ഇന്ദ്രജാല വിസ്മയം തീർത്ത് കുട്ടിക്കൂട്ടം; ഹൃദയം കീഴടക്കി മാജിക് പ്ലാനറ്റിലെ ഭിന്നശേഷിക്കാർ

തിരുവനന്തപുരത്തു നിന്നെത്തിയ ഭിന്നശേഷിക്കാരായ കുട്ടികളുടെ വിസ്മയപ്രകടനത്തിനു സാക്ഷിയായി പ്രവാസലോകം. മാന്ത്രികൻ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ മാജിക് പ്ലാനറ്റിലെ ഭിന്നശേഷിക്കാരായ കുട്ടികളാണ് അബുദാബിയിൽ ഇന്ദ്രജാലം കൊണ്ടു വിസ്മയിപ്പിച്ചത്. പരിമിതികളെ അപ്രത്യക്ഷമാക്കിയ വിസ്മയക്കാഴ്ചകൾ. ശാരീരിക മാനസിക വെല്ലുവിളികളെ മായാജാലത്തിൽ ഒളിപ്പിച്ച് കാണികൾക്കു ചിരിയും ചിന്തയും പകർന്ന അഞ്ചു പേർ. ശരണ്യ സതീഷ്, ശ്രീലക്ഷ്മി, ആര്‍.രാഹുല്‍, രാഹുല്‍ രാജ്, വിഷ്ണു എന്നിവർ ഗുരുവായ ഗോപിനാഥ് മുതുകാടിനൊപ്പം ചേർന്ന് പ്രവാസലോകത്തിനു സമ്മാനിച്ചത് മനോഹരവും വിസ്മയകരവുമായ നിമിഷങ്ങൾ.

തിരുവനന്തപുരം മാജിക് പ്ളാനെറ്റിലെ കുട്ടികൾ ആദ്യമായാണ് പരിപാടി അവതരിപ്പിക്കാൻ കടൽ കടക്കുന്നത്. ശാരീരിക മാനസിക വെല്ലുവിളികളെ മായാജാലത്തിലെന്നപോലെ അപ്രത്യക്ഷമാക്കിയ കാഴ്ചകളാണ് പ്രവാസലോകത്തിനു ഇവർ സമ്മാനിച്ചത്. രണ്ടു വർഷം മുൻപ് മാജിക് പ്ളാനെറ്റിലെത്തിയപ്പോൾ ആരോടും സംസാരിക്കാൻ പോലും തയ്യാറാകാതിരുന്ന കുരുന്നുകളാണ് ഇന്ന് ലോകത്തെ അതിശയിപ്പിക്കുന്നത്.

ശൂന്യതയിൽ നിന്ന് വസ്തുക്കളെ സൃഷ്ടിച്ചും ബലൂൺ പൊട്ടിച്ച് പ്രാവിനെ വരുത്തി പെട്ടിയിലടച്ച് അപ്രത്യക്ഷമാക്കിയും വ്യത്യസ്തമായ പൂക്കൾ സൃഷ്ടിച്ചും മാജിക്കിലൂടെ  നിമിഷ നേരം കൊണ്ട് ചീട്ടുകൊട്ടാരം തീർത്തും പ്രതിഭകൾ മുന്നേറി. ശൂന്യമായ ബാഗിൽ നിന്ന് നിരവധി സമ്മാനങ്ങൾ പുറത്തെടുത്തത് അടക്കമുള്ള പ്രകടനങ്ങളെ കരഘോഷത്തോടെയാണ് പ്രവാസലോകം വരവേറ്റത്.

അവതാരകയായ ചിന്നുവിനെ ശൂന്യതയിൽ നിർത്തി രാഹുൽ രാജ് അവതരിപ്പിച്ച മാജിക്കായിരുന്നു വിസ്മയിപ്പിക്കുന്നതായി. നിറകണ്ണുകളോടെ നിറഞ്ഞ മനസോടെയാണ് പ്രവാസലോകം മാജിക് ആസ്വദിച്ചത്.

ആദ്യമായി വിദേശത്തേക്കു വന്ന കുട്ടികൾ ഒട്ടും പരിചയമില്ലാത്ത സ്ഥലത്തും വേദിയിലും പ്രതീക്ഷിച്ചതിനെക്കാൾ മികച്ച പ്രകടനം  കാഴ്ചവച്ചതായി മുതുകാടിൻറെ സാക്ഷ്യം. അബുദാബി ഇന്ത്യാ സോഷ്യൽ സെന്ററും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയും സംയുക്തമായാണ് നിശ്ചയദാർഢ്യക്കാരായ കുട്ടികളുടെ മാന്ത്രിക പ്രകടനം അബുദാബിയിൽ യാഥാർഥ്യമാക്കിയത്. ഓട്ടിസം, ഡൗൺ സിൻഡ്രോം ഉൾപ്പെടെ വ്യത്യസ്ത വെല്ലുവിളികൾ നേരിടുന്ന 100 പേരാണു മാജിക് അക്കാദമിയിലുള്ളത്. കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കുന്നതിനായി കേരള സർക്കാർ സാമൂഹികനീതി വകുപ്പ് നടപ്പാക്കിവരുന്ന അനുയാത്ര പദ്ധതിയുടെ ഭാഗമായി സാമൂഹിക സുരക്ഷാ മിഷനും മാജിക് അക്കാദമിയും ചേർന്ന് സ്ഥാപിച്ച പ്രസ്ഥാനമാണ് ‘എംപവർകേന്ദ്രം’. .അതേസമയം, നിശ്ചയദാർഢ്യക്കാർക്കായി കേരളത്തിൽ കലാമേളകൾ സംഘടിപ്പിക്കണമെന്നു ഗോപിനാഥ് മുതുകാട് ആവശ്യപ്പെട്ടു. മാജിക് പ്ലാനറ്റിൽ എത്തിയതിനുശേഷം കുട്ടികളിലുണ്ടായ മാറ്റം മാതാപിതാക്കളും പങ്കുവച്ചു. കാലത്ത് ഈ കുട്ടികളെകൊണ്ട് എന്തു ചെയ്യുമെന്ന് വിചാരിച്ച് വിഷമിച്ചിരുന്ന മാതാപിതാക്കൾക്കു ഇന്നു ധൈര്യവും സന്തോഷവും മാത്രമാണ് ഈ മക്കൾ പകരുന്നതെന്നു അമ്മമാരുടെ സാക്ഷ്യം.

നൂറു കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് വിവിധ കലാരംഗങ്ങളിൽ പരിശീലനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ‘ഡിഫറൻറ്‌ ആർട്ട് സെന്ററിലെ കുട്ടികളെ സ്പോൺസർ ചെയ്യാൻ താൽപര്യമുള്ളവർക്കു അവസരമുണ്ട്. വെല്ലുവിളികളെ അപ്രത്യക്ഷമാക്കാൻ, കഴിവുകളെ സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കാൻ ഈ കുട്ടികൾക്കൊപ്പം നിൽക്കേണ്ടത് സമൂഹത്തിൻറെ കടമയാണെന്നു ബോധ്യപ്പെടുത്തുകയാണ് ഡിഫ്രൻര് ആർട് സെൻററിലെ ഈ മിടുക്കൻമാരും മിടുക്കികളും.