കൈക്കരുത്തും മനക്കരുത്തും ഒരുമിച്ച് പഞ്ചഗുസ്തി; സജീവസാന്നിധ്യമായി മലയാളികൾ

ഗൾഫ് മേഖലയിൽ അത്ര സുപരിചതമല്ലാത്ത പഞ്ചഗുസ്തി മൽസരം യുഎഇയുടെ തലസ്ഥാന നഗരിയിൽ സംഘടിപ്പിച്ചു. നാട്ടിൻപുറങ്ങളിലെ ക്ളബുകളിലെ അതേ ആവേശമായിരുന്നു വിവിധ രാജ്യക്കാർ പങ്കെടുത്ത മൽസരത്തിൽ. പഞ്ചഗുസ്തി മൽസരത്തിൻറെ വിശേഷങ്ങളാണ് ഇനി കാണുന്നത്.

കൈക്കരുത്തും മനക്കരുത്തും ഒരുമിച്ച പഞ്ചഗുസ്തി മൽസരം വിവിധരാജ്യക്കാരായ പ്രവാസികൾക്കു പുതിയ അനുഭവമായി. ഭാരത്തിൻറെ അടിസ്ഥാനത്തിൽ നാലു വിഭാഗങ്ങളിലായി തിരിച്ചായിരുന്നു അബുദാബി കേരള സോഷ്യൽ സെന്ററിൽ മൽസരം സംഘടിപ്പിച്ചത്. 

.

ഇന്ത്യ അടക്കം വിവിധ രാജ്യങ്ങളിൽ നിന്നുള്ള നാൽപ്പതുപേരാണ് പഞ്ചഗുസ്തിയിൽ ഏറ്റുമുട്ടിയത്. നാട്ടിലെ ക്ളബ് മൽസരങ്ങളിലെ അതേ വീറോടെ, വാശിയോടെ മലയാളികളായ പ്രവാസികളായിരുന്നു മൽസരത്തിലെ സജീവസാന്നിധ്യം. 

നാലു വിഭാഗങ്ങളിലും കേരളത്തിൻറെ കരുത്താണ് മുന്നിട്ടുനിന്നതെങ്കിലും ടൂർണമെൻറിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത് ജർമൻ സ്വദേശി മൈക്കിൾ സിയോമൈവാണ്. എച്ച്ടിസി ദുബായ് കോളജിലെ അസിസ്റ്റൻറ് പ്രഫസറായ മൈക്കിൾ, 95 കിലോയിൽ താഴെയുള്ളവരുടെ മത്സരത്തിൽ കേരളത്തിൻറെ ടോബിയെ തോൽപ്പിച്ചാണ് ചാംപ്യനായത്.

70 കിലോയിൽ താഴെയുള്ളവരുടെ ഫൈനൽ മത്സരത്തിൽ മലയാളികൾ നേരിട്ടു ഏറ്റുമുട്ടിയപ്പോൾ ഉമേഷ്.കെ.ഉണ്ണി ഒന്നാമതെത്തി. 85 കിലോയിൽ താഴെയുള്ളവരുടെ മത്സരത്തിൽ അഖിലിനെ  തോൽപ്പിച്ച് തേർമാടം തോമസ് കിരീടം ചൂടി.  95 കിലോക്ക് മുകളിലെ വിഭാഗത്തിൽ സഹോദരങ്ങളായ അജിത് കുമാർ ഒന്നാം സ്ഥാനവും രജിത് കുമാർ രണ്ടാം സ്ഥാനവും നേടി. 

സിനിമാ സംവിധായകൻ കെ.പി.സുവീരനാണ് മൽസരങ്ങൾ ഉദ്ഘാടനം ചെയ്തത്. മലയാളികളടക്കമുള്ള പ്രവാസികളും സ്വദേശികളും കൈക്കരുത്തിൻറെ മൽസരങ്ങൾക്കു സാക്ഷിയായി.