ടാലെൻറോളജി; കലാവൈവിധ്യങ്ങളിൽ മാറ്റുരച്ച് പ്രതിഭകൾ; കുഞ്ഞുമിടുക്കന് 5000 ദിർഹം

ലോകത്തിൻറെ വിവിധ രാജ്യങ്ങളിലെ വളർന്നു വരുന്ന  കലാകാരൻമാരെ ഒരു കുടക്കീഴിൽ അണിനിരത്തി അബുദാബിയിൽ ടാലെൻറോളജി. കലാവൈവിധ്യങ്ങൾ മാറ്റുരച്ച പ്രതിഭസമ്പന്നമായ പരിപാടിയുടെ വിശേഷങ്ങളാണ് ഇനി കാണുന്നത്.

ലോകത്തിൻറെ വിവിധരാജ്യങ്ങളിൽ നിന്നുള്ളവർ അധിവസിക്കുന്ന യുഎഇയിലാണ് വൈവിധ്യമാർന്ന പ്രതിഭകളെ കണ്ടെത്താനുള്ള മൽസരം സംഘടിപ്പിച്ചത്. ആയിരത്തോളം മൽസരാർഥികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ടു പേരാണ് ഫിനാലെയിൽ അണിനിരന്നത്.

ഇന്ത്യ, ഈജിപ്ത്, അമേരിക്ക, ഫിലിപ്പൈൻസ്, ബ്രിട്ടീഷ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു അവസാനവട്ട മത്സരങ്ങളിൽ അണിനിരന്നത്. സംഗീതം, വാദ്യോപാകരണസംഗീതം. മാജിക്, ഡാൻസ് തുടങ്ങിയ കഴിവുകൾ പ്രദർശിപ്പിച്ചാണ് മൽസരാർഥികൾ ടാലെൻറോളജിയുടെ ഫിനാലെയെ അവിസ്മരണീയമാക്കിയത്.

പതിനാലു വരേയും പതിനഞ്ചു വയസിനു മുകളിലുള്ളവരുടേയും രണ്ടു വിഭാഗങ്ങളിലായിട്ടാണ് പരിപാടി അവതരിപ്പിച്ചത്. കുട്ടികളുടെ വിഭാഗത്തിൽ ഫിലിപ്പിനോയിൽ നിന്നുള്ള കുട്ടിഗായകൻ പീറ്റർ ആൻറണി വിലേഗാസ് റോസില്ല വിജയിയായി.

5000 ദിർഹം വീതമാണ് ഒന്നാംസ്ഥാനക്കാർക്കുള്ള സമ്മാനം. ഫൈനലിൽ എത്തിയവർക്കെല്ലാം 1000 ദിർഹം വീതവും ഗിഫ്റ്റ് വൗച്ചറും സമ്മാനിച്ചു. സ്വദേശി, വിദേശി വ്യത്യാസമില്ലാതെ ബഹുമുഖ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും അവർക്ക് മികച്ച വേദിയൊരുക്കാനുമാണ് അബുദാബി മുഷ്റിഫ് മാളിൻറെ നേതൃത്വത്തിൽ നാലാം വർഷവും പരിപാടി സംഘടിപ്പിച്ചത്.

മലയാളികളടക്കം ആയിരങ്ങളാണ് പ്രതിഭകളെ പ്രോത്സാഹിപ്പിക്കാൻ ഫിനാലെയുടെ ഭാഗമാകാനെത്തിയത്. പ്രശസ്ത ലെബനീസ് റേഡിയോ അവതാരകൻ ക്രിസ് ഫെദ ടാലെൻറോളജിയിൽ മുഖ്യാതിഥിയായിരുന്നു.