യുഎഇയിലെ കോടതി വിധികൾ ഇന്ത്യയിൽ നടപ്പിലാക്കാൻ അനുമതി; അറിയേണ്ടതെല്ലാം

യുഎഇയിലെ കോടതി വിധികൾ ഇന്ത്യയിൽ നടപ്പിലാക്കാൻ അനുമതി നൽകുന്ന ഉത്തരവ് കേന്ദ്രനിയമനീതിന്യായ മന്ത്രാലയം പുറത്തിറക്കി. കേന്ദ്രസർക്കാരിൻറെ സർക്കുലർ എന്താണ് ഇക്കാര്യത്തിൽ വിശദീകരിക്കുന്നത്. സംശയങ്ങൾക്കുള്ള മറുപടികളാണ് ആദ്യം കാണുന്നത്.

യുഎഇയിലെ സിവിൽ കോടതി വിധികൾ ഇന്ത്യയിലെ ജില്ലാ കോടതികൾ മുഖേന നടപ്പാക്കാൻ അനുമതിയുമായി ഇന്ത്യയുടെ നിയമനീതിന്യായ മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. ഇതുപ്രകാരം യുഎഇയിലെ വിവിധ കേസുകളിൽപെട്ട് ഇന്ത്യയിൽ കഴിയുന്നവർക്കെതിരെ ബന്ധപ്പെട്ട ജില്ലാ കോടതി മുഖേന നടപടി സ്വീകരിക്കാൻ സാധിക്കും. അഥവാ വിധി നടപ്പാക്കാനാകും. യുഎഇയും ഇന്ത്യയും തമ്മിൽ 1999ൽ ഒപ്പിട്ട കരാർ പ്രകാരം സിവിൽ, കൊമേഴ്സ്യൽ കാര്യങ്ങളിലുള്ള വിധിന്യായം ഇന്ത്യയിൽ നടപ്പാക്കുന്നതിന് ധാരണയായിരുന്നു. ഈ കരാർ ഈ മാസം പതിനെട്ടിന് വിജ്ഞാപനം നടത്തുകയായിരുന്നു. കരാർ പ്രകാരമുള്ള നടപടിക്രമങ്ങൾ 2000ൽ തന്നെ യുഎഇയിൽ പൂർത്തിയാക്കിയിരുന്നു. 

യുഎഇ ഫെഡറല്‍ സുപ്രീംകോടതി, അബുദാബി, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ എന്നിവിടങ്ങളിലെ ഫെഡറല്‍, ഫസ്റ്റ് ഇന്‍സ്റ്റന്‍സ്, അപ്പീല്‍ കോടതികള്‍, അബുദാബി നീതിന്യായ വകുപ്പ്, ദുബായ് കോടതി, റാസല്‍ഖൈമ നീതിന്യായ വകുപ്പ്, അബുദാബി ഗ്ലോബല്‍ മാര്‍ക്കറ്റ് കോടതി, ദുബായ്  രാജ്യാന്തര സാമ്പത്തികകാര്യ കോടതി എന്നീ കോടതികളുടെ വിധികൾ ഇന്ത്യയിൽ നടപ്പാക്കാനാകുമെന്നാണ് നിയമ നീതിന്യായ മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നത്. 

അതേസമയം, ചില നിയന്ത്രിതമായ നടപടിക്രമങ്ങളിലൂടെ മാത്രമാണ് വിധി അതേപടി ഇന്ത്യയിൽ നടപ്പാക്കാനാകൂ എന്നാണ് നിയമവിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. യുഎഇയിൽ കേസിൻരെ വിചാരണ പൂർത്തിയാക്കിയതിനു ശേഷം ഇന്ത്യയിലെത്തിയ പ്രതിസ്ഥാനത്തുള്ളവരുടെ വിചാരണ നടപ്പിലാക്കുന്നതിന് തടസങ്ങളുണ്ടാകില്ല. എന്നാൽ, യുഎഇയിൽ കേസിൻറെ വിചാരണ തുടങ്ങും മുൻപ് ഇന്ത്യയിലേക്കു മടങ്ങിയവർക്കെതിരെ  വിധി നടപ്പാക്കുന്നതിന് നിയമപരമായ തടസ്സങ്ങളുണ്ടാകും. ഗള്‍ഫില്‍ നിന്ന് സാമ്പത്തിക തട്ടിപ്പുകളും മറ്റും നടത്തി നാട്ടിലേക്ക് മുങ്ങുന്നവര്‍ക്കെതിരെ നേരത്തെ ഇന്ത്യൻ കോടതികളിൽ ഹർജി നൽകിയാണ് കേസ് നടത്തിയിരുന്നത്. പുതിയ വിജ്ഞാപനത്തോടെ യുഎഇ കോടതികളുടെ വിധി നടപ്പാക്കാൻ ബന്ധപ്പെട്ട കക്ഷികള്‍ക്ക് ഇന്ത്യയിലെ കോടതികളെ സമീപിക്കാം. ഇന്ത്യയിലെ സിവിൽ നടപടിക്രമങ്ങളിലെ സെക്ഷൻ 44 എ പ്രകാരമാണ് വിധി നടപ്പിലാക്കാൻ അപേക്ഷ സമർപിക്കേണ്ടത്. എന്നാൽ ഇത്തരം അപേക്ഷകളെല്ലാം കോടതികൾ പരിഗണിക്കണമെന്നില്ല. കാരണം ഇന്ത്യൻ സിവിൽ നടപടിക്രമത്തിലെ സെക്ഷൻ 13 അനുസരിച്ച് വിദേശ രാജ്യങ്ങളിലെ കോടതി വിധികൾ ഇന്ത്യയിൽ അംഗീകരിക്കണമെങ്കിൽ ആറ് വ്യവസ്ഥകൾ പാലിച്ചിരിക്കണം. ആ ആറ് വ്യവസ്ഥകൾ ഇവയാണ്. 

1. ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണപ്രകാരം അധികാരമുള്ള കോടതികളുടെ വിധിയായിരിക്കണം. 

2. യുഎഇയിലെ കോടതി വിധി രണ്ടുകൂട്ടരുടെയും, അതായത് വാദിയുടേയും പ്രതിയുടേയും വാദം കേട്ട ശേഷം വിധിക്കപ്പെട്ടവയായിരിക്കണം. ഈ വ്യവസ്ഥ ഏറ്റവും പ്രധാനപ്പെട്ടതുമാണ്.

3. സ്വാഭാവിക നീതിയെ ഇല്ലാതാക്കുന്ന തരത്തിലുള്ള വിധികളാകാൻ പാടില്ല. 

4. കൃത്രിമരേഖ ചമച്ചോ കോടതിയെ തെറ്റിദ്ധരിപ്പിച്ചോ നേടിയെടുത്ത വിധിയാകരുത്. 

5. സ്വകാര്യരാജ്യാന്തര നിയമ തത്വങ്ങൾ അനുസരിച്ചുള്ള വിധിയായിരിക്കണം.

6. ഇന്ത്യയിൽ നിലവിലുള്ള നിയമങ്ങളെ ലംഘിച്ചുകൊണ്ടുള്ള വിധികളായിരിക്കരുത്.

ഈ ആറ് വ്യവസ്ഥകൾ കൃത്യമായി പാലിച്ചിട്ടുണ്ടെന്നു ഇന്ത്യയിലെ കോടതി ഉറപ്പാക്കിയാൽ യുഎഇയിലെ കോടതി വിധികൾ ഇന്ത്യയിൽ നടപ്പാക്കാനാകും എന്നതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള കരാർ വ്യക്തമാക്കുന്നത്. 

വിവാഹ മോചന കേസുകളിലും കുട്ടികളുടെ രക്ഷാകർതൃത്വം നിശ്ചയിക്കുന്ന കേസുകളിലും സ്വത്തവകാശ കേസുകളിലും യുഎഇയിലെ കോടതികളിൽ നിന്നുള്ള വിധികൾ ഇന്ത്യയിൽ നടപ്പിലാക്കാനാകും. അതേസമയം,  യുഎഇയിലെ എൽഎൽസി കമ്പനി പാപ്പരായാൽ അതിന്റെ മാനേജർക്കെതിരെ ഇന്ത്യയിലെ കോടതിയിൽ വിധി നടപ്പാക്കാൻ സാധ്യമല്ല എന്നതും വ്യക്തമാണ്.

ഇന്ത്യ യുഎഇ നയതന്ത്ര ബന്ധം കൂടുതൽ മേഖലകളിലേക്കു വ്യാപിക്കുന്നതിൻറെ ഉദാഹരണമാണ് പുതിയ വിജ്ഞാപനം. കരാർ ഒപ്പിട്ട് 20 വർഷങ്ങൾക്കു ശേഷമാണ് വിജ്ഞാപനം ഇറങ്ങുന്നത്. ഇപ്രകാരം മറ്റു രാജ്യങ്ങളുടെ വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മുപ്പത്തിയാറു രാജ്യങ്ങളുമായി ഇന്ത്യ കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. 

യുഎഇ കോടതിവിധി ഇന്ത്യയിൽ നടപ്പാക്കാം

ഇന്ത്യൻ സിവിൽ നടപടിക്രമം: സെക്ഷൻ 13

ആറ് വ്യവസ്ഥകൾ

1. അധികാരമുള്ള കോടതികളുടെ വിധിയായിരിക്കണം

2. വാദിയുടേയും പ്രതിയുടേയും വാദം കേട്ടശേഷമുള്ള വിധിയായിരിക്കണം

3. സ്വാഭാവിക നീതി ഉറപ്പാക്കിയ വിധിയായിരിക്കണം. 

4. കൃത്രിമരേഖ ചമച്ചോ കോടതിയെ തെറ്റിദ്ധരിപ്പിച്ചോ നേടിയെടുത്ത വിധിയാകരുത്. 

5. സ്വകാര്യരാജ്യാന്തര നിയമതത്വങ്ങൾ അനുസരിച്ചുള്ള വിധിയായിരിക്കണം.

6. ഇന്ത്യൻ നിയമങ്ങളെ ലംഘിക്കുന്ന വിധിയായിരിക്കരുത്. 

യുഎഇ ഫെഡറല്‍ സുപ്രീംകോടതി

ഫെഡറല്‍, ഫസ്റ്റ് ഇന്‍സ്റ്റന്‍സ്, അപ്പീല്‍ കോടതികള്‍ 

(അബുദാബി, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ)

അബുദാബി നീതിന്യായ വകുപ്പ്

ദുബായ് കോടതി

റാസല്‍ഖൈമ നീതിന്യായ വകുപ്പ് 

അബുദാബി ഗ്ലോബല്‍ മാര്‍ക്കറ്റ് കോടതി

ദുബായ്  രാജ്യാന്തര സാമ്പത്തികകാര്യ കോടതി