കാഴ്ചയുടെ ഉത്സവമായി ദുബായ് ഗ്ലോബൽ വില്ലേജ്; വൈവിധ്യം തീർത്ത് ഇന്ത്യൻ പവലിയൻ

ദുബായ് ഗ്ളോബൽ വില്ലേജിൽ ഇത്തവണയും പ്രധാനആകർഷണമാണ് ഇന്ത്യൻ പവലിയൻ. ഇന്ത്യയുടെ വൈവിധ്യങ്ങളെ ഒരു കുടക്കീഴിൽ കാണാൻ അവസരമൊരുക്കിയിരിക്കുന്ന ഗ്ളോബൽ വില്ലേജിലെ ഇന്ത്യൻ പവലിയനിലെ കാഴ്ചകളാണ് ഇനി കാണുന്നത്. ആഗോള ഗ്രാമത്തിലെ ഇന്ത്യൻ കാഴ്ചകൾ. വൈവിധ്യങ്ങളുടെ വിശാലലോകമായ ഇന്ത്യയെ ഒരു കുടക്കീഴിൽ അണിനിരത്തിയ കാഴ്ചകളാണ് ദുബായ് ഗ്ളോബൽ വില്ലേജിൽ ഒരുക്കിയിരിക്കുന്നത്. സാംസ്കാരിക, കലാ, ഭക്ഷണ, വസ്ത്ര വൈവിധ്യങ്ങളുടെ വിസ്മയിപ്പിക്കുന്ന കാഴ്ചകൾ. 

ആഗോളഗ്രാമത്തിൽ സാന്നിധ്യമറിയിച്ചിട്ടുള്ള 78 രാജ്യങ്ങളിൽ വൈവിധ്യങ്ങളാലാണ് ഇന്ത്യൻ പവലിയൻ വ്യത്യസ്തമാകുന്നത്. ഇന്ത്യയുടെ സാംസ്കാരികത്തനിമ വരച്ചുകാട്ടുന്ന പവലിയൻ ഇന്ത്യയുടെ പരിഛേദമായി തിളങ്ങുകയാണ്. കേരളത്തിലെ മൂന്നാറിലെ തെയില മുതൽ വടക്കു കശ്മീരിലെ പുതപ്പുകൾ വരെ ഇവിടെ ലഭ്യമാണ്. വയനാടൻ തോട്ടങ്ങളിലെ തേയിലയും ഗ്രാമ്പൂവും കറുവപ്പട്ടയുമൊക്കെയെ മറ്റു രാജ്യങ്ങളിൽ നിന്നുള്ളവർ ഏറെ താൽപര്യത്തോടെയാണ് വാങ്ങാനും കാണാനുമെത്തുന്നതെന്നു കച്ചവടക്കാരുടെ സാക്ഷ്യം. കേരളത്തനിമയുടെ ഉൽപ്പന്നങ്ങൾ ഏറെ ഇഷ്ടത്തോടെ വാങ്ങുന്ന അറബ് സ്വദേശികളും ഏറെയുണ്ട്.

കൊതിയൂറുന്ന വൈവിധ്യമാർന്ന വിഭവങ്ങളൊരുക്കി ഇന്ത്യൻ ചാട് ബസാർ കാത്തിരിക്കുന്നു. കേരളത്തിലെ ചായയും തമിഴ്നാട്ടിലെ വടയും മുതൽ പാവ് ബജിയും രസഗുളയും ലഡുവും റൊട്ടിയുമെല്ലം ഇന്ത്യയിലെ അതേ സ്വാദോടെ ഇവിടെ ഒരുക്കിയിട്ടുണ്ട്. പ്രവാസലോകത്ത് ഇന്ത്യൻ ഭക്ഷണവൈവിധ്യം ആസ്വദിക്കാനെത്തുന്നവരിൽ ഇന്ത്യക്കാർക്കൊപ്പം മറ്റു രാജ്യങ്ങളിലെ പൌരൻമാരുമുണ്ട്.

കശ്മീർ നിർമിത കമ്പിളിപുതപ്പുകൾ, ഷോളുകൾ, രാജസ്ഥാൻ നിർമിത കമ്മലുകളും വളകളുമടങ്ങുന്ന ആഭരണങ്ങൾ, ഗുജറാത്തിൽ നിന്നുമെത്തിയ പെർഫ്യൂമുകൾ, വാച്ചുകൾ, വാലറ്റുകൾ, ചെരുപ്പുകൾ തുടങ്ങി വീട്ടാവശ്യങ്ങൾക്കായുള്ള മൺഗ്ളാസുകൾ വരെ കാണാനും വാങ്ങാനും ഇവിടെ സൌകര്യമുണ്ട്.

ഇന്ത്യയിലെ ഗ്രാമങ്ങളിൽ നിർമിച്ച കരകൌശല വസ്തുക്കളുടെ വിപുലമായ ശേഖരവും ആഗോളഗ്രാമത്തിൽ ഒരുക്കിയിട്ടുണ്ട്. വിഗ്രഹങ്ങളും പാവകളും കടുംനിറത്തിൽ അണിയിച്ചൊരുക്കിയ ആഭരണങ്ങളുമൊക്കെ ഇന്ത്യൻ തനിമ വിളിച്ചോതുന്നതാണ്. പാവക്കൂത്ത്, പഞ്ചാബി, ബോളിവുഡ് നൃത്തം തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ നൃത്തരൂപങ്ങൾ അവതരിപ്പിക്കുന്ന വേദിയും ആകർഷകമാണ്.

ഒപ്പം കുട്ടികൾക്കായി പ്രത്യേക കളിസ്ഥലവും ഗ്ളോബൽ വില്ലേജിനോട് അനുബന്ധിച്ചൊരുക്കിയിട്ടുണ്ട്. പ്രവർത്തിദിവസങ്ങളിൽ പോലും വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. പ്രവാസിമലയാളികൾ കുടുംബത്തോടൊപ്പമെത്തിയാണ് ആഗോളഗ്രാമത്തിൻറെ മനോഹാരിത അനുഭവിക്കുന്നത്. പതിനഞ്ചു ദിർഹമാണ് ഒരാൾക്ക് ഒരു ദിവസത്തേക്കുള്ള പ്രവേശനനിരക്ക്. 66 ദിവസം നീണ്ടു നിൽക്കുന്ന ഗ്ലോബൽ വില്ലേജിൻറെ ഇരുപത്തിനാലാം സീൺ അടുത്തവർഷം ഏപ്രിൽ നാലിനു സമാപിക്കും.