഖ് സബാഹിന് ആദരാഞ്ജലികളോടെ ഗൾഫ് ദിസ് വീക്കിൻറെ പുതിയ എപ്പിസോഡിലേക്ക് കടക്കുകയാണ്. സ്വാഗതം.

കുവൈത്തിനെ ആക്രമിച്ച് അധിനിവേശം നടത്താൻ ശ്രമിച്ച ഇറാഖ് പിന്നീട് തകർന്നപ്പോൾ സഹായിക്കാൻ പോലും മനസുകാണിച്ച സമാധാനത്തിൻറെ വക്താവായിരുന്നു ഷെയ്ഖ് സബാഹ്. കുവൈത്തിലെ ഏറ്റവും വലിയ പ്രവാസിസമൂഹമായ ഇന്ത്യക്കാരോട് പ്രത്യേക പരിഗണനകാണിച്ച ഭരണാധികാരി. ഷെയ്ഖ് സബാഹിൻറെ മരണം അറബ് മേഖലയ്ക്കും ലോകത്തിനും തീരാനഷ്ടമാകുന്നത് അങ്ങനെയാണ്.

ലോകത്തിലെ ഏറ്റവും വലിയ മാനവികതയുടെ നേതാവ്. ഈ വിശേഷണത്തോടെയായിരുന്നു 2014 സെപ്റ്റംബർ 9ന് യുഎൻ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സെക്രട്ടറി ജനറൽ ബാൻ കി മൂൺ മാനവിക നേതാവെന്ന ബഹുമതി ഷെയ്ഖ് സബാഹിന് കൈമാറിയത്. വലുപ്പത്തിൽ ചെറിയ രാഷ്ട്രത്തെയാണ് നയിച്ചതെങ്കിലും മാനവികതയിൽ വിശാലമായിരുന്നു കുവൈത്തിൻറെ പ്രിയപ്പെട്ട ഭരണാധികാരിയുടെ മനസ്. അധിനിവേശത്തിൻറേയും യുദ്ധത്തിൻറേയും മുറിവുകളേറ്റ കുവൈത്ത് ജനതയെ പുരോഗതിയിലേക്കും വികസനത്തിലേക്കും വഴിതെളിച്ചത് ഷെയ്ഖ് സബാഹിൻറെ നയങ്ങളായിരുന്നു. കുവൈത്ത് ജനത ഒരിക്കലും ഓർക്കാനാഗ്രഹിക്കാത്ത അധിനിവേശത്തിൻറെ പാടുകൾ മായ്ച്ചതും ഈ പ്രിയപ്പെട്ടഭരണാധികാരിയുടെ ഇടപെടലുകളിലൂടെയായിരുന്നു. ഒടുവിൽ യുദ്ധമുറിവുകൾ മറന്ന് 2012 ൽ ഇറാഖിലെത്തിയപ്പോൾ ഷെയ്ഖ് സബാഹിൻറെ വലിയമനസിനെ ലോകം ആദരിച്ചു. ഇറാഖ് പ്രധാനമന്ത്രി അമീറിനെ ചുംബിച്ചതിനെക്കുറിച്ച് വാഷ്ങ്ടൺ പോസ്റ്റ് ഇങ്ങനെയെഴുതി. 22 വർഷത്തെ ശത്രുതയുടെ മുറിവ് ഈ ചുംബനം ഉണക്കിയിരിക്കുന്നു.

ഷെയ്ഖ് സബാഹിന് സമാധാനദൂതനെന്ന വിളിപ്പേരുവരാൻകാരണം പെട്ടെന്നൊരു ദിവസത്തെ ഇടപെടലുകളായിരുന്നില്ല. 1990കൾക്ക് ശേഷം  യുദ്ധങ്ങൾക്ക് അറബ് മേഖല സാക്ഷിയായിട്ടില്ല. അതിന് പ്രധാന കാരണങ്ങളിലൊന്ന് ഷെയ്ഖ് സബാഹിൻറെ ഇടപെടലുകളായിരുന്നു. ഗൾഫ് സഹകരണകൌൺസിലിലെ മധ്യസ്ഥനായിരുന്നു കുവൈത്ത് അമീർ. രാജ്യങ്ങൾക്കിടയിൽ വിള്ളൽ വീഴുമ്പോഴെല്ലാം ഷെയ്ഖ് സബാഹ് മുന്നിട്ടിറങ്ങി. ഖത്തറും സൌദിയും തമ്മിൽ ഉടലെടുത്ത തർക്കത്തിൽ കക്ഷി ചേർന്നില്ല എന്നുമാത്രമല്ല പരിഹരിക്കുന്നതിന് ആത്മാർഥമായി രംഗത്തിറങ്ങുകയും ചെയ്തു. രാവിലെ സൌദിയിൽ ഉച്ചക്ക് ബഹ്റൈനിൽ വൈകിട്ട് ഒമാനിൽ രാത്രി യുഎഇയിൽ താമസിയാതെ ഖത്തറിൽ എന്നവണ്ണം ഓടിയെത്തി പ്രശ്നപരിഹാരത്തിനായി ഇടപെടൽ നടത്താൻ ഷെയ്ഖ് സബാഹ് മുന്നിലുണ്ടായിരുന്നു. എങ്കിലും ഉപരോധത്തിന് ശാശ്വതപരിഹാരമായില്ലെന്ന ദുഖത്തോടെയാണ് അമീർ വിടപറയുന്നത്.

ഭൂകമ്പമോ,പ്രളയമോ,ചുഴലിക്കാറ്റോ, പകർച്ചാവ്യാധിയോ എന്നുവേണ്ട യുദ്ധവും പലായനവും എന്തുമാകട്ടെ, ലോകത്ത് എവിടെനിന്നായാലും അത്തരമൊരു വാർത്ത കേട്ടാൽ അവിടേക്ക് ദുരിതാശ്വാസ വസ്തുക്കളുമായി കുവൈത്തിൽനിന്നുള്ള വിമാനങ്ങൾ എത്താറുണ്ട്. അത് ഭക്ഷ്യവസ്തുക്കളാകാം, മരുന്നാകാം, കമ്പിളിപ്പുതപ്പുകളാകാം, ദുരിതമകറ്റാനുള്ള എന്തുമാകാം. അതിനു പിന്നിൽ ഷെയ്ഖ് സബാഹെന്ന കരുണയുള്ള മനുഷ്യൻറെ ഇടപെടലുകളുണ്ടായിരുന്നു. സിറിയയിൽ കലാപം തുടങ്ങിയ നാൾ തൊട്ട് അവിടെ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ കുവൈത്ത് രംഗത്തുണ്ട്. യെമനിലും കുവൈത്തിൻറെ സഹായം ഒഴുകിക്കൊണ്ടേയിരിക്കുന്നു. ഇന്ത്യയിലടക്കം വിദ്യാഭ്യാസ ആരോഗ്യരംഗത്ത് സഹായമെത്തിക്കുന്നതിന് ഷെയ്ഖ് സബാഹിൻറെ ഇടപെടലുണ്ടായിട്ടുണ്ട്. സിറിയയിലെയും യെമനിലെയും ദുരിതമകറ്റാൻ ലോക രാജ്യങ്ങളിൽനിന്ന് സംഭാവനകൾ സ്വരൂപിക്കുന്നതിന് ഡോണേഴ്സ് മീറ്റുകൾ സംഘടിപ്പിക്കുകയും ലക്ഷക്കണക്കിന് ഡോളർ സ്വയം നൽകുകയും മറ്റുള്ളവരെക്കൊണ്ട് നൽകിപ്പിക്കുകയും ചെയ്തതും വ്യത്യസ്ത കാഴ്ചയായിരുന്നു.

40വർഷത്തോളം വിദേശകാര്യമന്ത്രിയായിരുന്ന ഷെയ്ഖ് സബാഹ് കുവൈത്തിൻറെ വിദേശനയം രൂപപ്പെടുത്തിയ വ്യക്തിയാണ്. 1990ൽ ഇറാഖിന്റെ അധിനിവേശത്തിൽനിന്ന് കുവൈത്തിനെ മോചിപ്പിക്കാനുള്ള വഴികൾ തെളിഞ്ഞതിനു പിന്നിലും ഈ നയമായിരുന്നു. മേഖലയിലെ സമാധാനം ഉറപ്പാക്കുന്നതിലൂടെ ലോകസമാധാനമായിരുന്നു ഷെയ്ഖ് സബാഹിൻറെ പരമമായ ലക്ഷ്യം. അതിനാൽതന്നെ മറ്റുരാജ്യങ്ങളുമായി സൌഹൃദം സൂക്ഷിക്കാൻ കുവൈത്ത് എന്നും മുന്നിലുണ്ടായിരുന്നു. ഇന്ത്യ അടുത്ത സുഹൃത്താണെന്ന് പലകുറി പറഞ്ഞിട്ടുണ്ട്. 2006 ൽ സ്ഥാനമേറ്റതിന് പിന്നാലെ ഇന്ത്യ സന്ദർശിക്കാനുമെത്തിയിരുന്നു. ഭീകരതയ്ക്കെതിരെ സംയുക്ത പദ്ധതികളൊരുക്കുന്നതിനും വ്യാപാരനയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിനും ഷെയ്ഖ് സബാഹ് മുന്നിലുണ്ടായിരുന്നു. കുവൈത്തിൽ താമസിക്കുന്ന 10ലക്ഷത്തോളം വരുന്ന പ്രവാസിഇന്ത്യക്കാരോടും പ്രത്യേകപരിഗണനകാട്ടിയിരുന്നു. അമീറിൻറെ ഓഫിസീലും വീട്ടിലുമൊക്കെ മലയാളികൾ ജീവനക്കാരായുണ്ടായിരുന്നു. 

അങ്ങനെ വികസനവും സമാധാനവും സഹിഷ്ണുതയും ലോകത്ത് കാട്ടിക്കൊടുത്ത വ്യക്തിത്വമാണ് കടന്നുപോകുന്നത്. ഷെയ്ഖ് സബാഹ് തന്നെ തിരഞ്ഞെടുത്ത കിരീടാവകാശിയായിരുന്ന  ഷെയ്ഖ് ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ സബാഹ് പുതിയ അമീറായി സ്ഥാനമേൽക്കുമ്പോൾ അതേ നയങ്ങൾ പിൻതുടരുമെന്ന പ്രതീക്ഷയിലാണ് കുവൈത്ത് ജനതയും ഗൾഫ് മേഖലയും ലോകവും. 

കോവിഡ് കാലത്ത് എല്ലാം അടച്ചിടുമ്പോഴും ഏറ്റവും അത്യാവശ്യമായ വെള്ളവും വൈദ്യുതിയും ഗ്യാസുമൊക്കെ ഒരിക്കലും മുടങ്ങാതെ നമുക്കെത്തിക്കുന്നതിന് മുൻകൈയെടുത്ത ചിലരുണ്ട്. ഷാർജയിൽ ബിൽ തുകയിൽ ഇളവ് അനുവദിച്ച ഭരണാധികാരികൾക്കും നന്ദി. ഈ മഹാമാരിക്കാലത്ത് ഷാർജ വാട്ടർ ആൻഡ് ഇലക്ട്രിസിറ്റി ഡിപ്പാർട്മെൻറിൻറെ പ്രവർത്തനങ്ങൾ വിശദീകരിക്കുകയാണ് ചെയർമാൻ ഡോ.റാഷിദ് അൽലീം.

മഹാമാരിയുടെ കാലത്ത് ഭൂരിപക്ഷംപേരും താമസയിടങ്ങളിലായിരുന്നു. വെള്ളവും വൈദ്യുതിയും ഗ്യാസുമൊക്കെ മുടങ്ങാതെ ലഭിക്കുകയും ചെയ്തു. പക്ഷേ, അതിന് പിന്നിൽ പ്രവർത്തിച്ചവരെ നാം ഓർക്കാറുണ്ടോയെന്നത് ഒരു ചോദ്യമാണ്. സാധാരണ ആറും എട്ടും മണിക്കൂർ ജോലി ചെയ്തിരുന്നിടത്ത് 12 മുതൽ 15 മണിക്കൂർ വരെ ജോലി ചെയ്ത് മാതൃകയാവുകയായിരുന്നു സേവ ചെയർമാൻ ഡോ.റാഷിദ് അൽലീം. ഷാർജയിലെ ഒന്നര മില്യണ് മുകളിലുള്ള ജനത്തിന്  ഒരു മുടക്കവുമില്ലാതെ പൊതുപയോഗ സേവനങ്ങൾ എത്തിക്കുന്നതിന് സർവ്വസന്നാഹങ്ങളോടെയായിരുന്നു സേവയുടെ പ്രവർത്തനം.

യുഎഇ സുപ്രീംകൌൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ പ്രത്യേക നിർദേശപ്രകാരം, കോവിഡ് വ്യാപനം രൂക്ഷമായ മൂന്ന് മാസങ്ങളിൽ  ബിൽ തുകയിൽ  10 ശതമാനം ഇളവും സേവ നൽകിയിരുന്നു. ജോലി നഷ്ടപ്പെട്ടും ശമ്പളം കുറഞ്ഞതും കാരണം ബുദ്ധിമുട്ടിയിരുന്നവർക്ക് സഹായകരമായിരുന്നു ഈ തീരുമാനം. ഒപ്പം തവണകളായി ബിൽ അടയ്ക്കാനും അവസരമൊരുക്കി.

സേവയിൽ ജോലി ചെയ്യുന്ന 3500 ഓളം വരുന്ന ജീവനക്കാർക്കെല്ലാം കോവിഡ് പരിശോധന നടത്തി. ഗർഭിണികൾ, മറ്റ് രോഗങ്ങളുള്ളവർ എന്നിവർക്ക് വീടുകളിലിരുന്ന് അവർക്ക് ചെയ്യാൻ പറ്റുന്ന ജോലികൾ നൽകിയുമായിരുന്നു കോവിഡ് കാലത്ത് സേവയുടെ പ്രവർത്തനം. ചെയർമാൻ തന്നെ 12-15 മണിക്കൂർ ജോലി ചെയ്ത് മാതൃകയായതോടെ സേവനസന്നദ്ധമായി എല്ലാ ഡിപ്പാർട്മെൻറുകളും ഒരുമിച്ചുപ്രവർത്തിച്ചു. 

കൂടുതൽ പവർ സ്റ്റേഷനുകൾ, പമ്പിങ് യൂണിറ്റുകൾ, കൃത്യമായ ഇടവേളകളിൽ അറ്റകുറ്റപ്പണി തുടങ്ങിയ പദ്ധതികളാണ് ഡോ.റാഷിദിൻറെ നേതൃത്വത്തിൽ സേവ മുന്നിൽകാണുന്നത്. കോവിഡ് കാലത്ത് മാത്രമല്ല എല്ലാകാലത്തും വെള്ളവും വൈദ്യുതിയം ഗ്യാസുമൊക്കെ ഏറ്റവും സൂക്ഷ്മതയോടെ ഉപയോഗിക്കണമെന്ന നിർദേശമാണ് മുന്നോട്ടുവയ്ക്കുന്നത്. ടാപ്പ് തുറക്കുമ്പോഴെത്തുന്ന വെള്ളം എങ്ങനെ വീടുകളിലെത്തിയെന്ന് ഓർക്കണമെന്നും ഡോ.റാഷിദ് പറയുന്നു.

കോവിഡ് കാലത്തെ അതിജീവിച്ച് പുതിയകാലത്തേക്ക് ചുവടുവയ്ക്കുമ്പോൾ ഇത്തരം ചിന്തകൾ നമുക്കുണ്ടായിരിക്കണമെന്നോർമപ്പെടുത്തുകയാണ് എഴുത്തുകാരനും പരിസ്ഥിതിവാദിയും കൂടിയായ ഡോ.റാഷിദ് അൽലീം. സേവയുടെ ചുമതലകളിൽ നിന്ന് ഒഴിയാറാകുമ്പോഴേക്കും കാൽനൂറ്റാണ്ട് കാലത്തേക്കുള്ള സേവനങ്ങൾ ഉറപ്പുവരുത്തിയിരിക്കുമെന്ന ദൃഢനിശ്ചയത്തിലാണ് മലയാളികളേയും കേരളത്തേയും ഏറെ ഇഷ്ടപ്പെടുന്ന ഡോ.റാഷിദ് അൽലീം.

മഹാമാരിയുടെ കാലത്ത് പലരും വീടുകളിലിരുന്നാണ് ജോലി ചെയ്യുന്നത്. ജോലിത്തിരക്ക് കുറഞ്ഞവരും ജോലി നഷ്ടപ്പെട്ടവരുമൊക്കെ സമയം പ്രയോജനപ്പെടുത്താൻ creative ആയ പല കാര്യങ്ങളും ചെയ്യുന്നുണ്ട്. അത്തരത്തിൽ താമസിക്കുന്ന ഫ്ളാറ്റിന് മുന്നിലെ ആലിലകളിൽ കലാവിരുന്നൊരുക്കിയ ഒരു പ്രവാസിമലയാളിയെയാണ് ഇനി പരിചയപ്പെടുന്നത്.

ചാലക്കുടി സമ്പാളൂർ സ്വദേശി ലെനിൻ പോൾ എല്ലാവരേയും പോലെ യുഎഇയിലെ ലോക്ഡൌൺ കാലത്ത് വീട്ടിൽ ഇരുന്നാണ് ജോലി ചെയ്തുപോരുന്നത്. ജോലിയാകട്ടെ വളരെ കുറവും. വീട്ടിൽ കുടുംബത്തോടൊപ്പമായിരിക്കുമ്പോഴും ലോക്ഡൌൺ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന ചിന്തയിൽ നിന്നാണ് ആലിലയിൽ ചിത്രംവരയ്ക്കാമെന്ന ചിന്തവരുന്നത്. അവിടെ നിന്നായിരുന്നു ലീഫ് ആർട്ടിലേക്കുള്ള വരവ്.

ഫൈൻ ആർട്സ് പഠിച്ച ലെനിൻ ചെറുപ്പത്തിലേ വരയുടെ ലോകം ഇഷ്ടപ്പെട്ടിരുന്നു. ത്രീഡി  ഇൻറീരിയറും പഠിച്ച് 2014 ലാണ് ദുബായിലെത്തിയത്. പ്രവാസം ആറു വർഷം പിന്നിടുമ്പോഴാണ് കോവിഡ് പടർന്നത്. ജോലിത്തിരക്കുകൾ ഒഴിഞ്ഞ മഹാമാരിയുടെ കാലത്ത് കുഞ്ഞടക്കമുള്ളവരുമായി പുറത്തുപോകാനോ ആഘോഷങ്ങളിലേക്ക് മാറാനോ  പറ്റിയ സമയമല്ലാത്തതിനാൽ സ്വന്തമായി തീരുമാനിച്ചു വരയുടെ ലോകത്തേക്ക് തിരികെപ്പോകാമെന്ന്. ക്രാഫ്റ്റ് നീഡിലും ബ്ളേഡുമൊക്കെയായി ഇലകളിൽ ചിത്രങ്ങൾ കൊത്തിയൊരുക്കി. പോട്രേയ്റ്റുകളിലായിരുന്നു തുടക്കും. പ്രിയപ്പെട്ട സിനിമ നടൻമാരുടേയും രാഷ്ട്രീയക്കാരുടേയുമൊക്കെ ചിത്രങ്ങൾ ആലിലയിൽ അണിഞ്ഞൊരുങ്ങി.

ചിത്രങ്ങളും വിഡിയോയുമൊക്കെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ സുഹൃത്തുക്കളടക്കമുള്ളവർ ആവശ്യവുമായി രംഗത്തെത്തി. അങ്ങനെ ആവശ്യപ്പെടുന്നവർക്കും പോട്രേയ്റ്റുകളടക്കം ചെയ്തു നൽകി. ലീഫ് ആർട് രംഗത്തെ ലോകപ്രശസ്തനായ ഇറ്റാലിയൻ കലാകാരൻ ഒമിഡ് ആസാദിയെപ്പോലെ ക്രീയേറ്റീവായ കലാരൂപങ്ങളുടെ നിർമിതിയാണ് ഇനി ആഗ്രഹിക്കുന്നത്. ഒപ്പം രണ്ടാം വീടായ യുഎഇയോടുള്ള ആദരസൂചകമായി ഒരു സ്വപ്നപദ്ധതിയുമുണ്ട്.

മഹാമാരിയുടെ ദുരിതം പേറുന്ന കാലത്ത് കലകളും കഴിവുകളും മനുഷ്യനെ പൊസീറ്റീവാക്കിയിരുത്താൻ പ്രേരിപ്പിക്കുമെന്ന ചിന്തയിലാണ് ലെനിൻ വീണ്ടും വരയുടെ ലോകത്തേക്കെത്തിയത്. അതിന് കുടുംബവും സുഹൃത്തുക്കളും കൂട്ടായിരുന്നു.