ഹരിതവിപ്ളവ മാതൃകയുമായി ഇന്ത്യൻ സ്കൂൾ; ഇത് കുട്ടികളുടെ കൃഷിതോട്ടം

ശീതകാലത്തെ കാഴ്ചകളാലും വിശേഷങ്ങളാലും സജീവമാവുകയാണ് പ്രവാസലോകം. നാട്ടിലെ കലാരൂപങ്ങളും ഉത്സവങ്ങളുമൊക്കെ പ്രവാസലോകത്തും സജീവമാകുന്ന കാലം. ഗൾഫ് നാടുകളിലെ അത്തരം കാഴ്ചകളും വിശേഷങ്ങളും കാണാം.

പ്രകൃതിയെ അടുത്തറിയാനും പ്രകൃതിയോടൊപ്പം ജീവിക്കാനും വിദ്യാർഥികളെ പഠിപ്പിക്കുകയാണ് ദുബായ് ജെംസ് ഔവർ ഓൺ ഇന്ത്യൻ സ്കൂൾ. പച്ചക്കറികളും ഫലവർഗങ്ങളുമൊക്കെ വിളഞ്ഞ ഈ സ്കൂളിൻറെ പരിസരങ്ങൾ നമ്മൾ മലയാളികൾക്കു വലിയ മാതൃകയാണ്. കുട്ടികളൊരുക്കിയ, കുട്ടികൾ വളർത്തുന്ന വിദ്യാലയത്തിലെ കൃഷിത്തോട്ടത്തിലേക്കാണ് ഇനി യാത്ര.

ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവുമൊക്കെ ചർച്ച ചെയ്യപ്പെടുന്ന കാലഘട്ടത്തിൽ നാം പ്രകൃതിയെ എങ്ങനെ കരുതുന്നുവെന്ന ചോദ്യം പ്രസക്തമാണ്. ആ ചോദ്യത്തിനു ഉത്തരം നൽകാൻ മുതിർന്നവർ മറന്നിടത്താണ് ഒരു സ്കൂളിലെ വിദ്യാർഥികൾ പ്രകൃതിയെ കൂടെച്ചേർക്കുന്ന ഉത്തരം കണ്ടെത്തുന്നത്. വിദ്യാഭ്യാസം പാഠപുസ്തകങ്ങളിലൂടെ മാത്രം പകരേണ്ടതല്ലെന്ന ഒരു കൂട്ടം അധ്യാപകരുടെ വിശ്വാസം വിദ്യാർഥികളെ പ്രകൃതിയോടടുപ്പിക്കുന്നു. ദുബായ് ജെംസ് ഔവർ ഓൺ ഇന്ത്യൻ സ്കൂളിലെ വിദ്യാർഥികളാണ് പരിമിതമായ സ്ഥലത്ത് കൃഷിചെയ്യുന്നത്. നവീനസാങ്കേതിക വിദ്യകളുടെ കൂട്ടുപിടിച്ചു പ്രകൃതി പകരുന്ന വലിയ വിദ്യഅഭ്യസിക്കുന്ന കാഴ്ച.

അയ്യായിരം കിലോഗ്രാം പച്ചക്കറി കൃഷി ചെയ്തുണ്ടാക്കുകയെന്ന ലക്ഷ്യത്തിലേക്കടുക്കുകയാണ് വിദ്യാർഥികൾ. സ്കൂളിലെ പരിസ്ഥിതി ക്ളബിലെ നൂറോളം വിദ്യാർഥികളുടെ നേതൃത്വത്തിലാണ് കൃഷി. ചെടി നടാനും വെള്ളമൊഴിക്കാനും കള പറിക്കാനും ഒടുവിൽ കായ്ഫലങ്ങളെ സൂക്ഷമതയോടെ കരുതാനും വിദ്യാർഥികൾ പഠിച്ചുകഴിഞ്ഞു. പ്രകൃതി അവരെ അതിനു പ്രാപ്തരാക്കി. കെജി ക്ളാസുകളിലെ കുരുന്നുകൾ പോലും ആവേശത്തോടെയാണ് രാവിലെ പഠനം തുടങ്ങും മുൻപ് വെള്ളമൊഴിക്കാനും മറ്റുമായി തോട്ടത്തിലെത്തുന്നത്. അതിലൂടെ അവർ എണ്ണിപ്പടിക്കുക കൂടി ചെയ്യുന്നുണ്ടെന്നറിയുമ്പോഴാണ് പ്രകൃതി ഏറ്റവും വലിയ പാഠശാലയാണെന്ന വാക്കുകൾ അന്വർഥമാകുന്നത്.

എൽകെജി മുതൽ പന്ത്രണ്ടാം ക്ളാസ് വരെ മൂവായിരത്തി അറൂന്നൂറു വിദ്യാർഥകളാണ് ഈ സ്കൂളിലുള്ളത്. ക്ളാസ് മുറികളിൽ നന്നും പാഠപുസ്തകങ്ങളിൽ നിന്നും പഠിക്കുന്നതിനപ്പുറം ലോകത്തെ കൂടുതൽ മനസിലാക്കാൻ ഇത്തരം പ്രവർത്തനങ്ങൾ വിദ്യാർഥികൾക്കു സഹായകരമാകുന്നുവെന്നു പ്രിൻസിപ്പാൾ സാക്ഷ്യപ്പെടുത്തുന്നു. 

ഈ വിദ്യാർഥികൾ സമൂഹത്തിനു നൽകുന്ന സന്ദേശം കാലഘട്ടം ആവശ്യപ്പെടുന്നതാണ്. ഒപ്പം അഹംഭാവവും കിടമൽസരങ്ങളും നിറഞ്ഞ സമൂഹത്തിൽ വളരുന്ന കുട്ടികൾ പ്രകൃതി പഠിപ്പിക്കുന്ന എളിമയും വളർച്ചയും കൃത്യമായി മനസിലാക്കുന്നതിനു കൃഷി പാഠങ്ങൾ സഹായകരമാകുന്നു. അതിലൂടെ പരീക്ഷയിലെ മാർക്കിനപ്പുറം നല്ല മനുഷ്യരായി വളരാനും കുട്ടികളെ പ്രാപ്തരാക്കുന്നുവെന്നു പ്രിൻസിപ്പാൾ പറയുന്നു

മാതാപിതാക്കളും അധ്യാപകരും ചേർന്നാണ് വിത്തുകൾ സമ്മാനിച്ചത്. പച്ചക്കറികൃഷിയാണ് പ്രധാനം. തക്കാളി, വെണ്ടയ്ക്ക, വഴുതന, കറിവേപ്പില, മുരിങ്ങിക്ക, പയർ തുടങ്ങി ഇരുപതോളം പച്ചക്കറി ഇനങ്ങൾ ഇവിടെ കൃഷി ചെയ്യുന്നുണ്ട്. ഫലങ്ങൾക്കൊപ്പം വിത്തുകളും ചെടികളും വിൽക്കുകയും ചെയ്യുന്നു. എല്ലാത്തിനും മേൽനോട്ടം വഹിക്കുന്നതും വിദ്യാർഥികൾ. അക്വാപോണിക്സ്, ഏയ്റോ പോണിക്സ് തുടങ്ങിയ വ്യത്യസ്ത കൃഷി രീതികളും ഇവിടെ വിജയകരമായി തുടരുന്നു. അത്തരം കൃഷിരീതികൾ പഠിച്ചാണ് വിദ്യാർഥികൾ മണ്ണിലേക്കു ചുവടുവച്ചത്.

പഠനത്തേയും പ്രകൃതിയേയും ഒരുപോലെ സ്നേഹിക്കുന്ന ഈ വിദ്യാർഥികൾ, സംഗീതം പ്രകൃതിക്കു എങ്ങനെ ഗുണം ചെയ്യുന്നുവെന്നതിനെക്കുറിച്ചു പഠനവും പൂർത്തിയാക്കിയിരുന്നു. ശാസ്ത്രിയസംഗീതത്തിൻറെ അകമ്പടി ചെടികളുടെ വളർച്ച വേഗത്തിലാക്കുന്നുവെന്നാണ് പ്രത്യേക പ്രോജക്ട് പഠനത്തിലൂടെ നിഗമനത്തിലെത്തിയത്.

പരിമിതമായ സ്ഥലത്ത് കാലാവസ്ഥയ്ക്ക് അനുയോജ്യമായ കൃഷി രീതികളാണ് വിദ്യാർഥികൾ പ്രയോഗിക്കുന്നത്. യുഎഇ കാലാവസ്ഥാ പരിസ്ഥിതി മന്ത്രാലത്തിൻറേതടക്കം വിവിധ പുരസ്കാരങ്ങളും ഈ ഹരിതവിപ്ളവം നടത്തുന്ന വിദ്യാലയത്തെ തേടിയെത്തി. 

പഠനത്തിൽ മികച്ച നിലവാരം പുലർത്തുന്നതിനൊപ്പം പ്രകൃതിയിലും മികവു പുലർത്തുന്നുവെന്നതാണ് ഈ വിദ്യാർഥികളുടെ വിജയം. മൊബൈൽ ഫോണിലേക്കു കുനിയുന്ന കണ്ണുകൾ  ഒന്നുയർത്തി പ്രകൃതിയിലേക്കു നോക്കുവെന്നു പഠിപ്പിക്കുകയാണ് ഈ വിദ്യാർതികൾ, അതിനു, പ്രകൃതിയെ അടുത്തറിയണമെന്നു പഠിപ്പിച്ച അധ്യാപകർക്കും പൂർണപിന്തുണ നൽകിയ മാതാപിതാക്കൾക്കും ഒരു ബിഗ് സല്യൂട്ട്.