കല്ലിലും കുപ്പിയിലും വിരിയുന്ന കല; കൗതുകമായി ടീച്ചറിൻറെ സ്റ്റോൺ ആർട്

ദുബായിലെ റോഡരികുകളിൽ നിന്നും കല്ലുകളും കുപ്പിയുമൊക്കെ ശേഖരിക്കുന്ന ഒരു മലയാളി കലാകാരിയെയാണ് ഇനി പരിചയപ്പെടുത്തുന്നത്. കല്ലും കുപ്പിയുമൊക്കെ മനോഹരമാക്കിമാറ്റുന്ന അധ്യാപിക കൂടിയായ സീമാ ദയാലിൻറെ കലാവിശേഷങ്ങളാണ് ഇനി കാണുന്നത്.

ദുബായ് ഖിസൈസ് മേഖലയിൽ റോഡരികിലടക്കം കല്ലുകൾ തിരഞ്ഞുനടക്കുന്ന യുവതി. മിനുസമാർന്ന കല്ലുകൾ തിരഞ്ഞെടുത്ത് അവയ്ക്കു കലാരൂപങ്ങളായി വേഷപ്പകർച്ച നൽകുന്ന കലാകാരി. സ്റ്റോൺ ആർട് എന്ന കലാ വിഭാഗത്തിൽ ശ്രദ്ധേയയായിരിക്കുന്ന ദുബായ് ഇന്ത്യൻ ഹൈസ്കൂളിലെ സീമാ ദയാല്‍.

മിനുസമുള്ളതും പരുക്കനുമായ ചെറിയകല്ലുകളിൽ മനോഹരമായ പ്രകൃതി ഭംഗി പതിപ്പിക്കുകയാണ് ഈ കലാകാരി. അക്രിലിക് പെയിൻറു ചാർത്തിയൊരുക്കിയതു നൂറോളം കലാരൂപങ്ങൾ. സ്കൂൾ അവധി ദിനങ്ങളിൽ സമയം കൊല്ലാൻ തുടങ്ങിയ വിനോദം ഇന്നു ജീവിത്തിൻറെ ഭാഗമായിരിക്കുന്നു. പൂക്കളും പുൽമേടുകളും മനോഹരമായ വീടുകളുമെല്ലാം, ആൾരൂപങ്ങളുമെല്ലാം ആകർഷകങ്ങളായ വർണങ്ങളാൽ പതിയുമ്പോൾ കല്ലുകൾ കവിതകളായി വിരിയുന്ന വേഷപ്പകർച്ച.

മാസങ്ങൾക്ക് മുൻപ് മാത്രമാണ് സ്റ്റോൺ ആർടിൽ താൽപര്യം തോന്നിത്തുടങ്ങിയത്. കല്ലിൽ ഒരു കലാ സൃഷ്ടി രൂപപ്പെടുത്താൻ പതിനഞ്ചു മിനിട്ടു മതിയാകും. സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയുമൊക്കെ വിശേഷദിവസങ്ങളിൽ സമ്മാനങ്ങളായി ഇവ കൈമാറുകയാണ് പതിവ്.

കല്ലിനൊപ്പം കുപ്പികളിലും കലാസൃഷ്ടി വിരിയുകയാണ്. കുപ്പികൾ കൊണ്ടു രണ്ടായിരത്തിഇരുപതിൻറെ കലണ്ടർ നിർമിച്ചും ഋതുഭേദങ്ങൾക്കനുസൃതമായ കലണ്ടറൊരുക്കിയും വിസ്മയിപ്പിക്കുകയാണ് തൃശൂർ അയ്യന്തോൾ സ്വദേശിയായ ഈ അധ്യാപിക.

കളിമൺ ശിൽപ്പങ്ങൾ നിർമിച്ചും ഗ്ളാസ് പെയ്ൻറിങും കാൻവാസ് പെയ്ൻറിങ് നടത്തിയും കലാരൂപങ്ങളുടെ ലോകമാണ് പ്രവാസലോകത്ത് സൃഷ്ടിക്കുന്നത്. ഫൊട്ടോഗ്രഫിയിൽ താൽപര്യമുള്ള മക്കൾ പ്രയാഗും തനയ്ുമാണ് പ്രധാനനിരൂപകർ. അവരുടേയും ഭർത്താവ് ദയാലിൻറേയും പിന്തുണയോടെ ഈ രംഗത്ത് സജീവമാകുകയാണ് ലക്ഷ്യം. ഇതിനായി Taste Palette എന്ന പേരിൽ ഒരു യു ട്യൂബ് ചാനലും തുടങ്ങി. കൂടുതൽ പേരിലേക്കു ഈ കലാസൃഷ്ടികളെ പരിചയപ്പെടുത്തുന്നതിനൊപ്പം താൽപര്യമുള്ളവർക്കു ഇതു പകർന്നു നൽകാനും ഈ അധ്യാപിക തയ്യാറാണ്...